2012 മെയ് 13ന് നാരായത്തിൽ (http://narayam.in) പ്രസിദ്ധീകരിച്ചത്. ആർക്കൈവിങ്ങിനായി മാത്രം ഇവിടെ ചേർക്കുന്നു. സംശയം/അഭിപ്രായം അവിടെ ചേർക്കുക
ഓപ്പറ മിനി മുഖാന്തരം മലയാളം വായിക്കുന്ന വിധം തൊട്ട് മുൻപിലത്തെ പോസ്റ്റിൽ വായിച്ചല്ലോ. ഡേറ്റാ ഉപഭോഗം ലഘൂകരിക്കുക എന്ന ലക്ഷ്യം മുൻ നിർത്തിയാണ് ഓപ്പറ മിനിയിൽ പ്രധാനമായും പ്രോക്സി സെർവ്വറുകൾ ഉപയോഗിക്കുന്നത്. എന്നാൽ ഉപയോക്താക്കളുടെ പല സ്വകാര്യ വിവരങ്ങളും (ഉദാ: പാസ്വേഡ്) ഇതു വഴി കടന്നു പോകുന്നത് അത് നല്ല നടപടിയല്ല. ഇവ വേണമെങ്കിൽ അവർക്ക് സൂക്ഷിച്ചു വയ്ക്കമെന്നത് സുരക്ഷിതത്വത്തിനു ചെറിയ കോട്ടം സംഭവിപ്പിക്കുന്നു. ഇതോടൊപ്പം ഓപ്പറ മിനി ജാവാ സ്ക്രിപ്റ്റ് പിന്തൂണയ്ക്കാത്തത് ഉപയോക്താക്കൾക്ക് പലയിടത്തും ബുദ്ധിമുട്ടായി അനുഭവപ്പെടും.(ഉദാ: ഫോർ ഷെയേർഡിൽ നിന്നും ഡൗൺലോഡ് ചെയ്യുമ്പോൾ.) ഓപ്പറ മിനിയിലെ പ്രെസ്റ്റോ അധിഷ്ഠിത ലേയൗട്ട് എഞ്ചിൻ ഇഷ്ടപ്പെടാത്ത ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്ക് മുൻപിൽ പുതിയൊരു വാതായനം തുറക്കുകയാണ് ഈ പോസ്റ്റിലൂടെ.
ഗൂഗിൾ പ്ലേയിൽ ലഭ്യമായ ഈ വെബ് ഗമനോപാധിയുടെ പേര് എം. എൽ. – ബ്രൗസർ (ML-Browser) എന്നാണ്. വരമൊഴി ആൻഡ്രോയ്ഡ് പതിപ്പിലൂടെ നമുക്ക് പരിചിതനായ ജീസ്മോൻ ജേക്കബ് തന്നെയാണ് ഈ ബ്രൗസറും ഒരുക്കിയിരിക്കുന്നത്. ഓപ്പൺ സോഴ്സ് ബ്രൗസറായ സിർക്കോയുടെ (Zirco) സോഴ്സ് കോഡ് പ്രകാരം നിർമ്മിച്ചിരിക്കുന്ന ഈ ബ്രൗസറും മാതൃസോഫ്റ്റ്വെയറിനെപ്പോലെ ഗ്നു ജി.പി.എല്ലിലാണ് വിതരണം ചെയ്യപ്പെട്ടിരിക്കുന്നത്. ഇതോടൊപ്പം ഗ്രീൻ ഡ്രോയ്ഡ്, ഷാമാൻ എന്നീ പദ്ധതിയിലെ കോഡുകൾ കൂടി ഉൾക്കൊള്ളിച്ചിരിക്കുന്ന എം. എൽ. ബ്രൗസർ ഗൂഗിൾ പ്ലേയിൽ നിന്നും ഈ കണ്ണിയിലൂടെ ഡൗൺലോഡ് ചെയ്യാം. ഇതിന്റെ സോഴ്സ് കോഡ് ഇവിടെ ലഭ്യമാണ്. എൽ. ജി. ഫോണുകൾക്കായി പ്രത്യേകമായ ഫോണ്ട് ഫിക്സും ഉൾക്കൊള്ളിച്ചിരിക്കുന്ന ഈ ബ്രൗസറിന്റെ വലിപ്പം വളരെ തുച്ഛമാണെന്നൊരു (<400 കെ. ബി.) എന്നൊരു പ്രത്യേകതയുമുണ്ട്. സിസ്റ്റം പ്രോക്സി, ആഡ് ബ്ലോക്കർ, ജാവ സ്ക്രിപ്റ്റ് പിന്തുണ, യൂസർ ഏജന്റ് നിർവചനം, പ്ലഗ്ഗിൻ പിന്തുണ എന്നിവ എം. എൽ. ബ്രൗസറിന്റെ പ്രത്യേകതകളിൽ ചിലതാണ്.
സാങ്കേതികം :
ഈ ബ്രൗസർ മലയാളം യുണീക്കോഡ് ഫോണ്ട് റെന്റർ ചെയ്യുന്നതിനായി പേജ് പൂർണ്ണമായും ലോഡ് ആയ ശേഷം അതിലേക്ക് സി. എസ്. എസ് (കാസ്കേഡിങ്ങ് സ്റ്റൈൽ ഷീറ്റ്) കോഡ് ഇൻജക്റ്റ് ചെയ്യുന്നു. റൺടൈമിലെ ഈ ഇൻജക്ഷനായി ജാവാസ്ക്രിപ്റ്റാണ് ഉപയോഗിക്കുന്നത്. അഞ്ജലി ഓൾഡ് ലിപിയുടെ പരിഷ്കൃതരൂപമാണ് ബ്രൗസറിലുപയോഗിച്ചിരിക്കുന്ന മലയാളം ഫോണ്ട്. ആൻഡ്രോയ്ഡ്, കോമ്പ്ലക്സ് ടെക്സ്റ്റ് ലേയൗട്ടിനെ പൂർണ്ണമായും പിന്തുണയ്ക്കാത്തതിനാൽ ഫോണ്ട് നവീകരിച്ച് കൂടുതൽ ഗ്ലിഫുകൾ സ്വകാര്യ ഉപയോക്തൃമേഖലയിൽ (Private User Area – PUA) ഉൾക്കൊള്ളിച്ചിട്ടുണ്ട്. ശരിയായ റെന്ററിങ്ങിനായി റൺടൈമിൽ ജാവാസ്ക്രിപ്റ്റ് ഇൻജക്റ്റ് ചെയ്യുന്ന ഫോണ്ട്, ചില അക്ഷരങ്ങളെയോ, അവയുടെ സന്ധികളേയോ സ്വകാര്യ ഉപയോക്തൃമേഖലയിൽ നിന്നുള്ള ഗ്ലിഫുകളുമായി റീമാപ്പ് ചെയ്യും. ഉപയോക്താക്കൾക്ക് ആപ്ലിക്കേഷൻ പ്രിഫറൻസ് മെനുവിലൂടെ ഇതിന് മാറ്റം വരുത്തുവാനോ ഇല്ലാതാക്കാനോ സാധിക്കുന്നതാണ്.
പ്രയോജനങ്ങൾ:
മലയാളം വായിക്കുവാനായി ഓപ്പറ മിനി ഉപയോഗിക്കുമ്പോഴുള്ള രണ്ട് പ്രശ്നത്തിനു ഇതു മൂലം പരിഹാരമുണ്ടായി – വാക്കുകൾ സെലക്ട് ചെയ്ത് കോപ്പി/പേസ്റ്റ് ചെയ്യാൻ സാധിക്കും, ഡേറ്റാ ഉപഭോഗത്തിനു അല്പം കുറവുണ്ട്. ചില ഫോണുകളിൽ മലയാളം മാപ്പ് ചെയ്യാൻ അല്പം താമസം അനുഭവപ്പെടുന്നു എന്നത് മാത്രമാണ് ഇതുവരെ കണ്ട പ്രശ്നം.
പിൻകുറിപ്പ്:
എൽ. ജി.യിലും ചില ഐസ്ക്രീം സാൻഡ്വിച്ച് ഫോണുകളിലും മലയാളം അക്ഷരങ്ങൾക്കിടയിൽ ഒരു ഡാഷിട്ട വട്ടം അധികം കാണാൻ സാധ്യതയുണ്ട്. ഇതൊഴിവാക്കാൻ Preferences-ൽ പോയി Malayalam Font fix എന്നിടത്ത് Alternate (LGModels) എന്നത് ചെക്ക് ചെയ്യുക.
സംശയം/അഭിപ്രായം ഇവിടെ നൽകുക