2013 ഫെബ്രുവരി 25നു് മലയാ.ളത്തിൽ പ്രസിദ്ധീകരിച്ച ലേഖനം. ആർക്കൈവിങ്ങിനായി ഇവിടെ. അഭിപ്രായം/സംശയം അവിടെ ചേർക്കുക.
വീണ്ടുമൊരു കൊലപാതകത്തിനു് ഞാനും നിങ്ങളുമടങ്ങുന്ന ഈ സമൂഹം കാരണമായിരിക്കുയാണു്. പുറത്തുനിന്നു നോക്കുന്ന ഒരാള്‍ക്ക് പ്രഥമദൃഷ്ട്യാ കൊലപാതകമെന്നു തോന്നില്ലെങ്കിലും ഇതൊരു നരഹത്യയാണു്. നിറയെ സ്വപ്നങ്ങളുമായി വിഹായസ്സിലേക്കു് പറന്നു തുടങ്ങിയ അമേരിക്കന്‍ പ്രോഗ്രാമറും ഹാക്ടിവിസ്റ്റുമായ ആരോണ്‍ സ്വാര്ട്സ് എന്ന ചെറുപ്പക്കാരനാണു് ഇക്കഴിഞ്ഞ ജനുവരി 11നു് തന്റെ ഇരുപത്തിയാറാം വയസ്സില്‍ ഭരണകൂടത്തിന്റെ വേട്ടയാടലുകളും കോടതി മുറിയിലെ വാദപ്രതിവാദങ്ങളും അതു സൃഷ്ടിച്ച മാനസിക സംഘര്‍ഷങ്ങളും സഹിക്കവയ്യാതെ മരണത്തിനു കീഴടങ്ങിയതു്.
ശ്രദ്ധേയമായ വിദ്യാഭ്യാസസൈറ്റുകള്ക്കു് നല്കുന്ന ആര്സ്ഡിജിറ്റാ പുരസ്കാരം പതിമൂന്നാംവയസ്സില്‍ തന്നെ നേടി തന്റെ പ്രതിഭ തെളിയിച്ചവനാണു് ആരോണ്‍ സ്വാര്ട്സ്. ഇതിനോടനുബന്ധിയായി പ്രമുഖരുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ച ആരോണ്‍ അവരില്‍ നിന്നുള്ള പ്രചോദനമുള്‍ക്കൊണ്ട് തൊട്ടടുത്ത കൊല്ലം വെബ്ഫീഡ്സ് നിര്‍മ്മിക്കാനുപയോഗിക്കുന്ന ആര്.എസ്.എസ്. എന്ന ഫയല്‍ തരത്തിനു് അടിസ്ഥാനം നല്കുന്നതില് പ്രധാന പങ്ക് വഹിച്ചു. ഇന്നു പ്രശസ്തമായി മാറിയ സാമൂഹ്യ വാര്‍ത്താസൈറ്റായ റെഡിറ്റിന്റെ നിര്‍മ്മാതാവെന്ന നിലയിലും വെബ് പൈ എന്ന വെബ് ആപ്ലിക്കേഷന്‍ ഫ്രെയിംവര്‍ക്കിന്റെ ശില്പി എന്ന നിലയിലും താരമാകുന്നതാണു് പിന്നീട് കണ്ടതു്. 2006ല്‍ ഓപ്പണ്‍ലൈബ്രറി എന്ന പുസ്തകകാറ്റലോഗ് സൈറ്റിനു ചട്ടക്കൂടൊരുക്കുവാന് ആരോണിനായി. അമേരിക്കന്‍ കോണ്‍ഗ്രസ് ലൈബ്രറിയിലെ 95 ശതമാനത്തിലധികം ഉള്ളടക്കം ഡൗണ്‍ലോഡ് ചെയ്ത് ഇവിടെയെത്തിക്കുന്ന പ്രവര്‍ത്തനത്തിലും ആരോണ്‍ വിജയം കണ്ടു. 2008ഓടെ സാമൂഹികപ്രവര്‍ത്തനത്തിലേക്ക് ശ്രദ്ധതിരിച്ച ആരോണ്‍ രാഷ്ട്രീയക്കാരുടെ വിവരങ്ങള്‍ ശേഖരിക്കുകയും സ്വന്തമായി പെറ്റീഷനും ക്യാമ്പയിനിങ്ങും മറ്റും തുടങ്ങാന്‍ സഹായിക്കുന്ന വാച്ച്ഡോഗ് എന്ന സൈറ്റിനു തുടക്കമിട്ടു. മൂന്നു തലത്തിലായി പ്രവര്‍ത്തിച്ച ഈ സൈറ്റ് ഒരു പ്രോഗ്രാമര്‍ക്ക് എങ്ങനെ രാഷ്ട്രീയസേവനം നടത്താം എന്നതിനു ഒരു ഉദാത്തമാതൃകയായി. കൃത്യമായ നയങ്ങളിലൂടെ മാത്രമേ സുശക്തമായ സര്‍ക്കാര്‍ നിലനില്‍ക്കുകയുള്ളൂവെന്നും, അതിനുള്ള പ്രവര്‍ത്തനം അടിത്തട്ടില്‍ നിന്നും തുടങ്ങണം എന്നും വിശ്വസിച്ചതിനാലാകാം ആരോണ്‍ ഡിമാന്റ് പ്രൊഗ്രസ് എന്ന സംഘടനയ്ക്ക് രൂപം നല്കാന് കൂടിയതു്. ഇതിലൂടെയാണു് സോപ – പിപ മുതലായ കരിനിയമങ്ങളെ ആരോണ്‍ പരിചയപ്പെടുന്നതു്. സോപയ്ക്കെതിരെയുള്ള പ്രക്ഷോഭങ്ങളില്‍ മുന്‍നിരപ്പോരാളി തന്നെയായിരുന്നു ആരോണ്‍. ഒന്നര കൊല്ലത്തോളം നീണ്ട പോരാട്ടത്തിനൊടുവില്‍ സോപ കീഴടങ്ങിയപ്പോള്‍ അതിനായി ആരോണ്‍ വഹിച്ച പങ്ക് മറക്കാവുന്നതല്ല.
ഒരു സുഹൃത്താണു് ആരോണിനു് ലാറി ലെസിങ്ങിനെ പരിചയപ്പെടുത്തിക്കൊടുക്കുന്നതു്. അദ്ദേഹവുമായി വളരെ നല്ല വ്യക്തിബന്ധത്തിലായ ആരോണ്‍, ലെസിങ്ങിനെ ക്രിയേറ്റീവ് കോമണ്‍സ് എന്ന പ്രസ്ഥാനം ആരംഭിക്കുന്നതിലും മറ്റും വളരെയധികം സഹായിച്ചു. ക്രിയേറ്റീവ് കോമണ്‍സ് സാങ്കേതികവിദ്യാ ടീമിലെ ഒരു പ്രധാനിയായി തന്നെ ആരോണ്‍ മാറി. വളരെയധികം ശക്തവും ആഴത്തിലുള്ളതുമായ വിജ്ഞാന സ്വാതന്ത്ര്യബോധം ആരോണിലുണ്ടാക്കാന് ഈ പ്രവര്‍ത്തങ്ങള്‍ സഹായിച്ചു എന്നുവേണം കരുതാന്‍. സമാന ചിന്താധാരയുള്ള വിക്കിലീക്സുമായും അനോണിമസുമായും പിന്നീടു് ആരോണ്‍ സഹകരിച്ചതു് ഇതിനു് അടിവരയിടുന്നു. 2008ല്‍ ആരോണ്‍ തയ്യാറാക്കിയ ഗറില്ല ഓപ്പണ്‍ ആക്സസ് മാനിഫെസ്റ്റോയില്‍ ഓപ്പണ്‍ ആക്സസ് എന്ന ആശയത്തെ വ്യക്തമായി വിഭാവന ചെയ്തിട്ടുണ്ടു്. ലോകത്തിന്റെ സാംസ്കാരിക ശാസ്ത്രപൈതൃകം കുത്തകകളുടെ കയ്യില്‍ മാത്രമായി ഒതുങ്ങുന്നതിലെ അപകടവും ഇതില്‍ പ്രതിപാദിച്ചിട്ടുണ്ടു്.
സ്വതന്ത്ര വിജ്ഞാനകോശമായ വിക്കിപീഡിയയുടെ സജീവ ഉപയോക്താവായിരുന്നു ആരോണ്‍.അതില്‍ തന്റെ പ്രവര്‍ത്തനമേഖലയുമായി ബന്ധപ്പെട്ട ലേഖനങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ ആരോണ്‍ പ്രത്യേക താത്പര്യം കാണിച്ചിരുന്നു. 2006ല്‍ വിക്കിമീഡിയ ഫൗണ്ടേഷന്റെ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. എന്നിരുന്നാലും വിക്കിപീഡിയയുടെ പ്രവര്‍ത്തനരീതികളെപ്പറ്റിയും നയങ്ങളെപ്പറ്റിയും ആരോണ്‍ തന്റെ ബ്ലോഗിലെഴുതിയ പോസ്റ്റുകള്‍ വളരെ പ്രസിദ്ധമായി. ഒരു ജനാധിപത്യ രാഷ്ട്രത്തിനു പോലും അനുവര്‍ത്തിക്കാവുന്ന പ്രവര്‍ത്തനങ്ങളുടെ ഒരു ഉദാത്ത മാര്‍ഗ്ഗരേഖ എന്ന നിലയിലും അവ സ്തുത്യര്‍ഹമായി.
2011 ജൂലൈയിലാണു് ആരോണിനെ ജസ്റ്റര്‍ എന്ന ഓണ്‍ലൈന്‍ സൈറ്റ് ആക്രമിച്ചു വിവരങ്ങള്‍ ചോര്‍ത്തി എന്ന കുറ്റമാരോപിച്ചു് അറസ്റ്റ് ചെയ്യുന്നതു്. സര്‍വ്വകലാശാലകളിലും നിന്നും മറ്റുമുള്ള ഗവേഷണ പ്രബന്ധങ്ങള്‍ ഡിജിറ്റല്‍വത്കരിച്ച് അവ അല്പം ഉയര്‍ന്ന തുകയ്ക്ക് തന്നെ വില്പന നടത്തുകയാണു് ജസ്റ്ററിന്റെ പ്രവര്‍ത്തനം. ഇവയുടെ ഒരു ഭാഗം പോലും പ്രബന്ധരചയിതാക്കള്ക്ക് പോകുന്നില്ല എന്നതാണു് വാസ്തവം. 2010 അവസാനത്തോടെ മസാഷുസെറ്റ്സ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്നോളജി (എം.ഐ. ടി.) എന്ന ഗവേഷണ സര്‍വ്വകലാശാലയിലെ ശൃംഖലയില്‍ നുഴഞ്ഞുകയറി 48 ലക്ഷം ലേഖനങ്ങളാണു് ആരോണ്‍ കൈവശപ്പെടുത്തിയതു്. ഡൗണ്‍ലോഡ് റിക്വസ്റ്റ് നല്‍കുന്നതിനായി ഒരു സ്ക്രാപ്പര്‍ സോഫ്റ്റ്വെയര് പോലും (keepgrabbing.py) ആരോണ്‍ സ്വന്തമായി എഴുതിയുണ്ടാക്കി. ഇതറിഞ്ഞ ജസ്റ്റര്‍ ആരോണിന്റെ ഐ.പി.യെ ബ്ലോക്ക് ചെയ്തപ്പോള്‍ അവന് തന്റെ ഐ.പി. മാറ്റി. മിറ്റ് അവന്റെ കമ്പ്യൂട്ടറിന്റെ നെറ്റ്വര്‍ക്ക് ആക്സസ് എടുത്തുകളഞ്ഞപ്പോള്‍ ആരോണ്‍ മാക്ക് അഡ്രസ് മാറ്റി ശ്രമം തുടര്‍ന്നു. മോഷണക്കുറ്റത്തോടൊപ്പം ഈ വിവരം ടൊറന്റ് അടക്കമുള്ള ഷെയറിങ്ങ് സൈറ്റുകള്‍ക്ക് പങ്ക് വയ്ക്കാന്‍ ആരോണ്‍ ശ്രമിച്ചു എന്നതാണു് ആരോണിനെതിരെയുള്ള കേസ്.
ഇതാദ്യമായല്ല വിവരം സ്വതന്ത്രമാക്കുന്ന ഒരു പ്രവര്‍ത്തനത്തില്‍ ആരോണ്‍ ഏര്‍പ്പെടുന്നതു്. അമേരിക്കന്‍ പോലീസ് നിയമരേഖകളുടേയും അനുബന്ധഘടകങ്ങളുടേയും സംഭരണിയായ പേസറാണു് ആരോണിന്റെ സാങ്കേതികത്തികവിനു മുന്പില് ആദ്യം കീഴടങ്ങിയതു്. പൊതുസഞ്ചയത്തിലുള്ള വിവരങ്ങള്‍ പോലും തിരയുന്നതിനു പണമീടാക്കിയ പേസറിനെതിരെ റീക്കാപ് (PACER എന്നതു് തലതിരിച്ചെഴുതിയതു് – RECAP) എന്ന സോഫ്റ്റ്വെയറുപയോഗിച്ചായിരുന്നു ആരോണിന്റെ പോരാട്ടം. ഓരോ തവണ പേസറില്‍ നിന്നും ഉപയോക്താക്കള്‍ വിവരങ്ങള്‍ നേടുമ്പോഴും അതിന്റെ ഒരു പ്രതി ഇന്റര്‍നെറ്റ് ആര്‍ക്കൈവിലേക്ക് സ്വതേ അപ്ലോഡ് ചെയ്യപ്പെടുകയും പിന്നീടുള്ളവര്‍ക്ക് പണം മുടക്കാതെ തന്നെ ഈ ഉള്ളടക്കം ഉപയോഗിക്കാവുന്ന തരത്തിലായിരുന്നു ഇതിന്റെ നിര്‍മ്മാണം. ഏതാണ്ടു് 19 ലക്ഷത്തോളം (20 ശതമാനം ഉള്ളടക്കം) താളുകള്‍ ആരോണ്‍ ഇപ്രകാരം സ്വതന്ത്രമാക്കി. ഇതിനെതിരെ എഫ്.ബി.ഐ അന്വേഷണം നടത്തിയെങ്കിലും പൊതുസഞ്ചയത്തിലായ ഉള്ളടക്കം ഏതുവിധേനയുള്ള പുനരുപയോഗത്തിനും സാധ്യമാണു് എന്ന വസ്തുത ആരോണിനു് തുണയായി. ആരോണ്‍ നയിച്ച ഓണ്‍ലൈന്‍ വിവരസ്വാതന്ത്ര്യത്തിനായുള്ള ക്യാമ്പയിനിങ്ങിന്റെ രണ്ടാം ഘട്ടപോരാട്ടമായിരുന്നു എം.ഐ.ടി.യിലേതു്.
എന്നാല്‍ ഇപ്രാവശ്യം നിയമക്കുരുക്കുകള്‍ അത്ര ലഘുവായല്ല ആരോണിനെ ചുറ്റിവരിഞ്ഞതു്. കമ്പ്യൂട്ടര്‍ ഫ്രോഡ് ആന്റ് അബ്യൂസ് ആക്ട് പോലുള്ള നിയമങ്ങളിലൂടെ പതിമൂന്നോളം കേസുകള്‍ ആരോണില്‍ ചാര്‍ത്തപ്പെട്ടു. ഇതുവഴി മുപ്പത്തിയഞ്ച് കൊല്ലം വരെ തടവു ശിക്ഷ ലഭിക്കാവുന്ന തരത്തില്‍ സംഗതികള്‍ വഷളായി. ആരോണ്‍ അറസ്റ്റു ചെയ്യപ്പെട്ടു. പണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയല്ല ആരോണ്‍ ഈ പോരാട്ടങ്ങളിലൊന്നും ഏര്‍പ്പെട്ടതു്. റെഡിറ്റിന്റെ വില്പനയിലൂടെ കുട്ടിക്കാലത്തു് തന്നെ സമ്പന്നനായ ആരോണിനു പണം ഒരിക്കലും പ്രേരകശക്തിയായിരുന്നില്ല. മറിച്ച് സാമൂഹിക നന്മ മാത്രമായിരുന്നു ലക്ഷ്യം. ഇക്കാര്യം ലെസിഗ് തന്റെ ബ്ലോഗിലെഴുതിയ ആരോണ്‍ അനുസ്മരണത്തില്‍ വ്യക്തമാക്കുന്നുണ്ടു്.
വാസ്തവത്തില്‍ ആരോണിനു് ജസ്റ്ററില് നിന്നും ഡൗണ്‍ലോഡ് ചെയ്യാന്‍ എല്ലാ വിധ സ്വാതന്ത്ര്യവുമുണ്ടായിരുന്നു. അദ്ദേഹം കമ്പനിയുടെ ‘അനുമതിപത്രത്തിലെ’ ഉള്ളടക്കം പങ്ക് വയ്ക്കില്ല എന്ന നിബന്ധന മാത്രമാണു് തെറ്റിച്ചതു്. കൃത്യമായ ഒരു ഇരയില്ലാത്തതിനാലും തന്റെ കയ്യിലുള്ള വിവരങ്ങള്‍ ആരോണ്‍ തിരിച്ചു നല്കിയതിനാലും കേസ് പിന്‍വലിക്കാന്‍ ജസ്റ്റര്‍ തയ്യാറായിട്ടും ഭരണാധികാരികള്‍ ഇതിനു തയ്യാറായില്ല. ഭരണകൂടഭീതി എന്ന ആയുധത്തെ അരക്കെട്ടുറപ്പിക്കുവാന് വേണ്ടി നിയമം ആരോണിനെ കരുവാക്കി. രാജാവിനെക്കാളും വലിയ രാജഭക്തികാണിക്കുന്ന നിയമജ്ഞര്‍ ആരോണിനെ ദശാബ്ദങ്ങള്‍ നീണ്ട കഠിനതടവും ലക്ഷങ്ങളുടെ പിഴവും വിധിക്കാവുന്ന സാഹചര്യത്തിലേക്കു് നയിച്ചു. സാമൂഹികനന്മ മാത്രം പ്രതീക്ഷിച്ചിരുന്ന ആ മനസ്സിനു് കോടതിമുറിയിലെ വാദമുഖങ്ങള്‍ക്കു് മുന്പില് പലപ്പോഴും പിടിച്ചു നില്ക്കാന് കഴിഞ്ഞില്ല. തന്റെ ബാക്കിജീവിതം ഇരുമ്പഴിക്കുള്ളില്‍ ഒരു കുറ്റവാളിയായി ജീവിച്ചുതീര്ക്കുന്നതു് സ്വാതന്ത്ര്യവാദിയായ അവനിഷ്ടപ്പെട്ടിരുന്നില്ല. ഇതു് ആരോണിനെ ഒരു വിഷാദരോഗിയാക്കി മാറ്റി. ജനുവരി 11നു രാവിലെ ഒരു സുഹൃത്തിന്റെ വീട്ടിലാണു് ആരോണിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയതു്.
ടിമോത്തി ലീ എഴുതിയതു് ശരിയാണെങ്കില്‍ ആരോണ്‍ ചെയ്ത കുറ്റത്തിനു് – ശൃഖലയില്‍ അതിക്രമിച്ചു കടക്കലിനു്, നല്കാവുന്ന പരമാവധി ശിക്ഷ നൂറു് ഡോളര്‍ പിഴയും 30 ദിവസത്തെ ജയില്‍ വാസവുമാണു്.വര്‍ഷങ്ങളായി ഭരണകൂടത്തിനെതിരെ നടത്തിയ പ്രക്ഷോഭങ്ങള്‍ മുന്‍നിര്‍ത്തി ഏകപക്ഷീയമായാണു് ആരോണിനു ശിക്ഷ വിധിച്ചതെന്നു കരുതുന്നവരും കുറവല്ല.ആരോണിന്റെ യുദ്ധം – ഇന്റര്‍നെറ്റിലെ ഉള്ളടക്കത്തെ ആരു നിയന്ത്രിക്കണമെന്നതും അതിന്റെ സ്വാതന്ത്ര്യത്തെയും കുറിച്ചുള്ളവ, അമേരിക്കന്‍ ഭരണകൂടത്തിന്റെ കണ്ണില്‍ മഹാപരാധമായി മാറിയതിന്റെ പ്രത്യാഖാതമാവും ഇതു്. ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്നും ആരോണിന്റെ വിമോചനത്തിനായി ഉയര്‍ന്ന അപേക്ഷകളെ ഭരണസംവിധാനം നിരാകരിച്ചു. ഇതാദ്യമായല്ല ഒരു പ്രോഗ്രാമര്‍ മസാഷുസെറ്റ്സ് കോടതിയുടെയും നിയമവ്യവസ്ഥയുടെ പീഡനവും മൂലം ആത്മഹത്യക്ക് പാത്രമാകുന്നതു് എന്ന കാര്യം കൂടി ഇതിനോടു് കൂട്ടി വായിക്കേണ്ടിയിരിക്കുന്നു. നാസയുടെ സൈറ്റ് ഹാക്ക്ചെയ്യാന്‍ ശ്രമിച്ചു കേസില്‍ കുറ്റാരോപിതനായ ജൊനാഥന് ജയിംസ് എന്ന 24കാരന് 2008 മെയ്മാസത്തില്‍ സ്വയം വെടിവച്ചു് മരണം വരിച്ചിരുന്നു. ആത്മഹത്യാക്കുറിപ്പില്‍ അവന് എഴുതി “എനിക്കിവിടുത്തെ നിയമവ്യവസ്ഥയില്‍ വിശ്വാസമില്ല. ഒരുപക്ഷേ എന്റെ ഇന്നത്തെ പ്രവര്‍ത്തികള്‍, ഒപ്പം ഈ കത്തും സമൂഹത്തിനു് ശക്തമായ ഒരു സന്ദേശം നല്‍കും.”
പകര്‍പ്പവകാശം എന്ന അറുപഴഞ്ചന്‍ വ്യവസ്ഥയെക്കുറിച്ചുള്ള വീണ്ടുവിചാരത്തിനായി ആരോണ്‍ ബലിയാടായതാകാം. എന്തായാലും പലരുടേയും മനസ്സില്‍ ഒരിത്തിരി നീറ്റലും അതിലുപരി പുനര്‍ചിന്തയുടെ ഒരേടും വിതയ്ക്കാന്‍ അരോണിനായി. ആരോണിന്റെ വിക്കിപീഡിയ ഉപയോക്തൃസംവാദ താളില്‍ നിത്യേന വരുന്ന അനുശോചനങ്ങളും പല ചത്വരങ്ങളിലും കൂടുന്ന അനുശോചന സമ്മേളനങ്ങളും, ബ്ലോഗ്പോസ്റ്റുകളും ആരോണിലെ അഗ്നി ഏറ്റുവാങ്ങുന്നതിനായി സമൂഹം തയ്യാറായതായി ഉറപ്പുനല്‍കുന്നു. ആരോണ്‍ അനുസ്മരണ പോസ്റ്റുകളും അതിനായി തയ്യാറാക്കിയ #PDFTribute എന്ന ടാഗും സാമൂഹ്യക്കൂട്ടായ്മാ സൈറ്റുകളില്‍ നിറഞ്ഞു നിന്നു. ആരോണിന്റെ അറസ്റ്റിനോട് പ്രതിഷേധിച്ച് ജസ്റ്റര്‍ കൈവശം വച്ചിരുന്ന ഫിലോസഫിക്കല്‍ സൊസൈറ്റിയുടെ 33 ജീ.ബി. ടൊറന്റ് ഗ്രെഗ് മാക്സ്വെല് എന്നയാള്‍ പുറത്തുവിട്ടു. ആരോണിന്റെ ആത്മഹത്യയ്ക്ക് ഏതാനം ദിവസം മുന്‍പ് ജസ്റ്റര്‍ തങ്ങളുടെ കുറച്ച് പ്രബന്ധങ്ങള്‍ എല്ലാവര്‍ക്കുമായി തുറന്നു കൊടുത്തു. ഒരു ആത്മഹത്യാക്കുറിപ്പു പോലും എഴുതിവച്ചില്ലെങ്കിലും ആരോണ്‍ എന്ന ഓണ്‍ലൈന്‍ ഗറില്ലാപോരാളിയുടെ അവസാന ഇംഗിതങ്ങളറിയുന്നതിനും അതുപ്രകാരം പ്രവര്‍ത്തിക്കുന്നതിനും ജനത സജ്ജരായിരിക്കുന്നു എന്നു വേണം മനസ്സിലാക്കാന്‍. അനോണിമസിന്റെ ഓപ്പറേഷന് ഏഞ്ചല്‍ പ്രവര്‍ത്തങ്ങളും,വിജയം കണ്ടില്ലെങ്കിലും മരണത്തിനുത്തരവാദികളായ നിയമജ്ഞരെ തത്സ്ഥാനത്തു നിന്നും പൂറത്താകാന് നടത്തിയ പ്രവര്‍ത്തനങ്ങളും ഇതിനു തെളിവാണു്.
ആരോണിനൊപ്പം ഭരണകൂടത്തിനും സമൂഹത്തിനും നടക്കാനാകാഞ്ഞതാകാം ആ ചെറുപ്പക്കാരനെ നമുക്ക് നഷ്ടമാക്കിയതു്. സ്വയം ‘അപ്ലൈഡ് സോഷ്യോളജിസ്റ്റ്’ എന്ന് വിളിച്ചിരുന്ന അവന്, സാമൂഹ്യവ്യവസ്ഥകളെ ഹാക്ക് ചെയ്യുന്നതില്‍ ആനന്ദം കണ്ടെത്തി. മെച്ചപ്പെട്ട ഒരു നാളെ സ്വപ്നം കണ്ടു, അതിനായി പ്രവര്‍ത്തിച്ചു. ഒരു പക്ഷേ അതായിരിക്കാം ആരോണ്‍ ചെയ്ത തെറ്റ്..