നെറ്റ് നിക്ഷ്പക്ഷത ഒരെത്തിനോട്ടം

2015 ആഗസ്റ്റ്‌ മാസത്തിലെ ‘വിജ്ഞാനകൈരളി’ മാസികയ്ക്കുവേണ്ടി എഴുതിയതു്.

 

“സാധാരണ നിയമങ്ങളിൽ നിന്നും വ്യത്യസ്ഥമായി ഇന്റർ‌നെറ്റിനും അതുമായി ബന്ധപ്പെട്ട സോഫ്റ്‌വെയറുകൾക്കും ശിക്ഷിക്കാനുള്ള കഴിവില്ല. ഓൺലൈനിൽ ഇല്ലാത്ത ജനങ്ങളെയിതു യാതൊരു തരത്തിലും ബാധിക്കുകയുമില്ല. (അതും ലോക ജനസംഖ്യയുടെ ചെറിയൊരു ശതമാനം മാത്രം) ഇന്റർ‌നെറ്റ് വ്യവസ്ഥയോടു നിങ്ങൾക്കെപ്പോഴെങ്കിലും അവമതിപ്പു തോന്നുകയാണെങ്കിൽ മോഡം ഓഫാക്കുന്നതിലൂടെ അതിനു തിരശ്ശീല വീഴുന്നു”

1999-ൽ ലോറൻസ് ലെസിങ്ങിന്റെ ‘Code & the Other Laws of Cyber Space’ എന്ന പുസ്തകത്തിന്റെ അവലോകനത്തിൽ സാങ്കേതികവിദ്യാ എഴുത്തുകാരനായ ഡേവിഡ് പോഗ് കുറിച്ചിട്ട വാക്കുകളാണിത്. തൊണ്ണൂറ്റിയൊൻപതിൽ, അതായത് വെബ് 2.0യുടെ ഉദയത്തിനു മുൻപ് ഇതൊരു പരിധി വരെ ശരിയായിരിക്കാം. എന്നാലിന്ന് ഓൺലൈൻ ഇടങ്ങൾ അത്ര പരിചയമില്ലാത്ത, എന്നാൽ സാമൂഹ്യബന്ധമുള്ള ഏതൊരാൾക്കും ഇതിലെ പൊള്ളത്തരങ്ങൾ പെട്ടെന്നു തന്നെ മനസ്സിലാകും. ഇന്നു നിത്യജീവിതത്തിൽ എല്ലാ തുറകളിലും – വ്യാപാരവിനിമയങ്ങൾ മുതൽ ഭരണം വരെ, കൃത്യമായ സ്വാധീനം ചെലുത്തുന്ന ഇന്റർ‌നെറ്റിനെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹത്തായ കണ്ടുപിടുത്തമെന്നു വിശേഷിപ്പിക്കാം.

ലോകത്തിന്റെ പലഭാഗത്തുള്ള കമ്പ്യൂട്ടർ തമ്മിലുള്ള ബന്ധപ്പെടലിലൂടെ നിർമ്മിതമായ വികേന്ദ്രീകൃതമായ ഒരു ശൃംഖലയാണു് ഇന്റർ‌നെറ്റ്. സുതാര്യമായ മാനദണ്ഡങ്ങളിലൂടെയാണ് ഇവയിലൂടെയുള്ള ഡാറ്റയുടെ ഒഴുക്കിനെ നിയന്ത്രിക്കുന്നത്. ഉള്ളടക്കത്തിന്റെ പങ്കുവയ്ക്കലാണ് കമ്പ്യൂട്ടർ ശൃംഖലകളുടെ അടിസ്ഥാന ധർമ്മം. അറിവിന്റെയും, അതിന്റെ ആകെത്തുകയായി മാനുഷിക ബന്ധങ്ങളുടേയും ഉന്നമനവും ഇന്റർനെറ്റ് ലക്ഷ്യമിടുന്നു. വിർച്വൽ പൊതുവിടങ്ങൾ ഓരോ വ്യക്തികൾക്കുമായി അഭിപ്രായപ്രകടനത്തിനുള്ള വേദികൾ നിർമ്മിക്കുന്നു. ഇപ്രകാരം ഉരുത്തിരിയുന്ന നിഗമനങ്ങൾ സാമൂഹിക മാറ്റങ്ങൾക്ക് വഴിയിടുകയും ചെയ്യുന്നു. അറബ് വസന്തവും വാൾ‌സ്ട്രീറ്റ് പിടിച്ചെടുക്കലും പോലെയുള്ള ഹാഷ്‌ടാഗ് വിപ്ലവങ്ങൾ മുതൽ യുദ്ധങ്ങൾ വരെ സൈബറിടത്തേക്ക് പറിച്ചുനടപ്പെട്ടിരിക്കുന്നു.

നെറ്റ് നിഷ്പക്ഷത
അഭിപ്രായസ്വാതന്ത്ര്യത്തിന്റെ അവസാന തുരുത്തായ ഇന്റർ‌നെറ്റിന്റെ സാമൂഹികഉടമസ്ഥതയും ചോദ്യം ചെയ്യൽ ശേഷിയേയും കോർ‌പ്പറേറ്റുകളേയും ഭരണകൂടങ്ങളേയും വെറിപിടിപ്പിക്കുന്നുണ്ടെന്ന് സമ്മതിക്കേണ്ടിവരും. ഇന്റർ‌നെറ്റ് ഉള്ളടക്കത്തെ നിയന്ത്രിക്കാനായി മുമ്പോട്ട് വച്ച അമേരികയുടെ SOPA/PIPA നിയമങ്ങളും ചൈനയുടെ ഗ്രേറ്റ് വാളും ഇന്ത്യയുടെ 66/Aയുമെല്ലാം ഒരേ നാണയത്തിന്റെ വ്യത്യസ്ഥ മുഖങ്ങളാണ്. ബൗദ്ധികസ്വത്തവകാശ ആവലാതികളും സ്ഥിരമായി മുഴങ്ങിക്കേൾക്കാം. ഈ ഗണത്തിൽ പ്രത്യേക പരിഗണനയർഹിക്കുന്നതാണ് ഇന്റർ‌നെറ്റിന്റെ നിഷ്പക്ഷത തകർക്കാനുള്ള ശ്രമങ്ങൾ.

ഇന്റർ‌നെറ്റിൽ എല്ലാവർക്കും ഒരേ അവസരങ്ങളാണു നൽകുന്നത്. ഉള്ളടക്കത്തോട് സേവനദാതാവ് പൂർണ്ണമായും നിഷ്പക്ഷത കാട്ടുന്നതു മൂലം ആപ്ലിക്കേഷൻ/വെബ്‌സൈറ്റ് നിർമ്മാതാക്കൾക്കും (സെർവർ) സാധാ ഉപയോക്താവിനും വിവേചനരഹിതമായ ഉപയോഗക്ഷമത ഉറപ്പുവരുത്തുന്നു. ഇതു തന്നെയാണ് നെറ്റ് ന്യൂട്രാലിറ്റി അഥവാ ഇന്റർനെറ്റ് സമത്വത്തിന്റെ കാതൽ. കൊളമ്പിയൻ ലോ സ്കൂളിൽ പ്രഫസറായ ടിം വൂ (Tim Wu) ആണ് 2002ൽ നെറ്റ് ന്യൂട്രാലിറ്റി എന്ന പദം മുൻപോട്ടു വച്ചത്.

ഒരു ചെറിയ തുകമുടക്കിയാൽ ആർക്കും ഒരു വെബ്‌സൈറ്റ് തട്ടിക്കൂട്ടാം. ഈ വെബ്‌സൈറ്റിന്റെ ഉള്ളടക്കത്തേയും ഒരു കോർ‌പറേറ്റ് ഭീമന്റെയടുക്കൽ നിന്നും നിർമ്മിക്കുന്ന ബിറ്റിനേയും മുൻ‌വിധിയില്ലാതെ ഒരേ പോലെയായിരിക്കണം ശൃംഖലയിലെ റൂട്ടറുകൾ പരിഗണിക്കേണ്ടത്. (ചില പ്രത്യേക സാങ്കേതിക ആവശ്യങ്ങൾക്കായി പാക്കറ്റ് ലെവൽ മുൻ‌ഗണന ഉപയോഗിക്കുന്നുണ്ടെങ്കിൽ പോലും) ആദ്യമെത്തുന്നവ ആദ്യം (First Come First Serve) എന്ന നിലപാട് എടുക്കുന്നതിനാൽ സമത്വത്തോടൊപ്പം തന്നെ ശൃംഖലാഘടകങ്ങളുടെ പ്രവർത്തനങ്ങളെ പരമാവധി ലഘൂകരിക്കാനും കഴിഞ്ഞിട്ടുണ്ട്.  

ചുങ്കപ്പാതകൾ
ഡാറ്റാ പാക്കറ്റുകൾ ഒരു ദുർലഭവിഭവം (Scarce Resource) അല്ല. വോൾട്ടേജ് നില വച്ചിട്ടാണു ഒരു വിവരകണികയെ (ബിറ്റ്) രേഖപ്പെടുത്തുന്നത്. ഇതെത്രതവണ വേണമെങ്കിലും ആവർത്തിക്കാം എന്നതുകൊണ്ട് സാങ്കേതികമായി ബിറ്റുകളുടെ കൈയിരുപ്പ് ഏതാണ്ട് അനന്തമാണ്.  കൈമാറ്റനിരക്ക് മാത്രമാണിവിടെ ശ്രദ്ധിക്കേണ്ടത്. ഒരു സംവഹനമാദ്ധ്യമത്തിലൂടെ പരമാവധി എന്തുമാത്രം വിവരം കൈമാറ്റം ചെയ്യാമെന്നത് അതിന്റെ ചാലകശേഷി (ബാൻഡ്‌വിഡ്ത്ത്) എന്നു പറയാം. ഡാറ്റയുടെ കൈമാറ്റ നിരക്കിനനുസരിച്ച് ശേഷി വർദ്ധിക്കാത്തത് പലപ്പോഴും മാദ്ധ്യമത്തിനുള്ളിൽ തിരക്ക് അനുഭവപ്പെടാൻ കാരണമായേക്കും.

Backbone Campaign

ഒരേ വേഗതയിൽ ഒരേ പാതയിൽ സഞ്ചരിക്കുന്ന പാക്കറ്റുകളിൽ ചിലതിനു മാത്രമായി പ്രത്യേകം തിരക്കുകുറഞ്ഞ ചുങ്കപ്പാത ഒരുക്കുന്നത് സേവനദാതാക്കളുടെ ഒരു പ്രവണതയാണ്. അവരുമായി ഉടമ്പടിയിലേർപ്പെടുന്ന കമ്പനികളുടെ ഉള്ളടക്കം ഉപയോക്താക്കളിലേക്ക് പെട്ടെന്നു എത്തിച്ചേരുമ്പോൾ മറ്റുള്ളവയ്ക്ക് മനഃപൂർവമോ അല്ലാതെയോ കാലതാമസം ഏൽക്കും. സ്വാഭാവികമായും ഉപയോക്താക്കൾ ആദ്യം പറഞ്ഞവരിലേക്ക് അടുക്കുകയും, മറ്റുള്ളവർക്ക് വിപണിയിൽ നിന്നും പിന്മാറേണ്ടി വരികയും, അങ്ങനെ വിപണി കുത്തകവത്കരിക്കപ്പെടുകയും ചെയ്യും. സേവനദാതാക്കളുമായി കരാറിലേർപ്പെടാൻ സാമ്പത്തികസ്ഥിതിയും ആൾ‌ബലവുമില്ലാത്ത, എന്നാൽ അതിലും മെച്ചപ്പെട്ട സേവനങ്ങൾ നൽകുന്ന സ്വതന്ത്ര വിജ്ഞാന സങ്കേതങ്ങൾ, ചെറുകിടക്കാർ, സ്റ്റാർട്ടപ്പുകൾ എന്നിവർ പാർശ്വവത്കരിക്കുന്നത് സാങ്കേതികവിദ്യയുടെ ഉന്നമനത്തെ കാര്യമായി പിന്നോട്ടടിക്കും. ആമസോണിനു സിയാറ്റിലെ ഒരു മുറിയിൽ നിന്നും വാൾമാർട്ടിനെതിരെ പോരാടാൻ കഴിഞ്ഞതും, കാലിഫോർണിയയിലെ ഒരു ഗാരേജിൽ നിന്നും യാഹുവിനു ബദലായി ഗൂഗിൾ ഉയർന്നു വന്നതും, ഹർവാഡിലെ ഒരു ഹോസ്റ്റൽ മുറിയിൽ നിന്നും വന്ന ഫേസ്‌ബുക്കിനു മൈസ്പേസിൽ നിന്നും സാമൂഹ്യക്കൂട്ടായ്മാ വിപണി പിടിച്ചെടുക്കാനായതും ഇന്റർനെറ്റ് നിഷ്പക്ഷതയുടെ വെളിച്ചത്തിൽ നിന്നുകൊണ്ടായിരുന്നു.

സീറോ കോസ്റ്റ് പാക്കേജുകൾ
ഭാഷാപരമോ സാങ്കേതികപരമോ ആയ പ്രശ്നങ്ങൾ മൂലം ഒരു കൂട്ടം ജനത വിവരസാങ്കേതികവിദ്യയുടെ ഗുണങ്ങളിൽ നിന്നും ഒഴിവാക്കപ്പെടുന്നതിനെയാണ് ഡിജിറ്റൽ വിടവ് (Digital Divide) എന്നു പറയുന്നത്. ഉയർന്ന സേവന നിരക്ക്, താഴ്ന് വരുമാനം ഇവയുടെ ഫലമായി ഒരു നിഷ്പക്ഷ ഇന്റർനെറ്റ് ലഭ്യമാകാത്ത മൂന്നാം ലോകരാജ്യങ്ങളിലും വികസ്വര രാജ്യങ്ങളിലും അവതരിപ്പിച്ച പദ്ധതിയാണ് സീറൊ കോസ്റ്റ് പാക്കേജുകൾ. ഒരു പ്രത്യേക സേവനദാതാവ് ഒരു കൂട്ടം വെബ് സൈറ്റുകൾ സൗജന്യമായോ വളരെ താഴ്ന് നിരക്കിലോ ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്നു. മിക്കപ്പോഴും വെബ് ഭീമന്മാരായ ഫേസ്‌ബുക്ക്, ഗൂഗിൾ പോലുള്ള സേവനങ്ങളാണ് ഇപ്രകാരം ലഭിക്കുന്നത്. അവർ ഇന്റർനെറ്റ് സേവനദാതാവുമായി ഉണ്ടാക്കുന്ന പുറത്തറിയിക്കാത്ത ഉടമ്പടി വഴി നിയന്ത്രിക്കപ്പെടുന്ന ഇത്തരം പദ്ധതികൾക്ക് ഒരു ദാനകർമ്മപരിവേഷമാകും പുറത്തു നൽകുക. സൗജന്യമായതിനാൽ തന്നെ ജനപ്രീതി പെട്ടെന്നാകർഷിക്കാനും ഇവയ്ക്കാകും.  പദ്ധതിക്കു പുറത്തുള്ളവയ്ക്ക് തുക ഈടാക്കുമെന്നതുകൊണ്ട്  ഉപയോക്താക്കളായ ലക്ഷക്കണക്കിനു ജനങ്ങൾക്ക് കൂട്ടിലടയ്ക്കപ്പെട്ട ഒരു ഇന്റർനെറ്റ് അനുഭവമായിരിക്കും സീറോ കോസ്റ്റ് പാക്കേജുകൾ സമ്മാനിക്കുക.

വിലക്കുറഞ്ഞ, സാങ്കേതികപരമായി മെച്ചപ്പെട്ട, സ്വതന്ത്രമായ ഒരു നെറ്റ് സേവനം അവിടെയെത്തുന്നതിനെത്തന്നെ പതിറ്റാണ്ടുകൾക്കപ്പുറത്തേക്ക് മാറ്റി വയ്പ്പിക്കുവാൻ ഇത്തരം പദ്ധതികൾ കാരണമായേക്കാം. ഇപ്രകാരമുള്ള ഒരു സേവനത്തിൽ സ്വകാര്യതക്കുറവും സെൻസർഷിപ്പിന്റെ സാധ്യതയുമുള്ളതിനാൽ പ്രാദേശികമായ സംരംഭകത്വത്തേയും എത്തിക്കൽ ഹാക്കിങ്ങ് പ്രവണതകളേയും പ്രതീക്ഷിക്കേണ്ടതില്ല. അമേരിക്കയിൽ ആന്റിട്രസ്റ്റ് ആക്ടും ഇന്ത്യയിലെ കോമ്പറ്റീഷൻ ആക്ടുമൊക്കെ പ്രകാരം ഒരു വിപണി മേഖലയിലുള്ള ആധിപത്യം മറ്റൊരു മേഖലയിലെ മത്സരം ഒഴിവാക്കി മുൻഗണന നേടിയെടുക്കുന്നതിനായി ഉപയോഗിക്കപ്പെടുന്നത് നിയമപരമായി തെറ്റുമാണ്. സൗജന്യമായി ലഭ്യമാക്കുന്ന ഒരു കൂട്ടം വെബ്‌സൈറ്റുകളിൽ ഇന്റർനെറ്റിലെ സ്വതന്ത്രവിജ്ഞാനത്തിന്റെ ഒരു കണികയെ മാത്രമാകും രുചിക്കാനാകുക.

ഡിജിറ്റൽ വിടവിനെ പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം സംരംഭകർക്കിടയിൽ നല്ല രീതിയിലുള്ള മത്സരപ്രവണതയുണ്ടാകുകയെന്നതു തന്നെയാണ്. അന്താരാഷ്ട്ര ടെലികമ്യൂണിക്കേഷൻ യൂണിയൻ, ഓ.ഇ.സി.ഡി (Organisation for Economic Co-operation and Development) മുതലായവരും ഇതേ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്.  ജപാൻ, കാനഡ മുതലായ രാജ്യങ്ങളിൽ നിയമം വഴി തന്നെ ഓപൺ ആക്സസ് നയങ്ങൾ നടപ്പിൽ വരുത്തിയിട്ടുണ്ട്. സംരംഭകർ തമ്മിൽ ന്യായമായ നിലയിൽ അടിസ്ഥാന സൗകര്യങ്ങൾ പങ്കുവയ്കാനിത് ഇടവരുത്തുന്നു. ആസ്ത്രേലിയ, സ്വീഡൻ, സിംഗപ്പൂർ മുതലായിടങ്ങളിൽ നിർവ്വഹണപരമായി/ഘടനാപരമായി ടെലിസേവനദാതാക്കളെ പ്രബലർ, പൊതുനിരയിൽ ഉള്ളവർ എന്നിങ്ങനെ വേർതിരിച്ചിട്ടുണ്ട്. ദക്ഷിണ കൊറിയ, ഹോങ്കോങ്ങ് എന്നിടങ്ങളിൽ ഒരു ഓപൺ ആക്സസ് നയത്തിന്റെ അഭാവത്തിൽ തന്നെ പ്രാദേശികമായ പ്രത്യേകതകൾ കൊണ്ടോ, വിപണി ചട്ടങ്ങൾ മൂലമോ ഒരു നെറ്റ് സമത്വം രൂപപ്പെട്ടതായി കാണാം.

തട്ടു തിരിച്ച സേവനങ്ങൾ
ഇന്റർനെറ്റിലെ സേവനങ്ങളെ പല തട്ടായി തിരിച്ച് അവയ്ക്ക് പ്രത്യേകം പ്രത്യേകം പണമീടാക്കാനുള്ള ശ്രമമാണടുത്തത്. ഇന്റർനെറ്റിലൂടെ വിനിമയം ചെയ്യപ്പെടുന്നത് ഏത് തരം ഡാറ്റയാണെങ്കിലും, അക്ഷരങ്ങളോ, ചിത്രമോ, വിഡീയോയോ – ഇങ്ങനെ ഏതാണെങ്കിലും അവ സാങ്കേതികമായി ബിറ്റുകളുടെ കൂട്ടം മാത്രമാണ്. മുൻ‌ നിശ്ചയിക്കപ്പെട്ട തുക ഉപയോക്താവ് സേവനദാതാവിനു നൽകിതിനാൽ അവ വേർതിരിവില്ലാതെ നൽകാനവർ ബാധ്യസ്ഥരാണ്. അനുവദിക്കപ്പെട്ട സമയ/ഡാറ്റാ പരിധിക്കുള്ളിൽ ഇന്റർനെറ്റിൽ ലഭ്യമായ നിയമവിധേയമായ ഏതൊരു സേവനവും ഉപയോഗിക്കാൻ ഉപയോക്താക്കൾക്ക് അധികാരമുണ്ട്.  .

സാമൂഹ്യക്കൂട്ടായ്മ വെബ്‌സൈറ്റുകൾ, സന്ദേശസേവനങ്ങൾ, വീഡിയോ സൈറ്റുകൾ ഇങ്ങനെ OTTകളെ (Over The Top technology) തട്ടുകളായി തിരിച്ച് പ്രത്യേകമായി സേവനദാതാവ് വിപണനം ചെയ്യും. ഇവിടെയും സമത്വം എന്ന ആശയം അട്ടിമറിക്കപ്പെടുകയാണ്. ഒരു കുട്ടം സേവനങ്ങൾക്കാണ് ജനപ്രീതിയുള്ളത് എന്നത് മറ്റുള്ളവയ്ക്കൊന്നും ആവശ്യക്കാരില്ല എന്ന് അർത്ഥമാകുന്നില്ല. സ്വതന്ത്രമായ ഇടത്തെ തന്നിഷ്ടപ്രകാരം  ഉപയോഗിക്കാനുള്ള അവസരത്തെയിവിടെ ചുരുക്കുന്നു.

ഒരു ഇന്റർനെറ്റ് ദാതാവിന്റെ ഏതൊക്കെ ഡാറ്റാ പാക്കറ്റുകളാണു വാട്സാപ്പിലേക്കുള്ളത്, ഏതൊക്കെയാണ് ഫേസ്‌ബുക്കിലേക്കുള്ളത് എന്നത് കണ്ടെത്താൻ പാക്കറ്റ് വിശകലനം വേണ്ടി വരും. (അല്ലെങ്കിൽ റൂട്ടിങ്ങ് വിവരമോ ഉപയോഗിക്കാം) എങ്ങനെയായാലും അനാവശ്യ വിവരവിശകലനം ഉപയോക്താവിന്റെ സ്വകാര്യതയിലേക്കു കൂടിയുള്ള കൈകടത്തലാവുകയും, അരാജകത്വത്തിലേക്ക് നയിക്കുകയും ചെയ്യാം

സത്യത്തിൽ ഈ ‘ഓവർ ദ് ടോപ്’ എന്ന പദം തന്നെ തെറ്റിദ്ധാരണ പരത്തുന്ന ഒന്നാണ്. ഓരോ സേവനങ്ങൾക്കും അനുസരിച്ച് സേവനദാതാക്കൾ പ്രത്യേകം പ്രത്യേകമായി സാങ്കേതികമോ ഘടനാപരമായോ യാതൊരു മാറ്റവും വരുത്തുന്നില്ല. ചുരുക്കത്തിൽ ശൃംഖലയിലെ ആപ്ലിക്കേഷൻ പാളിയേക്കുറിച്ച് തലപുകയ്ക്കേണ്ട യാതൊരു അവസ്ഥയും ഐ.എസ്.പികൾക്ക് വരുന്നില്ല.

നെറ്റ് ന്യൂട്രാലിറ്റി – നിലവിലെ അവസ്ഥകൾ
നെറ്റിന്റെ സമത്വം നഷ്ടപ്പെടുന്ന പാക്കറ്റ് വിശകലനം, ഡാറ്റാ വിവേചനം, ഡിജിറ്റൽ അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റം എന്നിവയേക്കുറിച്ചുള്ള ആവലാതികൾ ലോകത്തിന്റെ പലയിടങ്ങളിലായി ഉയർന്നിരുന്നെങ്കിലും, ലോകശ്രദ്ധയാകർഷിച്ചത് അമേരിക്കയിൽ കോംകാസ്റ്റും നെറ്റ്‌ഫ്ലിക്സും തമ്മിൽ നടന്ന തർക്കത്തെത്തുടന്നായിരുന്നു. അമേരിക്കയിൽ നിന്നുള്ള ഓൺ-ഡിമാന്റ് വീഡിയോ സൈറ്റായ നെറ്റ്‌ഫിക്സിന്റെ ബാൻഡ്‌വിഡ്ത്ത് കോംകാസ്റ്റിന്റെ ശൃംഖലകളിൽ വെട്ടിക്കുറച്ചതിനെത്തുടർന്നായിരുന്നു തർക്കമുടലെടുത്തത്. നെറ്റ്‌ഫിക്സിന്റെ ഉപയോക്തൃസേവനം മോശമാണെന്ന പരാതി ഉയർന്നതിനെത്തുടർന്ന് ഇതു പരിഹരിക്കാനായി കോംകാസ്റ്റിനു പണം നൽകേണ്ടി വന്നു.

2014 ഏപ്രിൽ 19നു എഫ്.സി.സി. (ഫെഡറൽ കമ്യൂണിക്കേഷൻ കമ്മിഷൻ) നെറ്റ് ന്യൂട്രാലിറ്റിക്കെതിരെ നടപ്പിൽ വരുത്താൻ പോകുന്ന ചില മാറ്റങ്ങളുമായി ബന്ധപ്പെട്ട രേഖകൾ ചോർന്നു. ആയിരങ്ങൾ അണി ചേർന്ന യോഗങ്ങൾ തുടർന്നുള്ള ദിവസങ്ങളിൽ അമേരിക്കയിൽ സംഘടിപ്പിക്കപ്പെട്ടു. നയത്തെപ്പറ്റിയുള്ള പൊതുജനാഭിപ്രായം തേടിയ ആദ്യ ദിവസം തന്നെ തിരക്ക് കാരണം എഫ്.സി.സി. സെർവറുകൾ തകരാറിലായി. സമയമവസാനിച്ചപ്പോൾ ഏതാണ്ട് 37 ലക്ഷത്തോളം പേർ നെറ്റ് ന്യൂട്രാലിറ്റിയെ അനുകൂലിച്ചുകൊണ്ട് അഭിപ്രായപ്രകടനം നടത്തി. ഇതിൽ “ഇന്റർനെറ്റ് സ്ലോഡൗൺ ദിനമായി” ആചരിച്ച സെപ്റ്റംബർ 10നു മാത്രം കോൺഗ്രസിലേക്ക് 3 ലക്ഷം ഫോൺ‌വിളികളും എഫ്.സി.സിയ്ക്ക് 20 ലക്ഷം ഈമെയിലുകളും ലഭിച്ചു. തുടർന്ന് 2015 ഫെബ്രുവരി 26നു എഫ്.സി.സി.  കമ്മ്യൂണിക്കേഷൻ നിയമങ്ങളിൽ സ്വതന്ത്ര ഇന്റർനെറ്റ് നിയമങ്ങൾ കുട്ടിച്ചേർത്തു. ഇന്ന് അമേരിക്കയോടൊപ്പം നെതര്‍ലാന്റ്സ്, ചിലി, ബ്രസീല്‍ എന്നിവിടങ്ങളില്‍ വിവേചനമില്ലാത്ത ഇന്റര്‍നെറ്റ് സേവനത്തിനായുള്ള നിയമങ്ങള്‍ നിലവില്‍ വന്നു കഴിഞ്ഞു.

എന്നിരുന്നാലും പല രാജ്യങ്ങളിലും നിത്യേന നെറ്റിന്റെ നിഷ്പക്ഷത ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. കരീബിയനിൽ VOIP സേവനങ്ങൾ പൂർണ്ണമായും തടയപ്പെട്ടിരിക്കുകയാണ്. മെക്സിക്കോയുടെ പുതിയ ടെലികമ്യൂണിക്കേഷൻ നിയമം ഇന്റർനെറ്റിൽ കൂടുതൽ സെൻ‌സർഷിപ്പ് വരുത്തുവാൻ പാകത്തിലുള്ളതാണ്. സ്പോട്ടിഫൈ ഓസ്ട്രിയയിൽ സീറോ കോസ്റ്റ് പാക്കേജുകൾ അവതരിപ്പിച്ചിട്ടുണ്ട്. പല രാജ്യങ്ങളും സ്വകാര്യതയെ ഉറപ്പുവരുത്താൻ ഉപയോഗിക്കുന്ന ക്രിപ്റ്റോഗ്രഫി നിയമം മൂലം നിരോധിക്കപ്പെട്ടിട്ടുമുണ്ട്.

ഇന്ത്യയിൽ
വളർന്നു വരുന്ന വിപണി എന്ന നിലയിൽ ഇന്ത്യയിലെ നെറ്റ് സമത്വത്തെ പല കോർപ്പറേറ്റുകളും ഗൗരവകരമായാണു കാണുന്നത്. 2016ൽ അമേരിക്കയിലെ മൊബൈൽ ഫോൺ ഉപയോക്താക്കളുടെ എണ്ണത്തെ ഇന്ത്യ കവച്ചു വയ്ക്കും എന്നതുകൂടി ഇതിനോട് കൂട്ടിവായിക്കണം. അമേരിക്കയിൽ നെറ്റ് ന്യൂട്രാലിറ്റിയ്ക്ക് അനുകൂലമായി ആമസോൺ, ഈബേ, ഫേസ്‌ബുക്ക്, ഗൂഗിൾ, ട്വിറ്റർ എന്നിവർ ചേർന്ന് ഓപൺ ഇന്റർനെറ്റ് സന്ധി രൂപീകരിച്ചെങ്കിൽ, പലരും ഇന്ത്യയിൽ പ്രത്യക്ഷത്തിൽ ഒരു നിലപാടെടുക്കാൻ മടിച്ചു.

എയര്‍ടെല്‍ VOIP(വോയിസ് ഓവർ ഐപി) സേവനങ്ങള്‍ക്കു് അധിക പണം ഈടാക്കുമെന്ന പ്രഖ്യാപനത്തോടെയാണു് ഇന്ത്യയില്‍ നെറ്റ് ന്യൂട്രാലിറ്റി ചർച്ചകൾ ആരംഭിച്ചത്. പൊതുജനങ്ങൾക്കിടയിലുണ്ടായ വലിയ എതിര്‍പ്പിനെത്തുടര്‍ന്നു് അവർക്ക് ഈ നീക്കത്തില്‍ നിന്നും പിന്മാറേണ്ടി വന്നു. 2015 മാർച്ച് TRAI (Telecom Regulatory Authority of India) ‘ഓവർ ദ് ടോപ്’ സേവനങ്ങളെ സംബന്ധിച്ച 118 പേജുകളിലായി വരുന്ന ഒരു കരട് രേഖ പുറത്തുവിട്ടു. 20 ചോദ്യങ്ങളടങ്ങിയ രേഖയ്ക്ക് മറുപടി നൽകാൻ ഏപ്രിൽ 24 വരെ സമയവും നൽകി. ഇതിലെ പല ഗൗരവകരമായ നിർദ്ദേശങ്ങളേയും പറ്റി റെഡിറ്റ് ഇന്ത്യയിൽ നടന്ന ചർച്ചകളെത്തുടർന്ന് പ്രവർത്തകർ പൊതുപങ്കാളിത്തം ഉറപ്പിക്കാനുള്ള ശ്രമങ്ങളാരംഭിച്ചു. അമേരിക്കയുടെ മോഡലിൽ SaveTheInternet.in എന്ന വെബ്‌സൈറ്റ് വഴി നേരിട്ട് ട്രായിക്ക് അഭിപ്രായമറിയിക്കാനുള്ള അവസരമൊരുക്കുകയുമുണ്ടായി. സാമൂഹ്യക്കൂട്ടായ്മാ മാധ്യമങ്ങളിലൂടെ പ്രശസ്തിയാർജ്ജിച്ച മുന്നേറ്റത്തിനു രാഷ്ട്രീയപ്രവർത്തകരടക്കം പല പ്രമുഖരം പിന്തുണയുമായെത്തി. സമയമവസാനിച്ചപ്പോൾ ഈ വിഷയത്തിൽ ഏതാണ്ട് 10 ലക്ഷത്തിലധികം ഇമെയിലുകൾ ട്രായിക്ക് ലഭിച്ചു കഴിഞ്ഞിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ സമരമുഖമാണ് ഇവിടെ സമൂഹം സാക്ഷിയായത്. ഇതോടൊപ്പം ഫേസ്‌ബുക്ക് അവതരിപ്പിച്ച ഇന്റർനെറ്റ്.ഓഫ്റ്റ്, എയർടെൽ സീറോ പദ്ധതികൾക്ക് എതിരെയും ജനരോഷമുയർന്നിരുന്നു.


ചുരുക്കത്തിൽ
ഐക്യരാഷ്ട്രസഭയടക്കം ഇന്റർനെറ്റ് ഒരു മനുഷ്യാവകാശത്തിന്റെ പട്ടികയിൽപ്പെടുത്തുമ്പോൾ നെറ്റ് പക്ഷപാതം യഥാർത്ഥത്തിൽ അതിനു തടയിടുകയാണ്. 2011ൽ മനുഷ്യാവകാശ കൗൺസിൽ പുറത്തിറക്കിയ റിപ്പോർട്ടിൽ രാഷ്ട്രീയ-വാണിജ്യ ആവശ്യങ്ങൾക്കു വേണ്ടി ഇന്റർനെറ്റിനെ ഭാഗികമായോ പൂർണ്ണമായോ തടയുന്നതിനെ വിമർശിച്ചിരുന്നു.  ജൊനാഥൻ സിട്രന്റെ ‘ഇന്റർനെറ്റിന്റെ ഭാവി’ എന്ന പുസ്തകത്തിൽ പറഞ്ഞിരിക്കുന്നതുപോലെ ‘പരിമിതമായ ഒരു വെബിലേക്കു പ്രവേശനം നൽകുന്നതിലും ഭേദം അതൊട്ടു ലഭിക്കാതിരിക്കുന്നതു തന്നെയാണ്’.