ഒരു ശ്ലോകത്തിന്റെ ഒരു ഭാഗം തന്നിട്ട് ബാക്കി ഭാഗം മറ്റുള്ളവരാൽ പൂരിപ്പിക്കാൻ വിടുന്ന വിനോദമാണു സമസ്യാപൂരണം. കേവലം കവിതാപൂരണം എന്നതിൽ നിന്നും സഹൃദയന്റെ ഭാവനയെയേയും പരീക്ഷിക്കൽ കൂടി ഇതിലൂടെ ലക്ഷ്യമിടുന്നുണ്ടു്. ശൈലി, ശബ്ദ-അർത്ഥഅലങ്കാരങ്ങൾ എന്നിവകൂടി പരിഗണിച്ചുവേണം ഇവയുടെ പൂരണം നടത്താൻ.
ഒട്ടനവധി സമസ്യാപൂരണ കഥകൾ കാളിദാസനുമായി ബന്ധപ്പെട്ടു പറഞ്ഞു കേൾക്കാറുണ്ട്. (നന്ദനം സിനിമയിൽ ജഗതി പറയുന്ന മന്ത്രം “ജാംബൂഫലാനി പക്വാനി” വാസ്തവത്തിൽ കാളിദാസന്റെ ഒരു സമസ്യാശ്ലോകമാണു്.) അദ്ദേഹത്തിന്റെ രണ്ട് സമസ്യയ്ക്ക് പരിഭാഷ ചമയ്ക്കാണുള്ള ശ്രമമാണീ പോസ്റ്റിൽ.
കുസുമേ കുസുമോത്‌പത്തിഃ:
ഐതിഹ്യപ്രകാരം കാളിദാസന്റെ മരണത്തിനു കാരണമായി എന്നു കരുതപ്പെടുന്ന സമസ്യയാണിത്. സ്ത്രീസംസർഗത്തിനു കാളിദാസൻ കുപ്രസിദ്ധനായിരുന്നു. കാളിദാസകൃതികളിലെ സ്ത്രീവർണ്ണനകളിൽ കാണുന്ന അലൗകികമായ സൗന്ദര്യബോധവും പ്രേമാവബോധവും ഇതു സാക്ഷ്യപ്പെടുത്തുന്നു.
കാളിദാസൻ ഇടയ്ക്കിടയ്ക്ക് വേശ്യാസ്ത്രീകളെ സന്ദർശിക്കുമായിരുന്നു. (വേശ്യയുമായി സംഭോഗത്തിലിരിക്കെ ശിവഭക്തിയേറിയപ്പോൾ, അദ്ദേഹം സ്ത്രീയുടെ സ്തനങ്ങളെ ശിവലിംഗമായി കണ്ട് ശരീരത്തിൽ നിന്നും രോമങ്ങൾ പറിച്ച് അർച്ചിച്ചതായൊരു കഥയുണ്ടു്) ഇങ്ങനെ അജ്ഞാതനായി ശ്രീലങ്കയിൽ ഒരു സ്ത്രീയുടെ ഗൃഹത്തിൽ പാർത്തുവരികെ നവരത്നങ്ങളിലൊന്നായ കാളിദാസനെ കണ്ടെത്താനായി വിക്രമാദിത്യമഹാരാജാവ് ഒരു സമസ്യാപൂരണം പ്രസിദ്ധപ്പെടുത്തി. ശേഷം ഏറ്റവും മികച്ച പൂരണത്തിനു വലിയൊരു പ്രതിഫലവും പ്രഖ്യാപിച്ചു. (കാളിദാസന്റെ പൂരണം കണ്ടാൽ അദ്ദേഹത്തിനു തിരിച്ചറിയാൻ സാധിക്കുമത്രേ)
വരി ഇങ്ങനെയായിരുന്നു:
“കുസുമേ കുസുമോത്‌പത്തിഃ
ശ്രൂയതേ ന ച ദൃശ്യതേ”
(കുസുമേ – പൂവിനുള്ളില്‍
ഉത്‌പത്തിഃ കുസുമ – പൂവുണ്ടാകുന്നത്
ന ശ്രൂയതേ, ന ദൃശ്യതേ – ഒരിക്കലും കേട്ടിട്ടുമില്ല ഒരിക്കലും കണ്ടിട്ടുമില്ല)
ഈ സമസ്യാപൂരണത്തെപ്പറ്റി അറിഞ്ഞ് തന്റൊപ്പമുള്ള കവിയെ നിർബന്ധിച്ച് സ്ത്രീ പൂരണം പൂർത്തിയാക്കി. കാളിദാസൻ എഴുതിയത് ഇങ്ങനെ.
“ബാലേ, തവ മുഖാംഭോജേ
കഥമിന്ദീവരദ്വയം?”
(ബാലേ – പെണ്ണേ,
തവ – നിന്റെ
മുഖ അംഭോജേ – മുഖമാകുന്ന താമരയില്‍
കഥം – എങ്ങനെയാണു്
ദ്വയ – ഇന്ദീവരഃ – രണ്ടു കരിംകൂവളപ്പൂവുകള്‍ ഉണ്ടായത്.)
താമരയിതൾ പോലെ ചുവന്നു തുടുത്ത. മുഖതാരിൽ കരിങ്കൂവളപ്പൂക്കൾ പോലെ കറുത്തു നീണ്ട കണ്ണിണകൾ എങ്ങനെയുണ്ടായി എന്നു ചോദ്യം.
എന്നാൽ കവി കാളിദാസനാണെന്ന് അറിയാത്ത സ്ത്രീ ഇയാളൊരിക്കലും അവകാശവാദവുമായി രാജാവിന്നടുക്കലെത്തരുതെന്ന് കരുതി കാളിദാസനു വിഷം കൊടുത്തു കൊന്നു എന്നു കഥ. (ഭാര്യയും കാശിരാജാവായ ഭീമശുക്ലന്റെ പുത്രിയുമായ വിദ്യോത്മയുടെ ശാപമാണു കാളിദാസൻ ഒരു സ്ത്രീയുടെ കൈകളാൽ മരണത്തിനു കാരണമായതെന്ന് മറ്റൊരു ഐതിഹ്യമുണ്ടു്. )
ഇതിനെ പരിഭാഷപ്പെടുത്തിയാൽ:
“പൂവിന്നുള്ളിൽ പൂ വിടർവതു
കണ്ടിട്ടീല, ഞാൻ കേൾപ്പതും.”
“പെണ്ണേ, നിന്നേടലർമുഞ്ഞിയിൽ പിറ-
പ്പെതെങ്ങനീരണ്ടു കൂവളമൊട്ടുകൾ?”
പ്ലസിലിട്ടപ്പോൾ പ്രവീൺ പറഞ്ഞ എഴുതിയതാരെന്നറിയാത്തൊരു പരിഭാഷ:
“ബാലേ നിന്മുഖം സുന്ദരാരവിന്ദമല്ലോ
അതിൽ നിന്മിഴികൾ കൂവളപ്പൂക്കളല്ലോ
കണ്ടിട്ടും കേട്ടിട്ടുമില്ലാ കാര്യമല്ലോ
പൂവിന്നകത്തൊരു പൂ വിരിഞ്ഞുവല്ലോ”
ട്വിറ്ററിൽമുൻപു മാരകൻ പറഞ്ഞ മറ്റൊരു പരിഭാഷ:
“പൂവിന്മേൽ പൂത്തു പൂവെന്നോ
കേട്ടിട്ടില്ലെങ്ങു കണ്ടതും;
എന്നാലും നിൻ മുഖത്താരിൽ
നീലാമ്പൽപ്പൂക്കൾ രണ്ടിതേ?”
പിപീലികാ ചുംബതി ചന്ദ്രബിംബം
ഇതിൽ അവസാന നാലുവരികളിൽ അവസാന വരിയാണു സമസ്യയായി വരുന്നത്.
പിപീലികാ ചുംബതി ചന്ദ്രബിംബം – ‘ഉറുമ്പ് ചന്ദ്രനെ ചുംബിക്കുന്നു’ എന്നർത്ഥം. കേൾക്കുമ്പോൾ അസാധ്യമെന്നു തോന്നുന്ന സംഗതി.
കാളിദാസന്റെ പൂരണം ഇപ്രകാരം.
“അസജ്ജനം സജ്ജനസംഗിസംഗാത്
കരോതി ദുസ്സാദ്ധ്യമപീഹ സാദ്ധ്യം.
പുഷ്പാശ്രയാച്ഛംഭുശിരോധിരൂഢാ
പിപീലികാ ചുംബതി ചന്ദ്രബിംബം”
(അസജ്ജനം – ദുർജ്ജനം
സജ്ജനം സംഗി സംഗാത് – നല്ലവനൊപ്പം ചേരുന്നതു കൊണ്ട്/ സൗഹൃദത്തിലാകുന്നതു കൊണ്ട്
ദുസ്സാദ്ധ്യം – പ്രയാസമേറിയ കാര്യം (പോലും)
അപി സാദ്ധ്യം കരോതി – ഇപ്പോൾ ചെയ്യാന്‍ സാധിക്കുന്നു;
ശംഭു-ശിര അധിരൂഢാ – ശിവന്റെ തലയിൽ ഉള്ള
പുഷ്പ ആശ്രയാത് – പുഷ്പത്തിന്റെ സഹായത്തോടെ പിപീലികാ – ഉറുമ്പ്
ചന്ദ്രബിംബം – ചന്ദ്രക്കലയെ
ചുംബതി – ചുംബിക്കുന്നു.)
ശിവന്റെ മൗലിയിൽ ചന്ദ്രക്കലയും കൈതപ്പൂവും അടുത്തടുത്തുള്ളതിനാൽ കൈതപ്പൂവിൽ നിവസിക്കുന്ന ഒരു ഉറുമ്പിനു, അല്ലെങ്കിൽ അടുത്തുകിട്ടാൻ അസാധ്യമായ ചന്ദ്രക്കലയെ ചുംബിക്കാൻ പോലും കഴിയുന്നെന്ന് സാരം. (‘പാപിയ്ക്കൊപ്പം ചേർന്നാൽ ശിവനും പാപിയാകും’ എന്ന പഴഞ്ചൊല്ലിന്റെ ആശയത്തെ ശ്ലോകം പാടേ നിരസിക്കുന്നുണ്ട്)
ഇതിന്റെ പരിഭാഷ ഇപ്രകാരം. (വരികളിൽ 15 വീതം അക്ഷരങ്ങൾ)
“സാധുവിനോടൊത്തുചേരാൽ നീചനാം പൂരുഷനും,
സ്വാധീനമാം അനവധി ക്ലേശമാമുദ്യോഗവും.
ഉമേശനുടെ മൗലിയിലാളും പൂവിന്മേലേറി
ഉറുമ്പ് തിങ്കൾക്കലയെ മുകരുന്ന മാതിരി.”
പ്രവീൺ പറഞ്ഞൊരു അജ്ഞാതകർത്തൃത്വം.
“ചങ്ങാതി നന്നെങ്കിൽ വഷളന്നു പോലും
ചെയ്തീടാമസാദ്ധ്യകാര്യം നിസ്സാരമായി ഉമേശജടയിലെ പൂവേറിയിരിക്കും
ഉറുമ്പമ്പിളിയെ ചുംബിക്കുംപോലെ”