കബീറിന്റെ ഗീതകങ്ങൾ – പരിഭാഷ

കബീറിന്റെ സമാധിയുടെ അഞ്ഞൂറാം വാർഷികമാണ് ഇക്കൊല്ലം. ഇന്ത്യയിലുള്ള മതങ്ങളെയെല്ലാം ഇത്രത്തോളം സ്വാധീനിച്ച മറ്റൊരു വ്യക്തിയില്ലെന്നു പറയാം. ഹിന്ദു മുസ്ലീം മതമൈത്രിയ്ക്കായി പ്രവർത്തിച്ച കബീറിന്റെ ജനനവും ജീവിതവും ആശയങ്ങളും കൃതികളും മരണവുമെല്ലാം ഈ രണ്ടു വിശ്വാസധാരകളുടേയും സമ്മിശ്രമാണു്. ജീവിച്ചിരുന്നപ്പോൾ യാഥാസ്ഥിതികതയെ എതിർത്തതിനാൽ കബീറിനെ കല്ലെറിഞ്ഞ ഇരു കൂട്ടരും മരിച്ച ശേഷം അദ്ദേഹത്തിന്റെ ഭൗതികദേഹം ഹിന്ദുമതാചാരപ്രകാരം ദഹിപ്പിക്കണോ അതോ ഇസ്ലാമികപ്രകാരം അടക്കം ചെയ്താൽ മതിയോ എന്നതിനെപ്പറ്റി യുദ്ധസമാനമായ അന്തരീക്ഷമുണ്ടായെന്നാണു ഐതിഹ്യം (നേതൃത്വം കൊടുത്തത് രണ്ടു രാജാക്കന്മാരായിരുന്നു – മഗറിലെ നവാബ് ബിജ്ലി ഷായും വരണാസിയിലെ വീർ ഐംഗ് ഭാഗേലയും) തുടർന്നു കേട്ട അശരീരി പ്രകാരം പട്ടുപുതപ്പിച്ചിരുന്ന ശരീരത്തിന്റെ സ്ഥാനത്തു കണ്ട രണ്ടു റോസാപ്പൂക്കളിലോരോന്ന് എടുത്തുകൊണ്ടുപോയി അവരവരുടെ അവരവരുടെ ആചാരപ്രകാരം ആരാധിക്കുകയാണു ചെയ്തതത്രേ (മഗറിൽ കബീറിന്റെ സമാധിസ്ഥലമെന്നു വിശ്വസിക്കുന്നിടത്ത് അടുത്തടുത്തായി രണ്ടു കൂട്ടരുടേയും ആരാധനാലയമുണ്ടു്)

അതെന്തോ ആകട്ടെ, ഞാൻ കബീറിനെ അടുത്തറിയുന്നത് സംവിധായകനായ ഷബ്നം വീരമാണിയുടെ ‘കബീർ പ്രോജക്ട്‘ വഴിയാണു്. ബംഗാൾ മുതൽ പാകിസ്ഥാൻ വരെ നീണ്ടുകിടക്കുന്ന കബീറിന്റെ പ്രഭാവം സംഗീതത്തിലൂടെ തേടുകയാണിതിൽ. ഇന്ത്യ മുഴുവൻ പ്രശസ്തരായ ഗായകർ മുതൽ ചെരുപ്പുകുത്തിമാരിലും, ട്രെയിൻ ടി.ടി.ഇയിലും വീട്ടമ്മമാരിലും വരെ കബീർ ആവേശിച്ച അത്ഭുതം ഇതിൽ കാണാം. വിദ്യാ റാവു, പ്രഹ്ലാദ് തീപന്യ, മൂർലാല മാർവാഡാ, മുക്ത്യാർ അലി.. – കബീർ പ്രോജക്ടിന്റെ യൂട്യൂബ് ചാനലിലൂടെ ഞാൻ ആരാധനായി മാറിയ ഗായകർ പലർ.

ടാഗോർ കബീറിന്റെ 100 കവിതകൾ ‘Songs of Kabir’ എന്ന പേരിൽ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ടു്‌. അതിലെ ചിലത് മലയാളത്തിലേക്ക് ആക്കാനുള്ള ശ്രമമാണു്.

ഒന്നു്.
ഭൃത്യാ, നിന്നരികിൽ ഞാനുണ്ടെന്നാൽ
തിരയുന്നു വേറെവിടെ നീയെന്നെ.
കോവിലിലില്ല ഞാൻ, അൾത്താരയിലില്ല
കൈലാസത്തിങ്കലില്ലൊരു കാബായിലും.
ആചാരങ്ങൾ വേണ്ടെനിക്ക്, പൂജകളും,
യോഗാഭ്യാസമേശില്ലൊരു വ്രതങ്ങളും.
ഉണ്മയേറിയതാണു നിന്നുയിർ തേടലെന്നാൽ
കാണുമൊരുനാളെന്നെ.
ചേരും, അന്ന് ആ നാളിലൊന്നായ്.
കബീർ പാടുന്നു “ദൈവമവൻ, ശ്വാസത്തിന്റെ ശ്വാസമായുളൻ”

രണ്ടു്.
ഒരു സന്ന്യാസിയോട് അവന്റെ ജാതി തേടേണ്ടതില്ല.
പുരോഹിതനറിയാം –
ഒരു പോരാളിയും, പീടികക്കാരനും,
മറ്റു മുപ്പത്തിയാറു ജാതികളും ദൈവത്തെ തിരയുന്നത്
ഒന്നുപോലെന്ന്.

അത്രമേൽ മൂഢമാകും,
അതിനാലൊരു സാധുവിനോട് അവന്റെ കുലമാരാഞ്ഞാൽ.

ഈ ക്ഷുരകൻ തേടുന്നതീശ്വരനെ,
ഈ അലക്കുകാരനും, ഈ മരയാശാരിയും,

രവിദാസും പരതുന്നതേ ദേവനെത്തന്നെ.
സ്വപചമുനി ജന്മത്താലൊരു തോൽക്കൊല്ലനത്രേ!
വേർവിടലേതും കാട്ടാതൊടുവിൽ
ഹിന്ദു-മുസ്ലീങ്ങൾ കൈക്കൊള്ളുന്നതൊരേയീശ്വരനെ.