സ്വതന്ത്രസോഫ്റ്റ്‌വെയർ – ആശയവും പ്രായോഗികതയും

(ശാസ്ത്രഗതി മാസികയ്ക്കായി എഴുതിയ ലേഖനം)

മനുഷ്യന്റെ ഇന്നേവരെയുള്ള സാംസ്കാരിക സാമൂഹികമുന്നേറ്റങ്ങളെ മുൻവിധികളോടുകൂടിയല്ലാതെ അവലോകനം ചെയ്താല്‍ ഒരു വസ്തുത മനസ്സിലാകും. തനിക്കു മുന്‍പേയുള്ള കണ്ടെത്തലുകളെ പിന്‍പറ്റിയാണ് എക്കാലത്തും പുരോഗതി നടന്നിട്ടുള്ളത്. തീയുടേയും ചക്രത്തിന്റെയും ഇരുമ്പിന്റെയുമെല്ലാം കണ്ടുപിടിത്തത്തെ പകർപ്പവകാശപത്രത്തിലൊതുക്കിയിരുന്നെങ്കിൽ നാമിപ്പോഴും ശിലായുഗത്തിലോ മറ്റോ ആയിരുന്നേനെ. ഒരു സാമൂഹികജീവി എന്ന വിവക്ഷയെ ഏറ്റവും അന്വർത്ഥമാക്കും വിധം വൈവിധ്യപൂർണ്ണമായി സമൂഹത്തെ ആശ്രയിക്കുന്നതു ഒരുപക്ഷേ മനുഷ്യനാകും. ഏതേണ്ടെല്ലാത്തരം ആവശ്യപൂർത്തീകരണത്തിനുമായി നിരന്തരമെന്നോണം സമൂഹവുമായി അവനു ബന്ധപ്പെടേണ്ടതുണ്ട്. ഭക്ഷണരീതികളും, വസ്ത്രധാരണവും, പെരുമാറ്റവും, ഭാഷയും, വിനിമയരീതികളും ലൈംഗികബന്ധത്തെപ്പറ്റിയുമെല്ലാം ജീവിതയാത്രയിൽ ഇപ്രകാരം സ്വാംശീകരിക്കുകയാണ് ചെയ്യുന്നത്. സമൂഹവുമായി നിരന്തരം സമ്പർക്കത്തിലേർപ്പെടുന്നതു മൂലമുണ്ടാകുന്ന അനുഭവങ്ങളാവും ഇക്കാര്യത്തിൽ അവന്റെ ഏറ്റവും വലിയ അദ്ധ്യാപകൻ. ഇത് മരണം വരെ തുടരുകയും ചെയ്യും. ഇങ്ങനെ സമൂഹത്തിൽ നിന്നും ഒട്ടനവധി കാര്യങ്ങൾ പഠിച്ചെടുക്കുന്ന ഒരു വ്യക്തി ഇതിന്റെ നൂറിലൊരംശമെങ്കിലും തിരിച്ചു സമൂഹത്തിനു നൽകുന്നുണ്ടോ എന്നു ചോദിച്ചാൽ ഇല്ലെന്നു തന്നെ പറയേ‌ണ്ടി വരും.

evolution-man-computer

സാങ്കേതിക മേഖലകളിൽ താരതമ്യേന നവജാതനാണ് സോഫ്റ്റ്‌വെയർ വ്യവസായം. എന്നാൽ ഇക്കാലയളവിനുള്ളിൽ തന്നെ മറ്റെല്ലാ മേഖലകളിലും കടന്നാക്രമിച്ച് തന്റേതായ ഒരു സ്വാധീനം ചെലുത്താൻ സോഫ്റ്റ്‌വയറുകൾക്ക് കഴിഞ്ഞിട്ടുണ്ട്. സോഫ്റ്റ്‌വെയർ കടന്നു ചെല്ലാത്ത മേഖലകളൊന്നും ഇപ്പോളില്ലെന്നു തന്നെ പറയാം. ഹാർഡുവെയറുകളോടെ കൂടി തന്നെ പിറവിയെടുത്ത പ്രോഗ്രാമുകൾ ഇന്നു കാണുന്നതിന്റെ ആദ്യ ചുവടുവയ്പ്പുകൾ നടത്തിയത് അൻപതുകളോടെയാണ്. അന്നൊക്കെ ഭീമമായ തുക കൊടുത്തു വാങ്ങുന്ന ഹാർഡ്‌വെയർ ഉത്പന്നങ്ങളൊക്കൊപ്പം സൗജന്യമായാണ് സോഫ്റ്റ്‌വെയറുകൾ നൽകപ്പെട്ടിരുന്നത്. ഹാർഡ്‌വെയർ വാങ്ങുന്നവരുടെ ജോലിയെ എളുപ്പമാക്കുക എന്ന വിചാരത്തോടെ എഴുതിയുണ്ടാക്കിയ ഇവ, നിർമ്മാണരേഖയടക്കം (Source code) എല്ലാവിധ സ്വാതന്ത്ര്യത്തോടെയുമാണ് നൽകപ്പെട്ടിരുന്നത്. ഉപയോക്താക്കൾക്ക് ഏതൊരാവശ്യത്തിനു വേണ്ടിയും ഉപയോഗിക്കാനും, പഠിക്കാനും, പങ്കുവയ്ക്കാനും, മെച്ചപ്പെടുത്തലുകൾ വരുത്താനുമെല്ലാം ഇതനുവദിച്ചു. പലപ്പോഴും ഉപയോക്താക്കൾ വരുത്തിയ മെച്ചപ്പെടുത്തലുകളെ ഹാർഡ്‌വെയർ നിർമ്മാതാക്കൾ തിരികെ സ്വീകരിച്ച് തങ്ങളുടെ തുടർപതിപ്പുകളിൽ കൂട്ടിചേർക്കുന്ന കാഴ്ചയും കാണാമായിരുന്നു. എന്നാൽ അറുപതുകളുടെ അന്ത്യത്തോടെ ഈ അവസ്ഥയ്ക്ക് തിരശ്ശീല വീണു. സോഫ്റ്റ്‌വെയർ വ്യവസായത്തിന്റെ വാണിജ്യതലം മനസ്സിലാക്കിയ കോർപ്പറേറ്റുകൾ ഹാർഡുവെയറിൽ നിന്നും അതിനെ വേർപെടുത്തി പ്രത്യേക വാണിജ്യമേഖലയാക്കി. ഹാർഡ്‌വെയർ വാങ്ങുന്നവർ തങ്ങൾക്കാവശ്യമുള്ള സോഫ്റ്റ്‌വെയർ പ്രത്യേകം പണം കൊടുത്തു വാങ്ങണമെന്ന അവസ്ഥ വന്നെത്തി. മാത്രമല്ല ഉപയോക്താക്കൾ ഇവയുടെ പ്രവർത്തനം എങ്ങനെയെന്നു പഠിക്കാതിരിക്കാൻ പ്രോഗ്രാമുകൾ ബൈനറി എക്സിക്യൂട്ടബിളായി വിതരണം ചെയ്യുന്ന രീതിയും സ്വീകരിച്ചു. ലാഭം പെരുപ്പിക്കുന്നതിനായി അച്ചടി മേഖലയിൽ നിലനിന്നിരുന്ന പകർപ്പവകാശങ്ങൾ സോഫ്റ്റ്‌വെയർ മേഖലയിലേക്കും വ്യാപിപ്പിച്ചു. വിവരശേഖരങ്ങൾ പെട്ടെന്നു തന്നെ പകർത്താനും പങ്കവയ്ക്കാനും അപഗ്രഥിക്കാനുമുള്ള സൗകര്യത്തെ തടഞ്ഞുകൊണ്ട് ഇത് കമ്പ്യൂട്ടർ പ്രോഗ്രാമുകൾക്ക് ഉടമകളെ സൃഷ്ടിച്ചു. സത്യത്തിൽ ഇവർ പലപ്പോഴും പ്രോഗ്രാമുകളുടെ ശരിയായ മൂല്യങ്ങളും സാധ്യതകളും ജനങ്ങളിലെത്താതിരിക്കാനാണ് ശ്രദ്ധിച്ചത്.

പകർപ്പവകാശസങ്കൽപം അച്ചടിക്കനുസൃതമായാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അച്ചടിയന്ത്രം മുഖാന്തമുള്ള ഒരു പുസ്തകത്തിന്റെയോ ഉള്ളടക്കത്തിന്റെയോ വൻതോതിലുള്ള പുനരുത്പാദനമാണ് പകർപ്പവകാശം തടഞ്ഞത്. എന്നാൽ അതൊരിക്കലും പങ്കുവയ്ക്കലിന് തടസ്സം സൃഷ്ടിച്ചതുമില്ല. ഒരാളുടെ പുസ്തകം മറ്റൊരാൾക്കു കൂടി വായിക്കാൻ നൽകുന്നതിലോ പേനയും കടലാസുമുപയോഗിച്ച് പകർത്തിയെടുക്കുന്നതിലോ അച്ചടിയുടെ പകർപ്പവകാശം കുറ്റവാളികളെ കണ്ടെത്തിയിരുന്നില്ല. എന്നാൽ വ്യക്തികളുടെ ജോലിഭാരം ലഘൂകരിക്കാൻ കണ്ടെത്തിയ കമ്പ്യൂട്ടർ സാങ്കേതികവിദ്യയിൽ ഇവയുടെ പ്രയോഗം മറ്റൊരു തലത്തിലായി. ഡിജിറ്റൽ ഉള്ളടക്കത്തിന്റെ കുറഞ്ഞ സാമ്പത്തികച്ചിലവിൽതന്നെ വളരെപ്പെട്ടന്നു പകർപ്പെടുക്കുവാനും പങ്കുവയ്ക്കാനുമുള്ള സൗകര്യത്തിന് പകർപ്പവകാശം കൂച്ചുവിലങ്ങിട്ടു. സ്വന്തം കൂട്ടുകാരനേയോ സഹപ്രവർത്തകനേയോ സഹായിക്കുന്നതിനായി സോഫ്റ്റ്‌വെയർ പങ്കുവയ്ക്കുന്നയാൾ കടൽക്കൊള്ളകാരനായി (പൈറേറ്റ്) ചിത്രീകരിക്കപ്പെട്ടു. ഒരു സോഫ്റ്റ്‌വയർ നിർമ്മിച്ചു മുതൽമുടക്ക് ലഭിച്ചു കഴിഞ്ഞാൽ അതിന്റെ എത്ര പകർപ്പുകൾ വേണമെങ്കിലും എടുക്കാം. വോൾട്ടേജ് നില വച്ചിട്ടാണു സാധാരണയായി ഒരു വിവരകണികയെ (ബിറ്റ്) രേഖപ്പെടുത്തുന്നത്. ഇതെത്രതവണ വേണമെങ്കിലും ആവർത്തിക്കാം എന്നതുകൊണ്ട് സാങ്കേതികമായി ബിറ്റുകളുടെ കൈയിരുപ്പ് ഏതാണ്ട് അനന്തമാണ്. ഇതിനു വരുന്ന ആകെ ചിലവ് സി.ഡി. പോലുള്ള സംവഹനമാധ്യമത്തിന്റേതു മാത്രമാണ്. ഒരു ഭൗതിക വസ്തുവാണെങ്കിൽ മറ്റൊരാൾക്കു പങ്കുവയ്ക്കുന്നതിലൂടെ യഥാർത്ഥ ഉടമയ്ക്കു നഷ്ടമുണ്ടാന്നു. എന്നാൽ സോഫ്റ്റ്‌വെയർ പങ്കുവയ്ക്കുന്നതിലൂടെ അതു രണ്ടു പേരുടേയും പക്കലെത്തുന്നു. ഇത് സോഫ്റ്റ്‌വെയറിന്റെ പ്രായോഗികതലം വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.

ഉപയോക്താക്കൾ ഇപ്രകാരം പകർപ്പെടുക്കുന്നത് നിർമ്മാതാക്കളായ കോർപ്പറേറ്റുകൾക്കു നഷ്ടമാണുണ്ടാക്കുന്നെന്ന വാദം അബദ്ധമാണ്. ഇത് കോർപറേറ്റുകളുടെ ലാഭവിഹിതം കുറയ്ക്കുന്നു എന്നത് സത്യമാണ്. എന്നാൽ ഒരിക്കലും നഷ്ടമുണ്ടാക്കുന്നില്ല. ഒന്നു ചിന്തിച്ചാലറിയാം ഈ പകർപ്പെടുക്കുന്ന എല്ലാവരും അല്ലാത്തപക്ഷം സോഫ്റ്റ്‌വെയർ പണം കൊടുത്തു വാങ്ങുകയുണ്ടാവണമെന്നില്ല. എന്നാലും അവർ ഇതിനെ തങ്ങളുടെ നഷ്ടമാക്കി പെരുപ്പിച്ചുകാട്ടുന്നു. കേൾവിക്കാരന് ഭൗതികനാശനഷ്ടങ്ങളുമായി കൂടുതൽ സാമ്യം തോന്നാനായി പ്രോഗ്രാം, പകർത്തൽ എന്നീ പദങ്ങൾക്കു പകരം ബൗദ്ധികസ്വത്ത്, പൈറസി എന്നീ പദങ്ങൾ മനഃപൂർവ്വം പ്രചരിപ്പിക്കാനുള്ള ശ്രമവും ഉടമകളുടെ ഭാഗത്തുകാണാം. ഒരു സ്വകാര്യ സോഫ്റ്റ്‌വെയറിന്റെ കാഴ്ചപ്പാടിൽ സാമൂഹിക പുരോഗതിയേക്കാൾ ലാഭമാണ് വലുത്. തമാശയെന്തെന്നാൽ ഇതിനെ കവച്ചുവച്ച് തങ്ങളുടെ സഹയാത്രികനുമായി പ്രോഗ്രാം പങ്കുവയ്ക്കുന്നവരെ കോർപ്പറേറ്റുകൾ സാമൂഹികവിരുദ്ധമാക്കി ചിത്രീകരിച്ചു. ഞാൻ പണം കൊടുത്തുവാങ്ങിയ സോഫ്റ്റ്‌വെയർ എനിക്കിഷ്ടമുള്ള കമ്പ്യൂട്ടറിൽ എനിക്കിഷ്ടമുള്ള തരത്തിൽ ഉപയോഗിക്കാൻ കഴിയുന്നില്ലെങ്കിൽ അതിലെന്ത് നീതിയാണുള്ളത്. അതിന്റെ പ്രവർത്തനമോ മറ്റോ എനിക്കു സൗകര്യപ്രദമായ രീതിയിൽ പരിഷ്കരിക്കാനാകുന്നില്ലെങ്കിൽ എന്തു പ്രായോഗികതയാണുള്ളത്?

free as in freedom stallman

ഇത്തരത്തിലൊരു സാമൂഹിക അനീതിക്കെതിരെ ആദ്യ ശബുദമുയർത്തിയത് മസാച്ചുസെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ സാങ്കേതികവിദഗ്ദനായിരുന്ന റിച്ചാർഡ് മാത്യ സ്റ്റാൾമാനാണ്. സെറോക്സ് പ്രിന്ററുമായി ബന്ധപ്പെട്ടുണ്ടായ ഒരു സംഭവം, ഉപയോക്താക്കളുടെ മേൽ സോഫ്റ്റ്വെയറുകളിലൂടെ കോർപ്പറേറ്റുകൾ നിയന്ത്രണത്തിനെതിരെ പ്രതികരിക്കാൻ പ്രേരിപ്പിച്ചു. സ്വകാര്യസോഫ്റ്റ്വെയറുകൾക്കെതിരെ സ്വതന്ത്രവും പുനരുപയോഗിക്കാനും പങ്കുവയ്ക്കാനും കഴിയുന്ന സോഫ്റ്റ്വെയർ ബദലുകൾ ഉണ്ടാക്കുന്നതിനായി ശേഷജീവിതം മാറ്റിവച്ചു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഉപയോക്താവിനു സോഫ്റ്റ്വെയർ മറ്റുള്ളവരുമായി പങ്കിടാനും, പ്രവർത്തനത്തെക്കുറിച്ചു പഠിക്കാനും, അവമുള്ള രീതിയിൽ സോഫ്റ്റ്വെയറിൽ മാറ്റം വരുത്താനും, മാറ്റം വരുത്തിയ പതിപ്പുകൾ സുഹൃത്തുക്കൾക്കുമായി പങ്കിടാനും കഴിയണം. ഈ നാലു അവകാശങ്ങളിന്മേൽ വരുത്തുന്ന ഏതു നിയന്ത്രണവും സ്റ്റാൾമാന്റെ അഭിപ്രായത്തിൽ അസന്മാർഗ്ഗികവും സാമൂഹികവിരുദ്ധവുമാണു്.

സമൂഹത്തെ അടിമത്തത്തിൽ നിർത്താൻ ഏറ്റവും പറ്റിയ മാർഗ്ഗമാണ് അടിസ്ഥാനാവശ്യങ്ങളിൽ വിധേയത്വം നിർമ്മിക്കുക എന്നത്. സാങ്കേതികവിദ്യയടക്കമുള്ള അറിവുകളുടെ കുത്തകവത്കരണം ഇതിനേറ്റവും പറ്റിയ മാർഗ്ഗമാണ്. ഇപ്രകാരം അടിമത്തത്തിലായ സമൂഹത്തിനു ആ സ്ഥിതിയിൽ നിന്നും മാറ്റം വരുന്നതുവരെ പുരോഗതി കൈവരിക്കാനാകുകയില്ല. സ്വതന്ത്രസോഫ്റ്റ്വെയറിലൂടെ ഒരു ആശയത്തിനോ അതിന്റെ പ്രവർത്തതലങ്ങൾക്കോ വേണ്ടി മറ്റൊരാളുടെ മുൻപിൽ കൈനീട്ടുന്നതൊഴിവാക്കുന്നതിലൂടെ സാമൂഹികചൂഷണം എന്ന വ്യവസ്ഥയ്ക്ക്‌ അറുതി വരുത്തുന്നു. ഒരു വ്യക്തിയുടെ അധ്വാനം സമൂഹത്തിന്റെ ആകെ പുരോഗതിക്കായി പങ്കുവയ്ക്കപ്പെടുന്നു. മറ്റൊരാൾക്ക്‌ കൂടി തൽസ്ഥാനത്തെത്താൻ വീണ്ടും സമയവും ഊർജ്ജവും പാഴാക്കേണ്ടതില്ല. ‘ചക്രം വീണ്ടും വീണ്ടും കണ്ടുപിടിക്കുന്നതൊഴിവാക്കി’, അധ്വാനം നിലവിലെ സോഫ്റ്റ്‌വെയർ മെച്ചപ്പെടുത്തുന്നതിനായി ഉപകരിക്കാം. ഇപ്രകാരം സാമൂഹികപുരോഗതിക്ക്‌ ആക്കം കൂട്ടുന്നു. ഒപ്പം ഉപയോക്താവിനു മുൻപിൽ ഒരു ഐച്ഛികം കൂടി നൽകുന്നതിനൊപ്പം അതാതു രംഗത്ത് ഒരു മത്സരം സൃഷ്ടിച്ചുകൊണ്ട് ഉപയോക്താക്കളിലേക്ക് മെച്ചപ്പെട്ട ഉത്പന്നം കുറഞ്ഞ ചിലവിലെത്തിക്കാനും സ്വതന്ത്രസോഫ്റ്റ്വ്വെയർ സഹായിക്കുന്നു.

ഒരു സോഫ്റ്റ്‌വെയരും ഐഡിയൽ എന്നു പറയാൻ കഴിയില്ലെങ്കിലും ‘ഐഡിയലിസം’ എന്ന നിർവചനവുമായി അടുപ്പിക്കുകയാണു സ്വതന്ത്രസോഫ്റ്റ്‌വെയർ. ഒരു കൂട്ടത്തിനു പകരം സമൂഹത്തിൽ നിന്നും ആശയം ഉൾക്കൊണ്ടും, ഏതൊരാൾക്കും നിർമ്മാണത്തിൽ പങ്കാളിയാവാൻ അവസരം നൽകിക്കൊണ്ടും, ഉപയോക്താക്കളിൽ നിന്നും പിശകുകൾ മറയ്ക്കാതെ പൊതുവായി ട്രാക്ക്‌ ചേയ്തപ്പെട്ടും ആ നിർവചനത്തെ യാഥാർത്ഥ്യമാക്കാൻ ശ്രമിക്കുന്നു. സോഫ്റ്റ്‌വെയറിന്റെ മെച്ചപ്പെടുത്തലും അതുവഴി മാനവസമൂഹത്തിന്റെ പുരോഗതിക്കുമാണു് വഴിവയ്ക്കേണ്ടതു്. സോഫ്റ്റ്‌വെയർ നിർമ്മിക്കുന്നതും മാനദണ്ഡങ്ങൾ തീരുമാനിക്കുന്നതുമായ ഒരു ഉടമസ്ഥനോ ഫൗണ്ടേഷനോ ഉണ്ടെങ്കിൽ കൂടി അതിന്റെ ഉപയോഗ തലങ്ങൾ എപ്രകാരമാവുമെന്നത്‌ ഉപയോക്തൃസമൂഹമാവും നിർവ്വചിക്കുക. ഇത്തരം സോഫ്റ്റ്വെയറുകളുടെ പരിപാലനത്തിനു അതാതിടത്തെ മനുഷ്യവിഭവം ഉപയോഗപ്പെടുത്താമെന്നതിനാൽ പ്രാദേശികമായ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നു.

സോഫ്റ്റ്വെയർ രംഗത്തെ കുത്തകവത്കരണത്തിനു ഏതാണ്ടു സമാനമാണു് ഇന്റർനെറ്റിന്റെ ഇന്നത്തെ അവസ്ഥയും. അഭിപ്രായസ്വാതന്ത്രത്തിന്റെയും വിവരവിതരണത്തിന്റെയും അവസാന തുരുത്തായിരുന്ന ഇന്റർനെറ്റ് ഇന്ന് കടുത്ത നിയമങ്ങൾക്കു വിധേയമായി വളച്ചൊടിക്കപ്പെട്ടിരിക്കുന്നു. ഇന്നു നിത്യജീവിതത്തിൽ എല്ലാ തുറകളിലും – വ്യാപാരവിനിമയങ്ങൾ മുതൽ ഭരണം വരെ, കൃത്യമായ സ്വാധീനം ചെലുത്തുന്ന, ഇന്നത്തെ സംവാദക്ഷമമായപൊതുമണ്ഡലങ്ങളായ ഇന്റർ‌നെറ്റിനെ നിയന്ത്രിക്കുന്നതോടെ ജനങ്ങളെ നിയന്ത്രിക്കാമെന്ന അവസ്ഥവരുന്നു. പുതിയൊരു അറബുവസന്തവും വാൾസ്ട്രീറ്റ് പിടിച്ചടക്കലുമെല്ലാം ഇന്ത്യയിലെ റദ്ദാക്കപ്പെട്ട 66A പോലുള്ള കരിനിയമങ്ങൾ മുതൽ ചൈനയുടെ ഗ്രേറ്റ് ഫയർവാളും അമേരിക്കയുടെ SOPA-PIPA നിയമങ്ങളുമെല്ലാം ഒരേതൂവൽ പക്ഷികളാണ്.

ഇതിനെതിരെയുള്ള പ്രതിഷേധത്തിന്റെ അനുരണനങ്ങൾ പലവിധത്തിൽ ലോകത്തിന്റെ പലഭാഗത്തു നിന്നായി ഉയർന്നു വന്നുകൊണ്ടിരിക്കുന്നു. കോർപ്പറേറ്റുകൾ പൈറേറ്റുകൾ എന്നു വിളിക്കുന്ന ജനവിഭാഗം സംഘടിച്ച് ഒരു രാഷ്ട്രീയ പാർട്ടിയായ് മാറിയ അവസ്ഥയാണ് ഇതിൽ പ്രധാനം. ഏതാണ്ടെല്ലാ പ്രമുഖ കുത്തകസോഫ്റ്റ്വെയറുകൾക്കും ബദൽ സോഫ്റ്റുവെയറുകൾ ഇന്നു ലഭ്യമാണു്. ബിറ്റ്കോയിൻ, ഡയാസ്പുറ, മാസ്റ്റഡോൺ, ടോർ മുതലായ സർവൈലൻസ് വിരുദ്ധമുന്നേറ്റങ്ങളും കൂട്ടിവായ്ക്കാവുന്നതാണു്. എന്തായാലും സ്വതന്ത്രസോഫ്റ്റ്വെയർ പ്രസ്ഥാനങ്ങൾ, സാങ്കേതികവിദ്യയുടെ വളർച്ചയുടെ വ്യാപനത്തിനു ഹേതുവാകുന്നതോടൊപ്പം, കൂട്ടുത്തരവാദിത്വത്തോടെയുള്ള സാമൂഹികപുരോഗതിക്കു കാരണമാകുമെന്നതിൽ തർക്കമൊന്നുമില്ല.

ഒരു അഭിപ്രായം ഇടൂ

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )