ഖസാക്കിന്റെ ഇതിഹാസം – ലൈംഗികത, സർപ്പം, പ്രണയം

(പ്രഫ. മുണ്ടശ്ശേരി ഫൌണ്ടേഷൻ പുറത്തിറക്കുന്ന മാസികയ്ക്കു വേണ്ടിയെഴുതിയ ലേഖനം. പുതുക്കപ്പെടാൻ സാധ്യതയുണ്ടു്)

ബെൻസീന്റെ ഘടന കണ്ടെത്തിയ ഫ്രെഡറിക് കെക്കുല അതിനു കാരണമായത് തന്റെയൊരു ദിവാസ്വപ്നമാണെന്നു പറഞ്ഞിട്ടുണ്ടു്. ഒരു സർപ്പം അതിന്റെ തന്നെ വാൽ കടിച്ചു തിന്നുന്നു. കഴിക്കുന്നതിനനുസരിച്ച് വാൽ വളരുന്നതിനാൽ ഈ ‘കഴിപ്പ്’ അനന്തമായി തുടരുന്നു. യൂറോബോറസ് (Ouroboros) എന്ന ഈ വാലു ഭക്ഷിക്കുന്ന പാമ്പിന്റെ/വ്യാളിയുടേ സങ്കല്പം പ്രാചീന ഈജിപ്ത്യൻ സംസ്കാരത്തിലും, അതിനെ പിൻപറ്റി ഗ്രീസിലുമൊക്കെ പ്രചാരത്തിലിരുന്നു. ശാകല ശാഖയിൽപ്പെട്ട ഐതരേയബ്രാഹ്മണത്തിലും ഏതാണ്ട് സമാനമായ ഒരു പ്രസ്താവം കണ്ടെത്താം. ഇന്ത്യൻ ചുറ്റുപാടുകളിൽ എങ്ങനെയാണോ ‘ശ്രീവത്സം’ അല്ലെങ്കിൽ ‘കാലചക്രം’ മരണവും ജനനവും അടങ്ങുക സമയചാക്രികത്തെ കുറിക്കുന്നു, അതേപോലെ തന്നെ യൂറോബോറസും ആത്മാവിന്റെ പരകായപ്രവേശത്തെ (Metempsychosis) സൂചിപ്പിക്കുന്നു. ബെൻസീനിലേയും കാർബൺ അണുക്കൾക്കിടയിലെ സഹസംയോജകബന്ധനം (Covalent bond) അസ്ഥിരമാണു്. അതിന്റെ ഘടന അനുനിമിഷം മാറുന്നതിനാൽ റിസണൻസ്(Resonance) മൂലം ഒന്നിലധികം ലൂയിസ് ഘടനയിലൂടെയാണു (Lewis structure) അവയുടെ രൂപം സൂചിപ്പിക്കുക. ഇത്തരത്തിൽ ഒരു അസ്ഥിരമായ മനസ്സിന്റെയും ആത്മാവിന്റെയും പുനർജന്മകേന്ദ്രിതമായ പരകായചാക്രികം തുടക്കം മുതൽ ഒടുക്കം വരെ പുലർത്തുന്ന നോവലാണു ‘ഖസാക്കിന്റെ ഇതിഹാസം’.

യൂറോബോറസ് (Ouroboros) | മധ്യകാല ബൈസന്റൈൻ കൈയെഴുത്തുപ്രതിയിൽ | ചിത്രം: വിക്കിമീഡിയ കോമൺസ്

ലോകസാഹിത്യചരിത്രത്തിൽ, വിശേഷിച്ചും മലയാളത്തിലെ കഥകളെടുത്താൽ അവയിൽ വലിയൊരളവിന്റെയും കാമ്പായി വർത്തിച്ചിരിക്കുന്നതു് വിശപ്പു്, ലൈംഗികത – ഇവ രണ്ടുമാണു്. മനഃശാസ്ത്രത്തിൽ മനുഷ്യന്റെ പ്രതിഫലവ്യവസ്ഥാസിദ്ധാന്തത്തിൽ (Reward system) പ്രചോദകമയ (Incentive salience) പ്രതിഫലത്തിൽപെട്ടതാണു (Primary Rewards) ഇവ രണ്ടെണ്ണവും. മനുഷ്യന്റെ അനുനിമിഷമുള്ള എല്ലാ ചെയ്തികളും ഈ ചോദനകളെ തൃപ്തിപ്പെടുത്തി, തലച്ചോറിലെ ലിംബിക് സിസ്റ്റത്തിലേക്ക് ഡോപ്പമിനെ പായിച്ച് സന്തോഷത്തിന്റെ വിവിധങ്ങളായ അവസ്ഥകൾ (joy, euphoria, ecstasy മുതലായവ) സൃഷ്ടിക്കാനുള്ള ശ്രമമാണെന്നുള്ള പറച്ചിൽ തെറ്റാവാനിടയില്ല. വിശപ്പിനെ തത്കാലം അതിന്റെ വഴിക്ക് വിട്ട് നമുക്ക് ലൈംഗികതയെ പിടിക്കാം.

ഡെസ്മണ്ട് മോറിസ് തന്റെ നഗ്നവാനരൻ (Naked Ape) എന്ന പുസ്തകത്തിൽ ലൈംഗികത ‘ഉദാത്തീകരിച്ച തഴുകൽ’ (Cuddling) ആണെന്ന് പറഞ്ഞുവച്ചിട്ടുണ്ടു്. അമ്മയുടെ വാത്സല്യത്തോടെയുള്ള തഴുകൽ കുട്ടിക്കാലത്തു തന്നെ നഷ്ടപ്പെട്ട രവി ആ തഴുകലിനെ അതിന്റെ മൂർത്തമായ തലത്തിൽ സ്വാംശീകരിക്കാൻ നടത്തുന്ന ശ്രമമായി ഖസാക്കിനെ വായിച്ചു വയ്ക്കാം. സച്ചിദാനന്ദൻ തന്റെ ‘ആറാം നാൾ’ എന്ന കവിതയിൽ പറഞ്ഞ ‘മനുഷ്യന്‍ എന്നാല്‍ വിനയമില്ലാതെ പ്രാര്‍ഥിക്കുകയും പ്രണയമില്ലാതെ പ്രാപിക്കുകയും തിന്നാനല്ലാതെ കൊല്ലുകയും ചെയ്യുന്ന ഏക ജീവി’ എന്ന വരികൾ അന്വർത്ഥമാക്കുന്ന, മനുഷ്യന്റെ പ്രതിരൂപമാണു രവി. സ്വാഭാവിക സാമൂഹിക വ്യവസ്ഥയിൽ കടുംപിടുത്തമുണ്ടാകേണ്ട മൂന്നിലും – മതം, മദ്യം, ലൈംഗികത – ആവോളം അയവുള്ളവരാണു ഖസാക്കുകാർ. ഈ അയവിനെ വായനക്കാരൻ തള്ളിപ്പറയുമ്പോൾ പോലും ഒരുപക്ഷേ അവരിൽ അസൂയ ജനിപ്പിക്കുംവണ്ണം ആസ്വദിക്കുകയാണു രവി.

ബഹുവർണ്ണാത്മകമായ ലൈംഗികത അല്ലെങ്കിൽ ലൈംഗികവാഞ്ഛ ഖസാക്കിലുണ്ടു്. ഗമിക്കാവുന്നതോ അഗമ്യമോ ആയ വേർതിരിവുകളേതുമില്ലാതെ തന്നെ ബഹുശാഖിയായി അവ കാണപ്പെടുന്നു. ശിവരാമൻ നായർക്ക് അമ്മയിൽ നിന്നുമുണ്ടാകുന്നതു് മാതൃ-പുത്രബന്ധം, രവിക്കു ചിറ്റമ്മയുമായുണ്ടായ മാതൃസ്ഥാനീയമായ പദത്തോടുള്ള (ഈഡിപ്പസ് കോം‌പ്ലെക്സ്), മൊല്ലാക്കയും നൈജാമലിയും തമ്മിലുള്ള സ്വവർഗ്ഗരതിവാഞ്‌ഛ, രവിയും ചാന്തുമ്മയും തമ്മിലുള്ളതോ അല്ലെങ്കിൽ കല്ല്യാണിക്കുട്ടിയും കേളുവുമായുള്ളതോ ആയ സമൂഹത്തിലെ രണ്ടു തട്ടുകൾ തമ്മിലുള്ള വർഗ്ഗബന്ധത്തെ നിരാകരിക്കുന്നതായ രതി, ഒരുപക്ഷേ കുഞ്ഞാമിനയുമായി നടന്നേക്കാവുന്ന പെഡോഫൈൽ സ്വഭാവമുള്ള വാഞ്ഛ, നിവേദിത എന്ന ചിത്തനിരോധം വരുത്തേണ്ടുന്ന പദത്തിലുള്ള സ്ത്രീയുമായുള്ള വേഴ്ച, വസൂരിയിലൂടെ ദൈവസ്ഥാനവുമായുള്ള ക്രീഡ.

ദൈവത്തെ ഏറ്റവും നന്നായി മനസ്സിലാക്കാൻ കഴിയുക സ്ഖലനസമയത്താണെന്നൊരു പറച്ചിലുണ്ടു്. നിർവൃതിസ്ഥാനത്തെത്തി മനസ്സ് ഏകാഗ്രമാകുമ്പോൾ ദൈവത്തെ അറിയാമെന്നൊരു വ്യാഖ്യാനം. ഇതുമായി ബന്ധപ്പെട്ട് ലോകത്തിന്റെ പലയിടത്തും ആചാരങ്ങളുണ്ടായിട്ടുണ്ടു്. ദ്രാവിഡമായ കാവുതീണ്ടൽ ചടങ്ങിലും രതിയുണ്ടു്. (കേരളത്തിന്റെ മിത്തിക്കൽ പരിസരത്തിൽ യക്ഷിയെ സ്വന്തം കരുത്തുകൊണ്ടു തളയ്ക്കാനിറങ്ങിയ നമ്പൂതിരി മന്ത്രവാദികളെ കാണാം. യക്ഷിയെ മറ്റാരുമറിയാതെ വീട്ടിൽ ഭാര്യയായി താമസിപ്പിച്ച നമ്പൂതിരി, യക്ഷി പ്രതികാരം വീട്ടി മൂത്രം മുട്ടി (Dysuria) മരിച്ച സൂര്യകാലടി നമ്പൂതിരിയും ഒക്കെ ഐതിഹ്യമാലയിലുണ്ടു് .യക്ഷിയെ കരുത്തുകൊണ്ട് തളയ്ക്കുക. യക്ഷി കൊണ്ടുപോയി ചോരയൂറ്റിക്കുടിക്കുക – ഒന്നാന്തരം ലൈംഗികതയാണു്, സാഹിത്യം പോലെ വ്യംഗ്യമായി പറയുന്നത്.) വേദാന്തത്തിലും ഉപനിഷത്തിലും താത്പര്യമുള്ള, അതിൽ ഗവേഷണം ചെയ്ത രവി, വായനയിലുള്ള ജ്ഞാനസ്ഥാനത്തിൽ മടുത്തിട്ട്, രതിയിലൂടെ ദൈവത്തേയും അമൂർത്തമായ അനുഭവതലത്തേയും പ്രാപിക്കുവായിരുന്നുവെന്നു കരുതിയാൽ ഒരു പക്ഷേ കടന്ന വായനയാകുമോ? ഈയൊരു ബിംബാത്മകകല്പനയെ തുറന്നിടൂന്നതാണു് ഖസാക്കിൽ ഒടുവിലായി രവിയെ ദംശിക്കുന്ന സർപ്പം. കഥാന്ത്യത്തിൽ രവി ഖസാക്ക് ഉപേക്ഷിച്ച് എങ്ങോട്ടെന്നില്ലാതെ പോകുന്നതായിരുന്നു വിജയൻ ഉദ്ദ്യേശിച്ചിരുന്ന ഒടുക്കമെങ്കിലും, രവി പാമ്പുകടിച്ച് മരിക്കുന്നു എന്ന ആശയം പറഞ്ഞുകൊടുത്തത് താനാണു എന്ന് കാക്കനാടൻ പിന്നീട് ഒരു അഭിമുഖത്തിൽ അഭിപ്രായപ്പെട്ടിരുന്നു. ഇതു ശരിയോ തെറ്റോ ആകട്ടെ, ഖസാക്കിലുടനീളമായി തുടർന്നുവരുന്ന ഭാവങ്ങളുടെ ആകെയായ പ്രതീകവത്കരണമാണു ഒടുവിലത്തെയായ ആ പാമ്പിന്റെ ചുംബനം കാട്ടിത്തരുന്നതു്.

ഭയമുപേക്ഷിച്ച് നോക്കിയാൽ വളരെയധികം സൗന്ദര്യാത്മകമായ ഒരു ജീവിവർഗ്ഗമാണു സർപ്പം. ലോകത്തിലെ ഒട്ടെല്ലാ സംസ്കാരത്തിലും പാമ്പ് ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ പ്രതീകവത്കരിക്കപ്പെട്ടിട്ടുണ്ടു്. അതിൽ ഏറ്റവും പ്രകടമായ ഒന്നാണു സർപ്പത്തിനെ ലൈംഗികതയുടെ ചിഹ്നമായി അവതരിപ്പിക്കുന്നതു്. ഉദ്ധരിക്കപ്പെട്ട ലിംഗത്തിനു സമാനമാണു് ഉയർത്തിയ ആക്രമിക്കാൻ തയ്യാറെടുത്തു നിൽക്കുന്ന മൂർഖന്റെ പത്തി. ഏദൻ തോട്ടത്തിലെ സർപ്പം പാപച്ചുവയുള്ള ലൈംഗികതയുടെ രൂപകമാണു്. ( പാമ്പിന്റെ വാക്കിനെ പ്രതി പ്രവർത്തിച്ച് നന്മതിന്മകൾ വേർതിരിച്ചറിയാൻ തുടങ്ങിയ ആദമും ഹവ്വയും ആദ്യം മനസ്സിലാക്കിയതു തങ്ങൾ നഗ്നരാണെന്നാണു്. ഒപ്പം തങ്ങളുടെ ലൈംഗികാവയവങ്ങളെ മറയ്ക്കാനും). അങ്ങനെ നോക്കിയാൽ സർപ്പം, ജീവന്റെ തുടർച്ചയുടെ, സക്രിയമായ ജീവിതവാഞ്ഛയുടെ കൂടി ചിഹ്നമാകുന്നു. പടം പൊഴിക്കുന്ന ബിംബത്തിലൂടെ പുനർജന്മത്തെ, പരിണാമത്തെ, അമരത്വത്തെ, സുഖപ്പെടുത്തലിനെ പ്രതീകവത്കരിക്കുന്നു. ഹിന്ദു മതപാരമ്പര്യങ്ങളിലും സർപ്പങ്ങൾ പൊതുവേ ലൈംഗികതയുടെ പ്രതീകമായി സൂചിപ്പിക്കുപ്പെടുന്നുണ്ട്. ഫ്രോയിഡിയൻ മനഃശാസ്ത്രത്തിലും സർപ്പത്തെപ്പറ്റിയുള്ള സ്വപ്നവിചാരം നടത്തുന്നുണ്ടു്. നാഗങ്ങള്‍ ഇണ ചേരുന്നതും ഒരുമിക്കുന്നതും സ്വപ്‌നം കണ്ടാല്‍ ലൈംഗിതയ്‌ക്കായി ശരീരവും മനസും തുടിക്കുന്നു എന്നുകൂടി അര്‍ഥമാക്കുന്നുണ്ടു്.

നൈജാമലിയെ ആദ്യം കാട്ടുന്നതു പാമ്പു പിടുത്തക്കാരനായാണു്. ചേരയെ പിടിച്ചു നടന്ന അയാളെ ഖസാക്കിലെ അതിലും സർപ്പസുന്ദരിയായ മൈമുനയ്ക്കാളായാണു മൊല്ലാക്ക ക്ഷണിക്കുന്നതു്. വശ്യത മുറ്റിയ നീല ഞരമ്പോടിയ ശരീരത്തോടു കൂടിയവളാണു മൈമുന. പാമ്പു കടിച്ചാലും ശരീരം നീലിക്കും. ഈജിപ്ഷ്യൻ സംസ്കാരത്തിൽ കടൽപ്പാമ്പിന്റെ കടിയേറ്റു ആത്മഹത്യ ചെയ്ത ക്ലിയോപാട്രയുടെ കരിനീലിച്ച ജഡത്തെ ഊഴം വച്ചു പലരും ഭോഗിച്ചെന്നൊരു കഥയുണ്ടു്. ഇതൊരു പാപമാണു്. പാപത്തിന്റെ ആവർത്തനപാഠമാണു് ഖസാക്കിലുള്ളതു്. സംഭോഗത്തിന്റെ കേന്ദ്രപ്രവർത്തിയും ആവർത്തനമാണു്.

പത്മയുമായി രവിക്ക് ഒരിക്കലുണ്ടായിരുന്ന പ്രണയം രവിക്ക് ഇപ്പോഴുമുണ്ടോ എന്നു സംശയമാണു്. നടന്നതു രതിയാണു്. ജൈവവാസനായ രതിയിൽ ചരിത്രം പ്രയോഗിച്ചുണ്ടായതാണു പ്രണയം. പ്രണയമില്ലാതാകുന്നതോടെ ചരിത്രബോധം തന്നെ റദ്ദായേക്കാവുന്നതാണു്. ഇങ്ങനെ ചരിത്രബോധമില്ലാതാകുന്നതോടെ രണ്ടു കാര്യം നടക്കാം. ജോർജ്ജ് ഓർവെൽ പറഞ്ഞ പോലെ ചരിത്രബോധമില്ലാത്ത സമൂഹം മറ്റൊന്നിന്റെ ഉള്ള അടിമയായിത്തീരാം.(ഇവിടെ അതുണ്ടായില്ല, കാരണം രവി ഇതിനകം ഒരേ സമയം രതിതൃഷ്ണയുടേയും അതിൽ നിന്നും ഉത്ഭവിക്കുന്നതുമായ പാപബോധത്തിന്റെയും അടിമയായിരിക്കുകയാണു്.) രണ്ടാമത്തേതു്, പരിണാമത്തിലൂടെ സമൂഹം അന്നേവരെ അടക്കിവച്ച പ്രാക്തനമായ വികാരങ്ങളുടെ തിരിച്ചുവരവു്. ഇതൊരുപക്ഷേ വ്യക്തിയുടേയോ അല്ലെങ്കിൽ അയാൾ ഇടപെടുന്നതായ സമൂഹത്തിന്റെയോ അരാജകത്വത്തിൽ കലാശിക്കാം. രവിയിലും ഇതുതന്നെയാണുണ്ടായതു്.