C/2020 F3 (NEOWISE) വാൽനക്ഷത്രത്തെ കമ്പ്യൂട്ടറിൽ കാണാൻ

ആനസൈറ്റിൽ dhanya ചേച്ചിയെ സഹായിക്കാൻ വേണ്ടി തിരക്കിട്ട് എഴുതിയതാണു്. മറ്റാർക്കെങ്കിലും ഉപകാരപ്പെടുമെന്നു കരുതി ഇങ്ങോട്ടു മാറ്റുന്നു.

ആദ്യം വാൽനക്ഷത്രം എന്താണെന്ന്..


സൗരയൂഥത്തിന്റെ ഭാഗമായിരുന്നുകൊണ്ട് സൂര്യനെ ചുറ്റുകയും സൂര്യസമീപത്ത് എത്തുമ്പോൾ വാൽ രൂപപ്പെടുകയും ചെയ്യുന്ന ജ്യോതിർ വസ്തുക്കളാണ് ധൂമകേതുക്കൾ അഥവാ വാൽനക്ഷത്രങ്ങൾ. അന്തരീക്ഷവും (കോമ), വാലും ധൂമകേതുവിൽ സൂര്യപ്രകാശം പതിച്ച്, അവയിലെ ഖരരൂപത്തിലുള്ള ജലം, കാർബൺഡൈഓക്സൈഡ്, മീഥേൻ മുതലായവ ബാഷ്പീകരിക്കപ്പെടുന്നതുമൂലം രൂപപ്പെടുന്നവയാണ്. സൗരയൂഥത്തിലെ ഏറ്റവും അകലെയുള്ള ഗ്രഹമായ നെപ്ട്യൂണിനും പുറത്ത് കൈപ്പർ വലയത്തിൽനിന്നം ഊർട്ട് മേഘത്തിൽ (Oort cloud) നിന്നുമാണ് ഇവ വരുന്നതെന്നാണ് ആധുനിക പഠനങ്ങൾ കാണിക്കുന്നത്. വ്യാഴം ശനി പോലെയുള്ള പ്രധാന ഗ്രഹങ്ങളുടെ അടുത്തെത്തുമ്പോൾ അവയുടെ ഗുരുത്വം (Gravity) മൂലം ധൂമകേതുക്കളുടെ സഞ്ചാരപഥത്തിൽ സാരമായ മാറ്റം വരുന്നു. ചില ധൂമകേതുക്കൾ സൂര്യനോട് വളരെ അടുത്ത ഭ്രമണപഥത്തിൽ എത്തുകയും കത്തിനശിച്ചുപോവുകയും ചെയ്യുന്നു. മറ്റുചിലതാകട്ടെ സൗരയൂഥത്തിൽ നിന്ന് എന്നന്നേയ്ക്കുമായി എറിഞ്ഞുകളയപ്പെടുകയും ചെയ്യുന്നു

ഹൈസോൺ ധൂമകേതു, ഹബ്ബിൾ എടുത്ത ചിത്രം. കടപ്പാട്: ESA/Hubble (CC BY 4.0)

ഗ്രഹങ്ങൾ,  ക്ഷുദ്രഗ്രഹങ്ങൾ (asteroids)  എന്നിവയെ അപേക്ഷിച്ച് ധൂമകേതുക്കൾക്ക് പിണ്ഡം (mass) താരതമ്യേന തീരെ കുറവാണ്. ഇതിൽത്തന്നെ ഭൂരിഭാഗവും തണുത്ത് ഘനീഭവിച്ച പദാർഥങ്ങളാണ്. ഇരുമ്പ്, നിക്കൽ എന്നിവയുടെ ധൂളികൾ, ഖരാവസ്ഥയിലുള്ള അമോണിയ, മീഥേൻ, പലതരം‌ സിലിക്കേറ്റുകൾ, കാർബൺ എന്നിവയും ഹൈഡ്രജൻ, കാർബൺ, നൈട്രജൻ, ഓക്സിജൻ തുടങ്ങിയ വാതകങ്ങളുമാണ് വാൽനക്ഷത്രത്തിന്റെ പ്രധാന ഘടകപദാർഥങ്ങൾ. സഞ്ചാരവേളയിൽ, സൂര്യന്റെ അടുത്തെത്തുമ്പോൾ പദാർഥങ്ങൾ സൗരവാതവും (solar wind) സൂര്യപ്രകാശവുമേറ്റ് ബാഷ്പമാവുകയും ഒരു വാതകാവരണം (കോമ) രൂപീകൃതമാവുകയും ചെയ്യുന്നു. മേഘസദൃശമായ ഈ ആവരണത്തിന് അനേകം ദശലക്ഷം കി.മീ. വ്യാസമുണ്ടാകും. കോമയ്ക്കു ചുറ്റുമായി അനേകലക്ഷം കി.മീ. വ്യാസത്തിൽ ന്യൂക്ലിയസ്സിൽ നിന്നു ബഹിർഗമിക്കുന്ന ഹൈഡ്രജൻ ആറ്റങ്ങളുടെ ഒരു ആവരണം കൂടി ഉണ്ടാകുന്നു (ഹ്രൈഡജൻ മേഘം). തുടർന്ന് ഇതിൽ ഒരുഭാഗം സൗരവാതത്തിന്റെ തള്ളൽമൂലം പിന്നിലേക്കു നീണ്ട് സൂര്യന്റെ എതിർദിശയിലായി അനേക ദശലക്ഷം കി.മീ. നീളമുള്ള വാലുകൾ (രണ്ടോ അതിൽ കൂടുതലോ) സംജാതമാകുന്നു.

വർഷംതോറും അൻപതിലേറെ ധൂമകേതുക്കളെ ജ്യോതിശ്ശാസ്ത്രജ്ഞർ കണ്ടെത്തുന്നുണ്ട്. സാധാരണയായി രാവിലെയും വൈകുന്നേരവുമാണ് ധൂമകേതുക്കളെ കാണാൻ സാധിക്കുന്നത്. എങ്കിലും അപൂർവമായി പകൽസമയത്തും കാണാൻ കഴിയുന്ന ധൂമകേതുക്കൾ പ്രത്യക്ഷപ്പെടാറുണ്ട്. ഒരു വർഷത്തിൻ ശരാശരി നഗ്നനേത്രങ്ങൾകൊണ്ട് കാണാൻ പറ്റാവുന്ന ഒരു ധൂമകേതു പ്രത്യക്ഷമായേക്കാം.

ഓരോ ധൂമകേതുവിന്റെയും പ്രദക്ഷിണകാലം വ്യത്യസ്തമാണ്. മൂന്നേകാൽ വർഷം മുതൽ 10,00,000 വർഷം വരെ പ്രദക്ഷിണകാലമുള്ള ധൂമകേതുക്കളുണ്ട്. ഒരിക്കൽമാത്രം പ്രത്യക്ഷപ്പെട്ട് എന്നെന്നേക്കുമായി പോയ്മറയുന്നവയുമുണ്ട്. പ്രദക്ഷിണകാലം 200 വർഷത്തിൽ കുറഞ്ഞവയെ ഹ്രസ്വകാല ധൂമകേതുക്കളെന്നും 200 വർഷത്തിൽ കൂടിയവയെ ദീർഘകാല ധൂമകേതുക്കളെന്നും വിളിക്കുന്നു. ഹ്രസ്വകാല ധൂമകേതുക്കളെ വീണ്ടും വ്യാഴകുടുംബം

വാൽനക്ഷത്രത്തിന്റെ സൂര്യനെ ചുറ്റിയുള്ള സഞ്ചാരവും, വാലിന്റെ സ്ഥാനവും. ചിത്രം: കോമൺസ് (CC BY 4.0)

ഓരോ തവണയും സൂര്യനോടടുക്കുമ്പോൾ ധൂമകേതുക്കളുടെ ഉപരിതലപാളിയിൽനിന്ന് വാതകങ്ങളും ശിലാധൂളികളും നഷ്ടമായിക്കൊണ്ടിരിക്കും (ആകെ ഭാരത്തിന്റെ 1-2% വരെ). നൂറുതവണയിൽ കൂടുതൽ സൂര്യനെ സമീപിക്കാൻ കഴിയുന്ന ധൂമകേതുക്കൾ അപൂർവമാണ്. ചിലവ അവയുടെ സഞ്ചാരവേളയിൽ ഗ്രഹങ്ങളുടെ സമീപത്തെത്തുമ്പോൾ ഗ്രഹത്തിന്റെ ആകർഷണം കാരണം അവയുടെ കുറേ ഭാഗം നഷ്ടമാവുകയും ഇങ്ങനെ പല തവണ ആവർത്തിക്കപ്പെടുന്നതോടെ ശിഥിലീകരിക്കപ്പെടുകയും ചെയ്യും. 1994 ജൂലൈയിൽ ഷുമാക്കർ-ലെവി 9 ധൂമകേതു (SL 9) വ്യാഴത്തിനു സമീപമെത്തിയതോടെ ഇരുപതിലേറെ കഷണങ്ങളായി ശിഥിലീകരിക്കപ്പെടുകയും അവ ഒന്നിനു പുറകെ ഒന്നായി വ്യാഴത്തിൽ പോയി പതിച്ച് വൻ വിക്ഷോഭം സൃഷ്ടിക്കുകയും ചെയ്തു.

ധൂമകേതുക്കൾ മൂലം പലപ്പോഴും ഉൽക്കാവർഷം (meteor shower) സംഭവിക്കാറുണ്ട്. ധൂമകേതുക്കൾ സൂര്യനെ പ്രദക്ഷിണം ചെയ്തു കടന്നുപോകുമ്പോൾ അവയിൽനിന്നു നഷ്ടപ്പെടുന്ന ദ്രവ്യം ഗ്രഹാന്തരതലത്തിൽ (Interplanetary space) തങ്ങിനില്ക്കും. (ധൂമകേതുവിന്റെ വാൽ അതിൽനിന്നു നഷ്ടപ്പെടുന്ന ദ്രവ്യത്തിന്റെ ഒഴുക്കാണ്; വാൽ സ്ഥിരമല്ല.) ധൂമകേതുക്കളുടെ പ്രദക്ഷിണപഥത്തിൽക്കൂടി ഭൂമി കടന്നുപോകുമ്പോൾ ഇവ, പ്രത്യേകിച്ച് ധൂളികളും പാറക്കഷണങ്ങളും മറ്റും ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിച്ച്, ഘർഷണംമൂലം കത്താനിടയാകുന്നു. ഇതാണ് ഉൽക്കാവർഷമായി കാണപ്പെടുന്നത്. ചില ധൂമകേതുക്കളുടെ കാര്യത്തിൽ ഈ പ്രതിഭാസം ക്രമമായിത്തന്നെ സംഭവിക്കുന്നു. വർഷംതോറും ആഗസ്റ്റ് 9-നും 13-നും ഇടയ്ക്ക് ഉണ്ടാകാറുള്ള പെഴ്സീഡ് ഉൽക്കാവർഷത്തിന്റെ (Perseid meteor shower) ഉറവിടം 2007 ആഗസ്തിൽ വന്നുപോയ സ്വിഫ്റ്റ് ടട്ടിൽ (Swift-Tuttle) ധൂമകേതുവാണ്. ഒക്ടോബറിലെ ഒറിയോൺ ഉൽക്കാവർഷത്തിനു കാരണം ഹാലി ധൂമകേതുവും നവംബറിലേതിന് ബിയേല ധൂമകേതുവുമാണ് (Biela comet)

ഘടന


ധൂമകേതുവിന്റെ പ്രധാനപ്പെട്ട ഭാഗങ്ങളാണ് ന്യൂക്ലിയസ്സ് (Nucleus), കോമ (Coma), ഹൈഡ്രജൻ മേഘം (Hydrogen cloud), വാൽ (tail) എന്നിവ.

ന്യൂക്ലിയസ്സ് (മർമ്മം):
ഘനീഭവിച്ച പദാർഥങ്ങൾ അടങ്ങിയ കേന്ദ്രത്തെയാണ് ധൂമകേതുവിന്റെ ന്യൂക്ലിയസ്സ് എന്നു വിളിക്കുന്നത്. ഒരു ധൂമകേതുവിന്റെ പിണ്ഡം (സാധാരണയായി 1011 കി.ഗ്രാം മുതൽ 1016 കി. ഗ്രാം വരെ) മുഴുവൻ അതിന്റെ ന്യൂക്ലിയസ്സിൽ അടങ്ങിയിരിക്കുന്നു. രൂപവൈകൃതം സംഭവിച്ച ഒരു ഗോളത്തോട് ന്യൂക്ലിയസ്സിനെ ഉപമിക്കാം. ഏകദേശം 60 മീ. മുതൽ 300 കി.മീ. വരെ വ്യാസം (diameter) ഇവയ്ക്കുണ്ടായിരിക്കും. ഇതുവരെ കണ്ടിട്ടുള്ളതിൽ ഏറ്റവും വലിയ ന്യൂക്ലിയസ്സ് കൈറോൺ ധൂമകേതുവിന്റേതാണ്. അതിന് 200 – 300 കിലോ മിറ്റർ വലിപ്പമുണ്ടായിരുന്നു. ചില സന്ദർഭങ്ങളിൽ, ചില ധൂമകേതുക്കളുടെ ന്യൂക്ലിയസ്സ് രണ്ടോ അതിൽ കൂടുതലോ കഷണങ്ങളായി വിഭജിച്ച രീതിയിലും കാണപ്പെടാറുണ്ട് (ഉദാ. മഹാധൂമകേതു വെസ്റ്റ് -1976 VI).

ധൂമകേതുക്കളുടെ ന്യൂക്ലിയസ്സ് വളരെക്കുറച്ച് പ്രകാശമേ പ്രതിഫലിപ്പിക്കുകയുള്ളൂ, സൗരയൂഥത്തിൽ ഏറ്റവും കുറച്ച് പ്രകാശം പ്രതിഫലിപ്പിക്കുന്നു വസ്തുക്കളിലൊന്നാണ് ധൂമകേതുക്കളുടെ ന്യൂക്ലിയസ്സ്. ഹാലിയുടെ ധൂമകേതുവിന്റെ ന്യൂക്ലിയസ്സ് അതിൽ പതിക്കുന്ന വെളിച്ചത്തിലെ നാല് ശതമാനം മാത്രമേ പ്രതിഫലിപ്പിക്കുന്നുള്ളുവെന്ന് ജിയോട്ടോ ബഹിരാകാശപേടകം കണ്ടെത്തുകയുണ്ടായി. ഡീപ് സ്പേസ് 1 എന്ന ബഹിരാകാശപേടകം ബോറേലിയുടെ ധൂമകേതുവിന്റെ ന്യൂക്ലിയസ്സ് അതിൽ പതിക്കുന്ന വെളിച്ചത്തിന്റെ 2.4 ശതമാനം മുതൽ മൂന്ന് ശതമാനം വരെയെ പ്രതിഫലിപ്പിക്കുന്നുള്ളുവെന്നും കണ്ടെത്തുകയുണ്ടായി 

കോമ:
സൂര്യനോട് അടുത്തുവരുമ്പോൾ സൂര്യകിരണങ്ങളും സൗരവാതവുമേറ്റ് ധൂമകേതുവിന്റെ ന്യൂക്ലിയസ്സിനു ചുറ്റുമായി ഏകദേശം ഗോളാകൃതിയിൽ, അത്യന്തം നേർത്തതും ബൃഹത്തായതുമായ ഒരു വാതകാവരണം രൂപീകൃതമാകുന്നു. ഇതിനെയാണ് കോമ അഥവാ ധൂമകേതുവിന്റെ ശിരസ്സ് എന്നു പറയുന്നത്. ഏകദേശം 105 മുതൽ 106 വരെ കി.മീ. വ്യാസം ഇതിനുണ്ടായിരിക്കും. സെക്കൻഡിൽ ഒരു കിലോമീറ്ററോളം വേഗതയിൽ ന്യൂക്ലിയസ്സിൽനിന്ന് ഹൈഡ്രജൻ, ഓക്സിജൻ, സൾഫർ, കാർബൺ, ഇരുമ്പ്, കാൽസിയം, വനേഡിയം, ക്രോമിയം, മാങ്ഗനീസ്, സോഡിയം, പൊട്ടാസ്യം തുടങ്ങിയ അറ്റോമിക കണങ്ങളും അവയുടെ റാഡിക്കലുകളും പ്രവഹിക്കുന്നുണ്ടാകും. ഇവയിൽ പലതും അയോണീകൃതവും (ionized) ആയിരിക്കും. കോമയിൽ ഉയർന്ന തോതിൽ ഡോയിട്ടേറിയം (Deutarium) അടങ്ങിയിട്ടുണ്ടെന്ന് സമീപകാലത്ത് കണ്ടെത്തിയിട്ടുണ്ട്. സൂര്യനോട് അടുത്തുവരുന്തോറും കൂടുതൽ വാതക തന്മാത്രകൾ സ്വതന്ത്രമാവുകയും കോമയുടെ വ്യാപ്തി വർധിക്കുകയും ചെയ്യും. ഒപ്പം സൂര്യസാമീപ്യംമൂലം ധൂമകേതുവിന്റെ സഞ്ചാരവേഗതയും വർധിക്കും.

ഹൈഡ്രജൻ മേഘം
കോമയ്ക്കു ചുറ്റും, അങ്ങിങ്ങായി ചിതറിക്കിടക്കുന്ന തരത്തിൽ, ഹൈഡ്രജൻ ആറ്റങ്ങളുടെ വളരെ ബൃഹത്തായ (കോടി കി.മീ. വ്യാസം) ഒരു ആവരണം ധൂമകേതുക്കളിൽ രൂപംകൊള്ളാറുണ്ട്. ഇതാണ് ഹൈഡ്രജൻ മേഘം. 1970-ലാണ് ഹൈഡ്രജൻ മേഘത്തെക്കുറിച്ചുള്ള വിവരങ്ങൾ ജ്യോതിശ്ശാസ്ത്രജ്ഞർക്കു കിട്ടിയത്. ടാഗോ-സാറ്റോ-കൊസാകാ ധൂമകേതു (1969 g), ബെന്നറ്റ് ധൂമകേതു (1969 i) എന്നിവയുടെ കോമയ്ക്കു ചുറ്റും ഭീമാകാരമായ ഈ ആവരണമുണ്ടെന്ന് കണ്ടെത്തുകയുണ്ടായി. തുടർന്ന് 1976-ൽ വെസ്റ്റ് ധൂമകേതുവിനും ഹൈഡ്രജൻ മേഘമുണ്ടെന്നു വ്യക്തമായിട്ടുണ്ട്.

ഹൈഡ്രജൻ മേഘത്തിന്റെ വ്യാപ്തി ന്യൂക്ലിയസ്സിൽനിന്നു ബഹിർഗമിക്കുന്ന ഹൈഡ്രജൻ ആറ്റങ്ങളെ ആശ്രയിച്ചിരിക്കും. സെക്കൻഡിൽ 8 കി.മീ. വേഗത്തിൽ ഹൈഡ്രജൻ ആറ്റങ്ങൾ പ്രവഹിക്കുന്നുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. പ്രകാശവിയോജനത്താൽ (Photodissociation) ഹൈഡ്രോക്സിൽ (OH) ആറ്റങ്ങളിൽനിന്നാണ് ഹൈഡ്രജൻ പ്രവഹിക്കുന്നതെങ്കിൽ ഇവയുടെ പ്രവേഗം വർധിച്ചുവരും.

വാൽ
ഒരു വലിയ ധൂമകേതുവിന് സൂര്യനിൽനിന്ന് ഏതാണ്ട് 30 കോടി കി.മീ. അകലെവച്ച് വാൽ രൂപംകൊള്ളാൻ തുടങ്ങുന്നു. ദൂരം കുറയുന്തോറും അതിന്റെ വലിപ്പം വർധിച്ചുവരും. ചിലവയുടെ വാലിന് വളരെയധികം നീളം ഉണ്ട്. സൂര്യനും ഭൂമിയും തമ്മിലുള്ള അകലത്തിന്റെ ഇരട്ടി നീളം ചില വാലുകൾക്കുണ്ട്. 30 കോടി കിലോമീറ്ററിൽ കൂടുതൽ നീളമുള്ള വാലുള്ളവയെ കണഒഴിവാക്കിയിട്ടുണ്ട്.
വാലുകൾ പൊതുവേ രണ്ടു തരത്തിലുണ്ടു് – ധൂളീവാലുകളും പ്ലാസ്മാവാലുകളും.

ധൂളീകണികകളാൽ രൂപീകൃതമാകുന്നവയാണ് ധൂളീവാൽ. കാഴ്ചയിൽ വെളുത്ത നിറമോ ഇളം മഞ്ഞ നിറമോ ആണിതിന്. ഇത് അല്പം വളഞ്ഞാണിരിക്കുക. നീളം ഏകദേശം 106കി.മീ.നും 107കി.മീ.നും ഇടയ്ക്കു വരും. ഒന്നിലേറെ വാലുകളുണ്ടെങ്കിലും ഏത് ധൂമകേതുവിനും പ്രാമുഖ്യം ഒരു വാലിനു മാത്രമായിരിക്കും.

അയോണീകൃത വാതകങ്ങളാണ് പ്ലാസ്മാവാലിനു രൂപംകൊടുക്കുന്നത്. നീലയോ നീലകലർന്ന പച്ചയോ നിറത്തിൽ ഇവ ദൃശ്യമാകുന്നു. ഇവയ്ക്ക് ഏകദേശം 107കി.മീ.-നും 108 കി.മീ.-നും ഇടയ്ക്ക് നീളമുണ്ട്.
പ്ലാസ്മാവാലിന്റെ രൂപീകരണത്തിന് സൗരവാതങ്ങളും സൂര്യന്റെ കാന്തികമണ്ഡലവും പ്രധാന പങ്കു വഹിക്കുന്നുണ്ട്. സൂര്യന്റെ കാന്തികമേഖലകളുടെ ദിശയിലായിരിക്കും പ്ലാസ്മാവാൽ.

നാമകരണം


ധൂമകേതുക്കളെ നാമകരണം ചെയ്യുന്ന രീതി ആരംഭിച്ചത് 16-ആം ശതകത്തിലാണ്. ധൂമകേതുക്കൾ പ്രത്യക്ഷപ്പെടുന്ന വർഷത്തോടൊപ്പം കണ്ടെത്തുന്ന ക്രമം സൂചിപ്പിക്കുംവിധം ഇംഗ്ലീഷ് അക്ഷരമാലയിലെ ചെറിയ അക്ഷരങ്ങൾകൂടി ചേർത്ത് എഴുതുന്ന രീതിക്ക് ഉദാഹരണങ്ങളാണ് 1956 h, 1927 j എന്നിവ. മറ്റൊന്ന്, പ്രത്യക്ഷപ്പെടുന്ന വർഷത്തോട് റോമൻ അക്കങ്ങൾ കൂടി ചേർക്കുന്ന രീതിയാണ്. ഉദാ. 1862 III, 1913 III എന്നിങ്ങനെ. കണ്ടുപിടിക്കുന്ന ഉപകരണം, നിരീക്ഷണാലയം (SOLWIND,IRAS,SOHO തുടങ്ങിയവ) എന്നിവയുടെ പേരിനോടു ചേർത്തും ധൂമകേതുക്കൾക്ക് പേര് നല്കുന്നുണ്ട്. കണ്ടുപിടിച്ച ശാസ്ത്രജ്ഞരുടെ പേരിലാണ് പല ധൂമകേതുക്കളും അറിയപ്പെടുന്നത്. ഉദാ. ഹാലി ധൂമകേതു, എൻഖെ ധൂമകേതു, ഹെയ് ൽ-ബോപ്പ് ധൂമകേതു മുതലായവ.

C/2020 F3 NEOWISE; NASA (Public Domain)

1995 മുതൽ ഇന്റർനാഷണൽ അസ്ട്രോണമിക്കൽ യൂണിയൻ (IAU) ധൂമകേതുനാമകരണത്തിന് ഒരു നൂതനരീതി പ്രാബല്യത്തിൽ വരുത്തിയിട്ടുണ്ട്. ആദ്യം ധൂമകേതു ഏത് തരമാണ് എന്ന് ഇംഗ്ലീഷ് വലിയ അക്ഷരംകൊണ്ട് സൂചിപ്പിക്കുന്നു. ഉദാഹരണത്തിന് ആവർത്തിച്ചുവരുന്ന (periodic) ധൂമകേതുക്കൾത്ത് P എന്നും അവർത്തിച്ച് വരാത്തവയ്ക്ക് (Non periodic) C എന്നും അക്ഷരങ്ങൾ നൽകുന്നു. തുടർന്ന് ഒരു ചരിഞ്ഞ വരയ്ക്ക് (/) ശേഷം ധൂമകേതുവിനെ കണ്ടെത്തിയ വർഷം എഴുതുന്നു. (ഉദാ – C/2012) തുടർന്ന് ധൂമകേതുവിനെ കണ്ടെത്തിയ മാസത്തെ സൂചിപ്പിക്കുന്ന ഇംഗ്ലീഷ് അക്ഷരവും ആ കാലയളവിൽ അതിനെ കണ്ടെത്തിയ ക്രമവും എഴുതുന്നു. ഇതിനായി, ഇംഗ്ലീഷ് അക്ഷരമാലയിലെ അക്ഷരങ്ങളെ വിവിധ ഗ്രൂപ്പുകളാക്കി തരംതിരിച്ചിരിക്കുന്നു. ജനുവരി ഒന്നിനും പതിനഞ്ചിനും ഇടയ്ക്കാണ് ധൂമകേതു പ്രത്യക്ഷപ്പെടുന്നതെങ്കിൽ വർഷത്തോടൊപ്പം A എന്നു ചേർക്കും. ഈ ദിവസങ്ങൾക്കുള്ളിൽ ആദ്യമാദ്യം കണ്ടുപിടിക്കുന്നതിനനുസരിച്ച് Aയുടെ കൂടെ 1, 2, 3… എന്നുകൂടി ചേർക്കുന്നു. ജനുവരി 16-നും 31-നും ഇടയ്ക്കാണ് പ്രത്യക്ഷപ്പെടുന്നതെങ്കിൽ, വർഷത്തോടൊപ്പം B എന്നു ചേർക്കും. ഫെബ്രുവരിയിലാണെങ്കിൽ യഥാക്രമം C,D ഇവ ചേർക്കാം. ഈ രീതിയിൽ, ഡിസംബർ 16-നും 31-നും ഇടയ്ക്ക് പ്രത്യക്ഷപ്പെടുന്ന ധൂമകേതുവിന് Y എന്നു ചേർക്കണം. I,Z എന്നീ അക്ഷരങ്ങളെ ഈ രീതിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.


C/2020 F3 (NEOWISE)

നിയോവൈസ് ഇംഗ്ലണ്ടിൽ നിന്നുള്ള കാഴ്ച. Benjamin Shaw (CC BY-SA 3.0)

നാസയുടെ ഇൻഫ്രാറെഡ് രശ്മികളിൽ പ്രവർത്തിക്കുന്ന ടെലസ്കോപ്പായ Wide-field Infrared Survey Explorer (WISE) -ന്റെ വാൽനക്ഷത്രത്തേയും ക്ഷുദ്രഗ്രഹങ്ങളേയും നിരീക്ഷിക്കുന്ന പദ്ധതിയായ Near-Earth Object WISE (NEOWISE) കണ്ടെത്തിയ ധൂമകേതുവാണു് C/2020 F3 (NEOWISE). ഇക്കഴിഞ്ഞ മാർച്ചിൽ മാത്രം കണ്ടെത്തിയ ഇത് പേരുസൂചിപ്പിക്കുമ്പോലെ തിരികെ വരാത്ത തരം ധൂമകേതുവാണു്. (നിയോവൈസ് കണ്ടെത്തിയ മറ്റു പല ധൂമകേതുക്കളും ഉണ്ട്. അവകളേയും ചുരുക്കിപ്പറയുക ഈപേരിൽ തന്നാണു്. പക്ഷേ ഏറ്റവും പ്രശസ്തം C/2020 F3 ആണെന്നുമാത്രം.) ചക്രവാളത്തോട് അടുത്താണു ആകാശത്തുപ്രത്യക്ഷപ്പെടുന്നത് എന്നതിനാൽ മരങ്ങൾകൊണ്ടും മറ്റും മറയാത്ത ഉയരമുള്ള പ്രദേശത്തു നിന്നു വീക്ഷിക്കുന്നതാണു അനുയോജ്യം. കാലാവസ്ഥ അനുയോജ്യമാണെങ്കിൽ നഗ്നനേത്രങ്ങൾ കൊണ്ട് കാണാമെങ്കിലും ഒരു ബൈനോക്കുലർ ഉള്ളത് നന്നാവും. ജൂലൈ 11 – 13 വരെ ദിവസങ്ങളിൽ രാവിലെ സൂര്യോദയത്തിനും ഏകദേശം ഒരു മണിക്കൂർ മുമ്പ് കാണാൻ കഴിയുമായിരുന്നു. ഇനിയുള്ള കുറച്ചു ദിവസങ്ങൾ വൈകുന്നേരത്തെ നിരീക്ഷണത്തിനാണു അനുയോജ്യം.

സ്റ്റെല്ലേറിയത്തിൽ

C/2020 F3 (NEOWISE) എന്ന ധൂമകേതുവിനെ എപ്പോഴൊക്കെ കാണാൻ കഴിയുമെന്നറിയാൻ ഏറ്റവും എളുപ്പവഴി അതിനെ സ്റ്റെല്ലേറിയത്തിൽ (Stellarium) ട്രാക്ക് ചെയ്യുകയാണു്. സ്വതേയായി അതിന്റെ പാത്ത് സ്റ്റെല്ലേറിയത്തിൽ കാണില്ല. അതുകൊണ്ട് ഒരു പ്ലഗിൻ ഇൻസ്റ്റാൾ ചെയ്യേണ്ടിവരും.

ആദ്യമേ സ്റ്റെല്ലേറിയം ഇല്ലാത്തവർ ഇവിടെപ്പോയി ഇൻസ്റ്റാൾ ചെയ്യുക.
https://stellarium.org/

ഡെബിയൻ അധിഷ്ഠിത ഗ്നു/ലിനക്സ് വിതരണങ്ങളിൽ ടെർമിനൽ തുറന്ന് sudo apt-get install stellarium എന്ന കമാന്റ് നൽകിയാൽ മതിയാകും.

ഇൻസ്റ്റാൾ ചെയ്തശേഷം സ്റ്റെല്ലേറിയം തുറന്ന് ഇടത്തുഭാഗത്തുള്ള സെറ്റിങ്ങ്സ് (F2) എടുക്കുക.

അതിൽ പ്ലഗിൻസ് എന്ന ടാബ് തുറക്കുക.

അതിൽ ഇടത്തുഭാഗത്തെ ഓപ്ഷൻസിൽ Solar System Editor ഡബിൾ ക്ലിക്ക് ചെയ്തു തുറക്കുക.

തുറന്നുവരുന്ന സബ്‌വിൻഡോയിൽ Solar system എന്ന ടാബിനടിയിലെ Import orbital elements in MPC format- എന്ന ബട്ടൺ അമർത്തുക.

അവിടെ ടൈപ്പ് എന്നതിൽ Comets എന്നതും സോഴ്സ് എന്നതിലുള്ള ഡ്രോപ്ഡൗൺ മെനുവിൽ MPC’s list of observable comets’ from the dropdown menu എന്നതും തിരഞ്ഞെടുക്കുക.
(മിക്കവാറും ഒന്നിലധികം സോഴ്സിൽ നിന്നും നിയോവൈസിന്റെ MPC ഫയൽകിട്ടും. അതുകൊണ്ട് മറ്റ് ചില സോഴ്സുകളും ഉപയോഗിക്കാം.)
ശേഷം Get orbital elements’ കൊടുക്കുക.

ആ വരുന്ന ലിസ്റ്റിൽ C/2020 F3 എന്ന് സേർച്ച് ചെയ്താൽ കിട്ടുന്ന NEOWISE -നെ ആ മാർക്ക് ചെയ്ത് Add Objects കൊടുത്ത് ആ സബ് വിൻഡോ ക്ലോസ് ചെയ്യുക.

ശേഷം ഇടതുവശത്തുള്ള Search box (F3) തുറന്ന് ഒബ്ജക്ട്സ് എന്നതിൽ C/2020 എന്ന് സേർച്ച് ചെയ്ത് എന്റർ അമർത്തിയാൽ അതിലേക്ക് പോയിന്റ് ചെയ്യും.

പക്ഷേ C/2020 യെ കാണാൻ കഴിയുന്ന സമയത്തിലല്ല സ്റ്റെല്ലേറിയം കിടക്കുന്നതെങ്കിൽ അതിലേക്ക് സമയം/തീയ്യതി മാറ്റുക. വീണ്ടൂം ഇടത്തുവശത്തുള്ള പാനലിൽ Date & Time (F5) എടുത്ത് സമയം മാറ്റി നൽകുക

സ്റ്റെല്ലേറിയത്തിന്റെ വെബ് വെർഷൻ ഇവിടെക്കിട്ടും. പക്ഷേ ആപ്ലിക്കേഷനെ അപേക്ഷിച്ച് ഫീച്ചറുകൾ കുറവാണു്.

stellarium-web.org/

(ധൂമകേതുവിനെക്കുറിച്ചുള്ള ചില ഭാഗങ്ങൾ വിക്കിപീഡീയയിൽ നിന്നും പകർത്തി എഡിറ്റ് ചെയ്തതാണു്. CC BY-SA അനുമതിപ്രകാരം.
സ്റ്റെല്ലേറിയത്തിന്റെ സ്ക്രീൻഷോട്ടുകൾ GFDL, മറ്റ് അനുയോജ്യമായ അനുമതികളിലും പുനരുപയോഗിക്കുന്നു.)

1 അഭിപ്രായം

  1. Subin Siby പറയുക:

    സ്റ്റെല്ലേറിയത്തിനു മലയാള പരിഭാഷ ഉണ്ടായിരുന്നെന്ന് അറിഞ്ഞില്ല, അതുകൊണ്ടുതനെ മലയാളം UI സ്‍‍ക്രീൻഷോട്ടുകൾ വളരെ ഉപകാരപെട്ടു. നന്ദി 🙂

ഒരു അഭിപ്രായം ഇടൂ

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )