നിന്നോളം പാഴ്സ് ചെയ്യപ്പെട്ടിട്ടില്ല,
എന്നിലിന്നേവരെയൊരു ലാംഗ്വേജും.
മെഷീൻ ലാംഗ്വേജ് പോലെ നാം.
ഒന്നായിത്തീരണമെന്നായിരുന്നു പ്രതീക്ഷ.
എന്നാലോ, കണ്ട മാത്രയിലലിഞ്ഞ്
പൂജ്യം കണക്കെയായി.
ആരു നീയെനിക്കെന്നോ?,
ആർ.ബി. ട്രീ ബാലൻസ് ചെയ്യുകെന്നതു
വിശദീകരിക്കുന്നതാവും അതിലുമെളുതു്.
നിന്നിലേക്കുള്ള കുറുക്കുവഴി തിരക്കിയിറങ്ങി.
ഡൈക്സ്ട്രസ് അൽഗോരിതത്തിനും വഴിതെറ്റി.
/dev/null പോലൊന്ന് എന്റെ ഹൃദയത്തിലുണ്ടാകണം.
നീ നിത്യേനയെന്നോണം ഒഴുകിപ്പരക്കുന്നുണ്ടു്.
പക്ഷേ നിറയുന്നില്ലിതേ വരേക്കും.
നാം കണ്ണിൽ കണ്ണിൽ നോക്കിയിരുന്നു.
Epoch-നും എണ്ണം പിഴച്ചു.