സംഘസാഹിത്യത്തെ ഒന്നു പരിചയപ്പെടുത്തേണ്ടതുണ്ടു്.
ഐന്തിണകളെ (അഞ്ച് തിണകൾ) ചുറ്റിപ്പറ്റിയാണു സംഘസാഹിത്യം. തിണകൾ എന്നാൽ ഭൂപ്രദേശം.
കുറുഞ്ഞി (മലമ്പ്രദേശം), മുല്ലൈ (കുറ്റിക്കാട്), പാലൈ (വരണ്ട ഇടങ്ങൾ), മരുതം (വളക്കൂറുള്ള കൃഷിയിടങ്ങൾ) നെയ്തൽ (തീർപ്രദേശം) എന്നിവയാണു അഞ്ചു തിണകൾ. ഓരോ പ്രദേശത്തിനും ഓരോ ദൈവവും, പുഷ്പവും, വൃക്ഷവും, കാലാവസ്ഥയും, തൊഴിലും, ജാതിയും ഉണ്ടു്. അഞ്ച് വ്യത്യസ്ഥമായ ഭാവങ്ങളെ പ്രതിനിധീകരിക്കാൻ ഐന്തിണകൾ ഉപയോഗിക്കുന്നു.
സംഘ കൃതികൾക്ക് അകം, പുറം എന്നിങ്ങനെ വകഭേദമുണ്ടു്. വീടിനുള്ളിൽ നടക്കുന്ന പ്രേമം, വിരഹം, കമിതാക്കൾ തമ്മിലുള്ള ശണ്ഠ ഇവയൊക്കെയാണു അകം പാട്ടുകളിൽ വിഷയമായി വരുക. വീടിന്നു പുറമേയായി നടക്കുന്ന യുദ്ധം, വീരത്വം, കീർത്തി ഇതൊക്കെ പുറം പാട്ടുകളിൽ കാണാം.
പഞ്ച മഹാ ഇതിഹാസങ്ങളേയും അകത്തിയം, തോൽക്കാപ്പിയം പോലത്തെ വ്യാകരണഗ്രന്ഥങ്ങളേയും ഒഴിവാക്കി പൊതുവായി സംഘസാഹിത്യത്തിൽ പതിനെട്ട് മേൽക്കണക്കും (Major works) പതിനെട്ട് കീൽക്കണക്കും (Minor works) ഉണ്ടു്.
എട്ടുതൊകൈയും പത്തുപാട്ടുമാണു് (8+10) മേൽക്കണക്കിന്റെ ഘടകങ്ങൾ. എട്ടുതൊകൈ എട്ട് സമാഹാരങ്ങൾ (Anthology) ആണു്. പത്തുപാട്ട് പത്ത് Idylls ആണു്. നറ്റിണൈ, കുറുന്തൊകൈ, ഐങ്കറുനൂറ്, പതിറ്റുപത്തു, പരിപാടൽ, കലിത്തൊകൈ, അകനാനൂറ്, പുറനാനൂറ് എന്നീ എട്ട് സമാഹാരങ്ങൾക്കാണ് എട്ടുത്തൊകൈ എന്ന് പറയുന്നത്. ഇതിൽ പുറനാനൂറും പതിറ്റുപ്പത്തും പുറംകൃതികളാണ്. ബാക്കിയുള്ളവ അകം കൃതികളും. അകനാണൂറിലും പുറനാണൂറിലും നാണൂറു ഗാനങ്ങളാണു്.
പാരിലും പെരുതായ്
വാനിലും വലുതായ്
കടലിലും കുഴിവായ്
അവനോടെൻ പ്രണയം.
കരിന്തണ്ടാം കുറിഞ്ഞിപൂവിൽ
തേനീച്ചകൾ മധുതേടും
മലകളിൽ നിന്നുമവയെത്തുന്നു.
(പെൺകുട്ടി അവളുടെ തോഴിയോട് കാമുകനോടുള്ള കൂറിനെപ്പറ്റി വിവരിക്കുന്നതു്)
– കുറിഞ്ഞി – ദേവകുലത്താർ
കുറുന്തൊകൈ 3
ചന്തമോലും ചിറകുള്ളവളേ
പൂന്തേനുണ്ടു പാർക്കുന്നവളേ
പൂമ്പാറ്റേ.
ചൊവ്വോടെ ചൊല്ല്.
പെണ്ണവളിൽ
മുടിക്കെട്ടിലും മണമോലുന്നൊരു
പൂവിൻ പേരറിയുമോ?
അവളെന്റെ ഇഷ്ട,
നിരയോലും പല്ലുള്ളവൾ,
മയിലിന്റെ മട്ടുള്ളവൾ.
(കാമുകി കേൾക്കുമാറു ശലഭത്തോടു കാമുകൻ ചൊന്നത്)
കുറിഞ്ഞി – ഇറൈയനാർ
കുറുന്തൊകൈ 2
കാതലാൽ കരളിൻ കാഴ്ചയറ്റോൻ,
നാണമേതുമൊഴിഞ്ഞോൻ –
ഗതിയറ്റോരവൻ –
കുതിരയായ് കരുതി കരിമ്പനമടലിനെ ഓട്ടും,
എരിക്കിൻ മൊട്ടുമാല മുടിയിൽ ചൂടും.
കമ്പോളത്തിൽ കളിയാക്കലിനു കാരകമാകും.
(കാമുകൻ തിരസ്കിതനായാലുള്ള തന്റെ അവസ്ഥയെപ്പറ്റി കാമുകിയുടെ തോഴിയോട് വിശദീകരിക്കുന്നതു്)
കുറിഞ്ഞി – പെരെയിൽ മുറുവലാർ
കുറുന്തൊകൈ 17
ഇനിയ പൂമ്പാൽ,
പൈദാഹം പോക്കാനുതകാതെ,
കുടമൊന്നിൽ കവരാതെ,
വെറും നിലത്തൊഴിയുന്ന പോലെ.
കുറവേറാത്തൊരെന്നുടലിൻ കാന്തി
കണവനു കാമിക്കാനുതകാതെ,
എനിക്കൊട്ടു കാക്കാനാകാതെ,
വിരഹത്തിൻ വിളർച്ചയാൽ
കാർന്നൊഴിയുന്നു.
(കാമുകനെ പിരിഞ്ഞ കാമുകി വിരഹവേദനയാൽ തോഴിയോട് ചൊന്നത്)
പാലൈ – വെള്ളിവീത്തിയർ
കുറുന്തൊകൈ 27
കിടക്കയിൽ നിന്നുയർന്ന്
ഭ്രാന്തെന്നപോൽ ആർക്കണം
കണ്ണിൽപ്പെട്ടവ ഉടയ്ക്കണ-
മെൻതല തകർക്കണം.
തണുത്ത രാത്രി,യിളം കാറ്റ്,
മരവിച്ച ഗ്രാമം മധുരമായുറങ്ങുന്നു.
ഞാനോ ഇവിടീ
പ്രണയത്തീയിലാളുന്നു.
(വിരഹത്താൽ കാമുകി തോഴിയോട് ചൊന്നത്)
പാലൈ – അവ്വയാർ
കുറുന്തൊകൈ 28
ഏടലർപ്പൂ പോലിനിപ്പുള്ള –
അവൾ തൻ
പെരിയോരുരുണ്ടോരിളം
കണ്ണുകൾ, അവയെൻ
നെഞ്ചകം തുളച്ചയ്യോ
നൊമ്പരമാക്കുന്നു.
മലവാരമേച്ചിൽ
പരുത്തിയൊത്ത് പോറ്റും,
തിന തിന്നാനെത്തും
ഊർക്കുരുവിയെ പായ്ക്കുന്നോൾ.
മധുരമൊഴിയുള്ളോൾ,
ഉരുണ്ടോരലിവുള്ള
ചുമലുള്ളവൾ.
(കാമുകൻ കൂട്ടുകാരനോട് ചൊന്നത്)
കുറുഞ്ഞി – മല്ലനാർ
കുറുന്തൊകൈ
കടുവയുടെ ചോരയിറ്റയ
കാൽനഖം കണ്ടക്കേ
മുരിക്കിൻ മൊട്ടുകൾ വിടരുന്നു.
മഴകാറുകൾ മറഞ്ഞിരിക്കുന്നു.
സർവ്വർക്കും സന്തോഷമേകാൻ
വസന്തം വന്നിരിക്കുന്നു.
ഒറ്റയായൊരെൻ
കരൾമാത്രം ക്ലേശപ്പെടുന്നു.
(കാമുകൻ കേൾക്കെ, കാമുകി തോഴിയോട് ചൊന്നതു്)
പാലൈ, മാരൻ പൊറൈയനാർ
ഐന്തിണ അൻപതു് 31
തിന വിളവെടുത്തു.
വയൽനിലം ഉഴുതിട്ടിരിക്കുന്നു.
തത്തക്കൂട്ടങ്ങളും അവയെയാട്ടാൻ
ഞങ്ങളും അവിടേക്കങ്ങെത്താതായി.
പക്ഷേ, വെള്ളച്ചാട്ടമുള്ള മലയോരത്തു
നിന്നെത്തിയ അവൻ.
നിങ്ങളുടെ പ്രണയമിവിടെ
അറുതിയാവാതിരിക്കട്ടെ.
ഇനിപ്പുള്ളൊരുവൾ,
അവൾ നിനക്കുള്ളതു്.
(പെൺകുട്ടിയുടെ തോഴി കാമുകനോട് ചൊന്നതു്)
കുറുഞ്ഞി – മാരൻ പൊറൈയനാർ
ഐന്തിണ അൻപത് 18
മുല്ലമൊട്ടിനെ നാണമാക്കും
പ്രഭയേറും പല്ലുള്ളവളേ,
നീ ചൊന്നാലും,
എൻ പ്രിയൻ പോയൊരാ
ദൂരനാട്ടിൽ
മഴക്കാലമതില്ലേ?
മാനത്തു വിരഹവേദന
തെളിയിക്കും
കൊലയാളി ആയുധങ്ങളായ
മുരളുന്ന കാറ്, കൊള്ളിയാൻ
ഇടിമുഴക്കം
ഇതെല്ലാമുള്ളൊരാ മഴക്കാലം.
(ഭാര്യ തന്റെ തോഴിയൊട് ചൊന്നതു്)
– മുല്ലൈ – മാരൻ പൊറൈയനാർ
ഐന്തിണ ഐമ്പത് 3
മയിലിന്റെ നടനം
നിന്റെ നടപ്പിനെ ഓർമ്മിപ്പിക്കുന്നു.
വിരിയുന്ന മുല്ലപ്പൂക്കൾ
നിന്റെ നെറ്റിത്തടത്തിന്റെ
മധുരസുഗന്ധം വഹിക്കുന്നു.
മാനിന്റെ കാതരമിഴികൾ
നിന്റെ നോട്ടം കണക്കെ തന്നെ.
എന്റെ ഹൃദയം,
നിന്റെ ചിന്തകളാൽ നിറയുന്നു.
അതിനാൽ കൊടുങ്കാറ്റിലകപ്പെട്ട മേഘങ്ങൾ കണക്കെ
ഞാൻ തിരക്കിട്ട് നിന്നിലേക്കടുക്കുന്നു.
(ദൂരത്തു നിന്നു തിരിച്ചെത്തിയ ഭർത്താവ് ഭാര്യയോട് ചൊന്നതു്)
മുല്ലൈ – പേയനാർ
ഐങ്കുറുനൂറു 492
പ്രിയേ,
കാട്ടുതീയിൻ വിജനതയിൽ
ഞാനുഴറിയപ്പോൾ
നിന്റെ നന്മയെക്കുറിച്ചോർത്തതു
മധുരതരം, തീർച്ച!
ധനികർ തങ്ങളുടെ ആനകളെ
തളയ്ക്കുന്ന സ്വർണ്ണവടം
കണക്കെ എന്നിലേക്കവ
ഊറിയിറങ്ങുന്നു.
(ഭർത്താവ് തന്റെ കാഠിന്യമേറിയ ജോലി കഴിഞ്ഞ് തിരികെയെത്തിയപ്പോൾ ഭാര്യയോട് ചൊന്നതു്)
പാലൈ – ഒദളാന്തൈയാർ
ഐങ്കുറുനൂറ് 356
‘കൂ കൂ’ ചേക്കേറിയ കാക്കകൾ
കരളിലൊരു വിറയോടി നടക്കുന്നു.
കണവനിൽ നിന്നും
കൊലവാളാൽ
ചീന്തിവേറിടാൻ
പുലരിയെത്തിയിരിക്കുന്നു.
(പെണ്ണ് സ്വയം പറയുന്നതു്.)
മരുതം – അള്ളൂർ നന്മുല്ലൈ
കുറുന്തൊകൈ 157
ഒരുകാലം,
അവൾ തന്നൊരു
വേപ്പിൻകുരു നീ
പഞ്ചാരക്കട്ടിയെന്നു
പറഞ്ഞൊരുകാലം.
ഇന്നൊരു കാലം,
തായ്ക്കുളിരിൽ
പരി തൻ പറമ്പിലെ
ചോലക്കുളിർനീർ ചൂടെന്നു
ചൊല്ലുന്ന വേറൊരുകാലം.
ഇങ്ങനെയാണോ,
പ്രണയം
പോയ്പ്പോവുന്നതു്.
(ഭാര്യയുടെ തോഴി തെറ്റുപറ്റിയ ഭർത്താവിനോട് ചൊന്നതു്)
മരുതം – മിലൈ കാന്തൻ
കുറുന്തൊകൈ 196
‘പ്രണയത്തിൽ വലയൂ’
അവർ പറയും.
ഒന്നിലവർക്ക് പ്രണയമെന്തെന്നറിയില്ല.
അല്ലെന്നാലവർ അതിധിരരാകും.
അവനെ കാണാതിരുന്നാൽ
എന്റെ ഹൃദയം നിലയ്ക്കും,
പാറമേൽ, ഒഴുകും വെള്ളം
നുരപതപ്പിക്കും പോലെ
(പെണ്ണ് തോഴിയോടു ചൊന്നതു്)
നെയ്തൽ – കാല്പൊരുസിരുനുറൈയർ
കുറുന്തൊകൈ 290
കണവന്റെ നാട്ടിലെ
ഇളക്കമില്ലാ കുളത്തിലെ
ചെളിവെള്ളം.
കലക്കിയതൊരു കലമാൻ.
ഇവിടുള്ള പാലിലും തേനിലും
ഇനിപ്പുണ്ടവയെനിക്ക്.
(പെൺകുട്ടി കാമുകനെ പിരിഞ്ഞ് അധികമാവും മുന്നേ തോഴിയോട് ചൊന്നതു്)
കുറിഞ്ഞി – കപിലർ
അവന്റെ നാട്ടിലങ്ങായ്,
കടലിലിലുയരുന്നൊരു
വെൺതിങ്കൾ പോലെ,
മലയിൽ നിന്നൊഴുകിയിറങ്ങും
വെള്ളച്ചാട്ടം കണക്കെ,
അവനൊരു സൂര്യൻ,
എന്റെ കൈകളോ
അവനെച്ചുറ്റും
നെറുഞ്ഞിപ്പൂക്കൾ.
(പെൺകുട്ടി കാമുകനോടുള്ള കൂറിനെപ്പറ്റി തോഴിയോട് ചൊന്നതു്)
കുറുഞ്ഞി – മധുരൈ വേലന്താതൻ
കുറുന്തൊകൈ 315
കണവന്റെ നാട്ടിലെ
ഇളക്കമില്ലാ കുളത്തിലെ
ചെളിവെള്ളം.
കലക്കിയതൊരു കലമാൻ.
ഇവിടുള്ള പാലിലും തേനിലും
ഇനിപ്പുണ്ടവയെനിക്ക്..
(പെൺകുട്ടി കാമുകനെ പിരിഞ്ഞ് അധികമാവും മുന്നേ തോഴിയോട് ചൊന്നതു്)
കുറിഞ്ഞി – കപിലർ
മാളം തന്നിൽ മറഞ്ഞതാവില്ല
വാനം മീതെ മറിഞ്ഞതാകില്ല
കടലിൽ കീഴെ നടന്നതാകില്ല
നാടോടു നാടും,
തെരുവോടു തെരുവും,
കുടിയോടു കുടിയും
തിരഞ്ഞെന്നാൽ
അവൻ നമ്മിൽ
പിണയാതാകില്ല.
(തോഴി പെൺകുട്ടിയോട് ചൊന്നതു്)
പാലൈ – വെള്ളിവീത്തിയർ
കുറുന്തൊകൈ 130
നെഞ്ചിലയ്യോ നോവെടുക്കുന്നേ.
വരണ്ടിടം പൂത്തുനിറഞ്ഞിടും
നെറുഞ്ഞിപ്പൂക്കൾ തൻ
തുമ്പത്തുള്ളതു മുള്ള്.
ഒരിക്കലെന്നോടു പുന്നാരനാം
കാന്തൻ ഇപ്പോഴോ
ക്രൂരൻ, കാരുണ്യം തട്ടാത്തോൻ.
നെഞ്ചിലയ്യോ നോവെടുക്കുന്നേ.
(ഭർത്താവിനെ ശകാരിച്ചു കൊണ്ടു ഭാര്യ തോഴിയോട് ചൊന്നതു്)
മരുതം – അല്ലൂർ നന്മുല്ലൈ
കുറുന്തൊകൈ 202