കാളിദാസന്റെ രണ്ടു സമസ്യാപൂരണങ്ങൾ – പരിഭാഷ.

ഒരു ശ്ലോകത്തിന്റെ ഒരു ഭാഗം തന്നിട്ട് ബാക്കി ഭാഗം മറ്റുള്ളവരാൽ പൂരിപ്പിക്കാൻ വിടുന്ന വിനോദമാണു സമസ്യാപൂരണം. കേവലം കവിതാപൂരണം എന്നതിൽ നിന്നും സഹൃദയന്റെ ഭാവനയെയേയും പരീക്ഷിക്കൽ കൂടി ഇതിലൂടെ ലക്ഷ്യമിടുന്നുണ്ടു്. ശൈലി, ശബ്ദ-അർത്ഥഅലങ്കാരങ്ങൾ എന്നിവകൂടി പരിഗണിച്ചുവേണം ഇവയുടെ പൂരണം നടത്താൻ.

ഒട്ടനവധി സമസ്യാപൂരണ കഥകൾ കാളിദാസനുമായി ബന്ധപ്പെട്ടു പറഞ്ഞു കേൾക്കാറുണ്ട്. (നന്ദനം സിനിമയിൽ‌ ജഗതി പറയുന്ന മന്ത്രം “ജാംബൂഫലാനി പക്വാനി” വാസ്തവത്തിൽ കാളിദാസന്റെ ഒരു സമസ്യാശ്ലോകമാണു്.) അദ്ദേഹത്തിന്റെ രണ്ട് സമസ്യയ്ക്ക് പരിഭാഷ ചമയ്ക്കാണുള്ള ശ്രമമാണീ പോസ്റ്റിൽ.

കുസുമേ കുസുമോത്‌പത്തിഃ:

ഐതിഹ്യപ്രകാരം കാളിദാസന്റെ മരണത്തിനു കാരണമായി എന്നു കരുതപ്പെടുന്ന സമസ്യയാണിത്. സ്ത്രീസംസർഗത്തിനു കാളിദാസൻ കുപ്രസിദ്ധനായിരുന്നു. കാളിദാസകൃതികളിലെ സ്ത്രീവർണ്ണനകളിൽ കാണുന്ന അലൗകികമായ സൗന്ദര്യബോധവും പ്രേമാവബോധവും ഇതു സാക്ഷ്യപ്പെടുത്തുന്നു.

കാളിദാസൻ ഇടയ്ക്കിടയ്ക്ക് വേശ്യാസ്ത്രീകളെ സന്ദർശിക്കുമായിരുന്നു. (വേശ്യയുമായി സംഭോഗത്തിലിരിക്കെ ശിവഭക്തിയേറിയപ്പോൾ, അദ്ദേഹം സ്ത്രീയുടെ സ്തനങ്ങളെ ശിവലിംഗമായി കണ്ട് ശരീരത്തിൽ നിന്നും രോമങ്ങൾ പറിച്ച് അർച്ചിച്ചതായൊരു കഥയുണ്ടു്) ഇങ്ങനെ അജ്ഞാതനായി ശ്രീലങ്കയിൽ ഒരു സ്ത്രീയുടെ ഗൃഹത്തിൽ പാർത്തുവരികെ നവരത്നങ്ങളിലൊന്നായ‌ കാളിദാസനെ കണ്ടെത്താനായി വിക്രമാദിത്യമഹാരാജാവ് ഒരു സമസ്യാപൂരണം പ്രസിദ്ധപ്പെടുത്തി. ശേഷം ഏറ്റവും മികച്ച പൂരണത്തിനു വലിയൊരു പ്രതിഫലവും പ്രഖ്യാപിച്ചു. (കാളിദാസന്റെ പൂരണം കണ്ടാൽ അദ്ദേഹത്തിനു തിരിച്ചറിയാൻ സാധിക്കുമത്രേ)

വരി ഇങ്ങനെയായിരുന്നു:

കുസുമേ കുസുമോത്‌പത്തിഃ
ശ്രൂയതേ ന ച ദൃശ്യതേ
(കുസുമേ – പൂവിനുള്ളില്‍
ഉത്‌പത്തിഃ കുസുമ – പൂവുണ്ടാകുന്നത്
ന ശ്രൂയതേ, ന ദൃശ്യതേ – ഒരിക്കലും കേട്ടിട്ടുമില്ല ഒരിക്കലും കണ്ടിട്ടുമില്ല)

ഈ സമസ്യാപൂരണത്തെപ്പറ്റി അറിഞ്ഞ് തന്റൊപ്പമുള്ള കവിയെ നിർബന്ധിച്ച് സ്ത്രീ പൂരണം പൂർത്തിയാക്കി. കാളിദാസൻ എഴുതിയത് ഇങ്ങനെ.

“ബാലേ, തവ മുഖാംഭോജേ
കഥമിന്ദീവരദ്വയം?”
(ബാലേ – പെണ്ണേ,
തവ – നിന്റെ
മുഖ അംഭോജേ – മുഖമാകുന്ന താമരയില്‍
കഥം – എങ്ങനെയാണു്
ദ്വയ – ഇന്ദീവരഃ – രണ്ടു കരിം‌കൂവളപ്പൂവുകള്‍ ഉണ്ടായത്.)

താമരയിതൾ പോലെ ചുവന്നു തുടുത്ത. മുഖതാരിൽ കരിങ്കൂവളപ്പൂക്കൾ പോലെ കറുത്തു നീണ്ട കണ്ണിണകൾ എങ്ങനെയുണ്ടായി എന്നു ചോദ്യം.
എന്നാൽ കവി കാളിദാസനാണെന്ന് അറിയാത്ത സ്ത്രീ ഇയാളൊരിക്കലും അവകാശവാദവുമായി രാജാവിന്നടുക്കലെത്തരുതെന്ന് കരുതി കാളിദാസനു വിഷം കൊടുത്തു കൊന്നു എന്നു കഥ. (ഭാര്യയും കാശിരാജാവായ ഭീമശുക്ലന്റെ പുത്രിയുമായ വിദ്യോത്മയുടെ ശാപമാണു കാളിദാസൻ ഒരു സ്ത്രീയുടെ കൈകളാൽ മരണത്തിനു കാരണമായതെന്ന് മറ്റൊരു ഐതിഹ്യമുണ്ടു്. )

ഇതിനെ പരിഭാഷപ്പെടുത്തിയാൽ:

“പൂവിന്നുള്ളിൽ പൂ വിടർവതു
കണ്ടിട്ടീല, ഞാൻ കേൾപ്പതും.”
“പെണ്ണേ, നിന്നേടലർമുഞ്ഞിയിൽ പിറ-
പ്പെതെങ്ങനീരണ്ടു കൂവളമൊട്ടുകൾ?”

പ്ലസിലിട്ടപ്പോൾ പ്രവീൺ പറഞ്ഞ എഴുതിയതാരെന്നറിയാത്തൊരു പരിഭാഷ:

“ബാലേ നിന്മുഖം സുന്ദരാരവിന്ദമല്ലോ
അതിൽ നിന്മിഴികൾ കൂവളപ്പൂക്കളല്ലോ
കണ്ടിട്ടും കേട്ടിട്ടുമില്ലാ കാര്യമല്ലോ
പൂവിന്നകത്തൊരു പൂ വിരിഞ്ഞുവല്ലോ”

ട്വിറ്ററിൽമുൻപു മാരകൻ പറഞ്ഞ മറ്റൊരു പരിഭാഷ:

പൂവിന്മേൽ പൂത്തു പൂവെന്നോ
കേട്ടിട്ടില്ലെങ്ങു കണ്ടതും;
എന്നാലും നിൻ മുഖത്താരിൽ
നീലാമ്പൽപ്പൂക്കൾ രണ്ടിതേ?

പിപീലികാ ചുംബതി ചന്ദ്രബിംബം

ഇതിൽ അവസാന നാലുവരികളിൽ അവസാന വരിയാണു സമസ്യയായി വരുന്നത്.
പിപീലികാ ചുംബതി ചന്ദ്രബിംബം – ‘ഉറുമ്പ്‌ ചന്ദ്രനെ ചുംബിക്കുന്നു’ എന്നർത്ഥം. കേൾക്കുമ്പോൾ അസാധ്യമെന്നു തോന്നുന്ന സംഗതി.
കാളിദാസന്റെ പൂരണം ഇപ്രകാരം.

“അസജ്ജനം സജ്ജനസംഗിസംഗാത്
കരോതി ദുസ്സാദ്ധ്യമപീഹ സാദ്ധ്യം.
പുഷ്പാശ്രയാച്ഛംഭുശിരോധിരൂഢാ
പിപീലികാ ചുംബതി ചന്ദ്രബിംബം”

(അസജ്ജനം – ദുർജ്ജനം
സജ്ജനം സംഗി സംഗാത് – നല്ലവനൊപ്പം ചേരുന്നതു കൊണ്ട്/ സൗഹൃദത്തിലാകുന്നതു കൊണ്ട്
ദുസ്സാദ്ധ്യം – പ്രയാസമേറിയ കാര്യം (പോലും)
അപി സാദ്ധ്യം കരോതി – ഇപ്പോൾ ചെയ്യാന്‍ സാധിക്കുന്നു;
ശംഭു-ശിര അധിരൂഢാ – ശിവന്റെ തലയിൽ ഉള്ള
പുഷ്പ ആശ്രയാത് – പുഷ്പത്തിന്റെ സഹായത്തോടെ പിപീലികാ – ഉറുമ്പ്
ചന്ദ്രബിംബം – ചന്ദ്രക്കലയെ
ചുംബതി – ചുംബിക്കുന്നു.)

ശിവന്റെ മൗലിയിൽ ചന്ദ്രക്കലയും കൈതപ്പൂവും അടുത്തടുത്തുള്ളതിനാൽ കൈതപ്പൂവിൽ നിവസിക്കുന്ന ഒരു ഉറുമ്പിനു, അല്ലെങ്കിൽ അടുത്തുകിട്ടാൻ അസാധ്യമായ ചന്ദ്രക്കലയെ ചുംബിക്കാൻ പോലും കഴിയുന്നെന്ന് സാരം. (‘പാപിയ്ക്കൊപ്പം ചേർന്നാൽ ശിവനും പാപിയാകും’ എന്ന പഴഞ്ചൊല്ലിന്റെ ആശയത്തെ ശ്ലോകം പാടേ നിരസിക്കുന്നുണ്ട്)

ഇതിന്റെ പരിഭാഷ ഇപ്രകാരം. (വരികളിൽ 15 വീതം അക്ഷരങ്ങൾ)

“സാധുവിനോടൊത്തുചേരാൽ നീചനാം പൂരുഷനും,
സ്വാധീനമാം അനവധി‌ ക്ലേശമാമുദ്യോഗവും.
ഉമേശനുടെ മൗലിയിലാളും പൂവിന്മേലേറി
ഉറുമ്പ് തിങ്കൾക്കലയെ മുകരുന്ന മാതിരി.”

പ്രവീൺ പറഞ്ഞൊരു അജ്ഞാതകർത്തൃത്വം.

“ചങ്ങാതി നന്നെങ്കിൽ വഷളന്നു പോലും
ചെയ്തീടാമസാദ്ധ്യകാര്യം നിസ്സാരമായി ഉമേശജടയിലെ പൂവേറിയിരിക്കും
ഉറുമ്പമ്പിളിയെ ചുംബിക്കുംപോലെ”

Advertisements

ഇരുണ്ട ദ്രവ്യവും ഇരുണ്ട ഊര്‍ജ്ജവും പ്രപഞ്ചത്തിന്റെ അവസാനം കുറിക്കുമോ ?

ലൂക്ക മാസികയ്ക്കായി എഴുതിയ ലേഖനം. എഡിറ്റ് ചെയ്തതു പാപ്പൂട്ടി മാഷ്.

നമുക്കറിയാവുന്ന പ്രപഞ്ചത്തിന്റെ ഏതാണ്ട് 68 ശതമാനത്തോളം ഇരുണ്ട ഊര്‍ജ്ജവും 27 ശതമാനത്തോളം ഇരുണ്ടദ്രവ്യവുമാണെന്ന് കണക്കാക്കപ്പെടുന്നു. ഈ ഊര്‍ജ്ജവും ദ്രവ്യവും ചേര്‍ന്നാണ് പ്രപഞ്ചത്തിന്റെ ഭാവിയും അവസാനവും തീരുമാനിക്കുന്നത്. ഇപ്പോഴുള്ള നമ്മുടെ അറിവുവച്ച് പ്രപഞ്ചത്തിനെന്തുസംഭവിക്കും എന്ന ഒരന്വേഷണം.

നു നക്ഷത്രരാശിയുടെ പശ്ചാത്തലത്തിലാണ് ആകാശഗംഗയുടെ കേന്ദ്രമുള്ളത്. ഭൂമിയിൽ നിന്നും നോക്കുമ്പോൾ പരന്നൊഴുകുന്ന പുഴപോലെ കാണപ്പെടുന്ന ഇതിനു നീളത്തെ അപേക്ഷിച്ചു വീതി കുറവാണ്. 28,000 പ്രകാശവർഷത്തോളം നീളമുള്ളപ്പോൾ വീതി ഏതാണ്ടു 1500 പ്രകാശവർഷം മാത്രം. ആകാശഗംഗയുടെ കേന്ദ്രത്തിൽ നിന്നും വളരെമാറി സർപ്പിള ശാഖകളിലൊന്നായ ഒറിയോൺ ശാഖയിലാണ് സൗരയൂഥത്തിന്റെ സ്ഥാനം. (ഭൂമിയിൽ ജീവനനുയോജ്യമായ പരിതസ്ഥിതിക്കുള്ള കാരണവും ഈ അകന്നുമാറിയുള്ള കിടപ്പാണു്)

സൂപ്പര്‍ മാസ്സീവ് തമോദ്വാരത്തിനടുത്തുള്ള മാഗ്നെറ്റാര്‍ | കടപ്പാട്-  വിക്കിമീഡിയ കോമണ്‍സ്

സൂപ്പര്‍ മാസ്സീവ് തമോദ്വാരത്തിനടുത്തുള്ള മാഗ്നെറ്റാര്‍ | കടപ്പാട്- വിക്കിമീഡിയ കോമണ്‍സ്

ഗാലക്സിക കേന്ദ്രത്തിൽ നിന്നും 25,000 മുതൽ 28,000 വരെ പ്രകാശവർഷം അകലെ കിടക്കുന്ന സൗരയൂഥം, സെക്കന്റിൽ 220 കി.മീറ്റർ വേഗതയിൽ കേന്ദ്രത്തിനു ചുറ്റും ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്നു. പ്രശ്നം ഇവിടെയാണു്. ഒരു വസ്തു അതിന്റെ പരിക്രമണ പാതയിൽ തുടരണമെങ്കിൽ പ്രവേഗത്തിനു കാരണമായ അപകേന്ദ്രബലവും ഗുരുത്വാകർഷണബലം മൂലമുള്ള ഉൾവലിവും തുല്യമാകണം. എന്നാൽ നിരീക്ഷണ സാധ്യമായ ആകാശഗംഗയുടെ മുഴുവൻ പിണ്ഡവുമെടുത്തുള്ള കണക്കുകൂട്ടലിൽ ഈ കെപ്ലേറിയൻ ബലതന്ത്രം പാലിക്കപ്പെടുന്നില്ലെന്നു കാണാം. അങ്ങനെയാണു ആകാശഗംഗയുടെ മദ്ധ്യത്തിൽ സൂര്യനേക്കാൾ 40 ലക്ഷം മടങ്ങ് പിണ്ഡമുള്ള ഒരു തമോദ്വാരം (Sagittarius A*) കാണുന്നുണ്ടെന്ന് അനുമാനിക്കേണ്ടി വന്നത്.

പിന്നീടുള്ള നിരീക്ഷണങ്ങളിൽ ഇതു ശരിയാണെന്നു കാണിക്കുന്ന തെളിവുകൾ കണ്ടെത്തിയിട്ടുമുണ്ട് . (പ്രകാശം ഉത്സർജ്ജിക്കാത്തതിനാൽ നേരിട്ട് തമോദ്വാരത്തെ‌ നിരീക്ഷിക്കാൻ കഴിയില്ലെങ്കിലും തമോദ്വാരത്തിന്റെ ഉൾവലിവിൽപെട്ടുപോയ നക്ഷത്രങ്ങളുടെയും മറ്റു ധൂളീപടലങ്ങളുടെയും ചലനത്തിൽ നിന്നും അതിന്റെ സാന്നിദ്ധ്യം മനസ്സിലാക്കാം. ഇവന്റ് ഹൊറൈസൺ ടെലസ്കോപ് കഴിഞ്ഞ കൊല്ലമെടുത്ത ഇതിന്റെ ചിത്രങ്ങൾ ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളൂ.

ഇനി ആകാശഗംഗയ്ക്ക് ഏറ്റവുമടുത്തുള്ള ആൻഡ്രോമീഡ താരാപഥത്തിന്റെ കാര്യമെടുക്കാം. (25 ലക്ഷം പ്രകാശവർഷം അകലെയുള്ള ആൻഡ്രോമീഡ വളരെവേഗം ആകാശഗംഗയ്ക്ക് അടുത്തേക്കു വന്നുകൊണ്ടിരിക്കുകയാണ്. 450 കോടി വർഷത്തിനപ്പുറം രണ്ടും ഒരുമിച്ചുചേർന്നു പുതിയൊരു അണ്ഡാകാര ഗാലക്സിയുണ്ടാകുമെന്നാണു നിരീക്ഷകമതം ). ആൻഡ്രോമീഡയും ആകാശഗംഗയുമൊഴിച്ചാൽ നാമടങ്ങുന്ന ലോക്കൽഗ്രൂപ്പിലെ‌ മറ്റു താരാപഥങ്ങളെല്ലാം താരതമ്യേന ഇത്തിരിക്കുഞ്ഞന്മാരാണ്. ആൻഡ്രോമീഡയുടെ കാര്യത്തിലും കെപ്ലേറിയൻ ബലതന്ത്രം ചെറിയൊരു അസ്കിത കാണിക്കുന്നുണ്ട്. ഇവിടെ ദൃശ്യമായ പിണ്ഡങ്ങളിൽ നിന്നും ഉരുവായേക്കാവുന്ന ബലം മുഴുവനെടുത്തു കണക്കുകൂട്ടിയാലും താരാപഥത്തിലെ നക്ഷത്രങ്ങളെ അതാതിന്റെ ഭ്രമണപഥത്തിലുറപ്പിക്കാനുള്ള അഭികേന്ദ്രബലമാകുന്നില്ലെന്നു കാണാം. സൗരയൂഥത്തിന്റെ കാര്യമെടുത്താൽ സൂര്യനിൽ നിന്നും അകന്നുപോകുമ്പോൾ ഗുരുത്വാകർഷണത്തിനുണ്ടാകുന്ന കുറവിനനുസൃതമായി (ന്യൂട്ടന്റെ സമവാക്യത്തിൽ ദൂരത്തിന്റെ രണ്ടാം കൃതിയ്ക്ക് പ്രതിലോമമായാണു ബലം അനുഭവപ്പെടുക) ഗ്രഹത്തിന്റെ ഭ്രമണപ്രവേഗം കുറയുന്നതായി കാണാം. ബുധനു 47.87 കിമീ/സെക്കന്റും ഭൂമിയ്ക്ക് 29.78 കി.മീ/സെക്കന്റും നെപ്റ്റ്യൂണിനു 5.47 കി.മീ/സെക്കന്റുമാണു പ്രവേഗം. എന്നാൽ ആൻഡ്രോമീഡയുടെ കാര്യത്തിൽ ഇതല്ല സംഭവിക്കുന്നത്. ഇതിലെ നക്ഷത്രങ്ങളുടെ പ്രവേഗവും കേന്ദ്രത്തിൽ നിന്നുള്ള ദൂരവും തമ്മിലുള്ള ഗ്രാഫിനു (Rotation Curve)ഏതാണ്ട് പരന്ന പ്രതലമാണ്. അതായത്,
മനുഷ്യനു ഗോചരമല്ലാത്ത മറ്റെന്തോ ബലം നക്ഷത്രത്തെ അതിന്റെ ഭ്രമണപഥത്തിലുറപ്പിക്കാൻ സഹായിക്കുന്നു. ഈ ഗുരുത്വബലം നൽകുന്ന പദാർഥത്തെ തമോദ്രവ്യം അഥവാ ശ്യാമദ്രവ്യം (Dark Matter) എന്നു വിളിക്കാം.

ശ്യാമദ്രവ്യം

ബാരിയോണിക് (മൂന്നു ക്വാർക്കുകളുള്ള കണങ്ങൾ – പ്രോട്ടോൺ, ന്യൂട്രോൺ മുതലായവ) അല്ലാത്ത, ഇതുവരെ കണ്ടുപിടിയ്ക്കപ്പെട്ടിട്ടില്ലാത്ത ഏതോ കണത്താലാണ് ഇതിന്റെ നിർമിതി എന്നാണ് നിലവിലുള്ള അനുമാനം. (വീക്ക്ലി ഇന്ററാക്ടിങ് മാസ്സിവ് പാർട്ടിക്കിൾസ് -WIMPs എന്ന സാങ്കല്പിക കണത്തിനാലാണു തമോദ്രവ്യത്തിന്റെ അടിസ്ഥാന നിർമ്മിതി എന്നു ചിലർ കരുതുന്നു.) പ്രപഞ്ചനിരീക്ഷണത്തിനു പൊതുവേയുപയോഗിക്കുന്ന വൈദ്യുതകാന്തികതരംഗങ്ങളുമായി പ്രതിപ്രവർത്തിക്കാത്തതിനാലാണ് ഇവയിപ്പോഴും നിഗൂഢതയിൽ കഴിയുന്നത്. ചുരുക്കത്തിൽ താരാപഥകേന്ദ്രത്തിനു ചുറ്റും, കേന്ദ്രത്തിൽ നിന്നും വേർപെടുംതോറും സാന്ദ്രത കുറഞ്ഞു വരത്തക്കവണ്ണം നൂറു കണക്കിനു പ്രകാശവർഷം മാത്രം ദൂരത്തിലാണു ദൃശ്യപിണ്ഡം ക്രമീകരിക്കപ്പെട്ടിട്ടുള്ളതെങ്കിൽ തമോദ്രവ്യം ഏതാണ്ട് ഒരേ നിരക്കിൽ ആയിരക്കണക്കിനു പ്രകാശവർഷം അകലെവരെ വിന്യസിക്കപ്പെട്ടിരിക്കുന്നു. . പ്രപഞ്ചത്തിലെ ആകെ ദ്രവ്യത്തിന്റെ ഏതാണ്ട് 80 ശതമാനത്തോളവും ഊർജസാന്ദ്രതയുടെ 25 ശതമാനത്തോളവും തമോദ്രവ്യമാണെന്നു കണക്കാക്കപ്പെടുന്നു.

പ്രപഞ്ചത്തിലെ പല താരാപഥങ്ങളിലും ആവശ്യത്തിന് തമോദ്രവ്യം ഇല്ലെങ്കിൽ അവയിലെ നക്ഷത്രങ്ങൾ കേന്ദ്രത്തെ ചുറ്റി സഞ്ചരിയ്ക്കാതെ അകന്നു പോയേനെ. പല താരാപഥങ്ങളും രൂപം കൊള്ളുകപോലും ഇല്ലായിരുന്നു. ഗ്രാവിറ്റേഷണൽ ലെൻസിങിന്റെ നിരീക്ഷണങ്ങളാണ് തമോദ്രവ്യത്തിന്റെ സാന്നിധ്യം കാണിയ്ക്കുന്ന മറ്റൊരു തെളിവ്. പ്രപഞ്ചത്തിലെ പശ്ചാത്തലവികിരണം, ദൃശ്യപ്രപഞ്ചത്തിന്റെ ഘടനയെക്കുറിച്ചുള്ള നിരീക്ഷണങ്ങൾ, ഗാലക്സികളുടെ രൂപീകരണവും പരിണാമവും, ഗാലക്സികളുടെ കൂട്ടിമുട്ടലുകൾ, താരാപഥവ്യൂഹങ്ങൾക്കുള്ളിലെ താരാപഥങ്ങളുടെ ചലനങ്ങൾ തുടങ്ങിയവയൊക്കെ തമോദ്രവ്യത്തിന്റെ സാന്നിധ്യം വെളിവാക്കുന്ന മറ്റു തെളിവുകളാണ്.

ഇതുവരെ കണ്ടെത്താനാകാത്ത ഒരു മൗലികകണമാണ് തമോദ്രവ്യത്തിന്റെ അടിസ്ഥാന ബിൽഡിംഗ് ബ്ലോക്കുകൾ എന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം. പരമാണു ഭൗതികത്തിലെ ഇന്നത്തെ ഒരു സുപ്രധാന ഗവേഷണം ഈ കണത്തെ കണ്ടുപിടിയ്ക്കാനാണ്.

പ്രപഞ്ചത്തിന്റെ വികാസം

ഭൂമിയിലും ആകാശത്തുമുള്ള നിരവധി ടെലസ്കോപ്പുകളിലൂടെ പതിറ്റാണ്ടുകളായി നാം പ്രപഞ്ചത്തെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണു്. ഹബിളും ചന്ദ്രയും കോംപ്റ്റണും സ്പിറ്റ്സറുമെല്ലാം വിവിധ തരംഗദൈർഘ്യത്തിലുള്ള പ്രപഞ്ചത്തെ കൺകുളിർക്കെ കാണുന്നു. ഇവയിൽനിന്നൊക്കെ കിട്ടുന്ന വിവരമനുസരിച്ച് പ്രപഞ്ചത്തിലെങ്ങോട്ട് തലതിരിച്ചു വച്ചാലും കാണുന്നതെല്ലാം ഒരേ തരമാണ്. എല്ലായിടത്തും ഏതാണ്ട് ഒരേതരം താരാപഥങ്ങൾ, ക്ലസ്റ്ററുകൾ, സൂപ്പർക്ലസ്റ്ററുകൾ.. (തീർച്ചയായും ഗുരുത്വത്തിന്റെ ഏറ്റക്കുറച്ചിൽ മൂലം പ്രാദേശികമായ വ്യത്യാസങ്ങൾ ഉണ്ടാകും) പ്രപഞ്ചത്തിൽ പിണ്ഡം ഏതാണ്ട് ഒരേ അളവിൽ വിതരണം ചെയ്യപ്പെട്ടിരിക്കുന്നുവെന്നർത്ഥം.

ilc_9yr_moll4096

9 വര്‍ഷത്തെ മൈക്രോവേവ് നിരീക്ഷണ ഡാറ്റകൊണ്ട് നിര്‍മ്മിച്ച പ്രപഞ്ചചിത്രം | കടപ്പാട്- വിക്കിമീഡിയ കോമണ്‍സ്

ഇനി ഈ ടെലസ്കോപ്പുകളുപയോഗിച്ച് നാം വിദൂരതയിലേക്കു കൺനീട്ടിയെന്നിരിക്കട്ടെ, പരമാവധി ദൂരത്തു കാണാവുന്ന ഒരു ചുവന്ന പൊട്ട്, 1320 കോടി പ്രകാശവർഷത്തിനപ്പുറത്തുള്ളതാണ്‌. (ചുവപ്പു നിറത്തിനു കാരണം ചുവപ്പുനീക്കം – Red shift എന്ന പ്രതിഭാസമാണു്. അകന്നു പോകുന്ന പ്രകാശസ്രോതസിൽ നിന്നും വരുന്ന പ്രകാശം ഡോപ്ലർ പ്രഭാവത്തിനു വിധേയമായി ആവൃത്തി കുറയുന്നതായി അനുഭവപ്പെടും) നാസയുടെ സ്വിഫ്റ്റ് ടെലിസ്കോപ്പിലൂടെ കണ്ട GRB 090429B എന്നറിയപ്പെടുന്ന ഗാമാ റേ ബർസ്റ്റ് പ്രപഞ്ചോത്ഭവത്തിന്റെ 96% കാലത്തോളമായി നമ്മൾക്കടുത്തേക്ക് സഞ്ചരിക്കുകയാണു്. (ഇന്നിത് നമ്മളിൽ നിന്നും മൂവായിരം കോടി പ്രകാശവർഷം അകലെയാകാമെന്നു കണക്കുകൂട്ടുന്നു) ഈ നക്ഷത്രത്തിനപ്പുറത്തേക്കു നോക്കിയാൽ ഒന്നും കാണാൻ കഴിയുന്നില്ല (സാങ്കേതികപരിമിതിയല്ല, നക്ഷത്രങ്ങൾ ഇല്ലാത്തതിനാലാണ് )

മഹാവിസ്ഫോടനവും പ്രപഞ്ചത്തിന്റെ വികാസവും | കടപ്പാട്- വിക്കിമീഡിയ കോമണ്‍സ്

മഹാവിസ്ഫോടനവും പ്രപഞ്ചത്തിന്റെ വികാസവും | കടപ്പാട്- വിക്കിമീഡിയ കോമണ്‍സ്

ബിഗ്ബാങ്ങിനു ശേഷം പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുകയാണെന്നു കേട്ടിരിക്കും. (ആപേക്ഷികസിദ്ധാന്തപ്രകാരം സ്പേസ് വളയാം, ചുരുങ്ങാം, വലുതാകാം) തുടക്കത്തിൽ ചെറുതും തപ്തവുമായ അവസ്ഥയിലായിരുന്നെങ്കിൽ വലുതാകുന്നതിനനുസരിച്ച് ഊർജ്ജസാന്ദ്രത കുറയുന്നതിനാലും പ്രകാശം ഉത്സർജിക്കുന്നതിനാലും പ്രപഞ്ചം തണുത്തുകൊണ്ടിരിക്കുന്നു. ചൂടായിരുന്ന പ്രപഞ്ചം പുറത്തുവിട്ട വൈദ്യുതകാന്തികതരംഗം (പ്ലാങ്കിന്റെ നിയമമാണു ബ്ലാക് ബോഡി റേഡിയഷന്റെ ആവൃത്തി അഥവാ ഊർജ്ജം കണ്ടെത്താനുപയോഗിക്കുക) കാലാന്തരത്തിൽ പ്രപഞ്ചത്തിനൊപ്പം വലിച്ചു നീട്ടപ്പെട്ട്, തരംഗദൈർഘ്യം കൂടി, റേഡിയോ തരംഗമായി മാറി നമുക്കു ചുറ്റും സഞ്ചരിക്കുന്നു. പ്രപഞ്ചത്തിലെല്ലായിടത്തു നിന്നും എത്തുന്ന ഈ കോസ്മിക് മൈക്രോവേവ് ബാക്ഗ്രൗണ്ടുകളുടെ നിരക്ക് ഒരേപോലെയാണെന്നത് പ്രപഞ്ചത്തിന്റെ സമദൈശികതയെ വിശദീകരിക്കുന്നു. ഇതിൽ നിന്നും പ്രപഞ്ചത്തിന്റെ ശരാശരി താപനില 3.5 കെൽവിൻ ആണെന്നും കണക്കുകൂട്ടാം. (1964ൽ അർണോ പെൻസിയാസും റോബർട്ട് വിൽസണും ചേർന്ന് കോസ്മിക് ബാക്ഗ്രൗണ്ടിനെ ആകസ്മികമായി കണ്ടെത്തിയ കഥ രസകരമാണ് . ബെൽ ലാബൊറട്ടറീസിനു വേണ്ടി ഒരുക്കിയ ആന്റിനയിൽ വന്നു പതിക്കുന്ന നോയിസുകൾ ശരിക്കും അവരെ കുഴക്കി. പിന്നീട് സമീപപ്രദേശങ്ങളിലെ ആന്റിനകൾ/ട്രാൻസ്മിറ്ററുകൾ എല്ലാം ഓഫാക്കി ശ്രമിച്ചു നോക്കി. എന്നിട്ടും നോയിസ് തുടർന്നു. മാത്രമല്ല, ഏതു ദിക്കിലേക്ക് ആന്റിന തിരിച്ചു വച്ചാലും നോയിസ് കാണും. ഒടുവിൽ അഭൗമികമായ ഈ റേഡിയേഷന്റെ കണ്ടെത്തലിൽ രണ്ടാളും 78ൽ നോബൽ പുരസ്കാരത്തിനർഹരായി. സ്ഥിരസ്ഥിതി സിദ്ധാന്തത്തിനെതിരായി ബിഗ്‌ബാങ്ങിനു തെളിവാകുകയും ചെയ്തു)

ന്യൂജേഴ്സിയില്‍ സ്ഥാപിച്ചിട്ടുള്ള ഹോള്‍മെല്‍ ഹോണ്‍ ആന്റിന | കടപ്പാട്- വിക്കിമീഡിയ കോമണ്‍സ്

ന്യൂജേഴ്സിയില്‍ സ്ഥാപിച്ചിട്ടുള്ള ഹോള്‍മെല്‍ ഹോണ്‍ ആന്റിന | കടപ്പാട്- വിക്കിമീഡിയ കോമണ്‍സ്

ബിഗ് ബാങ്ങിലൂടെയുണ്ടായ തള്ളൽ മൂലമാണല്ലോ പ്രപഞ്ചം വികസിക്കുന്നത്. ഈ തള്ളലിന്റെ
ബലം F = ma
ബിഗ് ബാങിന്റെ തുടക്കത്തിലുള്ള പിണ്ഡം M, ഇതുവരെയുള്ള തള്ളൽ മൂലം R ആരമുള്ള ഒരു വൃത്തമുണ്ടായെന്നു സങ്കല്പിച്ചാൽ
തിരികെയുള്ള ഗുരുത്വം‌, F = -GMm/R²
a = d² (R)/ dt²
d² (R)/ dt² = – GM/R²
അങ്ങനെ ഈ വികസിക്കലിനു സമയത്തിന്റെ ചരവുമായി ബന്ധമില്ലെന്നു കാണാം.

പ്രപഞ്ചത്തിന്റെ അവസാനം

അങ്ങിനെയാകുമ്പോൾ പ്രപഞ്ചത്തിന്റെ അന്ത്യവിധിക്കു(Ultimate fate of the Universe) മൂന്നു സാധ്യതകളാണു മുന്നോട്ടു വയ്ക്കാനുള്ളതു്.

  1. ആവശ്യത്തിനു ദ്രവ്യമാനമുള്ളപ്പോൾ – ഗുരുത്വാകർഷണം മൂലം വികസിക്കൽ നിൽക്കുകയും പ്രപഞ്ചം ചുരുങ്ങിയൊടുങ്ങുകയും ചെയ്യൽ.
  2. ആവശ്യത്തിനു ദ്രവ്യമാനമില്ലെങ്കിൽ, ഗുരുത്വത്തെ തള്ളൽ കവച്ചുവയ്ക്കുകയും, വികസിക്കൽ അനന്തമായി തുടരുകയും ചെയ്യാം.
  3. രണ്ടു ബലവുമേതാണ്ട് തുല്യമാകുമ്പോൾ വികസിക്കൽ പതിയെയായി പതിയെയായി ഒടുവിൽ പ്രപഞ്ചം ഒരു സ്ഥിരസ്ഥിതിയിലേക്കു മാറുകയും ചെയ്യൽ.

ഇരുണ്ട ഊര്‍ജ്ജം

പ്രപഞ്ചത്തിന്റെ വികസിക്കലിന്റെ തോത് കൂടിക്കൂടി വരുന്നു എന്ന അത്ഭുത കണ്ടെത്തലാണ് സമീപകാലത്തുണ്ടായത്. ഇത് മുൻ നിഗമനങ്ങളെയെല്ലാം അസാധുവാക്കുന്നു. പ്രപഞ്ചത്തെ ഏതോ ഒരദൃശ്യ ശക്തി തള്ളിവീർപ്പിക്കുന്നു എന്നാണിത് സൂചിപ്പിക്കുന്നത്. ഇരുണ്ട ഊർജം (dark energy) ആണത്രേ ഇതിനു കാരണം.

ഇരുണ്ട ഊര്‍ജ്ജവും ഇരുണ്ടദ്രവ്യവും പ്രപഞ്ചത്തില്‍ കാണപ്പെടുന്ന സാധാരണ ദ്രവ്യവും | കടപ്പാട്- വിക്കിമീഡിയ കോമണ്‍സ്

ഇരുണ്ട ഊര്‍ജ്ജവും ഇരുണ്ടദ്രവ്യവും പ്രപഞ്ചത്തില്‍ കാണപ്പെടുന്ന സാധാരണ ദ്രവ്യവും | കടപ്പാട്- വിക്കിമീഡിയ കോമണ്‍സ്

തമോർജ്ജത്തിന്റെ സ്വഭാവം ഇപ്പോഴും ഒരു തർക്കവിഷയമാണ്. ഏകജാതീയമായ ഈ ഊർജ്ജരൂപത്തിന്റെ സാന്ദ്രത വളരെക്കുറവാണ്-ഏകദേശം 10−29ഗ്രാം പ്രതി ഘനസെന്റിമീറ്റർ. അതുകൊണ്ടുതന്നെ ഇത് പരീക്ഷണശാലയിൽ കണ്ടുപിടിക്കുവാൻ പ്രയാസമാണ്. തമോഊർജ്ജത്തിന്റെ രണ്ടു പ്രധാനമാതൃകകൾ-കോസ്മോളജിക്കൽ സ്ഥിരാങ്കവും ക്വിന്റെസ്സെൻസ് മാതൃകയും-തമോഊർജ്ജത്തിന്റെ മർദ്ദം നെഗറ്റീവ് ആണെന്ന് അനുമാനിക്കുന്നു. തമോ ഊർജ്ജത്തിൻറെ സ്വഭാവവും പ്രത്യേകതകളും കൃത്യമായി നിർണയിക്കുക എന്നത് ഭൗതിക ശാസ്ത്രത്തിലെയും പ്രപഞ്ച വിജ്ഞാനീയത്തിലെയും ഇന്നുള്ള ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ്.

ഇരുണ്ട പദാർഥത്തെയും ഇരുണ്ട ഊർജത്തെയും അതുപോലെ പ്രപഞ്ചത്തിന്റെ ഭാവിയും നാം അടുത്തറിയാൻ ഇരിക്കുന്നേയുള്ളൂ. കൂടുതല്‍ പുതിയ സിദ്ധാന്തങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും അത്ഭുതങ്ങള്‍ക്കുമായി നമുക്ക് കാത്തിരിക്കാം.

ഈശാവാസ്യോപനിഷത്ത് – പരിഭാഷ

മുൻപെപ്പോഴോ തുടങ്ങിവച്ചതാണു്. വലിപ്പത്തിൽ ചെറുതായതിനാൽ (18 ശ്ലോകങ്ങളേയുള്ളൂവെന്നു കണ്ട്) കൈവച്ചതാണു്. പക്ഷേ എന്തോ പിന്നിരുന്നു തീർക്കാൻ പറ്റിയില്ല. എന്നേലും തീർക്കുമെന്ന പ്രതീക്ഷയിൽ ഇവിടിടുന്നു.

ഈശാവാസ്യോപനിഷത്ത്:
ശങ്കരൻ വ്യാഖ്യാനം ചമച്ച ദശോപനിഷത്തിൽ ഒന്നു്. യജുർവേദസംഹിതയുടെ ഭാഗമാണു ഇവയിലെ പദ്യങ്ങൾ. 18 വരികൾ മാത്രമുള്ള (ഇതിലും ചെറുതായ് മാണ്ഡൂക്യം മാത്രം) ഉപനിഷത്ത് നാലു ഘട്ടമായി സംക്രമിക്കുന്നു. ‘ഈശാവാസ്യമിദം സർവ്വം‘ എന്നു തുടങ്ങുന്നതിനാലാണു് ഈ പേരു ലഭിച്ചതു്.

പരിഭാഷ:

ശാന്തിമന്ത്രം:
അതും നിറവ്, ഇതും നിറവ്.
നിറവിന്മേൽ വിളവു നിറവൊക്കെയും.
നിറവിൽനിന്നൊട്ട് നിറവെടുപ്പെന്നാൽ, നിറവുതാനവശേഷിപ്പതും.
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ

ഈശോപനിഷത്ത്:
ഇരുപ്പുണ്ടേനവനിക്കണ്ട
ചരാചരമൂലത്തിലൊക്കെയും. വരമതിലുൾകൊണ്ടുയിർമേയണം, ആസ്തിക്കാർത്തിയൊലാ. (൧)

ഞാലത്തിങ്കലുള്ളൊരുനൂറാണ്ടും
നൽവേലയിലുൾ പായണം, ഇല്ല
വഴിവേറൊന്നും, മനിതനിതെന്നാൽ
പാപമേശയില്ല പോൽ. (൨)

സയൻസ്‌ സ്തോത്രം

തിരക്കൊഴിഞ്ഞ കഴിഞ്ഞ കുറച്ചുദിവസങ്ങളിൽ കോസ്മോളജിയുടെ പുറകേയായിരുന്നു. അതിന്റെ ഹാങ്ങോവറിലാണു സഹോദരൻ അയ്യപ്പന്റെ ‘സയൻസ് ദശകം’ പോലൊരു സ്തോത്രകൃതി പടയ്ക്കണമെന്നൊരു ചിന്ത തലയിൽകേറിയതു്.

സയൻസ് ദശകം:
നാരായണഗുരുവിന്റെ ‘ദൈവദശകം’ പുറത്തുവന്നതിന്റെ ചുവടുപിടിച്ചാണു ശിഷ്യനായ സഹോദരന്‍ അയ്യപ്പന്‍ ‘സയന്‍സ് ദശകം’ എഴുതിയതു്. 1916-ലാണിതു പുസ്തകരൂപത്തില്‍ പുറത്തിറങ്ങുന്നതു്. ഗുരുവിന്റെ ദൈവസങ്കല്‍പ്പത്തില്‍നിന്ന് മാറി ശാസ്ത്രത്തിനാണു് ഇതിൽ അയ്യപ്പൻ പ്രണാമം അര്‍പ്പിക്കുന്നതു്.
കോടി സൂര്യനുദിച്ചാലു-
മൊഴിയാത്തൊരു കൂരിരുള്‍
തുരന്നു സത്യം കാണിക്കും
സയന്‍സിന്നു തൊഴുന്നു ഞാന്‍” – എന്നാണു കൃതിയുടെ ആരംഭം.

സയൻസ്‌സ്തോത്രം:

അതീന്ദ്രിയസർവസം അപി മാനകനിബദ്ധം
സമവാക്യസ്വരൂപം, ബൃഹദ്‌സ്ഫോടനോദ്ഗമം
കണ-തരംഗ ശുക്ല-ശ്യാമ ദ്രവ്യാദ്രവ്യ വികല്പം
യത് സർവ്വകാരക ശാസ്ത്രോമഭി പൂജയിതവ്യം

ഗീതാഗോവിന്ദം – പരിഭാഷ

ജയദേവവിരചിത അഷ്ടപദി, നാലാം സർഗ്ഗം ഒൻപതാമതു പദത്തിന്റെ പരിഭാഷ.

സന്ദർഭം

രാധയോടുള്ള പ്രേമാധിക്യത്താൽ എന്താണിനി ചെയ്യേണ്ടതെന്നു നിശ്ചയമില്ലാതെ ദുഃഖിച്ചു കാളിന്ദീതീരത്തെ വള്ളിക്കുടിലിൽ യാതൊരുത്സാഹവുമില്ലാതിരിക്കുന്ന കൃഷ്ണനോട് രാധയുടെ വിരഹപീഢകൾ സഖി വർണ്ണിക്കുന്ന ഭാഗം.

പരിഭാഷ

കൃഷ്ണാ, നിൻ വിരഹാൽ രാധിക

നൽമാറിലോലുന്ന ചേണുറ്റമാലയും
ചാലേമെലിഞ്ഞൊരാ രാധയ്ക്കങ്ങാശിയായ്.
തെല്ലായ് മിനുങ്ങിയ ചന്ദനച്ചാർത്തിനേം
വല്ലാതെ ഭാവിച്ചു കാളകൂടം പോലെ.
ഇച്ഛയെപേറീട്ടും അതിതാപം പൂണ്ടിട്ടും
ഉച്ഛ്വാസധാരയങ്ങേറെ നെടിയതായ്.
ദിഗ്‌യാനം ചെയ്യുന്നൊരീറനാം കൺകളോ
തണ്ടറ്റൊരണ്ടലർ തേമലർ മാതിരി.
കണ്മുമ്പിൽ കാൺപൊരു കോമളകോസടി
കാണ്മിതു കത്തുന്നൊരഗ്നിക്കങ്ങൊപ്പമായ്
കൈകളാൽ താങ്ങിയൊരോലകപോലം
വൈകുന്നനേരത്തെ തിങ്കൾപോൽ നിശ്ചലം
കേശവബാലനെ കാമിച്ചു, ചിന്തിച്ചു, ജീവ-
നാശത്തിനൊപ്പമേ വേറിനാൽ നീറുന്നു.
ശ്രീജയദേവരാൽ വർണ്ണിച്ചൊരീഗീതം
ഭജിച്ചിട്ടട്ടെ, ശ്രീകൃഷ്ണപാദാർപ്പിതം.

പിൻകുറിപ്പ്:

കുഞ്ചൻ നമ്പ്യാരുടെ നളചരിതം കിളിപ്പാട്ടിൽ സമാനമായൊരു രംഗം കാണാം. ദൂതനായി പോകുന്ന ഹംസം ദമയന്തിയോട് നളൻ അനുഭവിക്കുന്ന വിരഹം പറയുന്നതിപ്രകാരമാണു്.
“…കളമൊഴി നിന്നുടെ ചരിതം കേട്ടിഹ പൊളിയല്ലരചൻ പരവശനായി.
കാമശരാർത്തി പിടിച്ചു ദഹിച്ചൊരു കോമളതനുവാം നളനരപാലൻ
താമരയിലകൾ വിരിച്ചുശയിച്ചഥ ഭൂമിയിലനിശമുറങ്ങീടുന്നു.
മടുമലർ പരിമളമേൽക്കുന്നേരം കിടുകിടെ മേനി വിറച്ചീടുന്നു.
ഉടലിൽ ചന്ദനമണിയുന്നേരം ചുടുകനലെന്നവനോർത്തീടുന്നു.
ശശിയുടെ കാന്തികളാന്തിവരുമ്പോൾ വിശറിയെടുത്തഥ വീശീടുന്നു.
ആശ്രയനിധിയാം സുന്ദരനൃപനെ, ശശിവദനേ നീ ഓർത്തീടേണം.”

യമകം, രണ്ടു പരീക്ഷണങ്ങൾ

കവിതയിൽ ശബ്ദാലങ്കാരത്തിന്റെ കട്ടഫാനാണു ഞാൻ. അതിന്റെ ഭംഗി അറിയണമെങ്കിൽ പാടിക്കേട്ടങ്കിലേ മനസ്സിലാകൂ എന്നാണെന്റെ പക്ഷം. കോട്ടയത്തു തമ്പുരാന്റെ കിർമ്മീരവധത്തിലെ ‘മാധവ ജയശൗരേ‘ (നാട്ടക്കുറിഞ്ഞി) എന്ന പദം വ്യഞ്ജനത്തിന്റെ ആവർത്തനം കൊണ്ടു നാവിൽ കിടന്നു കളിക്കാൻ തുടങ്ങിയിട്ട് കുറച്ചു ദിവസമായി. അങ്ങനെയാണ് ഒരു ശബ്ദാലങ്കാരമൊന്ന് പരീക്ഷിക്കാൻ തോന്നിയത്. എന്നാൽ യമകം തന്നെ പിടിക്കാമെന്നു കരുതി.

 

യമകം:

നാട്യശാസ്ത്രത്തിന്റെ കാലം മുതൽക്കേ യമകം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. വാസ്തവത്തിൽ അതിൽ ഉപമ, രൂപകം, ദീപകം, യമകം എന്നിങ്ങനെ നാല് അലങ്കാരങ്ങൾ മാത്രമേ വിവേചനം ചെയ്യപ്പെട്ടിരുന്നുള്ളു. ദണ്ഡിയുടെ കാവ്യാദർശം, ഉദ്ഭടന്റെ കാവ്യാലങ്കാരസംഗ്രഹം, വാമനാചാര്യയുടെ കാവ്യാലങ്കാര സൂത്രവൃത്തി എന്നിവയിൽ യമകം പരാമർശിക്കപ്പെട്ടിട്ടുണ്ടു്.

ഒരു കവിതയിലോ ശ്ലോകത്തിലോ ഏതെങ്കിലും വാക്കുകൾ വീണ്ടും ആവർത്തിച്ച് ഉപയോഗിക്കുന്ന രീതിയാണ് യമകം. അക്ഷരക്കൂട്ടങ്ങൾ ഓരോയിടത്തും ഓരോ അർത്ഥത്തിലാവും പ്രയോഗം.

“അക്ഷരക്കൂട്ടമൊന്നായിട്ടർഥം ഭേദിച്ചിടും പടി
ആവർത്തിച്ചു കഥിച്ചീടിൽ യമകം പലമാതിരി” – എന്നു ലക്ഷണം

“മാലതീ മലർ ചേർന്നോരു
മാല തീജ്വാലയെന്നപോൽ
മാലതീയിവനേകുന്നു
മാലതീതുല്യയെങ്ങു നീ.” – എന്നൊരു പദ്യം യമകത്തിന്റെ ഉദാഹരണമായി നിരന്തരം ഉപയോഗിച്ചു കാണാറുണ്ട്.

“മതിമതി പതിയോടു പറവൂതും ചെയ്തു കാന്താ,
മതി മതി കദശന മതീവ മൂല്യം. മതിമതി” –
എന്ന കുചേലവൃത്തം വഞ്ചിപ്പാട്ടിലെ വരികളും പ്രസിദ്ധമാണ്

 

പരീക്ഷണങ്ങളിലേക്ക്:

“ചുടലക്കാളി ചുടുചുടെനോക്കി
ചുടുവട്ടത്തെ ചുടുക്കനെ ചുട്ടു.
ചുടുമാളത്തിൻ ചുടരാറവളാ.
ചുടലാടിതലപ്പിലെ ചുടരും,
ചുട്ടിപ്പൂവും, ചുടരൊളിയും നീ.”

 

വരികളിൽ 11 അക്ഷരങ്ങൾ വീതം – ത്രിഷ്ട്യുപ്പ്‌ എന്ന വൃത്തം.

“മാരകാഹളം കേട്ടിട്ടോ നീ ധൃതി
മാരകായുധം കൈവെടിഞ്ഞിപ്പൊഴേ
മാരകനുള്ളിൽ വേശിച്ചപോലിതാ
മാരമാൽപീഢ, വെന്തുനീറുന്നുവോ
മാരവക്ഷിതി നീണ്ട‌നാൾക്കിപ്പുറം
മാരിനാൾ ധീരൻ പുക്കിനവേളയിൽ
മാരിവില്ലും തെളിഞ്ഞു മാനത്തഹോ
മാരധനാശി വർഷിച്ചനന്തരം.”

നെറ്റ് നിക്ഷ്പക്ഷത ഒരെത്തിനോട്ടം

2015 ആഗസ്റ്റ്‌ മാസത്തിലെ ‘വിജ്ഞാനകൈരളി’ മാസികയ്ക്കുവേണ്ടി എഴുതിയതു്.

 

“സാധാരണ നിയമങ്ങളിൽ നിന്നും വ്യത്യസ്ഥമായി ഇന്റർ‌നെറ്റിനും അതുമായി ബന്ധപ്പെട്ട സോഫ്റ്‌വെയറുകൾക്കും ശിക്ഷിക്കാനുള്ള കഴിവില്ല. ഓൺലൈനിൽ ഇല്ലാത്ത ജനങ്ങളെയിതു യാതൊരു തരത്തിലും ബാധിക്കുകയുമില്ല. (അതും ലോക ജനസംഖ്യയുടെ ചെറിയൊരു ശതമാനം മാത്രം) ഇന്റർ‌നെറ്റ് വ്യവസ്ഥയോടു നിങ്ങൾക്കെപ്പോഴെങ്കിലും അവമതിപ്പു തോന്നുകയാണെങ്കിൽ മോഡം ഓഫാക്കുന്നതിലൂടെ അതിനു തിരശ്ശീല വീഴുന്നു”

1999-ൽ ലോറൻസ് ലെസിങ്ങിന്റെ ‘Code & the Other Laws of Cyber Space’ എന്ന പുസ്തകത്തിന്റെ അവലോകനത്തിൽ സാങ്കേതികവിദ്യാ എഴുത്തുകാരനായ ഡേവിഡ് പോഗ് കുറിച്ചിട്ട വാക്കുകളാണിത്. തൊണ്ണൂറ്റിയൊൻപതിൽ, അതായത് വെബ് 2.0യുടെ ഉദയത്തിനു മുൻപ് ഇതൊരു പരിധി വരെ ശരിയായിരിക്കാം. എന്നാലിന്ന് ഓൺലൈൻ ഇടങ്ങൾ അത്ര പരിചയമില്ലാത്ത, എന്നാൽ സാമൂഹ്യബന്ധമുള്ള ഏതൊരാൾക്കും ഇതിലെ പൊള്ളത്തരങ്ങൾ പെട്ടെന്നു തന്നെ മനസ്സിലാകും. ഇന്നു നിത്യജീവിതത്തിൽ എല്ലാ തുറകളിലും – വ്യാപാരവിനിമയങ്ങൾ മുതൽ ഭരണം വരെ, കൃത്യമായ സ്വാധീനം ചെലുത്തുന്ന ഇന്റർ‌നെറ്റിനെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹത്തായ കണ്ടുപിടുത്തമെന്നു വിശേഷിപ്പിക്കാം.

ലോകത്തിന്റെ പലഭാഗത്തുള്ള കമ്പ്യൂട്ടർ തമ്മിലുള്ള ബന്ധപ്പെടലിലൂടെ നിർമ്മിതമായ വികേന്ദ്രീകൃതമായ ഒരു ശൃംഖലയാണു് ഇന്റർ‌നെറ്റ്. സുതാര്യമായ മാനദണ്ഡങ്ങളിലൂടെയാണ് ഇവയിലൂടെയുള്ള ഡാറ്റയുടെ ഒഴുക്കിനെ നിയന്ത്രിക്കുന്നത്. ഉള്ളടക്കത്തിന്റെ പങ്കുവയ്ക്കലാണ് കമ്പ്യൂട്ടർ ശൃംഖലകളുടെ അടിസ്ഥാന ധർമ്മം. അറിവിന്റെയും, അതിന്റെ ആകെത്തുകയായി മാനുഷിക ബന്ധങ്ങളുടേയും ഉന്നമനവും ഇന്റർനെറ്റ് ലക്ഷ്യമിടുന്നു. വിർച്വൽ പൊതുവിടങ്ങൾ ഓരോ വ്യക്തികൾക്കുമായി അഭിപ്രായപ്രകടനത്തിനുള്ള വേദികൾ നിർമ്മിക്കുന്നു. ഇപ്രകാരം ഉരുത്തിരിയുന്ന നിഗമനങ്ങൾ സാമൂഹിക മാറ്റങ്ങൾക്ക് വഴിയിടുകയും ചെയ്യുന്നു. അറബ് വസന്തവും വാൾ‌സ്ട്രീറ്റ് പിടിച്ചെടുക്കലും പോലെയുള്ള ഹാഷ്‌ടാഗ് വിപ്ലവങ്ങൾ മുതൽ യുദ്ധങ്ങൾ വരെ സൈബറിടത്തേക്ക് പറിച്ചുനടപ്പെട്ടിരിക്കുന്നു.

നെറ്റ് നിഷ്പക്ഷത
അഭിപ്രായസ്വാതന്ത്ര്യത്തിന്റെ അവസാന തുരുത്തായ ഇന്റർ‌നെറ്റിന്റെ സാമൂഹികഉടമസ്ഥതയും ചോദ്യം ചെയ്യൽ ശേഷിയേയും കോർ‌പ്പറേറ്റുകളേയും ഭരണകൂടങ്ങളേയും വെറിപിടിപ്പിക്കുന്നുണ്ടെന്ന് സമ്മതിക്കേണ്ടിവരും. ഇന്റർ‌നെറ്റ് ഉള്ളടക്കത്തെ നിയന്ത്രിക്കാനായി മുമ്പോട്ട് വച്ച അമേരികയുടെ SOPA/PIPA നിയമങ്ങളും ചൈനയുടെ ഗ്രേറ്റ് വാളും ഇന്ത്യയുടെ 66/Aയുമെല്ലാം ഒരേ നാണയത്തിന്റെ വ്യത്യസ്ഥ മുഖങ്ങളാണ്. ബൗദ്ധികസ്വത്തവകാശ ആവലാതികളും സ്ഥിരമായി മുഴങ്ങിക്കേൾക്കാം. ഈ ഗണത്തിൽ പ്രത്യേക പരിഗണനയർഹിക്കുന്നതാണ് ഇന്റർ‌നെറ്റിന്റെ നിഷ്പക്ഷത തകർക്കാനുള്ള ശ്രമങ്ങൾ.

ഇന്റർ‌നെറ്റിൽ എല്ലാവർക്കും ഒരേ അവസരങ്ങളാണു നൽകുന്നത്. ഉള്ളടക്കത്തോട് സേവനദാതാവ് പൂർണ്ണമായും നിഷ്പക്ഷത കാട്ടുന്നതു മൂലം ആപ്ലിക്കേഷൻ/വെബ്‌സൈറ്റ് നിർമ്മാതാക്കൾക്കും (സെർവർ) സാധാ ഉപയോക്താവിനും വിവേചനരഹിതമായ ഉപയോഗക്ഷമത ഉറപ്പുവരുത്തുന്നു. ഇതു തന്നെയാണ് നെറ്റ് ന്യൂട്രാലിറ്റി അഥവാ ഇന്റർനെറ്റ് സമത്വത്തിന്റെ കാതൽ. കൊളമ്പിയൻ ലോ സ്കൂളിൽ പ്രഫസറായ ടിം വൂ (Tim Wu) ആണ് 2002ൽ നെറ്റ് ന്യൂട്രാലിറ്റി എന്ന പദം മുൻപോട്ടു വച്ചത്.

ഒരു ചെറിയ തുകമുടക്കിയാൽ ആർക്കും ഒരു വെബ്‌സൈറ്റ് തട്ടിക്കൂട്ടാം. ഈ വെബ്‌സൈറ്റിന്റെ ഉള്ളടക്കത്തേയും ഒരു കോർ‌പറേറ്റ് ഭീമന്റെയടുക്കൽ നിന്നും നിർമ്മിക്കുന്ന ബിറ്റിനേയും മുൻ‌വിധിയില്ലാതെ ഒരേ പോലെയായിരിക്കണം ശൃംഖലയിലെ റൂട്ടറുകൾ പരിഗണിക്കേണ്ടത്. (ചില പ്രത്യേക സാങ്കേതിക ആവശ്യങ്ങൾക്കായി പാക്കറ്റ് ലെവൽ മുൻ‌ഗണന ഉപയോഗിക്കുന്നുണ്ടെങ്കിൽ പോലും) ആദ്യമെത്തുന്നവ ആദ്യം (First Come First Serve) എന്ന നിലപാട് എടുക്കുന്നതിനാൽ സമത്വത്തോടൊപ്പം തന്നെ ശൃംഖലാഘടകങ്ങളുടെ പ്രവർത്തനങ്ങളെ പരമാവധി ലഘൂകരിക്കാനും കഴിഞ്ഞിട്ടുണ്ട്.  

ചുങ്കപ്പാതകൾ
ഡാറ്റാ പാക്കറ്റുകൾ ഒരു ദുർലഭവിഭവം (Scarce Resource) അല്ല. വോൾട്ടേജ് നില വച്ചിട്ടാണു ഒരു വിവരകണികയെ (ബിറ്റ്) രേഖപ്പെടുത്തുന്നത്. ഇതെത്രതവണ വേണമെങ്കിലും ആവർത്തിക്കാം എന്നതുകൊണ്ട് സാങ്കേതികമായി ബിറ്റുകളുടെ കൈയിരുപ്പ് ഏതാണ്ട് അനന്തമാണ്.  കൈമാറ്റനിരക്ക് മാത്രമാണിവിടെ ശ്രദ്ധിക്കേണ്ടത്. ഒരു സംവഹനമാദ്ധ്യമത്തിലൂടെ പരമാവധി എന്തുമാത്രം വിവരം കൈമാറ്റം ചെയ്യാമെന്നത് അതിന്റെ ചാലകശേഷി (ബാൻഡ്‌വിഡ്ത്ത്) എന്നു പറയാം. ഡാറ്റയുടെ കൈമാറ്റ നിരക്കിനനുസരിച്ച് ശേഷി വർദ്ധിക്കാത്തത് പലപ്പോഴും മാദ്ധ്യമത്തിനുള്ളിൽ തിരക്ക് അനുഭവപ്പെടാൻ കാരണമായേക്കും.

Backbone Campaign

ഒരേ വേഗതയിൽ ഒരേ പാതയിൽ സഞ്ചരിക്കുന്ന പാക്കറ്റുകളിൽ ചിലതിനു മാത്രമായി പ്രത്യേകം തിരക്കുകുറഞ്ഞ ചുങ്കപ്പാത ഒരുക്കുന്നത് സേവനദാതാക്കളുടെ ഒരു പ്രവണതയാണ്. അവരുമായി ഉടമ്പടിയിലേർപ്പെടുന്ന കമ്പനികളുടെ ഉള്ളടക്കം ഉപയോക്താക്കളിലേക്ക് പെട്ടെന്നു എത്തിച്ചേരുമ്പോൾ മറ്റുള്ളവയ്ക്ക് മനഃപൂർവമോ അല്ലാതെയോ കാലതാമസം ഏൽക്കും. സ്വാഭാവികമായും ഉപയോക്താക്കൾ ആദ്യം പറഞ്ഞവരിലേക്ക് അടുക്കുകയും, മറ്റുള്ളവർക്ക് വിപണിയിൽ നിന്നും പിന്മാറേണ്ടി വരികയും, അങ്ങനെ വിപണി കുത്തകവത്കരിക്കപ്പെടുകയും ചെയ്യും. സേവനദാതാക്കളുമായി കരാറിലേർപ്പെടാൻ സാമ്പത്തികസ്ഥിതിയും ആൾ‌ബലവുമില്ലാത്ത, എന്നാൽ അതിലും മെച്ചപ്പെട്ട സേവനങ്ങൾ നൽകുന്ന സ്വതന്ത്ര വിജ്ഞാന സങ്കേതങ്ങൾ, ചെറുകിടക്കാർ, സ്റ്റാർട്ടപ്പുകൾ എന്നിവർ പാർശ്വവത്കരിക്കുന്നത് സാങ്കേതികവിദ്യയുടെ ഉന്നമനത്തെ കാര്യമായി പിന്നോട്ടടിക്കും. ആമസോണിനു സിയാറ്റിലെ ഒരു മുറിയിൽ നിന്നും വാൾമാർട്ടിനെതിരെ പോരാടാൻ കഴിഞ്ഞതും, കാലിഫോർണിയയിലെ ഒരു ഗാരേജിൽ നിന്നും യാഹുവിനു ബദലായി ഗൂഗിൾ ഉയർന്നു വന്നതും, ഹർവാഡിലെ ഒരു ഹോസ്റ്റൽ മുറിയിൽ നിന്നും വന്ന ഫേസ്‌ബുക്കിനു മൈസ്പേസിൽ നിന്നും സാമൂഹ്യക്കൂട്ടായ്മാ വിപണി പിടിച്ചെടുക്കാനായതും ഇന്റർനെറ്റ് നിഷ്പക്ഷതയുടെ വെളിച്ചത്തിൽ നിന്നുകൊണ്ടായിരുന്നു.

സീറോ കോസ്റ്റ് പാക്കേജുകൾ
ഭാഷാപരമോ സാങ്കേതികപരമോ ആയ പ്രശ്നങ്ങൾ മൂലം ഒരു കൂട്ടം ജനത വിവരസാങ്കേതികവിദ്യയുടെ ഗുണങ്ങളിൽ നിന്നും ഒഴിവാക്കപ്പെടുന്നതിനെയാണ് ഡിജിറ്റൽ വിടവ് (Digital Divide) എന്നു പറയുന്നത്. ഉയർന്ന സേവന നിരക്ക്, താഴ്ന് വരുമാനം ഇവയുടെ ഫലമായി ഒരു നിഷ്പക്ഷ ഇന്റർനെറ്റ് ലഭ്യമാകാത്ത മൂന്നാം ലോകരാജ്യങ്ങളിലും വികസ്വര രാജ്യങ്ങളിലും അവതരിപ്പിച്ച പദ്ധതിയാണ് സീറൊ കോസ്റ്റ് പാക്കേജുകൾ. ഒരു പ്രത്യേക സേവനദാതാവ് ഒരു കൂട്ടം വെബ് സൈറ്റുകൾ സൗജന്യമായോ വളരെ താഴ്ന് നിരക്കിലോ ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്നു. മിക്കപ്പോഴും വെബ് ഭീമന്മാരായ ഫേസ്‌ബുക്ക്, ഗൂഗിൾ പോലുള്ള സേവനങ്ങളാണ് ഇപ്രകാരം ലഭിക്കുന്നത്. അവർ ഇന്റർനെറ്റ് സേവനദാതാവുമായി ഉണ്ടാക്കുന്ന പുറത്തറിയിക്കാത്ത ഉടമ്പടി വഴി നിയന്ത്രിക്കപ്പെടുന്ന ഇത്തരം പദ്ധതികൾക്ക് ഒരു ദാനകർമ്മപരിവേഷമാകും പുറത്തു നൽകുക. സൗജന്യമായതിനാൽ തന്നെ ജനപ്രീതി പെട്ടെന്നാകർഷിക്കാനും ഇവയ്ക്കാകും.  പദ്ധതിക്കു പുറത്തുള്ളവയ്ക്ക് തുക ഈടാക്കുമെന്നതുകൊണ്ട്  ഉപയോക്താക്കളായ ലക്ഷക്കണക്കിനു ജനങ്ങൾക്ക് കൂട്ടിലടയ്ക്കപ്പെട്ട ഒരു ഇന്റർനെറ്റ് അനുഭവമായിരിക്കും സീറോ കോസ്റ്റ് പാക്കേജുകൾ സമ്മാനിക്കുക.

വിലക്കുറഞ്ഞ, സാങ്കേതികപരമായി മെച്ചപ്പെട്ട, സ്വതന്ത്രമായ ഒരു നെറ്റ് സേവനം അവിടെയെത്തുന്നതിനെത്തന്നെ പതിറ്റാണ്ടുകൾക്കപ്പുറത്തേക്ക് മാറ്റി വയ്പ്പിക്കുവാൻ ഇത്തരം പദ്ധതികൾ കാരണമായേക്കാം. ഇപ്രകാരമുള്ള ഒരു സേവനത്തിൽ സ്വകാര്യതക്കുറവും സെൻസർഷിപ്പിന്റെ സാധ്യതയുമുള്ളതിനാൽ പ്രാദേശികമായ സംരംഭകത്വത്തേയും എത്തിക്കൽ ഹാക്കിങ്ങ് പ്രവണതകളേയും പ്രതീക്ഷിക്കേണ്ടതില്ല. അമേരിക്കയിൽ ആന്റിട്രസ്റ്റ് ആക്ടും ഇന്ത്യയിലെ കോമ്പറ്റീഷൻ ആക്ടുമൊക്കെ പ്രകാരം ഒരു വിപണി മേഖലയിലുള്ള ആധിപത്യം മറ്റൊരു മേഖലയിലെ മത്സരം ഒഴിവാക്കി മുൻഗണന നേടിയെടുക്കുന്നതിനായി ഉപയോഗിക്കപ്പെടുന്നത് നിയമപരമായി തെറ്റുമാണ്. സൗജന്യമായി ലഭ്യമാക്കുന്ന ഒരു കൂട്ടം വെബ്‌സൈറ്റുകളിൽ ഇന്റർനെറ്റിലെ സ്വതന്ത്രവിജ്ഞാനത്തിന്റെ ഒരു കണികയെ മാത്രമാകും രുചിക്കാനാകുക.

ഡിജിറ്റൽ വിടവിനെ പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം സംരംഭകർക്കിടയിൽ നല്ല രീതിയിലുള്ള മത്സരപ്രവണതയുണ്ടാകുകയെന്നതു തന്നെയാണ്. അന്താരാഷ്ട്ര ടെലികമ്യൂണിക്കേഷൻ യൂണിയൻ, ഓ.ഇ.സി.ഡി (Organisation for Economic Co-operation and Development) മുതലായവരും ഇതേ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്.  ജപാൻ, കാനഡ മുതലായ രാജ്യങ്ങളിൽ നിയമം വഴി തന്നെ ഓപൺ ആക്സസ് നയങ്ങൾ നടപ്പിൽ വരുത്തിയിട്ടുണ്ട്. സംരംഭകർ തമ്മിൽ ന്യായമായ നിലയിൽ അടിസ്ഥാന സൗകര്യങ്ങൾ പങ്കുവയ്കാനിത് ഇടവരുത്തുന്നു. ആസ്ത്രേലിയ, സ്വീഡൻ, സിംഗപ്പൂർ മുതലായിടങ്ങളിൽ നിർവ്വഹണപരമായി/ഘടനാപരമായി ടെലിസേവനദാതാക്കളെ പ്രബലർ, പൊതുനിരയിൽ ഉള്ളവർ എന്നിങ്ങനെ വേർതിരിച്ചിട്ടുണ്ട്. ദക്ഷിണ കൊറിയ, ഹോങ്കോങ്ങ് എന്നിടങ്ങളിൽ ഒരു ഓപൺ ആക്സസ് നയത്തിന്റെ അഭാവത്തിൽ തന്നെ പ്രാദേശികമായ പ്രത്യേകതകൾ കൊണ്ടോ, വിപണി ചട്ടങ്ങൾ മൂലമോ ഒരു നെറ്റ് സമത്വം രൂപപ്പെട്ടതായി കാണാം.

തട്ടു തിരിച്ച സേവനങ്ങൾ
ഇന്റർനെറ്റിലെ സേവനങ്ങളെ പല തട്ടായി തിരിച്ച് അവയ്ക്ക് പ്രത്യേകം പ്രത്യേകം പണമീടാക്കാനുള്ള ശ്രമമാണടുത്തത്. ഇന്റർനെറ്റിലൂടെ വിനിമയം ചെയ്യപ്പെടുന്നത് ഏത് തരം ഡാറ്റയാണെങ്കിലും, അക്ഷരങ്ങളോ, ചിത്രമോ, വിഡീയോയോ – ഇങ്ങനെ ഏതാണെങ്കിലും അവ സാങ്കേതികമായി ബിറ്റുകളുടെ കൂട്ടം മാത്രമാണ്. മുൻ‌ നിശ്ചയിക്കപ്പെട്ട തുക ഉപയോക്താവ് സേവനദാതാവിനു നൽകിതിനാൽ അവ വേർതിരിവില്ലാതെ നൽകാനവർ ബാധ്യസ്ഥരാണ്. അനുവദിക്കപ്പെട്ട സമയ/ഡാറ്റാ പരിധിക്കുള്ളിൽ ഇന്റർനെറ്റിൽ ലഭ്യമായ നിയമവിധേയമായ ഏതൊരു സേവനവും ഉപയോഗിക്കാൻ ഉപയോക്താക്കൾക്ക് അധികാരമുണ്ട്.  .

സാമൂഹ്യക്കൂട്ടായ്മ വെബ്‌സൈറ്റുകൾ, സന്ദേശസേവനങ്ങൾ, വീഡിയോ സൈറ്റുകൾ ഇങ്ങനെ OTTകളെ (Over The Top technology) തട്ടുകളായി തിരിച്ച് പ്രത്യേകമായി സേവനദാതാവ് വിപണനം ചെയ്യും. ഇവിടെയും സമത്വം എന്ന ആശയം അട്ടിമറിക്കപ്പെടുകയാണ്. ഒരു കുട്ടം സേവനങ്ങൾക്കാണ് ജനപ്രീതിയുള്ളത് എന്നത് മറ്റുള്ളവയ്ക്കൊന്നും ആവശ്യക്കാരില്ല എന്ന് അർത്ഥമാകുന്നില്ല. സ്വതന്ത്രമായ ഇടത്തെ തന്നിഷ്ടപ്രകാരം  ഉപയോഗിക്കാനുള്ള അവസരത്തെയിവിടെ ചുരുക്കുന്നു.

ഒരു ഇന്റർനെറ്റ് ദാതാവിന്റെ ഏതൊക്കെ ഡാറ്റാ പാക്കറ്റുകളാണു വാട്സാപ്പിലേക്കുള്ളത്, ഏതൊക്കെയാണ് ഫേസ്‌ബുക്കിലേക്കുള്ളത് എന്നത് കണ്ടെത്താൻ പാക്കറ്റ് വിശകലനം വേണ്ടി വരും. (അല്ലെങ്കിൽ റൂട്ടിങ്ങ് വിവരമോ ഉപയോഗിക്കാം) എങ്ങനെയായാലും അനാവശ്യ വിവരവിശകലനം ഉപയോക്താവിന്റെ സ്വകാര്യതയിലേക്കു കൂടിയുള്ള കൈകടത്തലാവുകയും, അരാജകത്വത്തിലേക്ക് നയിക്കുകയും ചെയ്യാം

സത്യത്തിൽ ഈ ‘ഓവർ ദ് ടോപ്’ എന്ന പദം തന്നെ തെറ്റിദ്ധാരണ പരത്തുന്ന ഒന്നാണ്. ഓരോ സേവനങ്ങൾക്കും അനുസരിച്ച് സേവനദാതാക്കൾ പ്രത്യേകം പ്രത്യേകമായി സാങ്കേതികമോ ഘടനാപരമായോ യാതൊരു മാറ്റവും വരുത്തുന്നില്ല. ചുരുക്കത്തിൽ ശൃംഖലയിലെ ആപ്ലിക്കേഷൻ പാളിയേക്കുറിച്ച് തലപുകയ്ക്കേണ്ട യാതൊരു അവസ്ഥയും ഐ.എസ്.പികൾക്ക് വരുന്നില്ല.

നെറ്റ് ന്യൂട്രാലിറ്റി – നിലവിലെ അവസ്ഥകൾ
നെറ്റിന്റെ സമത്വം നഷ്ടപ്പെടുന്ന പാക്കറ്റ് വിശകലനം, ഡാറ്റാ വിവേചനം, ഡിജിറ്റൽ അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റം എന്നിവയേക്കുറിച്ചുള്ള ആവലാതികൾ ലോകത്തിന്റെ പലയിടങ്ങളിലായി ഉയർന്നിരുന്നെങ്കിലും, ലോകശ്രദ്ധയാകർഷിച്ചത് അമേരിക്കയിൽ കോംകാസ്റ്റും നെറ്റ്‌ഫ്ലിക്സും തമ്മിൽ നടന്ന തർക്കത്തെത്തുടന്നായിരുന്നു. അമേരിക്കയിൽ നിന്നുള്ള ഓൺ-ഡിമാന്റ് വീഡിയോ സൈറ്റായ നെറ്റ്‌ഫിക്സിന്റെ ബാൻഡ്‌വിഡ്ത്ത് കോംകാസ്റ്റിന്റെ ശൃംഖലകളിൽ വെട്ടിക്കുറച്ചതിനെത്തുടർന്നായിരുന്നു തർക്കമുടലെടുത്തത്. നെറ്റ്‌ഫിക്സിന്റെ ഉപയോക്തൃസേവനം മോശമാണെന്ന പരാതി ഉയർന്നതിനെത്തുടർന്ന് ഇതു പരിഹരിക്കാനായി കോംകാസ്റ്റിനു പണം നൽകേണ്ടി വന്നു.

2014 ഏപ്രിൽ 19നു എഫ്.സി.സി. (ഫെഡറൽ കമ്യൂണിക്കേഷൻ കമ്മിഷൻ) നെറ്റ് ന്യൂട്രാലിറ്റിക്കെതിരെ നടപ്പിൽ വരുത്താൻ പോകുന്ന ചില മാറ്റങ്ങളുമായി ബന്ധപ്പെട്ട രേഖകൾ ചോർന്നു. ആയിരങ്ങൾ അണി ചേർന്ന യോഗങ്ങൾ തുടർന്നുള്ള ദിവസങ്ങളിൽ അമേരിക്കയിൽ സംഘടിപ്പിക്കപ്പെട്ടു. നയത്തെപ്പറ്റിയുള്ള പൊതുജനാഭിപ്രായം തേടിയ ആദ്യ ദിവസം തന്നെ തിരക്ക് കാരണം എഫ്.സി.സി. സെർവറുകൾ തകരാറിലായി. സമയമവസാനിച്ചപ്പോൾ ഏതാണ്ട് 37 ലക്ഷത്തോളം പേർ നെറ്റ് ന്യൂട്രാലിറ്റിയെ അനുകൂലിച്ചുകൊണ്ട് അഭിപ്രായപ്രകടനം നടത്തി. ഇതിൽ “ഇന്റർനെറ്റ് സ്ലോഡൗൺ ദിനമായി” ആചരിച്ച സെപ്റ്റംബർ 10നു മാത്രം കോൺഗ്രസിലേക്ക് 3 ലക്ഷം ഫോൺ‌വിളികളും എഫ്.സി.സിയ്ക്ക് 20 ലക്ഷം ഈമെയിലുകളും ലഭിച്ചു. തുടർന്ന് 2015 ഫെബ്രുവരി 26നു എഫ്.സി.സി.  കമ്മ്യൂണിക്കേഷൻ നിയമങ്ങളിൽ സ്വതന്ത്ര ഇന്റർനെറ്റ് നിയമങ്ങൾ കുട്ടിച്ചേർത്തു. ഇന്ന് അമേരിക്കയോടൊപ്പം നെതര്‍ലാന്റ്സ്, ചിലി, ബ്രസീല്‍ എന്നിവിടങ്ങളില്‍ വിവേചനമില്ലാത്ത ഇന്റര്‍നെറ്റ് സേവനത്തിനായുള്ള നിയമങ്ങള്‍ നിലവില്‍ വന്നു കഴിഞ്ഞു.

എന്നിരുന്നാലും പല രാജ്യങ്ങളിലും നിത്യേന നെറ്റിന്റെ നിഷ്പക്ഷത ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. കരീബിയനിൽ VOIP സേവനങ്ങൾ പൂർണ്ണമായും തടയപ്പെട്ടിരിക്കുകയാണ്. മെക്സിക്കോയുടെ പുതിയ ടെലികമ്യൂണിക്കേഷൻ നിയമം ഇന്റർനെറ്റിൽ കൂടുതൽ സെൻ‌സർഷിപ്പ് വരുത്തുവാൻ പാകത്തിലുള്ളതാണ്. സ്പോട്ടിഫൈ ഓസ്ട്രിയയിൽ സീറോ കോസ്റ്റ് പാക്കേജുകൾ അവതരിപ്പിച്ചിട്ടുണ്ട്. പല രാജ്യങ്ങളും സ്വകാര്യതയെ ഉറപ്പുവരുത്താൻ ഉപയോഗിക്കുന്ന ക്രിപ്റ്റോഗ്രഫി നിയമം മൂലം നിരോധിക്കപ്പെട്ടിട്ടുമുണ്ട്.

ഇന്ത്യയിൽ
വളർന്നു വരുന്ന വിപണി എന്ന നിലയിൽ ഇന്ത്യയിലെ നെറ്റ് സമത്വത്തെ പല കോർപ്പറേറ്റുകളും ഗൗരവകരമായാണു കാണുന്നത്. 2016ൽ അമേരിക്കയിലെ മൊബൈൽ ഫോൺ ഉപയോക്താക്കളുടെ എണ്ണത്തെ ഇന്ത്യ കവച്ചു വയ്ക്കും എന്നതുകൂടി ഇതിനോട് കൂട്ടിവായിക്കണം. അമേരിക്കയിൽ നെറ്റ് ന്യൂട്രാലിറ്റിയ്ക്ക് അനുകൂലമായി ആമസോൺ, ഈബേ, ഫേസ്‌ബുക്ക്, ഗൂഗിൾ, ട്വിറ്റർ എന്നിവർ ചേർന്ന് ഓപൺ ഇന്റർനെറ്റ് സന്ധി രൂപീകരിച്ചെങ്കിൽ, പലരും ഇന്ത്യയിൽ പ്രത്യക്ഷത്തിൽ ഒരു നിലപാടെടുക്കാൻ മടിച്ചു.

എയര്‍ടെല്‍ VOIP(വോയിസ് ഓവർ ഐപി) സേവനങ്ങള്‍ക്കു് അധിക പണം ഈടാക്കുമെന്ന പ്രഖ്യാപനത്തോടെയാണു് ഇന്ത്യയില്‍ നെറ്റ് ന്യൂട്രാലിറ്റി ചർച്ചകൾ ആരംഭിച്ചത്. പൊതുജനങ്ങൾക്കിടയിലുണ്ടായ വലിയ എതിര്‍പ്പിനെത്തുടര്‍ന്നു് അവർക്ക് ഈ നീക്കത്തില്‍ നിന്നും പിന്മാറേണ്ടി വന്നു. 2015 മാർച്ച് TRAI (Telecom Regulatory Authority of India) ‘ഓവർ ദ് ടോപ്’ സേവനങ്ങളെ സംബന്ധിച്ച 118 പേജുകളിലായി വരുന്ന ഒരു കരട് രേഖ പുറത്തുവിട്ടു. 20 ചോദ്യങ്ങളടങ്ങിയ രേഖയ്ക്ക് മറുപടി നൽകാൻ ഏപ്രിൽ 24 വരെ സമയവും നൽകി. ഇതിലെ പല ഗൗരവകരമായ നിർദ്ദേശങ്ങളേയും പറ്റി റെഡിറ്റ് ഇന്ത്യയിൽ നടന്ന ചർച്ചകളെത്തുടർന്ന് പ്രവർത്തകർ പൊതുപങ്കാളിത്തം ഉറപ്പിക്കാനുള്ള ശ്രമങ്ങളാരംഭിച്ചു. അമേരിക്കയുടെ മോഡലിൽ SaveTheInternet.in എന്ന വെബ്‌സൈറ്റ് വഴി നേരിട്ട് ട്രായിക്ക് അഭിപ്രായമറിയിക്കാനുള്ള അവസരമൊരുക്കുകയുമുണ്ടായി. സാമൂഹ്യക്കൂട്ടായ്മാ മാധ്യമങ്ങളിലൂടെ പ്രശസ്തിയാർജ്ജിച്ച മുന്നേറ്റത്തിനു രാഷ്ട്രീയപ്രവർത്തകരടക്കം പല പ്രമുഖരം പിന്തുണയുമായെത്തി. സമയമവസാനിച്ചപ്പോൾ ഈ വിഷയത്തിൽ ഏതാണ്ട് 10 ലക്ഷത്തിലധികം ഇമെയിലുകൾ ട്രായിക്ക് ലഭിച്ചു കഴിഞ്ഞിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ സമരമുഖമാണ് ഇവിടെ സമൂഹം സാക്ഷിയായത്. ഇതോടൊപ്പം ഫേസ്‌ബുക്ക് അവതരിപ്പിച്ച ഇന്റർനെറ്റ്.ഓഫ്റ്റ്, എയർടെൽ സീറോ പദ്ധതികൾക്ക് എതിരെയും ജനരോഷമുയർന്നിരുന്നു.


ചുരുക്കത്തിൽ
ഐക്യരാഷ്ട്രസഭയടക്കം ഇന്റർനെറ്റ് ഒരു മനുഷ്യാവകാശത്തിന്റെ പട്ടികയിൽപ്പെടുത്തുമ്പോൾ നെറ്റ് പക്ഷപാതം യഥാർത്ഥത്തിൽ അതിനു തടയിടുകയാണ്. 2011ൽ മനുഷ്യാവകാശ കൗൺസിൽ പുറത്തിറക്കിയ റിപ്പോർട്ടിൽ രാഷ്ട്രീയ-വാണിജ്യ ആവശ്യങ്ങൾക്കു വേണ്ടി ഇന്റർനെറ്റിനെ ഭാഗികമായോ പൂർണ്ണമായോ തടയുന്നതിനെ വിമർശിച്ചിരുന്നു.  ജൊനാഥൻ സിട്രന്റെ ‘ഇന്റർനെറ്റിന്റെ ഭാവി’ എന്ന പുസ്തകത്തിൽ പറഞ്ഞിരിക്കുന്നതുപോലെ ‘പരിമിതമായ ഒരു വെബിലേക്കു പ്രവേശനം നൽകുന്നതിലും ഭേദം അതൊട്ടു ലഭിക്കാതിരിക്കുന്നതു തന്നെയാണ്’.