ഭൂഗോളത്തെയാകെ കൈപ്പിടിയിലൊതുക്കി ഓപ്പൺസ്ട്രീറ്റ്‌മാപ്പ്

2012 ജൂൺ 27നു മലയാളത്തിനായി എഴുതിയതു്. അഭിപ്രായം/നിർദ്ദേശം അവിടെ ചേർക്കുക.

Image

പ്രപഞ്ചം എന്നും മനുഷ്യനൊരു വിസ്മയമായിരുന്നു. ആ വിസ്മയം പതിയെ അധിനിവേശത്തിലേക്ക് കടന്നപ്പോൾ അവയെ രേഖപ്പെടുത്തേണ്ടത് അത്യാവശ്യമായിത്തീർന്നു. ക്രി. മു. 2300 മുതൽ തന്നെ ഗ്രീസിൽ കളിമൺ ഫലകങ്ങളിൽ സ്ഥലങ്ങൾ അടയാളപ്പെടുത്തി വയ്ക്കുന്ന പ്രക്രിയ ആരംഭിച്ചിരുന്നു. ഇതോടെ അവരറിയാതെ തന്നെ ‘കാർട്ടോഗ്രഫി’ എന്നൊരു ശാഖയ്ക്ക് തുടക്കമിടുകയായിരുന്നു. അറിയപ്പെടുന്നതിൽ ഏറ്റവും പഴയ കാർട്ടോഗ്രാഫർ ടോളമിയാണ്. ഇന്നത്തെ ഭൂപടവിന്യാസം ഒത്തിരിയൊത്തിരി വളർന്ന് ഡിജിറ്റൽവത്കരണത്തിന്റെ പരമാവധിയെത്തി ഇനിയെങ്ങോട്ടെന്നറിയാതെ മിഴിച്ച് നിൽക്കുകയാണ്. ഗൂഗിൾ മാപ്പ്സ് അധിനിവേശം പുലർത്തുന്ന ഓൺലൈൻ മാപ്പിങ്ങ് മേഖലയിൽ യാഹൂ, ബിങ്ങ്, നോക്കിയ ഓ.വി.ഐ എന്നിവയ്ക്കും തുച്ഛമെങ്കിലും  ഒഴിവാക്കാൻ കഴിയാത്ത ഓഹരിയുണ്ട്. ടെറസ്ട്രിയൽ ഭൂപടരംഗത്ത് ഗൂഗിൾ എർത്ത്, വിക്കിമാപ്പിയ എന്നിവയ്ക്കൊപ്പം ഒരു കൈ നോക്കാൻ ഇന്ത്യയുടെ സ്വന്തം ഭുവനുമുണ്ട്

ഇനി പറയാൻ പോകുന്ന വ്യക്തി ഇതുവരെ പറഞ്ഞവരിൽ നിന്നും ഒരല്പം വ്യത്യസ്തനാണ്. അധികമാരും തിരിച്ചറിയാത്ത ഈ വ്യത്യസ്തത തന്നെയാണ് അദ്ദേഹത്തിന്റെ ബലവും –  ഓപ്പൺസ്ട്രീറ്റ്‌മാപ്പ് അഥവാ ഓ. എസ്. എം ( http://openstreetmap.org/ ) എന്ന വിക്കിസോഫ്റ്റ്‌വെയർ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഓൺ‌ലൈൻ സ്വതന്ത്ര മാപ്പിങ്ങ് സൈറ്റാണ് കഥാതന്തു. വിക്കിപീഡിയയെപ്പോലെ ഉപയോക്താക്കളിൽ നിന്നുമുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഓപ്പൺസ്ട്രീറ്റ്‌മാപ്പും പ്രവർത്തിക്കുന്നത്. കോളാബറേറ്റീവ് മാപ്പിങ്ങ് എന്നറിയപ്പെടുന്ന ഈ മാപ്പിങ്ങ് രീതി ഗൂഗിൾ മാപ്പ്സടക്കം ഒട്ടനവധി സൈറ്റുകൾ ഉപയോഗിക്കുന്നുണ്ടെങ്കിലും ഇരു വശത്തേക്കുമുള്ള ഡേറ്റയുടെ ഒഴുക്ക് (ഉപയോക്താക്കൾക്ക് ഓപ്പൺസ്ട്രീറ്റ്‌മാപ്പിലേക്ക് വിവരങ്ങൾ അപ്ലോഡാനും, വിവരങ്ങൾ ഡൗൺലോഡ് ചെയ്ത് എന്താവശ്യത്തിനുമായി ഉപയോഗിക്കുവാനുമുള്ള സൗകര്യം) ഓപ്പൺസ്ട്രീറ്റ്‌മാപ്പിനെ വ്യത്യസ്ഥമാക്കുന്നു. ഒരു വിക്കി സോഫ്റ്റ്‌വെയറിനെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നതിനാൽ ഇതിലെ ഉള്ളടക്കം ആർക്കും തിരുത്താൻ സാധിക്കുന്നു. മാത്രമല്ല മാറ്റങ്ങളെല്ലാം സമയാനുഗതമായി സൂക്ഷിക്കുന്നതിനാൽ ഏതൊരു സമയത്ത് നിലനിന്ന സ്ഥിതിയിലേക്ക് വേണമെങ്കിലും മുൻപ്രാപനം ചെയ്യാവുന്നതുമാണ്.

Image

ഭൂമിശാസ്ത്രവിവരങ്ങൾ (ജിയോഡേറ്റ) ലോകത്തിൽ പലയിടത്തും സ്വതന്ത്രമല്ല. ഗൂഗിൾ മാപ്പ്‌സ് പോലെയുള്ള ഒട്ടുമിക്ക സൈറ്റുകളിലേയും ഉള്ളടക്കം പകർപ്പവകാശസംരക്ഷിതമാണ്. അത് മിക്കപ്പോഴും ഗൂഗിൾ, നാവ്‌ടെക്, ടെലിഅറ്റ്ലസ് എന്നീ മാപ്പിങ്ങ് കമ്പനികൾക്കോ ഓർഡിനൻസ് സർവ്വേ പോലുള്ള  മാപ്പിങ്ങ് ഏജൻസികൾക്കോ അവകാശപ്പെട്ടതായിരിക്കും. അവർ ഈ വിവരം നിർമ്മിക്കാൻ ഭാരിച്ച ചിലവ് വഹിച്ചതിനാൽ സ്വതേ ഈ ഉള്ളടക്കം പകർപ്പവകാശത്തിനാൽ സംരക്ഷിച്ചിരിക്കും. ഇത് പുനരുപയോഗിക്കാൻ നമ്മൾ ഗൂഗിളിനും മറ്റും പണം നൽകണമെന്നു മാത്രമല്ല, അവർ മുൻപോട്ട് വയ്‌ക്കുന്ന ഒട്ടനവധി നിബന്ധനകൾ അംഗീകരിക്കേണ്ടതായും വരും. ഇവിടെയാണ് ഓപ്പൺസ്ട്രീറ്റ്‌മാപ്പ് താരമാകുന്നത്. ഉള്ളടക്കമെല്ലാം ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ എലൈക്ക് 2.0 (CC-BY-SA 2.0) പ്രകാരമാണ്. അതിനാൽ കടപ്പാട് നൽകിക്കൊണ്ട് ഏതുവിധേനയുള്ള പുനരുപയോഗത്തിനും ഓപ്പൺസ്ട്രീറ്റ്‌മാപ്പ് വേദിയൊരുക്കുന്നു.

വിക്കിപീഡിയയിൽ നിന്നും പ്രചോദനമുൾക്കൊണ്ട് 2004 ജൂലൈയിലാണ് സ്റ്റീഫൻ കോസ്റ്റ് ഓപ്പൺസ്ട്രീറ്റ്‌മാപ്പ് രൂപീകരിച്ചത്. ഏതൊരു സ്വതന്ത്രസോഫ്‌റ്റ്‌വെയർ കൂട്ടായ്മയേയും പോലെ 2006ൽ ഓപ്പൺസ്ട്രീറ്റ്മാപ്പിന്റെ പ്രചാരണത്തിനും പരിചരണത്തിനും പുരോഗതിക്കന്മായി ഓപ്പൺസ്ട്രീറ്റ്‌മാപ്പ് ഫൗണ്ടേഷൻ രൂപീകരിച്ചു. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഈ സ്ഥാപനം സംഭാവനകളിലൂടെയും അംഗങ്ങളിൽ നിന്നുള്ള തുകയിലൂടെയുമാണ് മുന്നോട്ട് പോകുന്നത്. പിന്നീട് കോസ്റ്റ് തന്നെ ക്ലൗഡ്മേഡ് എന്ന പേരിൽ ഓപ്പൺസ്ട്രീറ്റ്‌മാപ്പ് അടിസ്ഥാനമാക്കി വെബ്സൈറ്റുകൾക്ക് ആപ്ലിക്കേഷൻ പ്രോഗ്രാമിങ്ങ് ഇന്റർഫേസ് നിർമ്മിക്കുന്ന ഒരു സ്ഥാപനത്തിന് തുടക്കമിട്ടു. 2006ൽ തങ്ങളുടെ ഏരിയൽ മാപ്സിന്റെ പിന്നാമ്പുറത്ത് ഓപ്പൺസ്ട്രീറ്റ്‌മാപ്പാകും ഉപയോഗിക്കുക എന്ന് യാഹു പ്രഖ്യാപിച്ചതോടെയാണ് ഓപ്പൺസ്ട്രീറ്റ്മാപ്പിന് ഇന്നു കാണുന്ന പ്രശസ്തി ലഭിച്ചു തുടങ്ങിയത്. 2007ഓടെ ഓക്സ്ഫോർഡ് സർവ്വകലാശാല തങ്ങളുടെ വെ‌ബസൈറ്റിൽ ഓ.എസ്.എം ഡേറ്റ ഉപയോഗിച്ചു തുടങ്ങി. അതേ വർഷം ജൂലൈയിൽ നടന്ന ‘എ സ്റ്റേറ്റ് ഓഫ് മാപ്സ്’ എന്ന ഓപ്പൺസ്ട്രീറ്റ്മാപ്സ് ഉപയോക്താക്കളുടെ സംഗമത്തിൽ 9000ലധികം പേർ പങ്കെടുത്തു. ഗൂഗിൾ, യാഹൂ, മാഞ്ചസ്റ്റർ സർവ്വകലാശാല മുതലായവരായിരുന്നു ഇതിന്റെ പ്രായോജകർ. ഇതിനകം ഏതാണ്ട് 5 ലക്ഷത്തിലധികം സന്നദ്ധപ്രവർത്തകർ ഓപ്പൺസ്ട്രീറ്റ്മാപ്പിൽ അംഗത്വമെടുത്തു കഴിഞ്ഞു. ഇവരുടെ ശ്രമഫലമായി 267 കോടിയിലധികം പോയിന്റുകൾ സൈറ്റിലെത്തിയിട്ടുണ്ട്.

Imageഓരോ തലത്തിനേയും വ്യത്യസ്ഥ മാപ്പ്‌ടൈലുകളായി വിഭജിച്ചാണ് ഓപ്പൺസ്ട്രീറ്റ്മാപ്പ് പ്രവർത്തിക്കുന്നത്. ഒന്നാമത്തെ സൂം തലത്തിൽ ഒറ്റ മാപ്പ്‌ടൈലിൽ തന്നെ ഭൂമിയുടെ പ്രതലമാകെ ഉൾകൊള്ളിച്ചിരിക്കും, അടുത്ത സൂം തലത്തിൽ ഇത് നാലായി മാറുന്നു. പിന്നീട് 16 എന്നിങ്ങനെ ആയിരക്കണക്കിന് മാപ്പ്ടൈലുകളിലേക്ക് വളരുന്നു. ഓരോ തലത്തിലുമുള്ള മാപ്പ്‌ടൈലിനുമായി വ്യത്യസ്ഥ വിവരങ്ങളാണ് സൂക്ഷിച്ചു വച്ചിരിക്കുക. ഈ  ഉള്ളടക്കത്തെ പി.ഡി.എഫ്, ജെപെഗ് മുതലായ ഒട്ടനവധി ഫോർമാറ്റുകളിൽ ഡൗൺലോഡ് ചെയ്യാനുള്ള  അവസരവും ഓ. എസ്. എം. ഒരുക്കുന്നുണ്ട്.

ഫോണുകൾ പോലെയുള്ള ജി. പി. എസ് സംവിധാനമുള്ള ഗാഡ്ജറ്റുകൾ സർവ്വസാധാരണമായ ഇക്കാലത്ത് ജി. പി. എക്സ് (ജി. പി. എസ് എക്സ്ചേഞ്ച്) ഫോർമാറ്റിലുള്ള ഉള്ളടക്കം ഓപ്പൺസ്ട്രീറ്റ്മാപ്പിലേക്ക് അപ്ലോഡാവുന്നതാണ്.  സ്ഥലം, ഉയരം, സമയം എന്നിവയടങ്ങുന്ന ടാഗോടു കൂടിയ ബിന്ദുക്കലുടെ ശൃംഖലയാണ് ഇതിലൂടെ നിർമ്മിക്കപ്പെടുന്നത്. ശേഷം വേ-പോയിന്റുകൾ, റൂട്ടുകൾ, പാലങ്ങൾ, റയിൽപ്പാതകൾ മുതലായവ നിർവ്വചിക്കാൻ കഴിയും. ഇതിനായി ഓൺലൈൻ എഡിറ്ററായ Potlatch, ഓഫ്‌ലൈൻ എഡിറ്ററായ JOSM  എന്നിവ ഉപയോഗിക്കാം. കൂടുതൽ എഡിറ്ററുകൾ http://wiki.openstreetmap.org/wiki/Editing എന്ന കണ്ണിയിൽ കാണാം.

ഒരു ജി.പി.എക്സ് ട്രാക്ക് അപ്ലോഡാനായി ലോഗിൻ ചെയ്ത ശേഷം, (അംഗത്വമില്ലാത്തവർക്ക് ട്രാക്ക് അപ്ലോഡാൻ സാധ്യമല്ല)  മുകളിലായി കാണുന്ന ‘ജി.പി.എസ്. ട്രേസസ്’ എന്ന ടാബിൽ അമർത്തുക. ശേഷം വരുന്ന താളിൽ നിന്നും ‘അപ്ലോഡ് എ ട്രേസ്’ എന്ന കണ്ണിയിൽ അമർത്തി ഫയൽ ബ്രൗസ് ചെയ്ത് നൽകുക. വിവരണവും ടാഗും നൽകിയ ശേഷം ദൃശ്യത തിരഞ്ഞെടുത്ത് ഫയൽ അപ്ലോഡുക. ഡേറ്റ വിസിബിലിറ്റി പബ്ലിക്കായാൽ മാത്രമേ ട്രേസ് അപ്ലോഡാൻ സാധിക്കുകയുള്ളൂ. ടാഗിങ്ങിലൂടെ ഒരേപേരിലുള്ള ട്രേസുകളെ ഒരുമിച്ച് അടുക്കിസൂക്ഷിക്കാൻ സഹായിക്കും. ഉദാഹരണത്തിന് ‘Kollam’ എന്ന് നൽകുമ്പോൾ അതേ ടാഗിലുള്ള എല്ലാ ട്രേസുകളും കണ്ടെത്താൻ സാധിക്കും. നിലവിൽ ടാഗുകൾ കേസ് സെൻസിറ്റീവാണ്. അതായത് Kottayam, kottayam എന്നിവയെ രണ്ട് ടാഗായി പരിഗണിക്കും.

Image
നിലവിലെ ഉള്ളടക്കം ക്രിയേറ്റീവ് കോമൺസ് അനുമതിയിലാണെങ്കിലും ഡേറ്റ കൈകാര്യം ചെയ്യുമ്പോൾ പ്രസ്തുത ലൈസൺസ് വരുത്തുന്ന ചില വീഴ്ച്ചകൾ മൂലം ഓപ്പൺസ്ട്രീറ്റ്മാപ്പിന്റെ ഉള്ളടക്കത്തെ ഓപ്പൺ ഡേറ്റാബേസ് ലൈസൺസിലേക്ക്  മാറ്റാനുള്ള ശ്രമത്തിലാണ് അണിയറപ്രവർത്തകർ. നിലവിലുള്ള അംഗങ്ങളോട് ഇതിനകം അപ്ലോഡിയ ഡേറ്റകളെ ഓപ്പൺഡേറ്റാബേസ് അനുമതിയിലേക്ക് മാറ്റാൻ സൈറ്റ് നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനെ തിരസ്കരിക്കുന്നവരുടെ ഉള്ളടക്കം നീക്കം ചെയ്തുകൊണ്ടിരിക്കുകയാണ്..

കമ്പ്യൂട്ടറിനും ഫോണുകൾക്കുമായി ഒട്ടനവധി ഓപ്പൺസ്ട്രീറ്റ്മാപ്പ് തേഡ് പാർട്ടി സോഫ്റ്റ്‌വെയറുകൾ ലഭ്യമാണ്. ഒപ്പം വിക്കിപീഡിയ, വേഡ്പ്രസ് എന്നിവയോടു സമന്വയിച്ച് പ്രവർത്തിക്കാനുള്ള ശേഷിയും ഓപ്പൺസ്ട്രീറ്റ് മാപ്പിനെ മികച്ചതാക്കുന്നു. എന്നിരുന്നാലും ഗൂഗിൾ മാപ്പ്സിന് പകരം വയ്ക്കാനൊരാളായോ എന്ന ചോദ്യം ഉന്നയിക്കുമ്പോൾ ഒരല്പം നിരാശയോടെ തലകുനിക്കേണ്ടി വരും. അങ്ങനെയൊരു നാളെ വരട്ടെയെന്ന ആശംസയോടെ നിർത്തുന്നു.

ആൻഡ്രോയ്ഡിനായി എം. എൽ. ബ്രൗസർ

2012 മെയ് 13ന് നാരായത്തിൽ (http://narayam.in) പ്രസിദ്ധീകരിച്ചത്. ആർക്കൈവിങ്ങിനായി മാത്രം ഇവിടെ ചേർക്കുന്നു. സംശയം/അഭിപ്രായം അവിടെ ചേർക്കുക

 

Logo of ML Browserഓപ്പറ മിനി മുഖാന്തരം മലയാളം വായിക്കുന്ന വിധം തൊട്ട് മുൻപിലത്തെ പോസ്റ്റിൽ വായിച്ചല്ലോ.  ഡേറ്റാ ഉപഭോഗം ലഘൂകരിക്കുക എന്ന ലക്ഷ്യം മുൻ നിർത്തിയാണ് ഓപ്പറ മിനിയിൽ പ്രധാനമായും പ്രോക്സി സെർവ്വറുകൾ ഉപയോഗിക്കുന്നത്. എന്നാൽ ഉപയോക്താക്കളുടെ പല സ്വകാര്യ വിവരങ്ങളും (ഉദാ: പാസ്‌വേഡ്) ഇതു വഴി കടന്നു പോകുന്നത് അത് നല്ല നടപടിയല്ല. ഇവ വേണമെങ്കിൽ അവർക്ക് സൂക്ഷിച്ചു വയ്ക്കമെന്നത് സുരക്ഷിതത്വത്തിനു ചെറിയ കോട്ടം സംഭവിപ്പിക്കുന്നു. ഇതോടൊപ്പം ഓപ്പറ മിനി ജാവാ സ്ക്രിപ്റ്റ് പിന്തൂണയ്ക്കാത്തത് ഉപയോക്താക്കൾക്ക് പലയിടത്തും ബുദ്ധിമുട്ടായി അനുഭവപ്പെടും.(ഉദാ: ഫോർ ഷെയേർഡിൽ നിന്നും ഡൗൺലോഡ് ചെയ്യുമ്പോൾ.) ഓപ്പറ മിനിയിലെ പ്രെസ്റ്റോ അധിഷ്ഠിത ലേയൗട്ട് എഞ്ചിൻ ഇഷ്ടപ്പെടാത്ത ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്ക് മുൻപിൽ പുതിയൊരു വാതായനം തുറക്കുകയാണ് ഈ പോസ്റ്റിലൂടെ.

Narayam Via ML Browserഗൂഗിൾ പ്ലേയിൽ ലഭ്യമായ ഈ വെബ് ഗമനോപാധിയുടെ പേര് എം. എൽ. – ബ്രൗസർ (ML-Browser) എന്നാണ്. വരമൊഴി ആൻഡ്രോയ്ഡ് പതിപ്പിലൂടെ നമുക്ക് പരിചിതനായ ജീസ്‌മോൻ ജേക്കബ് തന്നെയാണ് ഈ ബ്രൗസറും ഒരുക്കിയിരിക്കുന്നത്. ഓപ്പൺ സോഴ്സ് ബ്രൗസറായ സിർക്കോയുടെ (Zirco) സോഴ്സ് കോഡ് പ്രകാരം നിർമ്മിച്ചിരിക്കുന്ന ഈ ബ്രൗസറും മാതൃസോഫ്റ്റ്വെയറിനെപ്പോലെ ഗ്നു ജി.പി.എല്ലിലാണ് വിതരണം ചെയ്യപ്പെട്ടിരിക്കുന്നത്. ഇതോടൊപ്പം ഗ്രീൻ ഡ്രോയ്ഡ്, ഷാമാൻ എന്നീ പദ്ധതിയിലെ കോഡുകൾ കൂടി ഉൾക്കൊള്ളിച്ചിരിക്കുന്ന എം. എൽ. ബ്രൗസർ ഗൂഗിൾ പ്ലേയിൽ നിന്നും ഈ കണ്ണിയിലൂടെ ഡൗൺലോഡ് ചെയ്യാം. ഇതിന്റെ സോഴ്സ് കോഡ് ഇവിടെ ലഭ്യമാണ്. എൽ. ജി. ഫോണുകൾക്കായി പ്രത്യേകമായ ഫോണ്ട് ഫിക്സും ഉൾക്കൊള്ളിച്ചിരിക്കുന്ന ഈ ബ്രൗസറിന്റെ വലിപ്പം വളരെ തുച്ഛമാണെന്നൊരു (<400 കെ. ബി.) എന്നൊരു പ്രത്യേകതയുമുണ്ട്. സിസ്റ്റം പ്രോക്സി, ആഡ് ബ്ലോക്കർ, ജാവ സ്ക്രിപ്റ്റ് പിന്തുണ, യൂസർ ഏജന്റ് നിർവചനം, പ്ലഗ്ഗിൻ പിന്തുണ എന്നിവ എം. എൽ. ബ്രൗസറിന്റെ പ്രത്യേകതകളിൽ ചിലതാണ്.

 

സാങ്കേതികം :
Malayalam Wikipedia Via ML Browserഈ ബ്രൗസർ മലയാളം യുണീക്കോഡ് ഫോണ്ട് റെന്റർ ചെയ്യുന്നതിനായി പേജ് പൂർണ്ണമായും ലോഡ് ആയ ശേഷം അതിലേക്ക് സി. എസ്. എസ് (കാസ്കേഡിങ്ങ് സ്റ്റൈൽ ഷീറ്റ്) കോഡ് ഇൻജക്റ്റ് ചെയ്യുന്നു. റൺടൈമിലെ ഈ ഇൻജക്ഷനായി ജാവാസ്ക്രിപ്റ്റാണ് ഉപയോഗിക്കുന്നത്. അഞ്ജലി ഓൾഡ് ലിപിയുടെ പരിഷ്കൃതരൂപമാണ് ബ്രൗസറിലുപയോഗിച്ചിരിക്കുന്ന മലയാളം ഫോണ്ട്. ആൻഡ്രോയ്ഡ്, കോമ്പ്ലക്സ് ടെക്സ്റ്റ് ലേയൗട്ടിനെ പൂർണ്ണമായും പിന്തുണയ്ക്കാത്തതിനാൽ ഫോണ്ട് നവീകരിച്ച് കൂടുതൽ ഗ്ലിഫുകൾ സ്വകാര്യ ഉപയോക്തൃമേഖലയിൽ (Private User Area – PUA) ഉൾക്കൊള്ളിച്ചിട്ടുണ്ട്. ശരിയായ റെന്ററിങ്ങിനായി റൺടൈമിൽ ജാവാസ്ക്രിപ്റ്റ് ഇൻജക്റ്റ് ചെയ്യുന്ന ഫോണ്ട്, ചില അക്ഷരങ്ങളെയോ, അവയുടെ സന്ധികളേയോ സ്വകാര്യ ഉപയോക്തൃമേഖലയിൽ നിന്നുള്ള ഗ്ലിഫുകളുമായി റീമാപ്പ് ചെയ്യും. ഉപയോക്താക്കൾക്ക് ആപ്ലിക്കേഷൻ പ്രിഫറൻസ് മെനുവിലൂടെ ഇതിന് മാറ്റം വരുത്തുവാനോ ഇല്ലാതാക്കാനോ സാധിക്കുന്നതാണ്.

 

പ്രയോജനങ്ങൾ:

മലയാളം വായിക്കുവാനായി ഓപ്പറ മിനി ഉപയോഗിക്കുമ്പോഴുള്ള രണ്ട് പ്രശ്നത്തിനു ഇതു മൂലം പരിഹാരമുണ്ടായി – വാക്കുകൾ സെലക്ട് ചെയ്ത് കോപ്പി/പേസ്റ്റ് ചെയ്യാൻ സാധിക്കും, ഡേറ്റാ ഉപഭോഗത്തിനു അല്പം കുറവുണ്ട്. ചില ഫോണുകളിൽ മലയാളം മാപ്പ് ചെയ്യാൻ അല്പം താമസം  അനുഭവപ്പെടുന്നു എന്നത് മാത്രമാണ് ഇതുവരെ കണ്ട പ്രശ്നം.

 

പിൻകുറിപ്പ്:

എൽ. ജി.യിലും ചില ഐസ്‌ക്രീം സാൻഡ്‌വിച്ച് ഫോണുകളിലും മലയാളം അക്ഷരങ്ങൾക്കിടയിൽ ഒരു ഡാഷിട്ട വട്ടം അധികം കാണാൻ സാധ്യതയുണ്ട്.  ഇതൊഴിവാക്കാൻ Preferences-ൽ പോയി Malayalam Font fix എന്നിടത്ത് Alternate (LGModels) എന്നത് ചെക്ക് ചെയ്യുക.

സംശയം/അഭിപ്രായം ഇവിടെ നൽകുക

ഓപ്പറ മിനിയിലൂടെ മലയാളം

2011 മെയ്  26ന്  നാരായത്തിൽ (http://narayam.in) പ്രസിദ്ധീകരിച്ചത്. ആർക്കൈവിങ്ങിനായി മാത്രം ഇവിടെ ചേർക്കുന്നു. സംശയം/അഭിപ്രായം അവിടെ ചേർക്കുക

വളരെയധികം പ്രചരിച്ച ഒരു കുറുക്കുവിദ്യയാണെങ്കിലും പലരും സംശയമുന്നയിക്കുന്നതിനാൽ ഇതിനിപ്പോഴും പ്രസക്തിയുണ്ടെന്ന് കരുതുന്നു. എന്തായാലും ഇതിവിടെ കിടക്കട്ടെ ആർക്കെങ്കിലും പ്രയോജനപ്പെട്ടേക്കും..

മൊബൈൽ ഇന്റർനെറ്റ് ഉപയോക്താക്കൾ ഏറ്റവുമധികം ഉപയോഗിക്കുന്ന ഒരു വെബ് ഗമനോപാധി (ബ്രൗസർ) ആണ് ഓപ്പറ. ജാവ മൈക്രോ എഡിഷൻ, ആൻഡ്രോയ്ഡ്, വിൻഡോസ് മൊബൈൽ, ഐ ഓ.എസ്, ബാഡ, ബ്ലാക്ക്‌ബെറി, സിമ്പിയൻ എന്നിങ്ങനെ ഒട്ടുമിക്ക എല്ലാ തട്ടകങ്ങൾക്കു വേണ്ടിയും ഓപ്പറ മിനി ലഭ്യമാണ്. ഇപ്പോൾ ഓപ്പറ മിനിയുടെ നവീകരിച്ച പതിപ്പായ ഓപ്പറ മിനി നെക്സ്റ്റും ലഭ്യമാണ്.

മൊബൈൽ / ടാബ്‌ലറ്റുകൾക്ക് പ്രാദേശിക ഭാഷാ പിന്തുണയില്ലെങ്കിൽ മലയാളമടക്കമുള്ള അക്ഷരങ്ങൾ ചതുരക്കട്ടകളായായിരിക്കും ഓപ്പറയിൽ ദൃശ്യമാകുക. ഇതിനെ എങ്ങനെ മറികടക്കുമെന്ന് ചിന്തിക്കാം

 1. ആദ്യമായി ഓപ്പറ മിനി അല്ലെങ്കിൽ ഓപ്പറ മിനി നെക്സ്റ്റ് നിങ്ങളുടെ മൊബൈലിലേക്ക് ഡൗൺലോഡ് ചെയ്ത് സന്നിവേശിപ്പിക്കുക. (കണ്ണികൾ: ഗൂഗിൾ പ്ലേയിൽ , സിമ്പിയനു ഓ.വി.ഐ സ്റ്റോറിൽ , ആപ്പിൾ ഐ ട്യൂൺസിൽ, മറ്റ് ഫോണുകൾക്ക്, ഓപ്പറ മിനി നെക്സ്റ്റ് ഗൂഗിൾ പ്ലേയിൽ )

 2. നെറ്റ്‌വർക്ക് കണക്ഷൻ ഓണാക്കിയ ശേഷം (അവശ്യമുള്ളവയ്ക്ക്) അഡ്രസ് ബാറിൽ config: എന്ന് ടൈപ്പിയ ശേഷം ഓ. കെ. അമർത്തുക. (ഇതിനു പകരം about:configഎന്നോ opera:config എന്നോ നൽകിയാലും മതിയാകും.) ഇടയ്ക്കുള്ള ഭിത്തികകൾ (colon) ശ്രദ്ധിക്കുക.

  Malayalam in Opera Mini

 3. ഇപ്പോൾ തുറന്നു വരുന്ന താളിൽ കാണുക്ക ‘Use bitmap fonts for complex scripts‘ എന്ന എൻട്രി (സ്വതേ അവസാനമായിരിക്കും) ‘Yes‘ എന്ന് നൽകിയ ശേഷം ‘സേവ്‘ അമർത്തുക. ചിത്രം കാണൂ..

ഇത്രയും മതിയാകും. ഇനി മലയാളത്തിലുള്ള ഏതെങ്കിലും സൈറ്റിൽ പ്രവേശിച്ച് നോക്കൂ.. ഉദാ : http://ml.m.wikipedia.org

നിങ്ങൾക്ക് മലയാളം അനായാസം വായിക്കുവാൻ സാധിക്കുന്നുണ്ടാവും.

സാങ്കേതികം :

ഓപ്പറ മിനി മുഖാന്തരമുള്ള എല്ലാ ഡേറ്റാ വിനിമയവും അവരുടെ പ്രോക്സി സെർവ്വറുകളിൽക്കൂടിയായിരിക്കും, സാധാരണ ഗതിയിൽ അക്ഷരങ്ങളുടെ കോഡ് പോയിന്റുകൾ ഫോണിലേക്ക് പകർത്തിയ ശേഷം അവിടെയിട്ടായിരിക്കും റെന്റർ ചെയ്യുന്നത്. ഇതിനാലാണ് ഫോണിനു പിന്തുണയില്ലെങ്കിൽ അവ ദൃശ്യമാകാത്തത്. എന്നാൽ ഈ ഓപ്ഷൻ സജ്ജമാക്കുന്നതിലൂടെ സങ്കീർണ്ണമായ കോഡുകളെ അവരുടെ സെർവ്വറുകളിലിട്ടു തന്നെ റെന്റർ ചേയ്ത ശേഷം അവ ബിറ്റ്‌മാപ്പ് ചിത്രങ്ങളാക്കി ബ്രൗസറിലേക്ക് അയക്കുകയായിരിക്കും.. ചിത്രങ്ങൾ എല്ലാ ഫോണുകൾക്കും കോമ്പാറ്റബിൾ ആയിരിക്കുമല്ലോ. അതിനാൽ അവ യഥാവിധി ഫോണുകളിൽ കാണപ്പെടുന്നു. മലയാളത്തിനിതുവരെ ആണവ ച്ചില്ല് പിന്തുണ ആയിട്ടില്ല. ഇതൊഴിച്ചുള്ള എല്ലാ യുണീക്കോഡ് അക്ഷരങ്ങളും ഈ കുറുക്കുവഴിയിലൂടെ ദൃശ്യമാകും. (ഒട്ടുമിക്ക ഇൻഡിക് ഭാഷകൾക്ക് വേണ്ടിയും ഈ പാത സ്വീകരിക്കാം. ട്ടോ..)

ശ്രദ്ധിക്കേണ്ടവ :

 • ഡൗൺലോഡ് ചെയ്യുമ്പോൾ ഓപ്പറ മിനി അല്ലെങ്കിൽ ഓപ്പറ മിനി നെക്സ്റ്റ് ഡൗൺലോഡ് ചെയ്യങ്ക. ഓപ്പറ മൊബൈലിൽ ഈ കുറുക്കുവഴി സാധ്യമല്ല.

 • കഴിവതും പുതിയ പതിപ്പ് തന്നെ ഡൗൺലോഡ് ചെയ്യുക. മറ്റു സൈറ്റുകൾ വഴി ഡൗൺലോഡ് ചെയ്യുന്ന ഓപ്പറമിനി പതിപ്പ് 5.0ലും പഴയതായാൽ പണി പാഴാകും.

 • ഇതു മൂലം അക്ഷരങ്ങൾ ചിത്രങ്ങളാക്കി മാറ്റുന്നതിനാൽ അവ കോപ്പി/ പേസ്റ്റ് ചെയ്യുവാൻ സാധിക്കുകയില്ല.

 • ചിത്രങ്ങൾ കൈമാറ്റം ചെയ്യുന്നതിനാൽ ഡേറ്റാ ഉപഭോഗം കൂടിയേക്കാം.

സംശയം/അഭിപ്രായം ഇവിടെ നൽകുക

ഗൂഗിളേ.. ഇങ്ങളേ ഞമ്മള് നമിച്ചിരിക്ക്‌ണ്..

ഇന്റർനെറ്റ് സേർച്ച് എന്നതിന്റെ പര്യായമാണ് ഗൂഗിൾ. സേർച്ച് എഞ്ചിൻ ലോകത്ത് രാജാവും രാജ്ഞിയും രാജകുമാരനും സേവകനും അങ്കക്കാരനും തോഴിയുമെല്ലാം ഗൂഗിളാണ്. നെറ്റിൽ തിരയൂ എന്നതിനു പകരം ഗൂഗിൾ ചെയ്യൂ എന്ന് ജനം പറഞ്ഞുതുടങ്ങിയിട്ട് നാളു കുറേയായി. സ്വയം കുത്തകയായി മാറുന്നുവെന്ന അപവാദത്തെത്തുടർന്ന് വലിയൊരു തുക നൽകി യാഹുവിനെ സഹായിച്ച് ഈ രംഗത്ത് ഒരു മത്സരം നിലനിർത്തേണ്ട അവസ്ഥപോലും ഗൂഗിളിനുണ്ടായി. (ഭാഗ്യമോ അതോ ഗതികേടോ?) വെബ്ബിൽ ഏറ്റവുമധികം സന്ദർശകരുള്ള ഗൂഗിളിന്റെ പൂമുഖത്തെപ്പറ്റി വിവരിക്കേണ്ട ആവശ്യമില്ലല്ലോ. അധികം കോലാഹലങ്ങളൊന്നുമില്ലാത്ത ഇവിടെ ഗൂഗിളിന്റെ ഒരു ലോഗോയും ചില്ലറ അവശ്യ കണ്ണികളും മാത്രം. 2009 അവസാനം നടന്ന ഒരു സർവ്വേയിൽ ലോകത്തിലേറ്റവും കമ്പനികൾ പരസ്യമിടാനായി കൊതിക്കുന്നിടം ഗൂഗിളിന്റെ ഹോംപേജാണെന്നു വെളിവായി. അമേരിക്കൻ പ്രസിഡന്റ് സാക്ഷാൽ ഒബാമ മാമന്റെ നെറ്റിത്തടം പോലും ഈ പട്ടികയിൽ രണ്ടാമതായിപ്പോയി എന്നറിയുമ്പോഴാണ് ഗൂഗിളമ്മച്ചിയുടെ മേന്മയോർത്ത് അത്ഭുതപ്പെടുന്നത്.

ചില വിശേഷ ദിവസങ്ങൾ ആഘോഷിക്കാനായി ഗൂഗിളിന്റെ ലോഗായിൽ (ഗൂഗിൾ ഡൂഡിലുകൾ എന്നറിയപ്പെടുന്നു) ചില്ലറവ്യതിയാനം വരുത്താറുള്ളത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടാകുമല്ലോ? പുതുമയുള്ള ഡൂഡിലുകൾക്കായി ഗൂഗിൾ ഡൂഡിൽ മത്സരങ്ങൾ (ഡൂഡിൽ ഫോർ ഗൂഗിൾ – doodle 4 google) ലോകത്തിന്റെ പലഭാഗത്തും നടത്താറുണ്ട്. ഇങ്ങനെ നടന്ന മത്സരത്തിൽ ജയിക്കുന്ന ഡൂഡിലായിരിക്കും ഗൂഗിൾ പൂമുഖത്ത് പ്രദർശിപ്പിക്കുക. 2010ലും 2011ലും ശിശുദിനാഘോഷത്തെത്തുടർന്ന് ഇന്ത്യയിൽ ഇതേപോലുള്ള മത്സരങ്ങൾ നടത്തുകയുണ്ടായി. ഇതേപോലെതന്നെ വർഷാവർഷം ഗൂഗിൾ ഹോക്സസ് എന്ന പേരിൽ ഒരു പിത്തലാട്ടം നടത്തിൽ ഈസ്റ്റർ മുട്ടകളും പൊട്ടിച്ച് നാട്ടുകാരെയാകമാനം പറ്റിക്കുന്ന പരിപാടിയും ഗൂഗിളിനുണ്ട്.

ഇങ്ങനെ അനന്തമജ്ഞാനം അവർണ്ണനീയം അചിന്ത്യം അനുപമംഎന്നുമാത്രം വിശേഷിപ്പിക്കാൻ കഴിയുന്ന ഗൂഗിളമ്മച്ചിയുടെ വിശേഷങ്ങൾ പറഞ്ഞാലും പറഞ്ഞാലും തീരില്ല. എങ്കിലും പലരുടേയും ശ്രദ്ധയിൽ പെട്ടിട്ടില്ലാത്ത ഗൂഗിളിന്റെ പൂമുഖത്ത് കളിക്കാവുന്ന ചില്ലറ രസകരമായ കബടിനിയമങ്ങളാണ് ഇനി പറയുന്നത്.

ശ്രദ്ധയ്ക്ക് :

 • ഓരോന്നോരോന്നായി ചെയ്ത് നോക്കുക.
 • ഗൂഗിളിന്റെ ഹോം പേജുവഴിമാത്രമേ ഇത് ചെയ്ത് നോക്കാവുള്ളു. ബ്രൗസറിന്റെ സേർച്ച് ടാബോ, മറ്റ് സൈറ്റുകളിൽ നിന്നുള്ള സേർച്ച് ബോക്സ് വഴിയോ ചെയ്യുമ്പോൾ ഉദ്ദേശിച്ച ഫലം ലഭിക്കണമെന്നില്ല.
 • കഴിവതും അക്കൗണ്ട് ലോഗൗട്ട് ചെയ്യുന്നതാണ് നല്ലത്. (ചിലർക്ക് ഗൂഗിൾ ഇൻസ്റ്റന്റ് സേർച്ച് സെറ്റിങ്ങ്സിൽ മാറ്റം വരുത്തിയെങ്കിൽ മാത്രമേ I’m Feeling Lucky’ എന്ന ബട്ടൺ ലഭ്യമാകൂ എന്നതിനാൽ)
 • സേർച്ച് ചെയ്യുമ്പോൾ അപ്പോസ്ടഫി നൽകേണ്ട ആവശ്യമില്ല.

അപ്പോൾ തുടങ്ങാം

 1. മഞ്ഞുകാലം ഇഷ്ടമാണോ? .ഗൂഗിൾ പൂമുഖത്തിലെത്തിയ ശേഷം Let it snowഎന്ന് സേർച്ച് ചെയ്യുക
 2. ഗൂഗിളിനു വേണ്ടി നമ്മൾ തന്നെ തിരഞ്ഞുകൊടുത്താലോ? കടുവയെ പിടിക്കുന്ന കിടുവയോ? “let me Google that for youടൈപ്പ് ചെയ്ത ശേഷം ‘I’m Feeling Luckyഎന്ന ബട്ടണമർത്തുക
 3. Do a barrel rollഅല്ലെങ്കിൽ z or r twiceഎന്ന് തിരയുക
 4. ലോകത്തിലേറ്റവും സൗമ്യനായ വ്യക്തി ആരെന്നറിയേണ്ടേ? “who is the cutest person in the worldഎന്ന് ടൈപ്പ് ചെയ്ത ശേഷം ‘I’m Feeling Lucky’ എന്ന ബട്ടണമർത്തുക
 5. എണ്ണൽ സംഖ്യകളിൽ ഒറ്റക്കിരുന്ന് വിഷമിക്കുന്നതാരാണെന്നറിയേണ്ടേ? “what is the loneliest Numberഎന്ന ചോദ്യം ഗൂഗിളിനോട് ചോദിച്ചു നോക്കൂ
 6. സേർച്ച് ബോക്സിൽ Google gravityഎന്ന് ടൈപ്പ് ചെയ്ത ശേഷം ‘I’m Feeling Lucky’ എന്ന ബട്ടണമർത്തുക
 7. നമ്മെയെല്ലാവരേയും ഒരൊറ്റ ഗോളത്തിലാക്കി ഒതുക്കാൻ ഗൂഗിൾ എന്തമാത്രം പാടുപെടുന്നെന്നറിയേണ്ടേ? “Google sphereഎന്ന് ടൈപ്പ് ചെയ്ത ശേഷം ‘I’m Feeling Lucky’ എന്ന ബട്ടണമർത്തുക
 8. ooglegay igpay at in layഎന്ന് ഗൂഗിളിനോട് ചോദിക്കൂ ഗൂഗിൾ ലാറ്റിൻ പറയുന്നത് കാണാം.
 9. പുതുമഴ വരുന്നുണ്ടല്ലേ ഗൂഗിളിൽ മഴവില്ല് തെളിഞ്ഞേക്കും Google rainbowഎന്ന് ടൈപ്പ് ചെയ്ത ശേഷം ‘I’m Feeling Lucky
 10. Anagramഎന്ന് തിരഞ്ഞശേഷം “Did you mean” സെക്ഷൻ കാണുക.
 11. ഒരു എത്തിക്കൽ ഹാക്കറാകാനുള്ള ആഗ്രഹം മനസ്സിന്റെ അടിത്തട്ടിലെവിടെയോ ഉണ്ട്. അല്ലേ? സാരമില്ല Google hackerഎന്ന് നൽകിയ ശേഷം ‘I’m Feeling Lucky’ അമർത്തുക.
 12. ഒരു യാത്രയായാലോ? “Google Locoഎന്ന് നൽകിയ ശേഷം ‘I’m Feeling Luckyഅമർത്തുക.
 13. ജീവിതം എന്ന ചോദ്യത്തിനിതുവരെ ഒരുത്തരം കിട്ടിയില്ലേ? ഗൂഗിൾ തരുമായിരിക്കും, എന്തായാലും answer to life the universe and everythingഎന്ന് ഗൂഗിളമ്മച്ചിയോട് ചോദിക്കൂ.
 14. എന്തിരനു ശേഷം രജനികാന്തിനെ കണ്ടവരുണ്ടോ? അദ്ദേഹമെവിടെപ്പോയി? നമുക്ക് ഗൂഗിളിനോട് തന്നെ ചോദിച്ചുനോക്കാം. “Find Rajnikanthഎന്ന് സേർച്ച് ബോക്സിൽ നൽകിയശേഷം ‘I’m Feeling Lucky’ ബട്ടണിലമർത്തുക.
 15. ലോകത്തിലാദ്യത്തെ കമ്പ്യൂട്ടർ ഗയിമായ പാക്മാൻ കളിക്കണമെന്നുണ്ടോ. “Google Pacmanഎന്ന് നൽകിയശേഷം “I’m Feeling Lucky button” അമർത്തുക. ഇപ്പോൾ കാണാം രസം.
 16. hanukkahഎന്ന് തിരഞ്ഞുനോക്കൂ
 17. ഗിത്താർ വായിക്കാനറിയുമോ? ഇല്ലെങ്കിൽ നമുക്കൊരുമിച്ച് പഠിക്കാം. “Google Guitarഎന്ന് നൽകിയശേഷം ‘I’m Feeling Lucky’ അമർത്തുക. വിഖ്യാത ഗിത്താറിസ്റ്റായ ലെസ് പോളിന്റെ പിറന്നാളനുബധിച്ച് ഗൂഗിൾ തയ്യാറാക്കിയ ഡൂഡിലിൽ നമുക്കൊരുമിച്ച് ഗിത്താർ വായിക്കാം.
 18. chiristmasഅല്ലെങ്കിൽ christmas lightsഅല്ലെങ്കിൽ santaclausഎന്ന് തിരയുക
 19. അല്ലെങ്കിലും ഈ ഗൂഗിൾ പണ്ടേ തമാശക്കാരനാ.. ചിരിച്ച് ചിരിച്ച് ചാവും. “Funny Googleഎന്ന് ടൈപ്പ് ചെയ്തതിനു ശേഷം ‘I’m Feeling Lucky’ അമർത്തി നോക്കൂ.
 20. ഗ്രീക്ക് പുരാണത്തിലെ ഒറ്റക്കൊമ്പൻ കുതിരയായ യുണീക്കോണിന് എത്ര കൊമ്പുണ്ടെന്ന് ഇനിയും സംശയമുണ്ടോ? ഗൂഗിളിനോട് ചോദിക്കൂ. “number of horns on a unicornഎന്ന്.
 21. കള്ളന്മാരെ പേടിയുണ്ടോ? ഉണ്ടെങ്കിലും ഇല്ലെങ്കിലും Google Pirateഎന്ന് നൽകിയ ശേഷം I’m Feeling Luckyചെയ്യുക.
 22. ലോകത്ത് അപൂർവ്വമായി നടക്കുന്ന എന്തെല്ലാം കാര്യങ്ങളുണ്ട്. “once in a blue moonഎന്ന് തിരഞ്ഞ് നോക്കൂ..
 23. weenie Googleഎന്ന് നൽകിയ ശേഷം I’m Feeling Lucky’ അമർത്തുക.
 24. തടക്കം മുതലേ ഞാൻ പറയുകയാണല്ലോ ഗൂഗിൾ ഒരു ഇതിഹാസമാണെന്ന്!. സംശയമുണ്ടോ? ഉണ്ടെങ്കിൽ epic Googleഎന്ന് നൽകിയ ശേഷം I’m Feeling Lucky’ അമർത്തി നോക്കൂ.
 25. യുണീക്കോഡ് വരുന്നതിന് മുൻപുണ്ടായിരുന്ന ആസ്കി അക്ഷരശൈലിയെപ്പറ്റി കേട്ടിട്ടുണ്ടോ? “Ascii artഎന്ന് തിരഞ്ഞുനോക്കൂ.
 26. Recursionഎന്ന് തിരഞ്ഞശേഷം Did you meanസെക്ഷൻ കാണുക.
 27. Gothic Googleഎന്ന് നൽകിയ ശേഷം I’m Feeling Luckyഅമർത്തുക.
 28. അല്ലെങ്കിലും ഈ ഗൂഗിൾ പണ്ടേ തലതിരിഞ്ഞതാ.. തല തല എന്ന് പറയുമ്പോൾ വാല് വാലെന്ന് തിരയും. എന്താണ് കാരണമെന്ന് ഗൂഗിൾ തന്നെ പറയുംGoogle reverseഎന്നോ elgoogഎന്നോ തിരഞ്ഞുനോക്കൂ.
 29. google future” എന്ന് ഗൂഗിളിനോട് ചോദിച്ച് നോക്കൂ..
 30. google gangster” എന്ന് ഗൂഗിളിനോട് ചോദിച്ച് നോക്കൂ..
 31. ഒന്ന് മുങ്ങിക്കുളിച്ചാലോ അതിനു കുളം വേണ്ടേ സാരമില്ല നമുക്കുതന്നെ കുളം കുഴിക്കാം (അല്ലെങ്കിൽ കുളമാക്കാം) “Google pondഎന്ന് നൽകിയ ശേഷം I’m Feeling Luckyഅമർത്തി നോക്കൂ.
 32. ഗൂഗിൾ ലോഗോയുടെ പ്രത്യേകതകൾ അറിയുമോ? “goglogoഎന്നതിനു ശേഷം I’m Feeling Luckyഅമർത്തി നോക്കൂ.
 33. ewmewfudd” എന്ന് നൽകിയ ശേഷം ‘I’m Feeling Lucky‘ അമർത്തുക.
 34. ജീവിതം തന്നെ തലതിരിഞ്ഞാലോ? “tiltഎന്ന് ഗൂഗിളിനോട് ചോദിച്ച് നോക്കൂ..
 35. Askewഎന്ന് ഗൂഗിളിനോട് ചോദിച്ചാലോ???
 36. ഗൂഗിളിനേക്കാൾ വലിയ ദൈവമോ? അതൊന്ന് കണ്ടറിയണമല്ലോ? “Google is godഎന്നതിനു ശേഷം I’m Feeling Luckyഅമർത്തി നോക്കൂ.
 37. kwanzaaഎന്ന് തിരയുക
 38. a bakers dozenഎന്ന് ഗൂഗിളിനോട് ചോദിച്ചാലോ???
 39. find chuk norris ” എന്ന് ടൈപ്പ് ചെയ്ത ശേഷം ‘I’m Feeling Lucky’ എന്ന ബട്ടണമർത്തുക
 40. “google blue’ അല്ലെങ്കിൽ “google green” അല്ലെങ്കിൽ “google red” എന്ന് ടൈപ്പ് ചെയ്ത ശേഷം ‘I’m Feeling Lucky’ എന്ന ബട്ടണമർത്തുക (ബാക്കി നിറങ്ങളും പരീക്ഷിച്ചു നോക്കൂ)
 41. ഗൂഗിൾ ആള് തനി തങ്കമാ.. “google is gold” എന്നതിനു ശേഷം ‘I’m Feeling Lucky‘ അമർത്തി നോക്കൂ.
 42. xx-kling on” എന്ന് ഗൂഗിളിനോട് ചോദിച്ച് നോക്കൂ..
 43. google pig latin” എന്ന് നൽകിയ ശേഷം ‘I’m Feeling Lucky‘ അമർത്തുക.
 44.  ലോകം മുഴുവൻ ഒരുമിച്ച് വസിക്കുന്ന ഒരു ദിവസത്തെക്കുറിച്ച് ആലോചിച്ച് നോക്കൂ “the gloobal village” എന്ന് ഗൂഗിളിനോട് ചോദിച്ച് നോക്കൂ..
 45. “google 133t” എന്ന് നൽകിയ ശേഷം ‘I’m Feeling Lucky‘ അമർത്തുക.
 46. google bork” എന്ന് തിരഞ്ഞ് നോക്കൂ..
 47. phychic google” എന്ന് ഗൂഗിളിനോട് ചോദിച്ച് നോക്കൂ..
 48.  ഗൂഗിളിന്റെ ഇരുണ്ട മുഖത്തെപ്പറ്റി അറിയേണ്ടേ?”te dark side” എന്ന് നൽകിയ ശേഷം ‘I’m Feeling Lucky‘ അമർത്തുക.
 49. the trends” എന്ന് ഗൂഗിളിനോട് ചോദിച്ച് നോക്കൂ..
 50. ശുഭലക്ഷണങ്ങൾ കാണുന്നുണ്ടോ? “beautiful signs” എന്ന് തിരഞ്ഞാലോ??
 51. ഗൂഗിൾ എന്താ കുഞ്ഞ് കളിക്കാനുള്ളതാണോ? “googles by kids” എന്ന് തിരയൂ
 52. ബാക്കിയുള്ളവർ എന്താ തിരയുന്നതെന്നറിയേണ്ടേ? “googles by others” എന്ന് ചോദിക്കൂ
 53. ഗൂഗിളും പക്ഷികളും തമ്മിലുള്ള ബന്ധമറിയേണ്ടേ? “all the birds try to avoid google” എന്ന് നൽകിയ ശേഷം ‘I’m Feeling Lucky‘ അമർത്തുക.
 54. the non googlesഎന്ന് ടൈപ്പ് ചെയ്ത ശേഷം ‘I’m Feeling Lucky’ എന്ന ബട്ടണമർത്തുക
 55.  ഗൂഗിളിനുള്ളിൽ ഒന്നാന്തരം ഒരു കലാകാരനുണ്ട് !! കാണണോ? “google painter” എന്ന് തിരയൂ
 56. google gangster” എന്ന് ഗൂഗിളിനോട് ചോദിച്ച് നോക്കൂ..

കൊണ്ടു നടന്നതും നീയേ ചാപ്പാ, കൊണ്ടോയ് കൊല്ലിച്ചതും…

"RIP Google Buzz"അങ്ങനെ പാവപ്പെട്ട ബസ്സ് മുതലാളികളെയെല്ലാം സങ്കടത്തിലാക്കി ഗൂഗിൾ ബസ്സിന്റെ (http://.google.com/buzz) ദിനരാത്രങ്ങൾ‌ എണ്ണപ്പെട്ടു കഴിഞ്ഞു. ഗൂഗിളിന്റെ ഉത്പന്നമേഖലയിലെ വൈസ് പ്രസിഡന്റ് ‘ബ്രാഡ്ലി ഹോറോവിച്ച്’ ഗൂഗിൾ ഔദ്യോഗിക ബ്ലോഗിൽ ഒക്ടോബർ 14 എന്ന ദുഃഖവെള്ളിയാഴ്ചയിറക്കിയ കുറിപ്പിലാണ് ഈ വിഷമവൃത്താന്തം പ്രഖ്യാപിച്ചത്. പരസ്യപ്രഭവരേഖയിലുള്ള കോഡെഴുത്തുക്കൾ തിരയുന്നതിനുള്ള ‘ഗൂഗിൾ കോഡ് സേർച്ച്‘, ഗൂഗിളിന്റെ പേഴ്സണലൈസ്ഡ് ഹോംപേജായ ‘ഐ-ഗൂഗിളിന്റെ സോഷ്യൽ ഫീച്ചേഴ്സ്‘, 2007ൽ ഗൂഗിൾ സ്വന്തമാക്കിയ ട്വിറ്റരിന് സമാനമായ സോഷ്യൽ മീഡിയ സൈറ്റായ ‘ജൈക്ക‘, ഗൂഗിൾ സേർച്ചിന്റെ ‘യൂണിവേഴ്സിറ്റ് റിസേർച്ച് പ്രോഗ്രാം‘ എന്നിവയാണ് ബസ്സിനൊപ്പം 2012 ജനുവരി 15ന് കാലയവനികക്കുള്ളിൽ മറയാൻ തയ്യാറെടുക്കുന്നത്. ഗൂഗിൾ ലാബ്സിന്റെ അന്തവും ഉടനെയുണ്ടാകും.

സെപ്റ്റംബർ തുടക്കത്തിൽ ഗൂഗിളമ്മച്ചി പ്രഖ്യാപിച്ച ‘അടിച്ചുവാരി ചാണകവെള്ളം തളിക്കൽ’ പദ്ധതിയുടെ ഏറ്റവും പുതിയ നീക്കമാണിതെന്നാണ് വിലയിരുത്തൽ. ഇതിൻ പ്രകാരം ഉപയോക്താക്കളില്ലാത്ത സേവനങ്ങളിൽ മിക്കവയ്ക്കും കൊലക്കയറൊരുക്കുകയും, മറ്റുള്ളവ ലാഭത്തിലുള്ള സേവനങ്ങളുമായി ലയിപ്പിക്കുകയോ ചെയ്യും. കൂടുതൽ ജനപ്രിയ സേവനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണിതെന്നാണ് ഔദ്യോഗിക വിശദീകരണം. നിലവിൽ ഗൂഗിൾ പ്ലസ്സിരുന്ന ഗാഡ്ജറ്റ് ഇടത്തിൽ ഗൂഗിൾ പ്ലസ്സിലേക്കുള്ള കണ്ണിയാകും മേലിൽ ദൃശ്യമാകുക.

ഗൂഗിൾ ബസ്സും വെബ്‌താളുകളുമായി കണ്ണി വിളക്കാൻഉപയോഗിച്ചിരുന്ന ആപ്ലിക്കേഷൻ പ്രോഗ്രാമിങ്ങ് ഇന്റർഫേസ് (ഏ. പി. ഐ) ഉടൻ തന്നെ അടച്ചു പൂട്ടി മുദ്രവയ്ക്കപ്പെടും. ഉപയോക്താക്കൾക്ക് ഇതിനു ശേഷം പുതിയ പോസ്റ്റുകൾ ഇടാൻ പറ്റില്ലെങ്കിലും ഇതു വരെയിട്ടവ ഗൂഗിൾ പ്രൊഫൈലിൽ ദൃശ്യമാകും.  ഇവ ഗൂഗിൾ ടേക്ഓഫ് മുഖാന്തരം ഉടനടി ഇറക്കുമതി ചെയ്ത് ചില്ലിട്ടു വച്ചോളാനും അഭയവരമുദ്രനീട്ടി ഗൂഗിൾ ഉപദേശിച്ചിട്ടുണ്ട്.


ചിറകു മുളച്ച ചിന്തകൾക്ക് സാമൂഹ്യക്കൂട്ടായ്മാ പരിവേഷം നൽകിക്കൊണ്ടാണ് 2010   ഫെബ്രുവരിയിൽ ജീമെയിലിലൂടെ ബസ്സ് അവതരിപ്പിക്കപ്പെട്ടത്. വെറുമൊരു ഈമെയിൽ സങ്കല്പത്തിൽ നിന്നും ജീമെയിലിന് പുതിയോരനുഭവം  നൽകാനുള്ള ഗൂഗിളിന്റെ പരീക്ഷണഫലമായിരുന്നു ഇത്.  ജീമെയിലിനുള്ളിൽ തന്നെ രൂപം കൊണ്ടിരിക്കുന്ന സൗഹൃദക്കൂട്ടായ്മയെ പുറത്ത് കൊണ്ടു വന്നു വിപുലീകരിക്കുകയാണ് ബസ്സ് ചെയ്തത്. ഉപയോക്താവിന്റെ മറ്റ് മണ്ഡലങ്ങളിലുള്ള സൈറ്റുകൾ(ബ്ലോഗർ, ട്വിറ്റർ, പിക്കാസ, ഫ്ലിക്കർ, ഗൂഗിൾ റീഡർ) എന്നിവ ബസ്സുമായി ബന്ധിപ്പിച്ച് വിവരങ്ങൾ ഇമ്പോർട്ട് ചെയ്യാനും അവസരമൊരുക്കിയിരുന്നു. (ൻഹാ ചത്ത കുഞ്ഞിന്റെ ജാതകം നോക്കിയിട്ട് എന്ത് പ്രയോജനം!!) എന്നാൽ തുടക്കത്തിൽ സ്വകാര്യത ലംഘിക്കുന്നുവെന്ന പേരിൽ ബസ്സ് പഴി കുറേ വാരിക്കൂട്ടി.

സോഷ്യൽ നെറ്റ്‌വർക്കിങ്ങിൽ രാശിയില്ലാത്ത ഗൂഗിളിന്റെ (ഓർക്കുട്ട്, വേവ്, ജൈക്കു എന്നിവ ബസ്സിനു മുൻപും, പ്ലസ്സ് ശേഷവും) ഈ പരീക്ഷണം ലോകത്തെല്ലായിടത്തും പരാജയപ്പെട്ടപ്പോഴും മലയാളികൾക്കിടയിൽ കൈയ്യടി നേടി. ബസ്സ് നന്നായി മലയാളം പറഞ്ഞു.. അല്ല സ്വരസ്ഥാനമൊക്കെയുറപ്പിച്ച് നന്നായി പാടിത്തന്നെ നടന്നു. മല്ലൂസിനിടയിൽ ബസ്സിന്റെ ദ്യോതകശേഷി അത്രയധികമായിരുന്നു. ഓർക്കൂട്ടിൽ നിന്നും രക്ഷപെട്ട ഉപയോക്താക്കൾ തമ്പടിച്ചത് നേരെ ബസ്സിലേയ്ക്കായിരുന്നു. ബ്ലോഗിൽ ആസ്വാദകരുടെ പ്രതികരണത്തിനായി കാത്തിരിക്കാൻ ക്ഷമയില്ലെന്നും പറഞ്ഞ് പല കേൾവി കേട്ട പല ബ്ലോഗറുമാരും സ്വന്തമായി ബസ്സ് വാങ്ങി. ബസ്സ് പലരേയും പ്രസിദ്ധരാക്കി. പലർക്കും മേൽവിലാസം നൽകി.  ഒരു കൊല്ലത്തിലധികം ഇത് ഒരു പാണനാരെപ്പോലെ മലയാളിയുടെ മനസ്സ് പാടി നടന്നു. ഇണക്കവും പിണക്കവും സംശയങ്ങളും ഉത്തരങ്ങളും വിഷമവും ആഘോഷവുമെല്ലാം ബസ്സിലൂടെ ഒഴുകി. കേരളത്തിലെ കൊതുക് ശല്യം മുതൽ ബുഷിന്റെ പൊടിമീശ വരെ ഇതിൽ വിഷയമായി. ഓരോരോ സംഭവവികാസങ്ങളും ബസ്സിൽ പടക്കം പൊട്ടിച്ചാഘോഷിക്കപ്പെട്ടു. തിരഞ്ഞെടുപ്പിന് ബസ്സിനെ ശക്തമായ ഒരു പ്രചാരണ മാധ്യമമാക്കിയ വിദ്വാന്മാർ പോലുമുണ്ട്. ശരാശരി മലയാളി ദിനംപ്രതി അഭിമുഖീകരിക്കുന്ന പ്രശ്നനിവാരണവും സംശയദൂരീകരണവും ബസ്സിലൂടെ നടന്നു. ചുരുക്കത്തിൽ ബസ്സ് ഒരു ഓൺലൈൻമലയാളി  ബസ്സുടമയുടെ ജീവനാഡിയായി മാറി.

തിളങ്ങി നിന്ന ബസ്സിന്റെ കടയ്ക്കലേക്ക് ആദ്യ കത്തിവച്ചത് പെറ്റമ്മ തന്നെയാണ്. അതും പേരിലും മട്ടിലും സാമ്യമുള്ള ‘പ്ലസ്സെന്ന(https://plus.google.com/) ഇരട്ട സഹോദരന്റെ പേരിൽ.  പുതിയ എന്തോ ജീവിയെ കണ്ടമട്ടിൽ ഉടുതുണി പോലും മാറാതെ ആളുകൾ പ്ലസ്സിലേക്കോടി. (ജൂണിൽ തുടക്കമിട്ട ഈ നവജാതശിശു 40 ദശലക്ഷം ഉപയോക്താക്കളിലേക്കിറങ്ങി ചെന്നെന്ന് വ്യാഴാഴ്ച ഗൂഗിളിന്റെ എക്സിക്കൂട്ടീവ് ഓഫീസർ ‘ലാറി പേജ്’ വ്യക്തമാക്കിയിരുന്നു.)


ഗൂഗിൾ പ്ലസ്സിൽ മലയാളികളുടെ ഇടി ആദ്യ രണ്ടാഴ്ച കൊണ്ട് നിന്നു. ഇപ്പോൾ ഫേസ്‌ബുക്കിനെപ്പോലെ അനാവശ്യ പോഡുകളുമായി മൂപ്പർ ‘എനിച്ച് മലയാലം കൊരച്ച് കൊരച്ച് അരിയാം‘ എന്ന് ഇരമ്പിക്കൊണ്ട് ഇഴഞ്ഞു നീങ്ങുകയാണ്. (ഇംഗ്ലീഷിൽ മൂപ്പർ പുലിയാണെന്നാണ് കേൾക്കുന്നത്!! ആവോ.. ആർക്കറിയാം ..?) അങ്ങനെ പ്ലസ്സിന്റെ പ്രഭാവലയത്തിൽ കണ്ണുമ്മിഴിച്ച് നിന്ന ബസ്സ് ഒരു വിധം സ്ഥലകാലബോധം വീണ്ടെടുത്ത് ഓടിത്തുടങ്ങിയപ്പോഴാണ് പെറ്റമ്മയുടെ വക ഈ ‘കാലപാശം’. പെറ്റമ്മ തന്നെ മക്കളെ വേർതിരിച്ച് കാണുന്നു. പിന്നാണോ നമ്മളീ കാഴ്ചക്കാർ..