യമകം, രണ്ടു പരീക്ഷണങ്ങൾ

കവിതയിൽ ശബ്ദാലങ്കാരത്തിന്റെ കട്ടഫാനാണു ഞാൻ. അതിന്റെ ഭംഗി അറിയണമെങ്കിൽ പാടിക്കേട്ടങ്കിലേ മനസ്സിലാകൂ എന്നാണെന്റെ പക്ഷം. കോട്ടയത്തു തമ്പുരാന്റെ കിർമ്മീരവധത്തിലെ ‘മാധവ ജയശൗരേ‘ (നാട്ടക്കുറിഞ്ഞി) എന്ന പദം വ്യഞ്ജനത്തിന്റെ ആവർത്തനം കൊണ്ടു നാവിൽ കിടന്നു കളിക്കാൻ തുടങ്ങിയിട്ട് കുറച്ചു ദിവസമായി. അങ്ങനെയാണ് ഒരു ശബ്ദാലങ്കാരമൊന്ന് പരീക്ഷിക്കാൻ തോന്നിയത്. എന്നാൽ യമകം തന്നെ പിടിക്കാമെന്നു കരുതി.

 

യമകം:

നാട്യശാസ്ത്രത്തിന്റെ കാലം മുതൽക്കേ യമകം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. വാസ്തവത്തിൽ അതിൽ ഉപമ, രൂപകം, ദീപകം, യമകം എന്നിങ്ങനെ നാല് അലങ്കാരങ്ങൾ മാത്രമേ വിവേചനം ചെയ്യപ്പെട്ടിരുന്നുള്ളു. ദണ്ഡിയുടെ കാവ്യാദർശം, ഉദ്ഭടന്റെ കാവ്യാലങ്കാരസംഗ്രഹം, വാമനാചാര്യയുടെ കാവ്യാലങ്കാര സൂത്രവൃത്തി എന്നിവയിൽ യമകം പരാമർശിക്കപ്പെട്ടിട്ടുണ്ടു്.

ഒരു കവിതയിലോ ശ്ലോകത്തിലോ ഏതെങ്കിലും വാക്കുകൾ വീണ്ടും ആവർത്തിച്ച് ഉപയോഗിക്കുന്ന രീതിയാണ് യമകം. അക്ഷരക്കൂട്ടങ്ങൾ ഓരോയിടത്തും ഓരോ അർത്ഥത്തിലാവും പ്രയോഗം.

“അക്ഷരക്കൂട്ടമൊന്നായിട്ടർഥം ഭേദിച്ചിടും പടി
ആവർത്തിച്ചു കഥിച്ചീടിൽ യമകം പലമാതിരി” – എന്നു ലക്ഷണം

“മാലതീ മലർ ചേർന്നോരു
മാല തീജ്വാലയെന്നപോൽ
മാലതീയിവനേകുന്നു
മാലതീതുല്യയെങ്ങു നീ.” – എന്നൊരു പദ്യം യമകത്തിന്റെ ഉദാഹരണമായി നിരന്തരം ഉപയോഗിച്ചു കാണാറുണ്ട്.

“മതിമതി പതിയോടു പറവൂതും ചെയ്തു കാന്താ,
മതി മതി കദശന മതീവ മൂല്യം. മതിമതി” –
എന്ന കുചേലവൃത്തം വഞ്ചിപ്പാട്ടിലെ വരികളും പ്രസിദ്ധമാണ്

 

പരീക്ഷണങ്ങളിലേക്ക്:

“ചുടലക്കാളി ചുടുചുടെനോക്കി
ചുടുവട്ടത്തെ ചുടുക്കനെ ചുട്ടു.
ചുടുമാളത്തിൻ ചുടരാറവളാ.
ചുടലാടിതലപ്പിലെ ചുടരും,
ചുട്ടിപ്പൂവും, ചുടരൊളിയും നീ.”

 

വരികളിൽ 11 അക്ഷരങ്ങൾ വീതം – ത്രിഷ്ട്യുപ്പ്‌ എന്ന വൃത്തം.

“മാരകാഹളം കേട്ടിട്ടോ നീ ധൃതി
മാരകായുധം കൈവെടിഞ്ഞിപ്പൊഴേ
മാരകനുള്ളിൽ വേശിച്ചപോലിതാ
മാരമാൽപീഢ, വെന്തുനീറുന്നുവോ
മാരവക്ഷിതി നീണ്ട‌നാൾക്കിപ്പുറം
മാരിനാൾ ധീരൻ പുക്കിനവേളയിൽ
മാരിവില്ലും തെളിഞ്ഞു മാനത്തഹോ
മാരധനാശി വർഷിച്ചനന്തരം.”

നെറ്റ് നിക്ഷ്പക്ഷത ഒരെത്തിനോട്ടം

2015 ആഗസ്റ്റ്‌ മാസത്തിലെ ‘വിജ്ഞാനകൈരളി’ മാസികയ്ക്കുവേണ്ടി എഴുതിയതു്.

 

“സാധാരണ നിയമങ്ങളിൽ നിന്നും വ്യത്യസ്ഥമായി ഇന്റർ‌നെറ്റിനും അതുമായി ബന്ധപ്പെട്ട സോഫ്റ്‌വെയറുകൾക്കും ശിക്ഷിക്കാനുള്ള കഴിവില്ല. ഓൺലൈനിൽ ഇല്ലാത്ത ജനങ്ങളെയിതു യാതൊരു തരത്തിലും ബാധിക്കുകയുമില്ല. (അതും ലോക ജനസംഖ്യയുടെ ചെറിയൊരു ശതമാനം മാത്രം) ഇന്റർ‌നെറ്റ് വ്യവസ്ഥയോടു നിങ്ങൾക്കെപ്പോഴെങ്കിലും അവമതിപ്പു തോന്നുകയാണെങ്കിൽ മോഡം ഓഫാക്കുന്നതിലൂടെ അതിനു തിരശ്ശീല വീഴുന്നു”

1999-ൽ ലോറൻസ് ലെസിങ്ങിന്റെ ‘Code & the Other Laws of Cyber Space’ എന്ന പുസ്തകത്തിന്റെ അവലോകനത്തിൽ സാങ്കേതികവിദ്യാ എഴുത്തുകാരനായ ഡേവിഡ് പോഗ് കുറിച്ചിട്ട വാക്കുകളാണിത്. തൊണ്ണൂറ്റിയൊൻപതിൽ, അതായത് വെബ് 2.0യുടെ ഉദയത്തിനു മുൻപ് ഇതൊരു പരിധി വരെ ശരിയായിരിക്കാം. എന്നാലിന്ന് ഓൺലൈൻ ഇടങ്ങൾ അത്ര പരിചയമില്ലാത്ത, എന്നാൽ സാമൂഹ്യബന്ധമുള്ള ഏതൊരാൾക്കും ഇതിലെ പൊള്ളത്തരങ്ങൾ പെട്ടെന്നു തന്നെ മനസ്സിലാകും. ഇന്നു നിത്യജീവിതത്തിൽ എല്ലാ തുറകളിലും – വ്യാപാരവിനിമയങ്ങൾ മുതൽ ഭരണം വരെ, കൃത്യമായ സ്വാധീനം ചെലുത്തുന്ന ഇന്റർ‌നെറ്റിനെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹത്തായ കണ്ടുപിടുത്തമെന്നു വിശേഷിപ്പിക്കാം.

ലോകത്തിന്റെ പലഭാഗത്തുള്ള കമ്പ്യൂട്ടർ തമ്മിലുള്ള ബന്ധപ്പെടലിലൂടെ നിർമ്മിതമായ വികേന്ദ്രീകൃതമായ ഒരു ശൃംഖലയാണു് ഇന്റർ‌നെറ്റ്. സുതാര്യമായ മാനദണ്ഡങ്ങളിലൂടെയാണ് ഇവയിലൂടെയുള്ള ഡാറ്റയുടെ ഒഴുക്കിനെ നിയന്ത്രിക്കുന്നത്. ഉള്ളടക്കത്തിന്റെ പങ്കുവയ്ക്കലാണ് കമ്പ്യൂട്ടർ ശൃംഖലകളുടെ അടിസ്ഥാന ധർമ്മം. അറിവിന്റെയും, അതിന്റെ ആകെത്തുകയായി മാനുഷിക ബന്ധങ്ങളുടേയും ഉന്നമനവും ഇന്റർനെറ്റ് ലക്ഷ്യമിടുന്നു. വിർച്വൽ പൊതുവിടങ്ങൾ ഓരോ വ്യക്തികൾക്കുമായി അഭിപ്രായപ്രകടനത്തിനുള്ള വേദികൾ നിർമ്മിക്കുന്നു. ഇപ്രകാരം ഉരുത്തിരിയുന്ന നിഗമനങ്ങൾ സാമൂഹിക മാറ്റങ്ങൾക്ക് വഴിയിടുകയും ചെയ്യുന്നു. അറബ് വസന്തവും വാൾ‌സ്ട്രീറ്റ് പിടിച്ചെടുക്കലും പോലെയുള്ള ഹാഷ്‌ടാഗ് വിപ്ലവങ്ങൾ മുതൽ യുദ്ധങ്ങൾ വരെ സൈബറിടത്തേക്ക് പറിച്ചുനടപ്പെട്ടിരിക്കുന്നു.

നെറ്റ് നിഷ്പക്ഷത
അഭിപ്രായസ്വാതന്ത്ര്യത്തിന്റെ അവസാന തുരുത്തായ ഇന്റർ‌നെറ്റിന്റെ സാമൂഹികഉടമസ്ഥതയും ചോദ്യം ചെയ്യൽ ശേഷിയേയും കോർ‌പ്പറേറ്റുകളേയും ഭരണകൂടങ്ങളേയും വെറിപിടിപ്പിക്കുന്നുണ്ടെന്ന് സമ്മതിക്കേണ്ടിവരും. ഇന്റർ‌നെറ്റ് ഉള്ളടക്കത്തെ നിയന്ത്രിക്കാനായി മുമ്പോട്ട് വച്ച അമേരികയുടെ SOPA/PIPA നിയമങ്ങളും ചൈനയുടെ ഗ്രേറ്റ് വാളും ഇന്ത്യയുടെ 66/Aയുമെല്ലാം ഒരേ നാണയത്തിന്റെ വ്യത്യസ്ഥ മുഖങ്ങളാണ്. ബൗദ്ധികസ്വത്തവകാശ ആവലാതികളും സ്ഥിരമായി മുഴങ്ങിക്കേൾക്കാം. ഈ ഗണത്തിൽ പ്രത്യേക പരിഗണനയർഹിക്കുന്നതാണ് ഇന്റർ‌നെറ്റിന്റെ നിഷ്പക്ഷത തകർക്കാനുള്ള ശ്രമങ്ങൾ.

ഇന്റർ‌നെറ്റിൽ എല്ലാവർക്കും ഒരേ അവസരങ്ങളാണു നൽകുന്നത്. ഉള്ളടക്കത്തോട് സേവനദാതാവ് പൂർണ്ണമായും നിഷ്പക്ഷത കാട്ടുന്നതു മൂലം ആപ്ലിക്കേഷൻ/വെബ്‌സൈറ്റ് നിർമ്മാതാക്കൾക്കും (സെർവർ) സാധാ ഉപയോക്താവിനും വിവേചനരഹിതമായ ഉപയോഗക്ഷമത ഉറപ്പുവരുത്തുന്നു. ഇതു തന്നെയാണ് നെറ്റ് ന്യൂട്രാലിറ്റി അഥവാ ഇന്റർനെറ്റ് സമത്വത്തിന്റെ കാതൽ. കൊളമ്പിയൻ ലോ സ്കൂളിൽ പ്രഫസറായ ടിം വൂ (Tim Wu) ആണ് 2002ൽ നെറ്റ് ന്യൂട്രാലിറ്റി എന്ന പദം മുൻപോട്ടു വച്ചത്.

ഒരു ചെറിയ തുകമുടക്കിയാൽ ആർക്കും ഒരു വെബ്‌സൈറ്റ് തട്ടിക്കൂട്ടാം. ഈ വെബ്‌സൈറ്റിന്റെ ഉള്ളടക്കത്തേയും ഒരു കോർ‌പറേറ്റ് ഭീമന്റെയടുക്കൽ നിന്നും നിർമ്മിക്കുന്ന ബിറ്റിനേയും മുൻ‌വിധിയില്ലാതെ ഒരേ പോലെയായിരിക്കണം ശൃംഖലയിലെ റൂട്ടറുകൾ പരിഗണിക്കേണ്ടത്. (ചില പ്രത്യേക സാങ്കേതിക ആവശ്യങ്ങൾക്കായി പാക്കറ്റ് ലെവൽ മുൻ‌ഗണന ഉപയോഗിക്കുന്നുണ്ടെങ്കിൽ പോലും) ആദ്യമെത്തുന്നവ ആദ്യം (First Come First Serve) എന്ന നിലപാട് എടുക്കുന്നതിനാൽ സമത്വത്തോടൊപ്പം തന്നെ ശൃംഖലാഘടകങ്ങളുടെ പ്രവർത്തനങ്ങളെ പരമാവധി ലഘൂകരിക്കാനും കഴിഞ്ഞിട്ടുണ്ട്.  

ചുങ്കപ്പാതകൾ
ഡാറ്റാ പാക്കറ്റുകൾ ഒരു ദുർലഭവിഭവം (Scarce Resource) അല്ല. വോൾട്ടേജ് നില വച്ചിട്ടാണു ഒരു വിവരകണികയെ (ബിറ്റ്) രേഖപ്പെടുത്തുന്നത്. ഇതെത്രതവണ വേണമെങ്കിലും ആവർത്തിക്കാം എന്നതുകൊണ്ട് സാങ്കേതികമായി ബിറ്റുകളുടെ കൈയിരുപ്പ് ഏതാണ്ട് അനന്തമാണ്.  കൈമാറ്റനിരക്ക് മാത്രമാണിവിടെ ശ്രദ്ധിക്കേണ്ടത്. ഒരു സംവഹനമാദ്ധ്യമത്തിലൂടെ പരമാവധി എന്തുമാത്രം വിവരം കൈമാറ്റം ചെയ്യാമെന്നത് അതിന്റെ ചാലകശേഷി (ബാൻഡ്‌വിഡ്ത്ത്) എന്നു പറയാം. ഡാറ്റയുടെ കൈമാറ്റ നിരക്കിനനുസരിച്ച് ശേഷി വർദ്ധിക്കാത്തത് പലപ്പോഴും മാദ്ധ്യമത്തിനുള്ളിൽ തിരക്ക് അനുഭവപ്പെടാൻ കാരണമായേക്കും.

Backbone Campaign

ഒരേ വേഗതയിൽ ഒരേ പാതയിൽ സഞ്ചരിക്കുന്ന പാക്കറ്റുകളിൽ ചിലതിനു മാത്രമായി പ്രത്യേകം തിരക്കുകുറഞ്ഞ ചുങ്കപ്പാത ഒരുക്കുന്നത് സേവനദാതാക്കളുടെ ഒരു പ്രവണതയാണ്. അവരുമായി ഉടമ്പടിയിലേർപ്പെടുന്ന കമ്പനികളുടെ ഉള്ളടക്കം ഉപയോക്താക്കളിലേക്ക് പെട്ടെന്നു എത്തിച്ചേരുമ്പോൾ മറ്റുള്ളവയ്ക്ക് മനഃപൂർവമോ അല്ലാതെയോ കാലതാമസം ഏൽക്കും. സ്വാഭാവികമായും ഉപയോക്താക്കൾ ആദ്യം പറഞ്ഞവരിലേക്ക് അടുക്കുകയും, മറ്റുള്ളവർക്ക് വിപണിയിൽ നിന്നും പിന്മാറേണ്ടി വരികയും, അങ്ങനെ വിപണി കുത്തകവത്കരിക്കപ്പെടുകയും ചെയ്യും. സേവനദാതാക്കളുമായി കരാറിലേർപ്പെടാൻ സാമ്പത്തികസ്ഥിതിയും ആൾ‌ബലവുമില്ലാത്ത, എന്നാൽ അതിലും മെച്ചപ്പെട്ട സേവനങ്ങൾ നൽകുന്ന സ്വതന്ത്ര വിജ്ഞാന സങ്കേതങ്ങൾ, ചെറുകിടക്കാർ, സ്റ്റാർട്ടപ്പുകൾ എന്നിവർ പാർശ്വവത്കരിക്കുന്നത് സാങ്കേതികവിദ്യയുടെ ഉന്നമനത്തെ കാര്യമായി പിന്നോട്ടടിക്കും. ആമസോണിനു സിയാറ്റിലെ ഒരു മുറിയിൽ നിന്നും വാൾമാർട്ടിനെതിരെ പോരാടാൻ കഴിഞ്ഞതും, കാലിഫോർണിയയിലെ ഒരു ഗാരേജിൽ നിന്നും യാഹുവിനു ബദലായി ഗൂഗിൾ ഉയർന്നു വന്നതും, ഹർവാഡിലെ ഒരു ഹോസ്റ്റൽ മുറിയിൽ നിന്നും വന്ന ഫേസ്‌ബുക്കിനു മൈസ്പേസിൽ നിന്നും സാമൂഹ്യക്കൂട്ടായ്മാ വിപണി പിടിച്ചെടുക്കാനായതും ഇന്റർനെറ്റ് നിഷ്പക്ഷതയുടെ വെളിച്ചത്തിൽ നിന്നുകൊണ്ടായിരുന്നു.

സീറോ കോസ്റ്റ് പാക്കേജുകൾ
ഭാഷാപരമോ സാങ്കേതികപരമോ ആയ പ്രശ്നങ്ങൾ മൂലം ഒരു കൂട്ടം ജനത വിവരസാങ്കേതികവിദ്യയുടെ ഗുണങ്ങളിൽ നിന്നും ഒഴിവാക്കപ്പെടുന്നതിനെയാണ് ഡിജിറ്റൽ വിടവ് (Digital Divide) എന്നു പറയുന്നത്. ഉയർന്ന സേവന നിരക്ക്, താഴ്ന് വരുമാനം ഇവയുടെ ഫലമായി ഒരു നിഷ്പക്ഷ ഇന്റർനെറ്റ് ലഭ്യമാകാത്ത മൂന്നാം ലോകരാജ്യങ്ങളിലും വികസ്വര രാജ്യങ്ങളിലും അവതരിപ്പിച്ച പദ്ധതിയാണ് സീറൊ കോസ്റ്റ് പാക്കേജുകൾ. ഒരു പ്രത്യേക സേവനദാതാവ് ഒരു കൂട്ടം വെബ് സൈറ്റുകൾ സൗജന്യമായോ വളരെ താഴ്ന് നിരക്കിലോ ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്നു. മിക്കപ്പോഴും വെബ് ഭീമന്മാരായ ഫേസ്‌ബുക്ക്, ഗൂഗിൾ പോലുള്ള സേവനങ്ങളാണ് ഇപ്രകാരം ലഭിക്കുന്നത്. അവർ ഇന്റർനെറ്റ് സേവനദാതാവുമായി ഉണ്ടാക്കുന്ന പുറത്തറിയിക്കാത്ത ഉടമ്പടി വഴി നിയന്ത്രിക്കപ്പെടുന്ന ഇത്തരം പദ്ധതികൾക്ക് ഒരു ദാനകർമ്മപരിവേഷമാകും പുറത്തു നൽകുക. സൗജന്യമായതിനാൽ തന്നെ ജനപ്രീതി പെട്ടെന്നാകർഷിക്കാനും ഇവയ്ക്കാകും.  പദ്ധതിക്കു പുറത്തുള്ളവയ്ക്ക് തുക ഈടാക്കുമെന്നതുകൊണ്ട്  ഉപയോക്താക്കളായ ലക്ഷക്കണക്കിനു ജനങ്ങൾക്ക് കൂട്ടിലടയ്ക്കപ്പെട്ട ഒരു ഇന്റർനെറ്റ് അനുഭവമായിരിക്കും സീറോ കോസ്റ്റ് പാക്കേജുകൾ സമ്മാനിക്കുക.

വിലക്കുറഞ്ഞ, സാങ്കേതികപരമായി മെച്ചപ്പെട്ട, സ്വതന്ത്രമായ ഒരു നെറ്റ് സേവനം അവിടെയെത്തുന്നതിനെത്തന്നെ പതിറ്റാണ്ടുകൾക്കപ്പുറത്തേക്ക് മാറ്റി വയ്പ്പിക്കുവാൻ ഇത്തരം പദ്ധതികൾ കാരണമായേക്കാം. ഇപ്രകാരമുള്ള ഒരു സേവനത്തിൽ സ്വകാര്യതക്കുറവും സെൻസർഷിപ്പിന്റെ സാധ്യതയുമുള്ളതിനാൽ പ്രാദേശികമായ സംരംഭകത്വത്തേയും എത്തിക്കൽ ഹാക്കിങ്ങ് പ്രവണതകളേയും പ്രതീക്ഷിക്കേണ്ടതില്ല. അമേരിക്കയിൽ ആന്റിട്രസ്റ്റ് ആക്ടും ഇന്ത്യയിലെ കോമ്പറ്റീഷൻ ആക്ടുമൊക്കെ പ്രകാരം ഒരു വിപണി മേഖലയിലുള്ള ആധിപത്യം മറ്റൊരു മേഖലയിലെ മത്സരം ഒഴിവാക്കി മുൻഗണന നേടിയെടുക്കുന്നതിനായി ഉപയോഗിക്കപ്പെടുന്നത് നിയമപരമായി തെറ്റുമാണ്. സൗജന്യമായി ലഭ്യമാക്കുന്ന ഒരു കൂട്ടം വെബ്‌സൈറ്റുകളിൽ ഇന്റർനെറ്റിലെ സ്വതന്ത്രവിജ്ഞാനത്തിന്റെ ഒരു കണികയെ മാത്രമാകും രുചിക്കാനാകുക.

ഡിജിറ്റൽ വിടവിനെ പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം സംരംഭകർക്കിടയിൽ നല്ല രീതിയിലുള്ള മത്സരപ്രവണതയുണ്ടാകുകയെന്നതു തന്നെയാണ്. അന്താരാഷ്ട്ര ടെലികമ്യൂണിക്കേഷൻ യൂണിയൻ, ഓ.ഇ.സി.ഡി (Organisation for Economic Co-operation and Development) മുതലായവരും ഇതേ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്.  ജപാൻ, കാനഡ മുതലായ രാജ്യങ്ങളിൽ നിയമം വഴി തന്നെ ഓപൺ ആക്സസ് നയങ്ങൾ നടപ്പിൽ വരുത്തിയിട്ടുണ്ട്. സംരംഭകർ തമ്മിൽ ന്യായമായ നിലയിൽ അടിസ്ഥാന സൗകര്യങ്ങൾ പങ്കുവയ്കാനിത് ഇടവരുത്തുന്നു. ആസ്ത്രേലിയ, സ്വീഡൻ, സിംഗപ്പൂർ മുതലായിടങ്ങളിൽ നിർവ്വഹണപരമായി/ഘടനാപരമായി ടെലിസേവനദാതാക്കളെ പ്രബലർ, പൊതുനിരയിൽ ഉള്ളവർ എന്നിങ്ങനെ വേർതിരിച്ചിട്ടുണ്ട്. ദക്ഷിണ കൊറിയ, ഹോങ്കോങ്ങ് എന്നിടങ്ങളിൽ ഒരു ഓപൺ ആക്സസ് നയത്തിന്റെ അഭാവത്തിൽ തന്നെ പ്രാദേശികമായ പ്രത്യേകതകൾ കൊണ്ടോ, വിപണി ചട്ടങ്ങൾ മൂലമോ ഒരു നെറ്റ് സമത്വം രൂപപ്പെട്ടതായി കാണാം.

തട്ടു തിരിച്ച സേവനങ്ങൾ
ഇന്റർനെറ്റിലെ സേവനങ്ങളെ പല തട്ടായി തിരിച്ച് അവയ്ക്ക് പ്രത്യേകം പ്രത്യേകം പണമീടാക്കാനുള്ള ശ്രമമാണടുത്തത്. ഇന്റർനെറ്റിലൂടെ വിനിമയം ചെയ്യപ്പെടുന്നത് ഏത് തരം ഡാറ്റയാണെങ്കിലും, അക്ഷരങ്ങളോ, ചിത്രമോ, വിഡീയോയോ – ഇങ്ങനെ ഏതാണെങ്കിലും അവ സാങ്കേതികമായി ബിറ്റുകളുടെ കൂട്ടം മാത്രമാണ്. മുൻ‌ നിശ്ചയിക്കപ്പെട്ട തുക ഉപയോക്താവ് സേവനദാതാവിനു നൽകിതിനാൽ അവ വേർതിരിവില്ലാതെ നൽകാനവർ ബാധ്യസ്ഥരാണ്. അനുവദിക്കപ്പെട്ട സമയ/ഡാറ്റാ പരിധിക്കുള്ളിൽ ഇന്റർനെറ്റിൽ ലഭ്യമായ നിയമവിധേയമായ ഏതൊരു സേവനവും ഉപയോഗിക്കാൻ ഉപയോക്താക്കൾക്ക് അധികാരമുണ്ട്.  .

സാമൂഹ്യക്കൂട്ടായ്മ വെബ്‌സൈറ്റുകൾ, സന്ദേശസേവനങ്ങൾ, വീഡിയോ സൈറ്റുകൾ ഇങ്ങനെ OTTകളെ (Over The Top technology) തട്ടുകളായി തിരിച്ച് പ്രത്യേകമായി സേവനദാതാവ് വിപണനം ചെയ്യും. ഇവിടെയും സമത്വം എന്ന ആശയം അട്ടിമറിക്കപ്പെടുകയാണ്. ഒരു കുട്ടം സേവനങ്ങൾക്കാണ് ജനപ്രീതിയുള്ളത് എന്നത് മറ്റുള്ളവയ്ക്കൊന്നും ആവശ്യക്കാരില്ല എന്ന് അർത്ഥമാകുന്നില്ല. സ്വതന്ത്രമായ ഇടത്തെ തന്നിഷ്ടപ്രകാരം  ഉപയോഗിക്കാനുള്ള അവസരത്തെയിവിടെ ചുരുക്കുന്നു.

ഒരു ഇന്റർനെറ്റ് ദാതാവിന്റെ ഏതൊക്കെ ഡാറ്റാ പാക്കറ്റുകളാണു വാട്സാപ്പിലേക്കുള്ളത്, ഏതൊക്കെയാണ് ഫേസ്‌ബുക്കിലേക്കുള്ളത് എന്നത് കണ്ടെത്താൻ പാക്കറ്റ് വിശകലനം വേണ്ടി വരും. (അല്ലെങ്കിൽ റൂട്ടിങ്ങ് വിവരമോ ഉപയോഗിക്കാം) എങ്ങനെയായാലും അനാവശ്യ വിവരവിശകലനം ഉപയോക്താവിന്റെ സ്വകാര്യതയിലേക്കു കൂടിയുള്ള കൈകടത്തലാവുകയും, അരാജകത്വത്തിലേക്ക് നയിക്കുകയും ചെയ്യാം

സത്യത്തിൽ ഈ ‘ഓവർ ദ് ടോപ്’ എന്ന പദം തന്നെ തെറ്റിദ്ധാരണ പരത്തുന്ന ഒന്നാണ്. ഓരോ സേവനങ്ങൾക്കും അനുസരിച്ച് സേവനദാതാക്കൾ പ്രത്യേകം പ്രത്യേകമായി സാങ്കേതികമോ ഘടനാപരമായോ യാതൊരു മാറ്റവും വരുത്തുന്നില്ല. ചുരുക്കത്തിൽ ശൃംഖലയിലെ ആപ്ലിക്കേഷൻ പാളിയേക്കുറിച്ച് തലപുകയ്ക്കേണ്ട യാതൊരു അവസ്ഥയും ഐ.എസ്.പികൾക്ക് വരുന്നില്ല.

നെറ്റ് ന്യൂട്രാലിറ്റി – നിലവിലെ അവസ്ഥകൾ
നെറ്റിന്റെ സമത്വം നഷ്ടപ്പെടുന്ന പാക്കറ്റ് വിശകലനം, ഡാറ്റാ വിവേചനം, ഡിജിറ്റൽ അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റം എന്നിവയേക്കുറിച്ചുള്ള ആവലാതികൾ ലോകത്തിന്റെ പലയിടങ്ങളിലായി ഉയർന്നിരുന്നെങ്കിലും, ലോകശ്രദ്ധയാകർഷിച്ചത് അമേരിക്കയിൽ കോംകാസ്റ്റും നെറ്റ്‌ഫ്ലിക്സും തമ്മിൽ നടന്ന തർക്കത്തെത്തുടന്നായിരുന്നു. അമേരിക്കയിൽ നിന്നുള്ള ഓൺ-ഡിമാന്റ് വീഡിയോ സൈറ്റായ നെറ്റ്‌ഫിക്സിന്റെ ബാൻഡ്‌വിഡ്ത്ത് കോംകാസ്റ്റിന്റെ ശൃംഖലകളിൽ വെട്ടിക്കുറച്ചതിനെത്തുടർന്നായിരുന്നു തർക്കമുടലെടുത്തത്. നെറ്റ്‌ഫിക്സിന്റെ ഉപയോക്തൃസേവനം മോശമാണെന്ന പരാതി ഉയർന്നതിനെത്തുടർന്ന് ഇതു പരിഹരിക്കാനായി കോംകാസ്റ്റിനു പണം നൽകേണ്ടി വന്നു.

2014 ഏപ്രിൽ 19നു എഫ്.സി.സി. (ഫെഡറൽ കമ്യൂണിക്കേഷൻ കമ്മിഷൻ) നെറ്റ് ന്യൂട്രാലിറ്റിക്കെതിരെ നടപ്പിൽ വരുത്താൻ പോകുന്ന ചില മാറ്റങ്ങളുമായി ബന്ധപ്പെട്ട രേഖകൾ ചോർന്നു. ആയിരങ്ങൾ അണി ചേർന്ന യോഗങ്ങൾ തുടർന്നുള്ള ദിവസങ്ങളിൽ അമേരിക്കയിൽ സംഘടിപ്പിക്കപ്പെട്ടു. നയത്തെപ്പറ്റിയുള്ള പൊതുജനാഭിപ്രായം തേടിയ ആദ്യ ദിവസം തന്നെ തിരക്ക് കാരണം എഫ്.സി.സി. സെർവറുകൾ തകരാറിലായി. സമയമവസാനിച്ചപ്പോൾ ഏതാണ്ട് 37 ലക്ഷത്തോളം പേർ നെറ്റ് ന്യൂട്രാലിറ്റിയെ അനുകൂലിച്ചുകൊണ്ട് അഭിപ്രായപ്രകടനം നടത്തി. ഇതിൽ “ഇന്റർനെറ്റ് സ്ലോഡൗൺ ദിനമായി” ആചരിച്ച സെപ്റ്റംബർ 10നു മാത്രം കോൺഗ്രസിലേക്ക് 3 ലക്ഷം ഫോൺ‌വിളികളും എഫ്.സി.സിയ്ക്ക് 20 ലക്ഷം ഈമെയിലുകളും ലഭിച്ചു. തുടർന്ന് 2015 ഫെബ്രുവരി 26നു എഫ്.സി.സി.  കമ്മ്യൂണിക്കേഷൻ നിയമങ്ങളിൽ സ്വതന്ത്ര ഇന്റർനെറ്റ് നിയമങ്ങൾ കുട്ടിച്ചേർത്തു. ഇന്ന് അമേരിക്കയോടൊപ്പം നെതര്‍ലാന്റ്സ്, ചിലി, ബ്രസീല്‍ എന്നിവിടങ്ങളില്‍ വിവേചനമില്ലാത്ത ഇന്റര്‍നെറ്റ് സേവനത്തിനായുള്ള നിയമങ്ങള്‍ നിലവില്‍ വന്നു കഴിഞ്ഞു.

എന്നിരുന്നാലും പല രാജ്യങ്ങളിലും നിത്യേന നെറ്റിന്റെ നിഷ്പക്ഷത ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. കരീബിയനിൽ VOIP സേവനങ്ങൾ പൂർണ്ണമായും തടയപ്പെട്ടിരിക്കുകയാണ്. മെക്സിക്കോയുടെ പുതിയ ടെലികമ്യൂണിക്കേഷൻ നിയമം ഇന്റർനെറ്റിൽ കൂടുതൽ സെൻ‌സർഷിപ്പ് വരുത്തുവാൻ പാകത്തിലുള്ളതാണ്. സ്പോട്ടിഫൈ ഓസ്ട്രിയയിൽ സീറോ കോസ്റ്റ് പാക്കേജുകൾ അവതരിപ്പിച്ചിട്ടുണ്ട്. പല രാജ്യങ്ങളും സ്വകാര്യതയെ ഉറപ്പുവരുത്താൻ ഉപയോഗിക്കുന്ന ക്രിപ്റ്റോഗ്രഫി നിയമം മൂലം നിരോധിക്കപ്പെട്ടിട്ടുമുണ്ട്.

ഇന്ത്യയിൽ
വളർന്നു വരുന്ന വിപണി എന്ന നിലയിൽ ഇന്ത്യയിലെ നെറ്റ് സമത്വത്തെ പല കോർപ്പറേറ്റുകളും ഗൗരവകരമായാണു കാണുന്നത്. 2016ൽ അമേരിക്കയിലെ മൊബൈൽ ഫോൺ ഉപയോക്താക്കളുടെ എണ്ണത്തെ ഇന്ത്യ കവച്ചു വയ്ക്കും എന്നതുകൂടി ഇതിനോട് കൂട്ടിവായിക്കണം. അമേരിക്കയിൽ നെറ്റ് ന്യൂട്രാലിറ്റിയ്ക്ക് അനുകൂലമായി ആമസോൺ, ഈബേ, ഫേസ്‌ബുക്ക്, ഗൂഗിൾ, ട്വിറ്റർ എന്നിവർ ചേർന്ന് ഓപൺ ഇന്റർനെറ്റ് സന്ധി രൂപീകരിച്ചെങ്കിൽ, പലരും ഇന്ത്യയിൽ പ്രത്യക്ഷത്തിൽ ഒരു നിലപാടെടുക്കാൻ മടിച്ചു.

എയര്‍ടെല്‍ VOIP(വോയിസ് ഓവർ ഐപി) സേവനങ്ങള്‍ക്കു് അധിക പണം ഈടാക്കുമെന്ന പ്രഖ്യാപനത്തോടെയാണു് ഇന്ത്യയില്‍ നെറ്റ് ന്യൂട്രാലിറ്റി ചർച്ചകൾ ആരംഭിച്ചത്. പൊതുജനങ്ങൾക്കിടയിലുണ്ടായ വലിയ എതിര്‍പ്പിനെത്തുടര്‍ന്നു് അവർക്ക് ഈ നീക്കത്തില്‍ നിന്നും പിന്മാറേണ്ടി വന്നു. 2015 മാർച്ച് TRAI (Telecom Regulatory Authority of India) ‘ഓവർ ദ് ടോപ്’ സേവനങ്ങളെ സംബന്ധിച്ച 118 പേജുകളിലായി വരുന്ന ഒരു കരട് രേഖ പുറത്തുവിട്ടു. 20 ചോദ്യങ്ങളടങ്ങിയ രേഖയ്ക്ക് മറുപടി നൽകാൻ ഏപ്രിൽ 24 വരെ സമയവും നൽകി. ഇതിലെ പല ഗൗരവകരമായ നിർദ്ദേശങ്ങളേയും പറ്റി റെഡിറ്റ് ഇന്ത്യയിൽ നടന്ന ചർച്ചകളെത്തുടർന്ന് പ്രവർത്തകർ പൊതുപങ്കാളിത്തം ഉറപ്പിക്കാനുള്ള ശ്രമങ്ങളാരംഭിച്ചു. അമേരിക്കയുടെ മോഡലിൽ SaveTheInternet.in എന്ന വെബ്‌സൈറ്റ് വഴി നേരിട്ട് ട്രായിക്ക് അഭിപ്രായമറിയിക്കാനുള്ള അവസരമൊരുക്കുകയുമുണ്ടായി. സാമൂഹ്യക്കൂട്ടായ്മാ മാധ്യമങ്ങളിലൂടെ പ്രശസ്തിയാർജ്ജിച്ച മുന്നേറ്റത്തിനു രാഷ്ട്രീയപ്രവർത്തകരടക്കം പല പ്രമുഖരം പിന്തുണയുമായെത്തി. സമയമവസാനിച്ചപ്പോൾ ഈ വിഷയത്തിൽ ഏതാണ്ട് 10 ലക്ഷത്തിലധികം ഇമെയിലുകൾ ട്രായിക്ക് ലഭിച്ചു കഴിഞ്ഞിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ സമരമുഖമാണ് ഇവിടെ സമൂഹം സാക്ഷിയായത്. ഇതോടൊപ്പം ഫേസ്‌ബുക്ക് അവതരിപ്പിച്ച ഇന്റർനെറ്റ്.ഓഫ്റ്റ്, എയർടെൽ സീറോ പദ്ധതികൾക്ക് എതിരെയും ജനരോഷമുയർന്നിരുന്നു.


ചുരുക്കത്തിൽ
ഐക്യരാഷ്ട്രസഭയടക്കം ഇന്റർനെറ്റ് ഒരു മനുഷ്യാവകാശത്തിന്റെ പട്ടികയിൽപ്പെടുത്തുമ്പോൾ നെറ്റ് പക്ഷപാതം യഥാർത്ഥത്തിൽ അതിനു തടയിടുകയാണ്. 2011ൽ മനുഷ്യാവകാശ കൗൺസിൽ പുറത്തിറക്കിയ റിപ്പോർട്ടിൽ രാഷ്ട്രീയ-വാണിജ്യ ആവശ്യങ്ങൾക്കു വേണ്ടി ഇന്റർനെറ്റിനെ ഭാഗികമായോ പൂർണ്ണമായോ തടയുന്നതിനെ വിമർശിച്ചിരുന്നു.  ജൊനാഥൻ സിട്രന്റെ ‘ഇന്റർനെറ്റിന്റെ ഭാവി’ എന്ന പുസ്തകത്തിൽ പറഞ്ഞിരിക്കുന്നതുപോലെ ‘പരിമിതമായ ഒരു വെബിലേക്കു പ്രവേശനം നൽകുന്നതിലും ഭേദം അതൊട്ടു ലഭിക്കാതിരിക്കുന്നതു തന്നെയാണ്’.

രാഹുൽ: അക്ഷരങ്ങളുടെ സഹയാത്രികൻ

രാജേഷ് ഒടയഞ്ചാൽ, അഖിൽ കൃഷ്ണൻ എസ്. 

(2014 നവംബർ 7ലെ (ലക്കം 25) സമകാലിക മലയാളം വാരികയിൽ പ്രസിദ്ധീകരിച്ചത്. ആർക്കൈവിങ്ങിനായി ചേര്ക്കുന്നു. )

രാഹുൽ വിജയ്
രാഹുൽ വിജയ്

ചെറുപ്പത്തിന്റെ ചടുലതയെ മലയാള ഭാഷാ സാങ്കേതിക മേഖലയിലേക്ക് തിരിച്ചുവിട്ട ചെറുപ്പക്കാരനായിരുന്നു രാഹുൽ വിജയ്. ഏഷ്യാനെറ്റ് ന്യൂസ് സോഷ്യൽ മീഡിയാ കോ-ഓർഡിനേറ്റർ എന്ന നിലയിൽ പ്രവർത്തിച്ചു വരികയായിരുന്നു വയനാടു സ്വദേശിയായ രാഹുൽ. കൗമുദി പത്രവുമായി ബന്ധപ്പെട്ട് മലയാളം കമ്പ്യൂട്ടിങ്ങ് മേഖലയിൽ ഏറെ പ്രാധാന്യമർഹിക്കുന്ന ചുവടുവെയ്പ്പുകൾക്ക് രാഹുൽ നിമിത്തമായി തീർന്നിട്ടുണ്ട്. മലയാളഭാഷാ കമ്പ്യൂട്ടിങ്ങിൽ ഇനിയുമേറെ സംഭാവനകൾ ചെയ്യാൻ കഴിയുമായിരുന്ന യുവാവായിരുന്നു രാഹുൽ വിജയ്. പക്ഷേ, ആ ലളിത ജീവിതത്തിനു മരണം അപ്രതീക്ഷിതമായി തിരശ്ശീല ഇടുകയായിരുന്നു. ഒക്ടോബർ 18, ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടടുത്ത് അവൻ ജീവിതത്തോട് വിട പറയാൻ തുനിയുമ്പോൾ വാട്സാപ്പിൽ അവന്റെ അടുത്ത മെസേജിനായി കാത്തിരിക്കുകയായിരുന്നു ഞങ്ങൾ. അന്നു രാവിലെ 9:18 ന് അവസാന മെസേജും അയച്ച് ഇറങ്ങിപ്പോയതായിരുന്നു രാഹുൽ!  സന്തോഷത്തിന്റെ തുടര്‍സാധ്യതകള്‍ ഒളിപ്പിച്ചുവെച്ച നിറചിരിയും പരിചയപ്പെടുന്നവരിലെല്ലാം സന്തോഷം നിറയ്ക്കുന്ന ആ  സാന്നിദ്ധ്യവും പെട്ടെന്ന് ഇല്ലാതായപ്പോൾ ഒട്ടൊന്നുമല്ല ഞങ്ങൾ പകച്ചു നിന്നത്! വെറും സൗഹൃദസംഭാഷണത്തിനപ്പുറം അവൻ ഞങ്ങൾക്കിടയിൽ പങ്കുവെച്ച  മറ്റുചിലതുണ്ട്. രാഹുലുമൊന്നിച്ചുള്ള സൗഹൃദ നേരങ്ങളുടെ പച്ചപ്പും അവസാനം അവൻ തന്ന നൊമ്പരങ്ങളും ഓർത്തെടുക്കുകയാണിവിടെ.

   ഓൺലൈൻ ലോകത്ത് രാഹുൽ ഒരു അന്തർമുഖനായിരുന്നുവെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കൗമുദി ഫോണ്ട് പരീക്ഷണാർത്ഥം പ്രസിദ്ധീകരിച്ചപ്പോൾ ചില സുഹൃത്തുക്കൾ അതിലെ ബഗ്സ് കൃത്യമായി ചൂണ്ടിക്കാണിച്ചിരുന്നു. ഇത്തരം ബഗ്ഗുകളെ യഥാസമയം ഫിക്സ് ചെയ്യുകയും അതറിയിക്കുകയുമല്ലാതെ  ഗൂഗിൾ പ്ലസ് പോലുള്ള സോഷ്യൽ മീഡിയയിൽ നടക്കുന്ന ആഘോഷങ്ങളിൽ (ഇതിനു വേണ്ടി ഗ്രൂപ്പുണ്ടാക്കുക, മെയിലിങ് ലിസ്റ്റ് തുടങ്ങുക, ദീർഘങ്ങളായ ചർച്ചയ്ക്ക് വഴിമരുന്നിടുക തുടങ്ങിയവയിൽ) നിന്നും രാഹുൽ വിട്ടു നിൽക്കുമായിരുന്നു. എന്നാൽ, ഈ ഒരു അന്തർമുഖത്വം നേരിട്ട് സംസാരിക്കുമ്പോൾ കണ്ടിരുന്നില്ല. മാത്രമല്ല, ഒരു സംശയം ചോദിക്കാനായി വിളിച്ചാൽ അതിന്റെ വേരിൽ നിന്നും തുടങ്ങി അവനത് വിശദീകരിക്കും. അറിവ്  പങ്കുവെയ്ക്കാൻ അവൻ ഏറെ ഇഷ്ടപ്പെട്ടിരുന്നു. ഒരു യോഗം വിളിച്ച് ചേർക്കാനോ, ഒരു പൊതു സഭയിൽ ഇതൊക്കെ വിശദീകരിക്കാനോ രാഹുലിന് അന്നു കഴിയുമായിരുന്നില്ല. അത് മിക്കവാറും ജോലിത്തിരക്കിനാൽ സാധിച്ചിരുന്നില്ല എന്ന് പിന്നീടുള്ള സംഭാഷണങ്ങളിൽ വ്യക്തമാക്കിയിരുന്നു.

ഫോണ്ടു നിർമ്മാണം

ഇംഗ്ലീഷ് അക്ഷരങ്ങൾ പോലെയല്ല, ഏറെ സങ്കീർണമാണ് മലയാള അക്ഷരങ്ങൾ, മലയാളം പോലൊരു ഭാഷയ്ക്ക്  കമ്പ്യൂട്ടറിൽ അക്ഷരരൂപം ഉണ്ടാക്കുക, അതും പഴയ ലിപിയിൽ എന്നത് അതിലേറെ സങ്കീർണമായ കാര്യമാണ്. ഏറെ ക്ഷമയും സമയവും ആവശ്യമുള്ള ജോലിയാണത്. അത് ഒറ്റയ്ക്ക് ഏറ്റെടുത്തു നടത്താനായി എന്നതാണ് രാഹുലിന്റെ പ്രത്യേകത. ഇതിനായി ആയിരത്തോളം അക്ഷര രൂപങ്ങളെ വരച്ചെടുക്കേണ്ടതുണ്ട്. പിന്നെ അവയുടെ ഓരോന്നിന്റേയും പ്രോസസിങ്. സ്വതന്ത്ര്യമലയാളം കമ്പ്യൂട്ടിങ്ങുമായി ബന്ധപ്പെട്ടും ചില വ്യക്തികളുടെ ശ്രമങ്ങളിലൂടെയും മലയാളത്തിൽ യുണീക്കോഡ് വ്യവസ്ഥയിൽ കുറച്ച് ഫോണ്ടുകൾ ഇറക്കിയിട്ടുണ്ട് എന്നല്ലാതെ വലിയൊരു സംഭാവന ഈ രംഗത്ത് ഇനിയും ഉണ്ടായിട്ടില്ല. ഫോണ്ടു നിർമ്മിച്ചെടുക്കാനുള്ള മെനക്കേടുമാത്രമല്ല അതിനുള്ള സാങ്കേതികവിദ്യ വശമില്ലാത്തതും മലയാളത്തിൽ യുണീക്കോഡു ഫോണ്ടുകളുടെ എണ്ണം കുറയുന്നതിനു കാരണമായി. നൂറു കണക്കിനു ആസ്കി ഫോണ്ടുകളുള്ള മലയാളത്തിൽ യുണീക്കോഡ് ഫോണ്ടുകളുടെ എണ്ണം വിരലിലെണ്ണാവുന്നവ മാത്രമാണ്. അതുകൊണ്ടു തന്നെ ഈ മേഖലയിലേക്ക് ഏകാകിയായി കടന്നുവന്ന രാഹുൽ ശ്രദ്ധയർഹിക്കുന്നു.

വൈനവി ഫോണ്ടുപയോഗിച്ചുള്ള രാഹുലിന്റെ ഒരു കാലിഗ്രാഫി പരീക്ഷണം
വൈനവി ഫോണ്ടുപയോഗിച്ചുള്ള രാഹുലിന്റെ ഒരു കാലിഗ്രാഫി പരീക്ഷണം

എന്താണു ഫോണ്ട്? എന്താണ് ആസ്കി? എന്താണു യുണീക്കോഡ്?

കമ്പ്യുട്ടറിൽ വിവരങ്ങൾ രേഖപ്പെടുത്തുക ബൈനറി(1,0 എന്നീ അക്കങ്ങളുടെ ശ്രേണി) രൂപത്തിലാണ്. അക്ഷരങ്ങളും ചിത്രവും ശബ്ദശകലവുമെല്ലാം സൂക്ഷിക്കുക ഇങ്ങനെ തന്നെ. ഇതിൽ തന്നെ അക്ഷരങ്ങൾ രേഖപ്പെടുത്തുക എൻകോഡിങ്ങ് രൂപത്തിലാണ്. ഓരോ അക്ഷരത്തിനും പ്രത്യേകം കോഡ് നല്കുക എന്നതാണ് ചെയ്യുക.

എൻകോഡ് ചെയ്യപ്പെട്ട വിവരം എങ്ങനെയാണു സ്ക്രീനിൽ കാട്ടേണ്ടതെന്നു കമ്പ്യൂട്ടറിനു പറഞ്ഞു കൊടുക്കുന്ന ഒരു ഫയലാണ് ഫോണ്ട്. ഇത് ഓരോ കോഡ്‌പോയിന്റുകളെയും ഓരോ ചിത്രരൂപങ്ങളുമായി മാപ്പ് ചെയ്യുന്നു. ഡോക്യുമെന്റിൽ ഒരു കോഡ്പോയിന്റ് കാണപ്പെടുമ്പോൾ കമ്പ്യൂട്ടർ ഫോണ്ട് ഫയൽ പരിശോധിക്കുകയും, പ്രസ്തുത കോഡ് പോയിന്റിനു നേരെയുള്ള അക്ഷരരൂപം പിക്സൽ എന്നറിയപ്പെടുന്ന ബിന്ദുക്കളുടെ കൂട്ടമായി സ്ക്രീനിൽ വരയ്ക്കുകയും ചെയ്യുന്നു.

എൻകോഡിങ്ങ് വ്യവസ്ഥകളിൽ ഏറ്റവും പ്രചാരമുള്ളത് ആസ്കിയാണ് (American Standard Code for Information Interchange). എട്ടു ബിറ്റുപയോഗിച്ച് നിർമ്മിക്കാവുന്ന 256 കോഡ് പോയിന്റുകളിൽ (28=256) ആദ്യ 128 എണ്ണം മാത്രമേ ഇംഗ്ലീഷും കീബോഡിൽ കാണുന്ന മറ്റു ചിഹ്നങ്ങളും എൻകോഡ് ചെയ്യാൻ ആസ്കി ഉപയോഗപ്പെടുത്തുന്നുള്ളൂ. ബാക്കി അവശേഷിക്കുന്ന 128 കോഡ്പോയിന്റുകളാണ് മലയാളമടക്കം എല്ലാ ഭാഷകളും ഒരേ സമയം ഉപയോഗിക്കുക. ഒരേ ഭാഷയിലുള്ള ഫോണ്ടുകളെല്ലാം കോഡ്‌പോയിന്റുകളിൽ  ഒരു മാനകീകരണം പിന്തുടർന്നു വന്നിട്ടുമില്ല(ഉദാഹണത്തിന് ഒരു പ്രത്യേക മലയാള ഫോണ്ടിൽ ‘അ’ രേഖപ്പെടുത്താൽ ഉപയോഗിക്കുന്ന കോഡ് പോയിന്റ് മറ്റൊരു ഫോണ്ടിൽ ‘സ’ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന അവസ്ഥ). ഇത് പശ്ചാത്തല ആശ്രിതത്വത്തിനു (Platform Dependency) കാരണമാകുന്നു. അതായത് ഉള്ളടക്കം എഴുതുവാൻ ഉപയോഗിച്ച   അതേ പശ്ചാത്തലങ്ങൾ (ഫോണ്ട്, ഓപറേറ്റിങ്ങ് സിസ്റ്റം, ഹാർഡ്‌വെയർ വ്യവസ്ഥ) ഇല്ലെങ്കിൽ മറ്റൊരാൾക്ക് ഇത് വായിക്കാൻ പറ്റില്ലെന്നു വരുന്നു. അല്ലെങ്കിൽ ഡോക്യുമെന്റിനൊപ്പം ഫോണ്ട് എംബഡ് ചെയ്യേണ്ടി വരും. ഇതെപ്പോഴും സാധിക്കണമെന്നില്ല. ഈ അവസ്ഥ, ഭാഷ ഇന്റർനെറ്റിൽ ഉപയോഗിക്കുന്നതിനും , മറ്റു ഭാഷാകമ്പ്യൂട്ടിങ്ങ് സാധ്യതകൾക്കും (മെഷിൻ പരിഭാഷ, ലിപി മാറ്റം, ടെക്സ്റ്റ് റീഡിങ്ങ്, ബ്രെയിൽ ലിപിയിലേക്ക് മാറ്റുക മുതലായവ) തടസ്സമായി വരുന്നു.

ഇതിനൊരു പരിഹാരമായാണു യുണീക്കോഡ് (Unicode) നിർദ്ദേശിക്കപ്പെട്ടത്. ആസ്കിയെത്തന്നെ വിപുലപ്പെടുത്തിയ യുണീക്കോഡിൽ 16 ബിറ്റുപയോഗിച്ച് അറുപത്തയ്യായിരത്തോളം  (216 = 65536) കോഡ്‌പോയിന്റുകൾ നിർമ്മിക്കാനാകും. ലോകത്തിലെ ഏതാണ്ട് പ്രധാന ഭാഷകളിലെ അക്ഷരങ്ങളെല്ലാം എൻകോഡ് ചെയ്യാൻ ഇത് മതിയാകും. അതിനാൽ ഓരോ ഭാഷയ്ക്കും വെവ്വേറെ കോഡ്പോയിന്റുകൾ നൽകപ്പെട്ടു(3328 മുതൽ  3455 വരെയുള്ള 128 കോഡ്പോയിന്റുകളാണു മലയാളത്തിനനുവദിച്ചിരിക്കുന്നത്.) വാക്കുകൾ ഏതുപ്രകാരം കാണിക്കണമെന്ന് എഴുതിയ ആൾ തീരുമാനിച്ചിരുന്ന ആസ്കിയിൽ നിന്നും വ്യത്യസ്തമായി കാഴ്ചക്കാരനാണ് എപ്രകാരം കാണണമെന്ന് യുണീക്കോഡിൽ തീരുമാനിക്കുക.

കേരളത്തിൽ 2006 മുതൽ തന്നെ ബ്ലോഗിങ്ങ്, വിക്കിപീഡിയ മുതലായവ വഴി ഇന്റർനെറ്റ് ഉപയോക്താക്കൾക്ക് പരിചിതമായെങ്കിലും പ്രിന്റിങ് മേഖലയ്ക്ക് ഇപ്പോഴും യുണീക്കോഡ് അന്യമാണ്.  നിലവിൽ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകൾ പലതും യുണീക്കോഡ് പിന്തുണയ്ക്കാത്തതും, അവ നവീകരിക്കാൻ വരുന്ന വമ്പിച്ച സാമ്പത്തിക ബാധ്യതയുമാണു പ്രസാധകരെ ഇതിൽ നിന്നും  പിന്നോട്ടു വലിക്കുന്നത്.

രാഖി ഫോണ്ടിലെ ഗ്ലിഫുകൾ ഫോണ്ട്ഫൊർജിൽ തുറന്നത്
രാഖി ഫോണ്ടിലെ ഗ്ലിഫുകൾ ഫോണ്ട്ഫൊർജിൽ തുറന്നത്

ഒരു പത്രത്തിന് അതിന്റെ ഫോണ്ട് എന്നത് ഏറെ പ്രാധാന്യം അർഹിക്കുന്ന വിഷയമാണ്. മിക്കവാറും എല്ലാ പത്രങ്ങൾക്കും അവരുടെ അക്ഷരരൂപങ്ങൾ ഒരു ഐഡന്റിറ്റിയാണ്; മലയാള മനോരമ പോലുള്ള പത്രങ്ങൾ അവരുടെ പ്രിന്റിങ് ഫോണ്ട് ഉണ്ടാക്കാനായി ലക്ഷങ്ങൾ മുടക്കി വിദേശത്തുനിന്നും വിദഗ്ദരെ കൊണ്ടുവന്നിരുന്നു എന്നു വായിച്ചിട്ടുണ്ട്. അക്ഷരങ്ങളിലൂടെ ഓരോരുത്തരും അവരവരുടെ തനിമ നിലനിർത്തിപ്പോരുന്നു. അങ്ങനെയുള്ള ഐഡന്റിറ്റിയെ  കൗമുദി  പത്രവുമായി ബന്ധപ്പെട്ട് മാറ്റിമറിക്കാനും അവിടെ യുണീകോഡ് പ്രിന്റിങ് എന്ന വിപ്ലവകരമായൊരു മാറ്റത്തിനു തുടക്കം കുറിക്കാനും കഴിഞ്ഞത് രാഹുലിന്റെ കർമ്മകുശലതയെയാണു കാണിക്കുന്നത്. ഒറ്റയ്ക്കായിരുന്നു രാഹുലിന്റെ യാത്രയത്രയും. അവനത് പെട്ടെന്ന് ചെയ്തെടുക്കുകയായിരുന്നില്ല. പ്രതിസന്ധികളെ തരണം ചെയ്തുതന്നെയാണവൻ വിജയിച്ചത്.

മലയാളം കമ്പ്യൂട്ടിങ്ങ് മേഖലയിൽ  രാഹുൽ നൽകിയ ഏറ്റവും ശ്രദ്ധേയമായ സംഭാവാൻ ആസ്കിയിൽ (ASCII) കുരുങ്ങിക്കിടന്ന മലയാളം പ്രിന്റിങ്ങ് മേഖലയെ യുനീക്കോഡിലേക്കു പറിച്ചു നടുന്നതിൽ സാങ്കേതികപരമായ നേതൃത്വം വഹിച്ചു എന്നതാണ്. മുൻപും ഇത്തരത്തിലുള്ള പരീക്ഷണങ്ങൾ നടന്നിട്ടുണ്ടെങ്കിലും ഇത്ര വലിയ തോതിലുള്ള ഒരു മാറ്റം നടക്കുന്നത് രാഹുലിന്റെ മേൽനോട്ടത്തിലാണ്.

വയനാട് ബ്യൂറോ ചീഫായിരുന്ന രാഹുൽ കൗമുദിയിലുപയോഗിക്കുന്ന ഫോണ്ടിന്റെ പിഴവ് കാട്ടി മാനേജ്മെന്റിന് ഒരു കത്തെഴുതിയിരുന്നു. കൗമുദിയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് അവർ പത്രത്തിൽ സമൂല മാറ്റം ആലോചിച്ചുകൊണ്ടിരുന്ന സമയമായിരുന്നു അത്. ഇത്തരുണത്തിൽ രാഹുൽ നൽകിയ  ഉറപ്പിനെത്തുടർന്നാണു കൗമുദി യുണീക്കോഡിനെ ആസ്പദമാക്കി വർക്ക്‌ഫ്ലോ മാനേജ്മെന്റ് സിസ്റ്റം നിർമ്മിക്കാനാരംഭിക്കുന്നതും തുടർന്ന്  പ്രിന്റിങ്ങ് യുണീക്കോഡിലേക്ക് മാറ്റുന്നതും.

 

കൗമുദിയിലെ രാഹുൽ

രാഹുലിന്റെ നേതൃപാടവം ഏറെ തെളിഞ്ഞുകണ്ട പ്രവർത്തനമാണ്  2012 മുതൽ കേരള കൗമുദി ദിനപത്രം യുണീക്കോഡ് സാങ്കേതികവിദ്യയെ അടിസ്ഥാനപ്പെടുത്തി പുറത്തിറക്കിയെന്നത്. 1979-ലെ ലിപി പരിഷ്കരണത്തോടെ ഉപേക്ഷിക്കപ്പെട്ട മലയാളത്തിന്റെ തനതു ലിപിയിലേക്ക് കേരള കൗമുദിയെ തിരികെയെത്തിച്ചതും രാഹുലാണ്. ഇതിനായി അറുനൂറിലധികം ഗ്ളിഫുകൾ അടങ്ങിയ ‘അരുണ’ എന്ന തനതു ലിപി ഫോണ്ട് രാഹുൽ നിർമ്മിക്കുകയുണ്ടായി. കൌമുദി ഫ്ലാഷിലടക്കം ഉപയോഗിക്കാൻ പന്ത്രണ്ടോളം ഫോണ്ടുകളുടെ സെറ്റ് കൌമുദിക്കായി രാഹുൽ നിർമ്മിച്ചിരുന്നു.

കൗമുദിയില്‍ തന്നെ ജോലിയുടെ ഒഴുക്കിനെ ക്രമീകരിക്കാന്‍ ഒരു ഇന്റേണൽ വര്‍ക്ക് ഫ്ലോ മാനേജ്മെന്റ് സിസ്റ്റവും രാഹുലിന്റെ നേതൃത്വത്തില്‍ പിറന്നു.  ന്യൂസ് അഗ്രിഗേഷന്‍ മുതല്‍ പ്രിന്റിങ്ങ് വരെയുള്ള ജോലികള്‍ കാര്യക്ഷമമായി ക്രമീകരിക്കാന്‍ ഇതു കൗമുദിയെ സഹായിച്ചു. മറ്റ് സ്ഥാപനങ്ങൾ ലക്ഷങ്ങൾ മുടക്കി അഡോബി എക്സ്പീരിയൻസ് മാനേജർ, സി.ക്യു.5 മുതലായ പ്രൊഫഷനൽ സോഫ്റ്റ്‌വെയർ വാങ്ങുന്നയിടത്താണു രാഹുലും സുഹൃത്തുക്കളും ചുരുങ്ങിയ ചെലവിൽ വെബ് ഇന്റർഫേസായി ന്യൂസ് ട്രാക്ക് നിർമ്മിച്ചത്. ഇതിനോടനുബന്ധിയായി രൂപപ്പെടുത്തിയ ഇന്സ്ക്രിപ്റ്റ്, വെരിഫോണ്ട് സ്കീമുകൾ ഉൾക്കൊള്ളിച്ച ടൈപ്പിങ് ഉപകരണങ്ങൾ, ആസ്കി-യുണീക്കോഡ് കൺവെർട്ടർ (കൗമുദി കണ്‍വെർട്ടർ) എന്നിവയും രാഹുലിന്റെ സംഭാവനകളാണു്.  ഇൻഡിസൈനിൽ മലയാളം പിന്തുണ പൂർണ്ണമായും ലഭ്യമാക്കാൻ ഒരു എക്സ്റ്റെൻഷനും രാഹുൽ നിർമ്മിച്ചിട്ടുണ്ട്. കൌമുദിയില്‍ വരുത്താനുദ്ദേശിക്കുന്ന സ്വതന്ത്ര സോഫ്‍റ്റ്‍വെയര്‍ മാറ്റത്തെക്കുറിച്ചും ഒരിക്കല്‍ രാഹുല്‍ പറഞ്ഞിട്ടുണ്ട്. പരീക്ഷണമായി കുറച്ചു കമ്പ്യൂട്ടറുകള്‍ വിന്‍ഡോസ് ഓപറേറ്റിങ്ങ് സിസ്റ്റം  മാറ്റി ഉബുണ്ടു പരീക്ഷിച്ചതു വിജയമാണെന്നും കാലാന്തരേണ ഇതു മുഴുവനായി വ്യാപിപ്പിക്കണമെന്ന ആഗ്രഹവും രാഹുല്‍ പങ്കുവച്ചിരുന്നു.

പിന്നീട് ഏഷ്യാനെറ്റിലെത്തിയ രാഹുൽ അവിടെ സോഷ്യൽ മീഡിയാ കോ- ഓർഡിനേറ്ററായി ജോലി ചെയ്യുകയായിരുന്നു. വാർത്താപ്രൊമോഷനു വേണ്ടി ഉപയോഗിക്കാനായി ഹനിയ, മിഥുന  എന്നിങ്ങനെ രണ്ടു ഫോണ്ടുകൾ രാഹുൽ ചെയ്തിരുന്നു. മികച്ച ഒരു സോഷ്യൽ മീഡിയ മാർക്കറ്റിങ്ങ് വിദഗ്ദനായ രാഹുലിന്റെ കഴിവ് ഏഷ്യാനെറ്റിനെ സോഷ്യൽ മീഡിയയിൽ മുൻപന്തിയിലെത്തിക്കുന്നതിൽ ചെറുതല്ലാത്ത പങ്കു വഹിച്ചിട്ടുണ്ട്. നിലവിൽ ഏഷ്യാനെറ്റ് വെബ്‌സൈറ്റിന്റെ മൊബൈൽ ഇന്റർഫേസ് മെച്ചപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു  രാഹുൽ. ഒപ്പം  യുണീകോഡിലേക്കു മാറിയ ഏഷ്യാനെറ്റ് ചാനലിനായി ഒരു സ്ക്രീന്‍ഫോണ്ട് ചെയ്യാനും രാഹുല്‍ ഉദ്ദേശിച്ചിരുന്നു.

 

കൗമുദി എന്ന ഫോണ്ട്

‘കൗമുദി’ ഫോണ്ടിന്റെ നിർമ്മാതാവ് എന്ന നിലയിലാണ് ഞങ്ങളിൽ പലരും രാഹുലിനെ പരിചയപ്പെടുന്നത്. കമ്പ്യൂട്ടറിന്റെയും മൊബൈലിന്റെയും സ്ക്രീനിനിണങ്ങിയ ഒരു പുതിയ ലിപി ഫോണ്ട് ഒറ്റയ്ക്ക് ഡിസൈൻ ചെയ്ത് സ്വതന്ത്രാനുമതിയിൽ രാഹുൽ പ്രസിദ്ധീകരിച്ചു. ഇതിലെ പിശകുകൾ മാറുന്നതിൽ ഗൂഗിൾ പ്ലസ്, ഫേസ്‌ബുക്ക് സുഹൃത്തുക്കൾ രാഹുലിനെ സഹായിച്ചിരുന്നു. റെഗുലര്‍ ഫോണ്ടായി ആദ്യം പുറത്തിറങ്ങിയ ‘കൗമുദി’യിൽ കൂടുതൽ ഗ്ളിഫുകൾ ഉൾപ്പെടുത്തി ബോള്‍ഡ്, ഇറ്റാലിക്സ്, ബോള്‍ഡ് ഇറ്റാലിക്സ് എന്നീ വകഭേദങ്ങള്‍ കൂടി സൃഷ്ടിക്കാന്‍ രാഹുലിനു കഴിഞ്ഞു.

ഈ ഫോണ്ടാണു ഇപ്പോള്‍ കേരള കൗമുദി അവരൂടെ വെബ്സൈറ്റിനായി ഉപയോഗിക്കുന്നത്. രാഖി എന്ന പേരില്‍ ഒരു പഴയലിപി ഫോണ്ടിന്റെ കൂടി പണിപ്പുരയിലായിരുന്നു രാഹുല്‍. അധികം പേര്‍ കടന്നു വന്നിട്ടില്ലാത്ത മലയാളം യുണീകോഡ് ഫോണ്ട് നിര്‍മ്മാണത്തില്‍ പുതുമുഖങ്ങളെ സഹായിക്കാന്‍ ഒരു ബ്ലോഗ് രാഹുൽ എഴുതി വന്നിരുന്നു. ഒരു വര്‍ക്‌ഷോപ് സംഘടിപ്പിക്കേണ്ടതിന്റെ ആവശ്യം പലതവണ രാഹുല്‍ പങ്കുവച്ചിട്ടുണ്ട്.  പിന്നീട് രാഹുല്‍, ജീസ്‍മോന്‍ ജേക്കബ് എന്ന സോഫ്റ്റ്‍വെയര്‍ എഞ്ചിനീയറുടെ സഹായത്തോടെ, മലയാളം പിന്തുണയില്ലാത്ത ആന്‍ഡ്രോയ്ഡ് 2.2 ശ്രേണിയിലുള്ള ഫോണുകള്‍ക്കായി തന്റെ കൗമുദി ഫോണ്ട് ഏ.പി.കെ രൂപത്തില്‍ പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്.

 

ഫോണ്ടുണ്ടാക്കാൻ ഒരു ടെമ്പ്ലേറ്റ്

കൗമുദി എന്ന് കൗമുദി ഫോണ്ടിൽ എഴുതിയിരിക്കുന്നു.
കൗമുദി എന്ന് കൗമുദി ഫോണ്ടിൽ എഴുതിയിരിക്കുന്നു.

അവന്റെ മരണത്തിനു തലേന്ന് വൈകുന്നേരം വിളിച്ചപ്പോൾ മലയാളം പഴയ ലിപിയെ പറ്റിയായിരുന്നു ഞങ്ങൾ സംസാരിച്ചത്. സാധാരണഗതിയിൽ ആയിരത്തിൽ അധികം അക്ഷരരൂപങ്ങൾ പഴയ ലിപിയിൽ വരച്ചെടുക്കേണ്ടതുണ്ട്. അതിനായി അവൻ ഒരു ടെമ്പ്ലേറ്റ് രൂപകല്പന ചെയ്തിട്ടുണ്ട്. പരമാവധി അക്ഷരരൂപങ്ങളെ കൂട്ടിച്ചേർക്കാനും അക്ഷരങ്ങളെ ചെറുതാക്കാനും  ഉള്ള നിരവധി സ്ക്രിപ്റ്റുകൾ അവൻ എഴുതിവെച്ചിട്ടുണ്ട്. അതുവഴി അക്ഷരരൂപങ്ങൾ വരച്ചുണ്ടാക്കുന്ന സമയം ഗണ്യമായി ലാഭിക്കാൻ പറ്റുമായിരുന്നു. ഈ സ്ക്രിപ്റ്റിന്റെ അടിസ്ഥാനത്തിൽ വരച്ചെടുക്കേണ്ട അക്ഷരങ്ങളുടെ ചാർട്ടും അവൻ തയ്യാറാക്കി വെച്ചിട്ടുണ്ട്. എത്ര അക്ഷരങ്ങളും ഏതൊക്കെ ചിഹ്നങ്ങളും വരച്ചെടുക്കണം, ഏതൊക്കെ അക്ഷരങ്ങളെ പരസ്പരം സ്ക്രിപ്റ്റുപയോഗിച്ച് കൂട്ടിച്ചേർക്കാം, തുടങ്ങിയ പ്രാഥമിക കാര്യങ്ങൾ ഉൾപ്പെട്ട ഒരു സഹായി ആയിരുന്നു അത്. ഈ ലിസ്റ്റ് പഴയലിപിയുടെ നിർമ്മാണത്തിൽ ഏറെ പ്രധാനപ്പെട്ട ഒന്നാണ്. അനാവശ്യമായി അക്ഷരരൂപങ്ങൾ വരച്ചെടുക്കുന്നതും അവയെ പ്രോസസ്സ് ചെയ്യുന്നതും ഇതുവഴി ഒഴിവാക്കാം. ഇതൊക്കെ തിങ്കളാഴ്ച ഷെയർ ചെയ്യാമെന്നു പറഞ്ഞിട്ടാണവൻ അന്നു ഫോൺ വെച്ചത്. അവന്റെ ഓഫീസിലെ കമ്പ്യൂട്ടറിൽ അതു കാണണം. അതു വെളിച്ചം കാണിക്കാൻ ഒരുപക്ഷേ ഏഷ്യാനെറ്റ് വിചാരിച്ചാൽ സാധിക്കുമായിരിക്കും. ഫോണ്ടുണ്ടാക്കാനിറങ്ങുന്ന മറ്റുള്ളവർക്ക് അത് ഏറെ പ്രയോജനം ചെയ്യുമെന്നതിൽ സംശയമില്ല. മലയാളത്തിൽ ഇങ്ങനെയൊരു ലിസ്റ്റ്  ചിലരുടെയെങ്കിലും കൈയ്യിൽ ഉണ്ടാവും, പക്ഷേ, അവരെ സമീപിക്കുക എന്നത് എല്ലാവർക്കും കഴിഞ്ഞെന്നുവരില്ല. അതുവെച്ച് അവർ ചെയ്യുന്ന ഫോണ്ടുകൾ ഉപയോഗിക്കാമെന്നല്ലാതെ, അതിന്റെ രഹസ്യം പൊതുവിൽ പരസ്യപ്പെടുത്താൻ മടിക്കുന്നതായിരിക്കാം ഇത് ലഭ്യമാകാതിരിയ്ക്കാൻ കാരണം. നിലവിൽ മലയാളത്തിൽ യുണീക്കോഡു വ്യവസ്ഥയിലുള്ള ആലങ്കാരിക ഫോണ്ടുകൾ ഇല്ലെന്നുതന്നെ പറയാം. ഇത്തരത്തിലുള്ള നിരവധി ഫോണ്ടുകൾ ഇനി മലയാളത്തിൽ വരേണ്ടിയിരിക്കുന്നു.

 

മൊബൈൽ റൂട്ടിങ്ങ്

മൊബൈൽ റൂട്ടിങ്ങിനെ പറ്റിയുള്ള ആദ്യചിന്ത തന്നത് രാഹുലായിരുന്നു. പഴയ ഒരു ഫോണിൽ മലയാളം കൃത്യമായി എങ്ങനെ വരുത്താം എന്ന ചിന്തയിൽ ഒരിക്കൽ അവനെ സമീപിച്ചിരുന്നു. കൗമുദി ഫോണ്ടിന്  ഒരു ആപ്ലിക്കേഷൻ ഉണ്ടാക്കി എന്നത് ആ സമയത്ത് വലിയൊരു ആശ്വാസമായി തോന്നിയിരുന്നു. ഇന്നിപ്പോൾ ഏതൊരു ആൻഡ്രോയിഡ് ഫോണിലും മലയാളം നന്നായി വഴങ്ങുന്നുണ്ട്. ചില കൂട്ടുകാർ പറഞ്ഞതു കേട്ട് സയനോജെൻ മോഡിലേക്ക് മാറ്റി മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റം അപ്ഡേറ്റ് ചെയ്യാൻ തീരുമാനിച്ചപ്പോൾ ചെറിയൊരു ധൈര്യക്കുറവ് ഉണ്ടായിരുന്നു. മൊബൈൽ ഫോൺ ബ്രിക്ക് ആയിപ്പോവാൻ എല്ലാ സാധ്യതയും ഉണ്ട് എന്ന് നിർദ്ദേശങ്ങൾ എഴുതിയിരുന്ന സൈറ്റിൽ തന്നെ വ്യക്തമാക്കിയിരുന്നു. രാഹുലിനെ വിളിച്ചപ്പോൾ അവൻ, “ഒന്നും സംഭവിക്കില്ല, നന്നായി ടെസ്റ്റ് ചെയ്ത സയനോജൻ മോഡ് റോം അതിലെ കമന്റൊക്കെ വായിച്ച് ഡൗൺലോഡ് ചെയ്തെടുത്തോളൂ – കുഴപ്പമൊന്നും വരില്ല” എന്നാണ് പറഞ്ഞത്. എനിക്കതിന് അവന്റെ സഹായം അധികമൊന്നും വേണ്ടി വന്നില്ലെങ്കിലും അവൻ പകർന്ന ഒരു ധൈര്യം മനസ്സിൽ ഉണ്ടായിരുന്നു. ആൻഡ്രോയിഡ് 2.2 -ഇൽ തുടങ്ങി പിന്നീട് ആൻഡ്രോയ്ഡ് 4.2.2 വരെ വർക്ക് ചെയ്യിപ്പിക്കാൻ ഇത് സഹായകരമായി.

 

മറ്റു പ്രവർത്തനങ്ങൾ

ആൻഡ്രോയ്ഡിനെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്വതന്ത്ര ഓപറേറ്റിങ്  സിസ്റ്റമായ  സയനോജെന്‍ മോഡിന്റെയടക്കം ഒട്ടനവധി സ്വതന്ത്ര സോഫ്‍റ്റ്‍വെയറുകളുടെ പരിഭാഷയില്‍ രാഹുല്‍ പങ്കെടുത്തിരുന്നു. ഈ പ്രവര്‍ത്തനങ്ങളൊന്നും ഒരു സംഘടനയുമായും ബന്ധപ്പെട്ടല്ലായിരുന്നു ചെയ്തിരുന്നത്. പലപ്പോഴും ഞങ്ങള്‍ അതിനു നിര്‍ബന്ധിച്ചപ്പോഴും ഒരല്പം അന്തർമുഖത്വത്തോടെ ഒഴിഞ്ഞുമാറുകയായിരുന്നു രാഹുല്‍ ചെയ്തിരുന്നത്.  ഫോണ്ടുമായി ബന്ധപ്പെട്ട് നിരവധി പ്രോജക്റ്റുകൾ അവൻ ഏറ്റെടുത്തതും വിനയായി മാറി.

അവന്റെ മരണം സൃഷ്ടിച്ച ശൂന്യത വിട്ടുമാറുന്നില്ല. മൊബൈലിൽ അവന്റെ നമ്പർ ഡിലീറ്റ് ചെയ്യാൻ ഇതുവരെ ഞങ്ങൾക്കു പറ്റിയിട്ടില്ല. പ്രിയങ്കരനായ ഒരു കൂട്ടുകാരന്റെ വിയോഗം ബാക്കിവെയ്ക്കുന്നത് നീറിപ്പുകയുന്ന കുറേ ഓർമ്മകളും വേദനയും മാത്രം.

 

ലിങ്കുകൾ :

  1. കൗമുദി ഫോണ്ട് : https://github.com/rahul-v/Kaumudi
  2. രാഖി ഫോണ്ട്: https://github.com/rahul-v/Rakhi

ബ്രിക്: ഓപ്പറേറ്റിങ് സിസ്റ്റം മാറ്റുന്ന വേളയിലും മറ്റും മൊബൈൽ ഫോൺ ഉപയോഗശൂന്യമായിപ്പോകുന്ന പ്രക്രിയയ്ക്കു പറയുന്ന പേരാണു ബ്രിക്.

സയനോജെന്‍ മോഡ്: സ്മാർട്ട് ഫോണുകൾക്കും ടാബ്ലെറ്റുകൾക്കും വേണ്ടിവരുന്ന ആൻഡ്രോയിഡ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഓപ്പൺ സോഴ്സ് ഓപ്പറേറ്റിങ് സിസ്റ്റമാണ് സയനോജെന്‍ മോഡ്. ഗൂഗിൾ ആൻഡ്രോയിഡിന്റെ പുതിയ പതിപ്പുകൾ പുറത്തു വരുന്ന ഉടനേ അതിനെ അടിസ്ഥാനപ്പെടുത്തി അതോടൊപ്പം തേർഡ്പാർട്ടി കോഡുകൾ കൂട്ടിച്ചേർത്ത് സയനോജെന്‍ മോഡും സൗജന്യമായി ലഭ്യമാകുന്നു.

ഭൂഗോളത്തെയാകെ കൈപ്പിടിയിലൊതുക്കി ഓപ്പൺസ്ട്രീറ്റ്‌മാപ്പ്

2012 ജൂൺ 27നു മലയാളത്തിനായി എഴുതിയതു്. അഭിപ്രായം/നിർദ്ദേശം അവിടെ ചേർക്കുക.

Image

പ്രപഞ്ചം എന്നും മനുഷ്യനൊരു വിസ്മയമായിരുന്നു. ആ വിസ്മയം പതിയെ അധിനിവേശത്തിലേക്ക് കടന്നപ്പോൾ അവയെ രേഖപ്പെടുത്തേണ്ടത് അത്യാവശ്യമായിത്തീർന്നു. ക്രി. മു. 2300 മുതൽ തന്നെ ഗ്രീസിൽ കളിമൺ ഫലകങ്ങളിൽ സ്ഥലങ്ങൾ അടയാളപ്പെടുത്തി വയ്ക്കുന്ന പ്രക്രിയ ആരംഭിച്ചിരുന്നു. ഇതോടെ അവരറിയാതെ തന്നെ ‘കാർട്ടോഗ്രഫി’ എന്നൊരു ശാഖയ്ക്ക് തുടക്കമിടുകയായിരുന്നു. അറിയപ്പെടുന്നതിൽ ഏറ്റവും പഴയ കാർട്ടോഗ്രാഫർ ടോളമിയാണ്. ഇന്നത്തെ ഭൂപടവിന്യാസം ഒത്തിരിയൊത്തിരി വളർന്ന് ഡിജിറ്റൽവത്കരണത്തിന്റെ പരമാവധിയെത്തി ഇനിയെങ്ങോട്ടെന്നറിയാതെ മിഴിച്ച് നിൽക്കുകയാണ്. ഗൂഗിൾ മാപ്പ്സ് അധിനിവേശം പുലർത്തുന്ന ഓൺലൈൻ മാപ്പിങ്ങ് മേഖലയിൽ യാഹൂ, ബിങ്ങ്, നോക്കിയ ഓ.വി.ഐ എന്നിവയ്ക്കും തുച്ഛമെങ്കിലും  ഒഴിവാക്കാൻ കഴിയാത്ത ഓഹരിയുണ്ട്. ടെറസ്ട്രിയൽ ഭൂപടരംഗത്ത് ഗൂഗിൾ എർത്ത്, വിക്കിമാപ്പിയ എന്നിവയ്ക്കൊപ്പം ഒരു കൈ നോക്കാൻ ഇന്ത്യയുടെ സ്വന്തം ഭുവനുമുണ്ട്

ഇനി പറയാൻ പോകുന്ന വ്യക്തി ഇതുവരെ പറഞ്ഞവരിൽ നിന്നും ഒരല്പം വ്യത്യസ്തനാണ്. അധികമാരും തിരിച്ചറിയാത്ത ഈ വ്യത്യസ്തത തന്നെയാണ് അദ്ദേഹത്തിന്റെ ബലവും –  ഓപ്പൺസ്ട്രീറ്റ്‌മാപ്പ് അഥവാ ഓ. എസ്. എം ( http://openstreetmap.org/ ) എന്ന വിക്കിസോഫ്റ്റ്‌വെയർ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഓൺ‌ലൈൻ സ്വതന്ത്ര മാപ്പിങ്ങ് സൈറ്റാണ് കഥാതന്തു. വിക്കിപീഡിയയെപ്പോലെ ഉപയോക്താക്കളിൽ നിന്നുമുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഓപ്പൺസ്ട്രീറ്റ്‌മാപ്പും പ്രവർത്തിക്കുന്നത്. കോളാബറേറ്റീവ് മാപ്പിങ്ങ് എന്നറിയപ്പെടുന്ന ഈ മാപ്പിങ്ങ് രീതി ഗൂഗിൾ മാപ്പ്സടക്കം ഒട്ടനവധി സൈറ്റുകൾ ഉപയോഗിക്കുന്നുണ്ടെങ്കിലും ഇരു വശത്തേക്കുമുള്ള ഡേറ്റയുടെ ഒഴുക്ക് (ഉപയോക്താക്കൾക്ക് ഓപ്പൺസ്ട്രീറ്റ്‌മാപ്പിലേക്ക് വിവരങ്ങൾ അപ്ലോഡാനും, വിവരങ്ങൾ ഡൗൺലോഡ് ചെയ്ത് എന്താവശ്യത്തിനുമായി ഉപയോഗിക്കുവാനുമുള്ള സൗകര്യം) ഓപ്പൺസ്ട്രീറ്റ്‌മാപ്പിനെ വ്യത്യസ്ഥമാക്കുന്നു. ഒരു വിക്കി സോഫ്റ്റ്‌വെയറിനെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നതിനാൽ ഇതിലെ ഉള്ളടക്കം ആർക്കും തിരുത്താൻ സാധിക്കുന്നു. മാത്രമല്ല മാറ്റങ്ങളെല്ലാം സമയാനുഗതമായി സൂക്ഷിക്കുന്നതിനാൽ ഏതൊരു സമയത്ത് നിലനിന്ന സ്ഥിതിയിലേക്ക് വേണമെങ്കിലും മുൻപ്രാപനം ചെയ്യാവുന്നതുമാണ്.

Image

ഭൂമിശാസ്ത്രവിവരങ്ങൾ (ജിയോഡേറ്റ) ലോകത്തിൽ പലയിടത്തും സ്വതന്ത്രമല്ല. ഗൂഗിൾ മാപ്പ്‌സ് പോലെയുള്ള ഒട്ടുമിക്ക സൈറ്റുകളിലേയും ഉള്ളടക്കം പകർപ്പവകാശസംരക്ഷിതമാണ്. അത് മിക്കപ്പോഴും ഗൂഗിൾ, നാവ്‌ടെക്, ടെലിഅറ്റ്ലസ് എന്നീ മാപ്പിങ്ങ് കമ്പനികൾക്കോ ഓർഡിനൻസ് സർവ്വേ പോലുള്ള  മാപ്പിങ്ങ് ഏജൻസികൾക്കോ അവകാശപ്പെട്ടതായിരിക്കും. അവർ ഈ വിവരം നിർമ്മിക്കാൻ ഭാരിച്ച ചിലവ് വഹിച്ചതിനാൽ സ്വതേ ഈ ഉള്ളടക്കം പകർപ്പവകാശത്തിനാൽ സംരക്ഷിച്ചിരിക്കും. ഇത് പുനരുപയോഗിക്കാൻ നമ്മൾ ഗൂഗിളിനും മറ്റും പണം നൽകണമെന്നു മാത്രമല്ല, അവർ മുൻപോട്ട് വയ്‌ക്കുന്ന ഒട്ടനവധി നിബന്ധനകൾ അംഗീകരിക്കേണ്ടതായും വരും. ഇവിടെയാണ് ഓപ്പൺസ്ട്രീറ്റ്‌മാപ്പ് താരമാകുന്നത്. ഉള്ളടക്കമെല്ലാം ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ എലൈക്ക് 2.0 (CC-BY-SA 2.0) പ്രകാരമാണ്. അതിനാൽ കടപ്പാട് നൽകിക്കൊണ്ട് ഏതുവിധേനയുള്ള പുനരുപയോഗത്തിനും ഓപ്പൺസ്ട്രീറ്റ്‌മാപ്പ് വേദിയൊരുക്കുന്നു.

വിക്കിപീഡിയയിൽ നിന്നും പ്രചോദനമുൾക്കൊണ്ട് 2004 ജൂലൈയിലാണ് സ്റ്റീഫൻ കോസ്റ്റ് ഓപ്പൺസ്ട്രീറ്റ്‌മാപ്പ് രൂപീകരിച്ചത്. ഏതൊരു സ്വതന്ത്രസോഫ്‌റ്റ്‌വെയർ കൂട്ടായ്മയേയും പോലെ 2006ൽ ഓപ്പൺസ്ട്രീറ്റ്മാപ്പിന്റെ പ്രചാരണത്തിനും പരിചരണത്തിനും പുരോഗതിക്കന്മായി ഓപ്പൺസ്ട്രീറ്റ്‌മാപ്പ് ഫൗണ്ടേഷൻ രൂപീകരിച്ചു. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഈ സ്ഥാപനം സംഭാവനകളിലൂടെയും അംഗങ്ങളിൽ നിന്നുള്ള തുകയിലൂടെയുമാണ് മുന്നോട്ട് പോകുന്നത്. പിന്നീട് കോസ്റ്റ് തന്നെ ക്ലൗഡ്മേഡ് എന്ന പേരിൽ ഓപ്പൺസ്ട്രീറ്റ്‌മാപ്പ് അടിസ്ഥാനമാക്കി വെബ്സൈറ്റുകൾക്ക് ആപ്ലിക്കേഷൻ പ്രോഗ്രാമിങ്ങ് ഇന്റർഫേസ് നിർമ്മിക്കുന്ന ഒരു സ്ഥാപനത്തിന് തുടക്കമിട്ടു. 2006ൽ തങ്ങളുടെ ഏരിയൽ മാപ്സിന്റെ പിന്നാമ്പുറത്ത് ഓപ്പൺസ്ട്രീറ്റ്‌മാപ്പാകും ഉപയോഗിക്കുക എന്ന് യാഹു പ്രഖ്യാപിച്ചതോടെയാണ് ഓപ്പൺസ്ട്രീറ്റ്മാപ്പിന് ഇന്നു കാണുന്ന പ്രശസ്തി ലഭിച്ചു തുടങ്ങിയത്. 2007ഓടെ ഓക്സ്ഫോർഡ് സർവ്വകലാശാല തങ്ങളുടെ വെ‌ബസൈറ്റിൽ ഓ.എസ്.എം ഡേറ്റ ഉപയോഗിച്ചു തുടങ്ങി. അതേ വർഷം ജൂലൈയിൽ നടന്ന ‘എ സ്റ്റേറ്റ് ഓഫ് മാപ്സ്’ എന്ന ഓപ്പൺസ്ട്രീറ്റ്മാപ്സ് ഉപയോക്താക്കളുടെ സംഗമത്തിൽ 9000ലധികം പേർ പങ്കെടുത്തു. ഗൂഗിൾ, യാഹൂ, മാഞ്ചസ്റ്റർ സർവ്വകലാശാല മുതലായവരായിരുന്നു ഇതിന്റെ പ്രായോജകർ. ഇതിനകം ഏതാണ്ട് 5 ലക്ഷത്തിലധികം സന്നദ്ധപ്രവർത്തകർ ഓപ്പൺസ്ട്രീറ്റ്മാപ്പിൽ അംഗത്വമെടുത്തു കഴിഞ്ഞു. ഇവരുടെ ശ്രമഫലമായി 267 കോടിയിലധികം പോയിന്റുകൾ സൈറ്റിലെത്തിയിട്ടുണ്ട്.

Imageഓരോ തലത്തിനേയും വ്യത്യസ്ഥ മാപ്പ്‌ടൈലുകളായി വിഭജിച്ചാണ് ഓപ്പൺസ്ട്രീറ്റ്മാപ്പ് പ്രവർത്തിക്കുന്നത്. ഒന്നാമത്തെ സൂം തലത്തിൽ ഒറ്റ മാപ്പ്‌ടൈലിൽ തന്നെ ഭൂമിയുടെ പ്രതലമാകെ ഉൾകൊള്ളിച്ചിരിക്കും, അടുത്ത സൂം തലത്തിൽ ഇത് നാലായി മാറുന്നു. പിന്നീട് 16 എന്നിങ്ങനെ ആയിരക്കണക്കിന് മാപ്പ്ടൈലുകളിലേക്ക് വളരുന്നു. ഓരോ തലത്തിലുമുള്ള മാപ്പ്‌ടൈലിനുമായി വ്യത്യസ്ഥ വിവരങ്ങളാണ് സൂക്ഷിച്ചു വച്ചിരിക്കുക. ഈ  ഉള്ളടക്കത്തെ പി.ഡി.എഫ്, ജെപെഗ് മുതലായ ഒട്ടനവധി ഫോർമാറ്റുകളിൽ ഡൗൺലോഡ് ചെയ്യാനുള്ള  അവസരവും ഓ. എസ്. എം. ഒരുക്കുന്നുണ്ട്.

ഫോണുകൾ പോലെയുള്ള ജി. പി. എസ് സംവിധാനമുള്ള ഗാഡ്ജറ്റുകൾ സർവ്വസാധാരണമായ ഇക്കാലത്ത് ജി. പി. എക്സ് (ജി. പി. എസ് എക്സ്ചേഞ്ച്) ഫോർമാറ്റിലുള്ള ഉള്ളടക്കം ഓപ്പൺസ്ട്രീറ്റ്മാപ്പിലേക്ക് അപ്ലോഡാവുന്നതാണ്.  സ്ഥലം, ഉയരം, സമയം എന്നിവയടങ്ങുന്ന ടാഗോടു കൂടിയ ബിന്ദുക്കലുടെ ശൃംഖലയാണ് ഇതിലൂടെ നിർമ്മിക്കപ്പെടുന്നത്. ശേഷം വേ-പോയിന്റുകൾ, റൂട്ടുകൾ, പാലങ്ങൾ, റയിൽപ്പാതകൾ മുതലായവ നിർവ്വചിക്കാൻ കഴിയും. ഇതിനായി ഓൺലൈൻ എഡിറ്ററായ Potlatch, ഓഫ്‌ലൈൻ എഡിറ്ററായ JOSM  എന്നിവ ഉപയോഗിക്കാം. കൂടുതൽ എഡിറ്ററുകൾ http://wiki.openstreetmap.org/wiki/Editing എന്ന കണ്ണിയിൽ കാണാം.

ഒരു ജി.പി.എക്സ് ട്രാക്ക് അപ്ലോഡാനായി ലോഗിൻ ചെയ്ത ശേഷം, (അംഗത്വമില്ലാത്തവർക്ക് ട്രാക്ക് അപ്ലോഡാൻ സാധ്യമല്ല)  മുകളിലായി കാണുന്ന ‘ജി.പി.എസ്. ട്രേസസ്’ എന്ന ടാബിൽ അമർത്തുക. ശേഷം വരുന്ന താളിൽ നിന്നും ‘അപ്ലോഡ് എ ട്രേസ്’ എന്ന കണ്ണിയിൽ അമർത്തി ഫയൽ ബ്രൗസ് ചെയ്ത് നൽകുക. വിവരണവും ടാഗും നൽകിയ ശേഷം ദൃശ്യത തിരഞ്ഞെടുത്ത് ഫയൽ അപ്ലോഡുക. ഡേറ്റ വിസിബിലിറ്റി പബ്ലിക്കായാൽ മാത്രമേ ട്രേസ് അപ്ലോഡാൻ സാധിക്കുകയുള്ളൂ. ടാഗിങ്ങിലൂടെ ഒരേപേരിലുള്ള ട്രേസുകളെ ഒരുമിച്ച് അടുക്കിസൂക്ഷിക്കാൻ സഹായിക്കും. ഉദാഹരണത്തിന് ‘Kollam’ എന്ന് നൽകുമ്പോൾ അതേ ടാഗിലുള്ള എല്ലാ ട്രേസുകളും കണ്ടെത്താൻ സാധിക്കും. നിലവിൽ ടാഗുകൾ കേസ് സെൻസിറ്റീവാണ്. അതായത് Kottayam, kottayam എന്നിവയെ രണ്ട് ടാഗായി പരിഗണിക്കും.

Image
നിലവിലെ ഉള്ളടക്കം ക്രിയേറ്റീവ് കോമൺസ് അനുമതിയിലാണെങ്കിലും ഡേറ്റ കൈകാര്യം ചെയ്യുമ്പോൾ പ്രസ്തുത ലൈസൺസ് വരുത്തുന്ന ചില വീഴ്ച്ചകൾ മൂലം ഓപ്പൺസ്ട്രീറ്റ്മാപ്പിന്റെ ഉള്ളടക്കത്തെ ഓപ്പൺ ഡേറ്റാബേസ് ലൈസൺസിലേക്ക്  മാറ്റാനുള്ള ശ്രമത്തിലാണ് അണിയറപ്രവർത്തകർ. നിലവിലുള്ള അംഗങ്ങളോട് ഇതിനകം അപ്ലോഡിയ ഡേറ്റകളെ ഓപ്പൺഡേറ്റാബേസ് അനുമതിയിലേക്ക് മാറ്റാൻ സൈറ്റ് നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനെ തിരസ്കരിക്കുന്നവരുടെ ഉള്ളടക്കം നീക്കം ചെയ്തുകൊണ്ടിരിക്കുകയാണ്..

കമ്പ്യൂട്ടറിനും ഫോണുകൾക്കുമായി ഒട്ടനവധി ഓപ്പൺസ്ട്രീറ്റ്മാപ്പ് തേഡ് പാർട്ടി സോഫ്റ്റ്‌വെയറുകൾ ലഭ്യമാണ്. ഒപ്പം വിക്കിപീഡിയ, വേഡ്പ്രസ് എന്നിവയോടു സമന്വയിച്ച് പ്രവർത്തിക്കാനുള്ള ശേഷിയും ഓപ്പൺസ്ട്രീറ്റ് മാപ്പിനെ മികച്ചതാക്കുന്നു. എന്നിരുന്നാലും ഗൂഗിൾ മാപ്പ്സിന് പകരം വയ്ക്കാനൊരാളായോ എന്ന ചോദ്യം ഉന്നയിക്കുമ്പോൾ ഒരല്പം നിരാശയോടെ തലകുനിക്കേണ്ടി വരും. അങ്ങനെയൊരു നാളെ വരട്ടെയെന്ന ആശംസയോടെ നിർത്തുന്നു.

മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു മൂന്നാം പതിപ്പ്

Malayalam-loves-wikimedia

മലയാളം വിക്കിപീഡിയയുടെ ആഭിമുഖ്യത്തിൽ സ്വതന്ത്ര ചിത്രങ്ങളും പ്രമാണങ്ങളും ഇന്റർനെറ്റ് സംഭരണിയായ വിക്കിമീഡിയ കോമൺസിൽ അപ്‌ലോഡ് ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി. മലയാളം വിക്കിപീഡിയയിലും ഇതര വിക്കിമീഡിയസംരംഭങ്ങളിലും ഉപയോഗിക്കാൻ കഴിയുന്ന വൈജ്ഞാനികസ്വഭാവമുള്ള ചിത്രങ്ങളാണ് മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന ഈ പരിപാടിയിലൂടെ ശേഖരിക്കുന്നത്. 2011 ൽ ആരംഭിച്ച ഈ പദ്ധതിയുടെ മൂന്നാംപതിപ്പാണ് ജൂലൈ 15 ന് ആരംഭിച്ചത്. ബഹുജനങ്ങൾക്കും പങ്കാളികളാകാവുന്ന ഈ പദ്ധതി ആഗസ്റ്റ് 15 വരെ തുടരും.

2011 ൽ നടത്തിയ ഇതിന്റെ ഒന്നാം പതിപ്പിൽ 2155 പ്രമാണങ്ങൾ ശേഖരിച്ചപ്പോൾ 2012 ൽ നടത്തിയ രണ്ടാം പതിപ്പിൽ പതിനായിരത്തിൽപരം പ്രമാണങ്ങളാണ് വിക്കിമീഡിയ കോമൺസിൽ അപ്‌ലോഡ് ചെയ്തത്. ഇത്രയധികം ചിത്രങ്ങളും വീഡിയോകളും പുസ്തകങ്ങളും ഒരുമിച്ച് പൊതുഉപയോഗത്തിനായി സമാഹരിക്കുന്ന ലോകത്തിലെ തന്നെ പ്രധാന പദ്ധതികളിലൊന്നായി മലയാളികളുടെ നേതൃത്വത്തിലുള്ള ഈ പദ്ധതിമാറിക്കഴിഞ്ഞു. ഇങ്ങനെ ശേഖരിക്കുന്ന ചിത്രങ്ങളും മറ്റും സൃഷ്ടാവിന് കടപ്പാട് രേഖപ്പെടുത്തി, ക്രിയേറ്റീവ് കോമൺസ് നിബന്ധപ്രകാരം വിക്കിസംരംഭങ്ങൾക്കും മറ്റിതര പത്ര – ദൃശ്യ – ഇന്റർനെറ്റ് മാദ്ധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും ഉപയോഗിക്കുവാൻ കഴിയും.

പകർപ്പാവകാശം എന്നത് സ്വതന്ത്രമായ വിജ്ഞാന നിർമ്മിതിയ്ക്കും വിതരണത്തിനും ഭീഷണിയാണ്. ഉള്ളടക്കങ്ങൾ, ചിത്രങ്ങൾ എന്നിവ സ്വതന്ത്രമായ ലൈസൻസോടെ പങ്കുവച്ചാലേ വിക്കിപീഡിയ പോലുള്ള സംരംഭങ്ങൾക്കും മറ്റ് ആവശ്യങ്ങൾക്കും അവ ഫലപ്രദമായി പുനരുപയോഗിക്കാൻ സാധിക്കൂ. വിക്കിമീഡിയ കോമൺസ് എന്ന ആഗോളസംരംഭത്തിൽ വിക്കിമീഡിയരുടെ നേതൃത്വത്തിൽ ഇത്തരം സ്വതന്ത്ര ചിത്രങ്ങൾ ശേഖരിക്കപ്പെടുന്നു. ലോകത്തിലെ പതിനായിരക്കണക്കിന് ആളുകളുടെ ശ്രമഫലമായി സ്വതന്ത്രമായി ഉപയോഗിക്കാവുന്ന ഒന്നേമുക്കാൽ കോടിയിൽ പരം മീഡീയ പ്രമാണങ്ങളാണ് ഇപ്രകാരം ഇവിടെ സമാഹരിച്ചിട്ടുണ്ട്. എന്നാൽ ഇതിൽ കേരളവുമായോ മലയാളവുമായോ ബന്ധപ്പെട്ട ചിത്രങ്ങൾ പരിമിതമാണ്. ഇത് പരിഹരിക്കാനും സ്വതന്ത്രലൈസൻസിൽ ചിത്രങ്ങൾ പ്രസിദ്ധീകരിക്കുന്ന പ്രവണത പ്രോത്സാഹിപ്പിക്കാനുമാണ് മലയാളം വിക്കിപീഡിയ സമൂഹം ഇത്തരമൊരു പദ്ധതിക്ക് രൂപം നൽകിയത്. യൂറോപ്യൻ രാജ്യങ്ങളിലെ വിക്കിസമൂഹങ്ങൾ കൂടുതൽ പ്രാദേശിക ചിത്രങ്ങൾ സ്വതന്ത്ര ലൈസൻസിൽ വിക്കിയിലെത്തിക്കാൻ വേണ്ടി നടത്തുന്ന “ലണ്ടൻ ലൌസ് വിക്കിപീഡിയ” പോലുള്ള സംരംഭങ്ങളെ മാതൃകയാക്കിയാണ് മലയാളം വിക്കിമീഡിയ ഇങ്ങനെ ഒരു പദ്ധതി തുടങ്ങിയത്.

Butterfly

വിദേശരാജ്യങ്ങളിലേതുപോലെ ഒരു പട്ടണത്തിൽ ചുറ്റി കറങ്ങി പടം എടുത്ത് വിക്കിയിൽ കയറ്റാനുള്ള ആൾബലം മലയാളം വിക്കിസംരംഭങ്ങൾക്ക് ഇപ്പോഴില്ല. അതിനാൽ ഈ പദ്ധതി കുറച്ച് സ്ഥലത്തേക്ക് ഒതുങ്ങാതെ വിശാലമായാണു നടപ്പാക്കുന്നതു്. എല്ലാ മലയാളം വിക്കിമീഡിയരേയും (മലയാളം വിക്കിയിൽ ഇപ്പോഴില്ലെങ്കിലും ഇതിന്റെ പ്രവർത്തനത്തിൽ താല്പര്യമുള്ള മറ്റുള്ളവരേയും), അവർ എവിടെ താമസിക്കുന്നവരായാലും, ഇതിന്റെ ഭാഗമാകത്തക്കവിധമാണു് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഓരോരുത്തർക്കും അവർ സ്വന്തമായി എടുത്ത ചിത്രങ്ങളും വിഡീയോകളും ഇതര മീഡിയാ പ്രമാണങ്ങളും പകർപ്പവകാശ കാലാവധി കഴിഞ്ഞ പുസ്തകങ്ങളും ഈ പദ്ധതിയുടെ ഭാഗമായി കോമൺസിൽ അപ്‌ലോഡ് ചെയ്യാം.

ഇതിനു സമാനമായി 2012ൽ ആഗോളതലത്തിൽ നടത്തിയ വിക്കി ലൗസ് മോണ്യുമെന്റ്സ് എന്ന പദ്ധതി ലോകത്തിലെ ഏറ്റവും വലിയ ഫോട്ടോ മത്സരമായി ഗിന്നസ് ബുക്കിൽ ഇടം നേടിയിരുന്നു. ഇതിൽ ഏറ്റവുമധികം ചിത്രങ്ങൾ സംഭാവന ചെയ്തത് ഇന്ത്യയിൽ നിന്നായിരുന്നു. ഒന്നാം സ്ഥാനം നേടിയ ചിത്രവും ഇന്ത്യയിൽ വച്ചെടുത്തതായിരുന്നു. ഈ പദ്ധതി തുടങ്ങി ആദ്യദിവസം തന്നെ ആയിരത്തിലധികം ചിത്രങ്ങളാണു കോമൺസിൽ അപ്ലോഡ് ചെയ്യപ്പെട്ടതു്. ഇതുവരെ അപ്ലോഡ് ചെയ്യപ്പെട്ട ചിത്രമെല്ലാം https://commons.wikimedia.org/wiki/Category:Malayalam_loves_Wikimedia_event_-_2013 എന്ന കണ്ണിയിൽ കാണാം. ഇനിയുള്ള ദിവസങ്ങളിൽ കൂടുതൽ ചിത്രങ്ങൾ കോമൺസിലെത്തിക്കാനും, പ്രചാരം കൂടുതൽ പേരിലേയ്ക്കെത്തിക്കാനുമുള്ള ശ്രമത്തിലാണു വിക്കിപ്രവർത്തകർ.

പദ്ധതിയെപ്പറ്റി കൂടുതലറിയാൻ : http://ml.wikipedia.org/wiki/WP:MLW3 എന്ന വിക്കിതാൾ സന്ദർശിക്കുകയോ help@mlwiki.in എന്ന ഇ-മെയിൽ വിലാസത്തിൽ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്. മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പദ്ധതിയുടെ ഫേസ്ബുക്ക് ഇവന്റ് താളിലും, ഗൂഗിൾ പ്ലസ് ഇവന്റ്  താളിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
ചിത്രത്തിനു കടപ്പാട്: സുഗീഷ് ജി.

ഉള്ളടക്കത്തിനു കടപ്പാട് : മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു-3/പത്രക്കുറിപ്പ്

ഐറിസ്, സിറിയുടെ ആൻഡ്രോയിഡ് ഭാഷ്യം

മനുഷ്യനൊപ്പം ഫോണുകളും സ്മാർട്ടായിക്കൊണ്ടിരിക്കുന്ന കാലമാണിത്. സ്വകാര്യ കമ്പ്യൂട്ടറുകൾ തുടങ്ങിവച്ച വിവരസാങ്കേതിക വിപ്ലവം ലാപ്‌ടോപ്പുകളും നെറ്റ്‌ബുക്കുകളും കടന്ന് ഇന്ന് ടാബ്‌ലറ്റുകളിലും, സ്മാർട്ട്‌ഫോണുകളിലുമെത്തി ഇനിയെങ്ങോട്ടെന്ന് ചിന്തിച്ച് മുകളിലേക്കും നോക്കി മിഴിച്ചിരിക്കുകയാണ്. സേർച്ച് എഞ്ചിൻ യുദ്ധങ്ങൾ മുതൽ ബ്രൗസർ യുദ്ധങ്ങൾ വരെ കണ്ട് മനസ്സ് മടുത്തിരിക്കുന്ന നമ്മളുടെ മുൻപിൽ അരങ്ങേറുന്ന ഏറ്റവും പുതിയ കുമ്മാട്ടികളിയാണ് സ്മാർട്ട്‌ഫോൺ/ടാബ്‌ലെറ്റ് ഓപറേറ്റിംഗ് സിസ്റ്റം യുദ്ധങ്ങൾ. ആപ്പിളിന്റെ ഐ – ഓ.എസും, ഓപ്പൺ ഹാൻഡ്സെറ്റ് അലയൻസ് – ഗൂഗിൾ സംയുക്ത സംരംഭമായ ആൻഡ്രോയിഡ് എന്നിവരാണ് ഈ രംഗത്തെ സേനാനായകർ. ഒരു സ്മാർട്ട് ഫോണിനെ(ടാബ്‌ലെറ്റിനെ) സ്മാർട്ടാക്കുന്നത് അതിനുതകുന്ന ആപ്ലിക്കേഷനാണെന്നുള്ള തിരിച്ചറിവ് ഇരുകൂട്ടർക്കുമുണ്ട്. ആപ്പിളിന്റെ ആപ്പ്‌പീടികയും (Appstore) ഗൂഗിളിന്റെ ആൻഡ്രോയിഡ് ചന്തയും (Android Market) തമ്മിൽ ശക്തമായ തൃകോണമത്സരമാണ് കാഴ്ച്ചവയ്ക്കുന്നത്. (മൂന്നാമത്തെ കോണായി നമ്മളീ പാവം ഉപയോക്താക്കൾ)

ആദ്യം സിറിയെക്കുറിച്ച് രണ്ടു വാക്ക്:

സിറിയെ (Siri) ഒരു സഹായിയെന്നോ പരികർമ്മിയെന്നോ തോഴനെന്നോ അങ്ങനെയെന്തും വിളിക്കാം. അഥവാ സിറി ഇതെല്ലാമാണ്. കൃതൃമബുദ്ധിയെ (Artificial Intelligence) ആസ്പദമാക്കി മനുഷ്യഭാഷയിൽ ചോദിക്കുന്ന ചോദ്യങ്ങൾക്ക് സിറി ഉത്തരം നൽകുന്നു. വെബ്ബിനെ പ്രയോജനപ്പെടുത്തി ഉപയോക്താക്കൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകാനും,  മറ്റ് സഹായങ്ങൾ നല്കാനും സിറിക്കാകും. ഉദാഹരണത്തിന് അടുത്ത ഞായറാഴ്ച രാവിലെ 5 മണിക്ക് നമ്മെ വിളിച്ചുണർത്തണമെങ്കിൽ സിറിയോട് അത് പറഞ്ഞാൽ മതി. സിറി സ്വയം  അലാറം ക്രമീകരിച്ചോളും. അടുത്ത മാറ്റിനിക്ക് നിശ്ചിത പ്രദർശനശാലയിൽ സീറ്റ് ബുക്ക് ചെയ്യണമെങ്കിലോ, ഒരു ചലച്ചിത്രത്തെപ്പറ്റിയുള്ള അഭിപ്രായമോ അറിയണമെങ്കിൽ സിറിക്കുട്ടനോട് ഒന്ന് പറയേണ്ട താമസം. നെറ്റായ നെറ്റിൽ മുഴുവൻ തപ്പി ഉത്തരം മുൻപിലെത്തും. ഐൻസ്റ്റീന്റെ കാര്യം മുതൽ മൊസാർട്ടിന്റെ കാര്യം വരെ സിറിയോട് സംസാരിക്കാം. ശാസ്ത്രം, ഗണിതം, തത്വചിന്ത, സംസ്കാരം, ചരിത്രം അങ്ങനെ എന്തിനെക്കുറിച്ചുള്ള സംശയവും സിറിയോടു ഉന്നയിക്കാം. ഉത്തരം റെഡി. ചുരുക്കത്തിൽ എന്തിരനിൽ കണ്ട ചിട്ടിയെ ‘കുമാരമംഗലത്ത് നമ്പൂരി’ പിടിച്ച് നെറ്റിയിലൊരു ആണിയുമടിച്ച് ഐ.ഫോണിൽ  തളച്ചപോലെ. ഹിലരി ക്ലിന്റന്റെ മുടിയുടെ എണ്ണം വരെ കൃത്യമായി പറയുന്ന സിറി പക്ഷേ അമേരിക്കക്കു പുറത്തേക്ക് പോകും തോറും തനിനിറം കാട്ടിത്തുടങ്ങും. പുറംരാജ്യങ്ങളിൽ സിറിയുടെ സാധുത വളരെ കുറവാണ്. ഇന്ത്യയെന്ന് കേട്ടിട്ടുപോലുമുണ്ടാവുമോ ആവോ?

ഒരല്പം ചരിത്രം:

എസ്. ആർ. ഐ. ഇന്റർനാഷണൽ വെഞ്ച്വറിലെ ചില ഉദ്യോഗസ്ഥർ ചേർന്ന് 2007ലാണ് സിറി പുറത്തിറക്കിയത്. ആദ്യം ആപ്പ്സ്റ്റോറിൽ ലഭ്യമായ ഒരു ഐ – ഓസ് ആപ്ലിക്കേഷനായായിരുന്നു രംഗപ്രവേശം. എന്നാൽ ചുരുങ്ങിയ കാലം കൊണ്ട് സിറി നേടിയ ജനസമ്മിതി കണ്ട ആപ്പിൾ സിറിയെ പൊന്നും വിലയ്ക്ക് സ്വന്തമാക്കി. ഇതിനു മുൻപായി സിറിയുടെ ആൻഡ്രോയിഡ്, ബ്ലാക്ക്ബെറി പതിപ്പുകൾ പുറത്തിറക്കുമെന്ന് സിറിയുടെ നിർമ്മാതാക്കൾ പ്രഖ്യാപിച്ചിരുന്നു. ആപ്പ്സ്റ്റോറിലെ ചൂടൻ ഡൗൺലോഡുകളിലൊന്നായ സിറിയുടെ സാങ്കേതികവിദ്യ തങ്ങൾക്ക് മാത്രമായി തുടരണം എന്ന ആപ്പിളിന്റെ കുടില ചിന്തയാണ് സ്വന്തമാക്കലിന് പിന്നിൽ.  എന്തായാലും ഈ കച്ചവടത്തോടെ സിറിയുടേ ആൻഡ്രോയിഡ് പ്രവേശനം വെള്ളത്തിലായി.

സാങ്കേതികവിദ്യ:
എസ്. ആർ. ഐ ഇന്റർനാഷണലിന്റെ മേൽനോട്ടത്തിലുള്ള കൃതൃമബുദ്ധി ഗവേഷണകേന്ദ്രത്തിൽ 40 കൊല്ലത്തോളമായി നടന്ന് വരുന്ന ഗവേഷണഫലങ്ങളുടെ ആകെത്തുകയാണ് സിറി.  ഇതിൽ അമേരിക്കയിലെ പത്തോളം സർവ്വകലാശാലകൾ പങ്കാളികളായിട്ടുണ്ട്. ഈ ഗവേഷണങ്ങൾ മുഖാന്തരം മനുഷ്യഭാഷയെ യന്ത്രങ്ങൾക്ക് മനസ്സിലാക്കുകയും, അവ കാര്യകാരണ വിധേയമായി അപഗ്രഥിക്കാനും,  വേണ്ട വിധത്തിൽ ക്രമീകരിച്ച് അവശ്യമായ സേവനനിർവ്വഹണം നടത്താനും കഴിയും. ഉത്തരത്തിനായി ഗൂഗിൾ, യാഹൂ, ബിംഗ് ആൻസേഴ്സ് തുടങ്ങി, മനസ്സിലുദ്ദേശിക്കുന്ന ഉത്തരം നൽകാൻ കഴിവുള്ള ഇന്റലിജന്റ് സേർച്ച് എഞ്ചിനായ ‘വുൾഫ്രം ആൽഫയുടെ‘ വരെ തിരച്ചിൽഫലങ്ങൾ ഉപയോഗിക്കുന്നുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്യാനും വാർത്തകൾക്കും അഭിപ്രായങ്ങൾക്കുമായി പ്രമുഖരെയാണ് സിറി ആശ്രയിക്കുന്നത്. ഇതിനെല്ലാം പുറമേ ഇന്നുള്ളതിൽ വച്ചേറ്റവും മികച്ച ശബ്ദസ്വാശീകരണ സാങ്കേതികവിദ്യയാണ് (നുവാൻസ് കമ്യൂണിക്കേഷൻസ് ലഭ്യമാക്കിയത്) സിറി ഉപയോഗിക്കുന്നത്.

ഇപ്പോൾ:
കഴിഞ്ഞ മാസം ആപ്പിൾ പ്രഖ്യാപിച്ചതനുസരിച്ച് സിറി ഐ – ഫോൺ 4S ന്റെ ഭാഗമാക്കപ്പെട്ടു. ഇതേത്തുടർന്ന് എല്ലാ ഐഫോണുകൾക്കും ലഭ്യമായിരുന്ന പഴയ സിറി ആപ്പ്‌സ്റ്റോറിൽ നിന്ന് നീക്കം ചെയ്യപ്പെട്ടു. (കാശുള്ളവൻ പുതിയ 4S വാങ്ങി ഉപയോഗിക്കട്ടെ എന്നും ഭാഷ്യം)

ഇനി ഐറിസിനെപ്പറ്റി:

സിറിയെ ആപ്പിൾ ഏറ്റെടുത്തതോടെ പെരുവഴിയിലുടഞ്ഞ ആൻഡ്രോയിഡ് ഉപയോക്താക്കളുടെ സിറി മോഹം പൂവണിഞ്ഞ് തുടങ്ങിയത് സിറിക്ക് ഒരു  ആൻഡ്രോയിഡ് എതിരാളിയെത്തിയെന്നറിഞ്ഞാണ്.  ആപ്പിളിനിട്ട് ഈ ഗമണ്ടൻ തട്ട് കൊടുത്തത് ഇന്ത്യക്കാരനായ നാരായൺ ബാബു നയിക്കുന്ന ഡെക്സെട്ര.കോം (dexetra.com) ആണ്. ഐറിസ് (Iris – Siri എന്നത് തല തിരിച്ചെഴുതിയത്) എന്ന പേരിൽ പുറത്തിറക്കിയ ഈ ആപ്ലിക്കേഷൻ അൻഡ്രോയിഡ് ചന്തയിലെത്തിയപ്പോൾ തന്നെ ഒരു വിപ്ലവമുണ്ടായിത്തുടങ്ങിയിട്ടുണ്ട്.(ഇതിനകം 5 ലക്ഷത്തിലധികം  ഡൗൺലോഡുകൾ) സിറി 40 കൊല്ലത്തെ ഗവേഷണഫലവുമായാണ് പുറത്തിറങ്ങിയതെങ്കിൽ, ഐറിസ് 8 മണിക്കൂർ മാത്രം നീണ്ട ഹാക്ക്ത്തണിന്റെ സന്താനമാണ്. ആൽഫാ പതിപ്പ് മാത്രമേ ഇപ്പോൾ ലഭ്യമായിത്തൂടങ്ങിയിട്ടുള്ളൂ. (2.1 എക്ലയേഴ്സിൽ കണ്ട പിഴവുകൾ പരിഹരിച്ചത്) പ്രമുഖ ആൻഡ്രോയിഡ് വാർത്താ വെബ്സൈറ്റായ ടോക്ക്‌ ആൻഡ്രോയിഡ് ഐറിസിനെ നിർവ്വചിച്ചത് ‘Intelligent Rivial Imitator of Simi‘ എന്നാണ്.

സിറിയുടെ അത്രയും വരില്ലെങ്കിലും ഐറിസും സമാനമായ ഒട്ടു മിക്കസേവനങ്ങളും നൽകുന്നുണ്ട്. (നിർമ്മിതിക്കായി 8 മണിക്കൂറേ എടുത്തുള്ളു എന്നതും, ആൽഫാ പതിപ്പ് മാത്രമേ ഇപ്പോൾ പുറത്തെത്തിയിട്ടുള്ളൂ എന്നതും അനുഭാവപൂർവ്വം പരിഗണിക്കുക) ചില്ലറ അപവാദങ്ങളൊഴിച്ചാൽ ചോദിക്കുന്ന ചോദ്യത്തിനെല്ലാം വിക്കിപീഡിയ, ഗൂഗിൾ എന്നിവയുടെയൊക്കെ സഹായത്തോടെ ഐറിസ് ഉത്തരം നൽകുന്നുണ്ട്.  ഇതിനായി ഗൂഗിൾ വോയിസ് സേർച്ചും, ടി. ടി. എൽ ലൈബ്രറിയും വേണമെന്ന് മാത്രം. സിറി ഐ – ഫോണിൽ പ്രീബിൽറ്റായി വരുമ്പോൾ ഐറിസ് പുറത്തു നിന്നു ഡൗൺലോഡ് ചെയ്യാമെന്നതും, സംഗതി ഓപ്പൺസോഴ്സിലായതിനാൽ ഭാവിയിൽ കൂടുതൽ അത്ഭുതങ്ങൾ പ്രതീക്ഷിക്കാമെന്നതും പുതിയൊരു പ്രതീക്ഷയ്ക്ക് വക നൽകുന്നു.

പിൻകുറിപ്പ് : ഞാനും സംഗതി ഇറക്കുമതി ചെയ്ത്  ഫോണിൽ സന്നിവേശിപ്പിച്ചിട്ടുണ്ട്. എന്താവുമോ ആവോ?