കൊണ്ടു നടന്നതും നീയേ ചാപ്പാ, കൊണ്ടോയ് കൊല്ലിച്ചതും…

"RIP Google Buzz"അങ്ങനെ പാവപ്പെട്ട ബസ്സ് മുതലാളികളെയെല്ലാം സങ്കടത്തിലാക്കി ഗൂഗിൾ ബസ്സിന്റെ (http://.google.com/buzz) ദിനരാത്രങ്ങൾ‌ എണ്ണപ്പെട്ടു കഴിഞ്ഞു. ഗൂഗിളിന്റെ ഉത്പന്നമേഖലയിലെ വൈസ് പ്രസിഡന്റ് ‘ബ്രാഡ്ലി ഹോറോവിച്ച്’ ഗൂഗിൾ ഔദ്യോഗിക ബ്ലോഗിൽ ഒക്ടോബർ 14 എന്ന ദുഃഖവെള്ളിയാഴ്ചയിറക്കിയ കുറിപ്പിലാണ് ഈ വിഷമവൃത്താന്തം പ്രഖ്യാപിച്ചത്. പരസ്യപ്രഭവരേഖയിലുള്ള കോഡെഴുത്തുക്കൾ തിരയുന്നതിനുള്ള ‘ഗൂഗിൾ കോഡ് സേർച്ച്‘, ഗൂഗിളിന്റെ പേഴ്സണലൈസ്ഡ് ഹോംപേജായ ‘ഐ-ഗൂഗിളിന്റെ സോഷ്യൽ ഫീച്ചേഴ്സ്‘, 2007ൽ ഗൂഗിൾ സ്വന്തമാക്കിയ ട്വിറ്റരിന് സമാനമായ സോഷ്യൽ മീഡിയ സൈറ്റായ ‘ജൈക്ക‘, ഗൂഗിൾ സേർച്ചിന്റെ ‘യൂണിവേഴ്സിറ്റ് റിസേർച്ച് പ്രോഗ്രാം‘ എന്നിവയാണ് ബസ്സിനൊപ്പം 2012 ജനുവരി 15ന് കാലയവനികക്കുള്ളിൽ മറയാൻ തയ്യാറെടുക്കുന്നത്. ഗൂഗിൾ ലാബ്സിന്റെ അന്തവും ഉടനെയുണ്ടാകും.

സെപ്റ്റംബർ തുടക്കത്തിൽ ഗൂഗിളമ്മച്ചി പ്രഖ്യാപിച്ച ‘അടിച്ചുവാരി ചാണകവെള്ളം തളിക്കൽ’ പദ്ധതിയുടെ ഏറ്റവും പുതിയ നീക്കമാണിതെന്നാണ് വിലയിരുത്തൽ. ഇതിൻ പ്രകാരം ഉപയോക്താക്കളില്ലാത്ത സേവനങ്ങളിൽ മിക്കവയ്ക്കും കൊലക്കയറൊരുക്കുകയും, മറ്റുള്ളവ ലാഭത്തിലുള്ള സേവനങ്ങളുമായി ലയിപ്പിക്കുകയോ ചെയ്യും. കൂടുതൽ ജനപ്രിയ സേവനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണിതെന്നാണ് ഔദ്യോഗിക വിശദീകരണം. നിലവിൽ ഗൂഗിൾ പ്ലസ്സിരുന്ന ഗാഡ്ജറ്റ് ഇടത്തിൽ ഗൂഗിൾ പ്ലസ്സിലേക്കുള്ള കണ്ണിയാകും മേലിൽ ദൃശ്യമാകുക.

ഗൂഗിൾ ബസ്സും വെബ്‌താളുകളുമായി കണ്ണി വിളക്കാൻഉപയോഗിച്ചിരുന്ന ആപ്ലിക്കേഷൻ പ്രോഗ്രാമിങ്ങ് ഇന്റർഫേസ് (ഏ. പി. ഐ) ഉടൻ തന്നെ അടച്ചു പൂട്ടി മുദ്രവയ്ക്കപ്പെടും. ഉപയോക്താക്കൾക്ക് ഇതിനു ശേഷം പുതിയ പോസ്റ്റുകൾ ഇടാൻ പറ്റില്ലെങ്കിലും ഇതു വരെയിട്ടവ ഗൂഗിൾ പ്രൊഫൈലിൽ ദൃശ്യമാകും.  ഇവ ഗൂഗിൾ ടേക്ഓഫ് മുഖാന്തരം ഉടനടി ഇറക്കുമതി ചെയ്ത് ചില്ലിട്ടു വച്ചോളാനും അഭയവരമുദ്രനീട്ടി ഗൂഗിൾ ഉപദേശിച്ചിട്ടുണ്ട്.


ചിറകു മുളച്ച ചിന്തകൾക്ക് സാമൂഹ്യക്കൂട്ടായ്മാ പരിവേഷം നൽകിക്കൊണ്ടാണ് 2010   ഫെബ്രുവരിയിൽ ജീമെയിലിലൂടെ ബസ്സ് അവതരിപ്പിക്കപ്പെട്ടത്. വെറുമൊരു ഈമെയിൽ സങ്കല്പത്തിൽ നിന്നും ജീമെയിലിന് പുതിയോരനുഭവം  നൽകാനുള്ള ഗൂഗിളിന്റെ പരീക്ഷണഫലമായിരുന്നു ഇത്.  ജീമെയിലിനുള്ളിൽ തന്നെ രൂപം കൊണ്ടിരിക്കുന്ന സൗഹൃദക്കൂട്ടായ്മയെ പുറത്ത് കൊണ്ടു വന്നു വിപുലീകരിക്കുകയാണ് ബസ്സ് ചെയ്തത്. ഉപയോക്താവിന്റെ മറ്റ് മണ്ഡലങ്ങളിലുള്ള സൈറ്റുകൾ(ബ്ലോഗർ, ട്വിറ്റർ, പിക്കാസ, ഫ്ലിക്കർ, ഗൂഗിൾ റീഡർ) എന്നിവ ബസ്സുമായി ബന്ധിപ്പിച്ച് വിവരങ്ങൾ ഇമ്പോർട്ട് ചെയ്യാനും അവസരമൊരുക്കിയിരുന്നു. (ൻഹാ ചത്ത കുഞ്ഞിന്റെ ജാതകം നോക്കിയിട്ട് എന്ത് പ്രയോജനം!!) എന്നാൽ തുടക്കത്തിൽ സ്വകാര്യത ലംഘിക്കുന്നുവെന്ന പേരിൽ ബസ്സ് പഴി കുറേ വാരിക്കൂട്ടി.

സോഷ്യൽ നെറ്റ്‌വർക്കിങ്ങിൽ രാശിയില്ലാത്ത ഗൂഗിളിന്റെ (ഓർക്കുട്ട്, വേവ്, ജൈക്കു എന്നിവ ബസ്സിനു മുൻപും, പ്ലസ്സ് ശേഷവും) ഈ പരീക്ഷണം ലോകത്തെല്ലായിടത്തും പരാജയപ്പെട്ടപ്പോഴും മലയാളികൾക്കിടയിൽ കൈയ്യടി നേടി. ബസ്സ് നന്നായി മലയാളം പറഞ്ഞു.. അല്ല സ്വരസ്ഥാനമൊക്കെയുറപ്പിച്ച് നന്നായി പാടിത്തന്നെ നടന്നു. മല്ലൂസിനിടയിൽ ബസ്സിന്റെ ദ്യോതകശേഷി അത്രയധികമായിരുന്നു. ഓർക്കൂട്ടിൽ നിന്നും രക്ഷപെട്ട ഉപയോക്താക്കൾ തമ്പടിച്ചത് നേരെ ബസ്സിലേയ്ക്കായിരുന്നു. ബ്ലോഗിൽ ആസ്വാദകരുടെ പ്രതികരണത്തിനായി കാത്തിരിക്കാൻ ക്ഷമയില്ലെന്നും പറഞ്ഞ് പല കേൾവി കേട്ട പല ബ്ലോഗറുമാരും സ്വന്തമായി ബസ്സ് വാങ്ങി. ബസ്സ് പലരേയും പ്രസിദ്ധരാക്കി. പലർക്കും മേൽവിലാസം നൽകി.  ഒരു കൊല്ലത്തിലധികം ഇത് ഒരു പാണനാരെപ്പോലെ മലയാളിയുടെ മനസ്സ് പാടി നടന്നു. ഇണക്കവും പിണക്കവും സംശയങ്ങളും ഉത്തരങ്ങളും വിഷമവും ആഘോഷവുമെല്ലാം ബസ്സിലൂടെ ഒഴുകി. കേരളത്തിലെ കൊതുക് ശല്യം മുതൽ ബുഷിന്റെ പൊടിമീശ വരെ ഇതിൽ വിഷയമായി. ഓരോരോ സംഭവവികാസങ്ങളും ബസ്സിൽ പടക്കം പൊട്ടിച്ചാഘോഷിക്കപ്പെട്ടു. തിരഞ്ഞെടുപ്പിന് ബസ്സിനെ ശക്തമായ ഒരു പ്രചാരണ മാധ്യമമാക്കിയ വിദ്വാന്മാർ പോലുമുണ്ട്. ശരാശരി മലയാളി ദിനംപ്രതി അഭിമുഖീകരിക്കുന്ന പ്രശ്നനിവാരണവും സംശയദൂരീകരണവും ബസ്സിലൂടെ നടന്നു. ചുരുക്കത്തിൽ ബസ്സ് ഒരു ഓൺലൈൻമലയാളി  ബസ്സുടമയുടെ ജീവനാഡിയായി മാറി.

തിളങ്ങി നിന്ന ബസ്സിന്റെ കടയ്ക്കലേക്ക് ആദ്യ കത്തിവച്ചത് പെറ്റമ്മ തന്നെയാണ്. അതും പേരിലും മട്ടിലും സാമ്യമുള്ള ‘പ്ലസ്സെന്ന(https://plus.google.com/) ഇരട്ട സഹോദരന്റെ പേരിൽ.  പുതിയ എന്തോ ജീവിയെ കണ്ടമട്ടിൽ ഉടുതുണി പോലും മാറാതെ ആളുകൾ പ്ലസ്സിലേക്കോടി. (ജൂണിൽ തുടക്കമിട്ട ഈ നവജാതശിശു 40 ദശലക്ഷം ഉപയോക്താക്കളിലേക്കിറങ്ങി ചെന്നെന്ന് വ്യാഴാഴ്ച ഗൂഗിളിന്റെ എക്സിക്കൂട്ടീവ് ഓഫീസർ ‘ലാറി പേജ്’ വ്യക്തമാക്കിയിരുന്നു.)


ഗൂഗിൾ പ്ലസ്സിൽ മലയാളികളുടെ ഇടി ആദ്യ രണ്ടാഴ്ച കൊണ്ട് നിന്നു. ഇപ്പോൾ ഫേസ്‌ബുക്കിനെപ്പോലെ അനാവശ്യ പോഡുകളുമായി മൂപ്പർ ‘എനിച്ച് മലയാലം കൊരച്ച് കൊരച്ച് അരിയാം‘ എന്ന് ഇരമ്പിക്കൊണ്ട് ഇഴഞ്ഞു നീങ്ങുകയാണ്. (ഇംഗ്ലീഷിൽ മൂപ്പർ പുലിയാണെന്നാണ് കേൾക്കുന്നത്!! ആവോ.. ആർക്കറിയാം ..?) അങ്ങനെ പ്ലസ്സിന്റെ പ്രഭാവലയത്തിൽ കണ്ണുമ്മിഴിച്ച് നിന്ന ബസ്സ് ഒരു വിധം സ്ഥലകാലബോധം വീണ്ടെടുത്ത് ഓടിത്തുടങ്ങിയപ്പോഴാണ് പെറ്റമ്മയുടെ വക ഈ ‘കാലപാശം’. പെറ്റമ്മ തന്നെ മക്കളെ വേർതിരിച്ച് കാണുന്നു. പിന്നാണോ നമ്മളീ കാഴ്ചക്കാർ..

Advertisements

കണ്ണൂർക്ക് പോരുന്നോ കൂട്ടരേ??

വെറുമൊരു വിജ്ഞാനകോശം എന്നതിനേക്കാൾ ഇതൊരു വികാരമാണ്, അതിലുപരി സംസ്കാരവും


ഓൺലൈൺ മലയാളികൾക്ക് ഈ ജൂൺ ഒരല്പം ആഹ്ലാദം തരുന്ന വേളയാണ്. കാരണമെന്തെന്നോ!! മലയാളം വിക്കിപ്രവർത്തകരുടെ ഒരു പ്രവർത്തനസംഗമത്തിന് ഈ ജൂൺ 11ന് കണ്ണൂർ വേദിയാവുകയാണ്.

ഇന്റർനെറ്റ് ഉപയോഗിക്കുന്നവരാർക്കുമായി തന്നെ ‘വിക്കിപീഡിയ’യ്ക്ക് ഒരു ആമുഖം നൽകേണ്ട ആവശ്യമില്ല. വിജ്ഞാനത്തിന്റെ സ്വതന്ത്രമായ ഒഴുക്കിന് ഒരു കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെ 2001ൽ  സ്ഥാപിതമായ വിക്കിപീഡിയ ഇന്ന്  280ലധികം ലോകഭാഷകളിലുണ്ട്. അലക്സാ റാങ്കിങ്ങ് പ്രകാരം ഏറ്റവും തിരക്കുള്ള വെബ്ത്താളുകളിൽ ആറാം സ്ഥാനത്തുള്ള വിക്കിപീഡിയയെ നിയന്ത്രിക്കുന്നത് വിക്കിമീഡീയ ഫൗണ്ടേഷൻ എന്ന ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമാണ്. വിക്കിമീഡിയ ഫൗണ്ടേഷനിൽ കേവലം നാല്പതിൽ താഴെയാളുകൾ മാത്രമേ പ്രതിഫലം പറ്റി ജോലി ചെയ്യുന്നുള്ളൂ. വിക്കിപീഡിയയടക്കം എട്ടോളം ഇതര വിക്കിസംരംഭങ്ങളുടെയെല്ലാം പ്രവർത്തനങ്ങൾ നോക്കിനടത്തുന്നത് ലോകത്തെമ്പാടുമുള്ള ലക്ഷക്കണക്കിന് വിജ്ഞാനസ്നേഹികളാണ്. കൂട്ടായ്മയിലൂടെ വിവരശേഖരണം നടത്തി  അത് സ്വതന്ത്രാനുമതിയോട് കൂടി വിതരണം ചെയ്യുന്നത് മൂലം ഏതൊരാൾക്കും എന്ത് വിധ ആവശ്യത്തിനുമായി  ഇതിലെ ഉള്ളടക്കം നിരുപാധികം ഉപയോഗിക്കാം.

വിക്കിപീഡിയ മലയാളത്തിലുമുണ്ടെന്നത് ഇന്റർനെറ്റുമായി കമ്പ്യുട്ടറിനു മുൻപിൽ സദാസമയം തപസ്സിരിക്കുന്നവർക്കുപോലും പുതിയൊരറിവായിരിക്കും. പോട്ടെ.. കമ്പ്യൂട്ടറിൽ ഒരു സാധാരണക്കാരന് മലയാളം ടൈപ്പ് ചെയ്യാൻ കഴിയും എന്നറിയുന്നവർ എത്രയുണ്ട്?  ഇന്ന് ലോകത്തെ തന്നെ ഏറ്റവും മികച്ച വിക്കിപീഡിയകളിൽ ഒന്നായി മലയാളം വിക്കിപീഡിയ മാറിയിരിക്കുന്നു. വിജ്ഞാനം അതത് ഭാഷയിൽ വേണമെന്നത് ഓരോ ഭാഷയുടേയും അവകാശമാണ്. വികസനത്തിനു അത്യാവശ്യവുമാണ്. ഇനിയുള്ള നാളുകളിൽ ഒരു ഭാഷ മൃതമാകാതെയിരിക്കണമെങ്കിൽ ആ ഭാഷ ഡിജിറ്റൽ ലോകത്ത് വ്യക്തമായ മുഖമുദ്ര പതിപ്പിക്കുക തന്നെ വേണം. ഇതിന് ഏറ്റവും മികച്ച കളമൊരുക്കുകയാണ് മലയാളം വിക്കിപീഡിയ. വിവരങ്ങൾ സ്വതന്ത്രമാക്കുക, അത് എല്ലാവരുമായി പങ്ക് വയ്ക്കുക എന്നൊക്കെയാണ് വിക്കിപീഡിയ ഉൾപ്പെടുന്ന വിക്കിമീഡിയ ഫൗണ്ടേഷന്റെ വിക്കിസംരംഭങ്ങളുടെ പ്രവർത്തനലക്ഷ്യമെങ്കിൽ അതോടൊപ്പം ശുഷ്കമായിക്കൊണ്ടിരിക്കുന്ന നമ്മുടെ ഭാഷയുടെ ജീവൻ നിലനിർത്തുകയും, ഓൺലൈനിൽ മലയാളത്തിന്റെ സാന്നിദ്ധ്യം സജീവമാക്കി നിർത്തുകയും ചെയ്യുക എന്നത് കൂടിയാണ് മലയാളം വിക്കിസംരംഭങ്ങളുടെ ലക്ഷ്യവും പ്രസക്തിയും.

മലയാളം വിക്കിപീഡിയയെ മറ്റ് ഭാഷാവിക്കിപീഡികളിൽ നിന്നും ബഹുദൂരം മുൻപിൽ നിർത്തുന്ന ഘടകങ്ങൾ താഴെ പറയുന്നവയാണ്.

  • ഏറ്റവുമധികം തിരുത്തലുകൾ നടന്ന ഇന്ത്യൻ ഭാഷാ വിക്കിപീഡിയ (പത്ത് ലക്ഷത്തിലധികം).
  • ഒരു ലേഖനത്തിൽ ഏറ്റവുമധികം ശരാശരി തിരുത്തലുകളുകളുള്ള (ഏറ്റവുമധികം പതിപ്പുകൾ) ഇന്ത്യൻ ഭാഷാ വിക്കിപീഡിയ.
  • ആദ്യമായി ഓഫ്‌ലൈനായി വിക്കിപീഡിയ (സി. ഡി. പതിപ്പ്) പുറത്തിറക്കിയ ഇന്ത്യൻ വിക്കിപീഡിയ. ലോകഭാഷകളിൽ തന്നെ സി. ഡി. പുറത്തിറക്കുന്ന ആറാമത്തെയും ആദ്യ ലാറ്റിനേതര വിക്കിപീഡിയയുമാണ് മലയാളം.
  • ഏറ്റവുമധികം സജീവ ഉപയോക്താക്കളുള്ള ഇന്ത്യൻ വിക്കിപീഡിയ.
  • വിക്കിമീഡിയ കാര്യനിർവ്വാഹക (സ്റ്റുവാർഡ്) തിരഞ്ഞെടുപ്പിൽ വിജയിച്ച ഏക ഇന്ത്യൻ വിക്കിസമൂഹം.
  • വിക്കിപീഡിയയിലും വിക്കിമീഡിയ കോമൺസിലുമായി ഏറ്റവുമധികം ചിത്രങ്ങൾ അപ്ലോഡിയ ഇന്ത്യൻ ഭാഷാ വിക്കിപീഡിയ.
  • ആദ്യമായി ഒരു മീഡിയവിക്കി ഡെൽപ്പറെ ലഭിച്ച ഇന്ത്യൻ വിക്കിപീഡിയ.
  • വിക്കിപഠനശിബിരങ്ങളും സംഗമങ്ങളും സജീവമായി നടത്തുന്ന ഏക ഇന്ത്യൻ വിക്കിസമൂഹം.
  • വിക്കിഗ്രന്ഥശാലയുടെ ഓഫ്‌ലൈൻ പതിപ്പിറക്കുന്ന ആദ്യ വിക്കിസമൂഹം.

ലോകമെമ്പാടുമുള്ള മലയാളികളുടെ സഹകരണത്തോടെ വികസിച്ച മലയാളം വിക്കിപീഡിയയിൽ നിലവിൽ 18,000ൽപരം ലേഖനങ്ങൾ ഉണ്ട്. സ്വതന്ത്ര ഓൺലൈൻ പുസ്തകശേഖരമായ വിക്കിഗ്രന്ഥശാലയും, സ്വതന്ത്ര ബഹുഭാഷാശബ്ദകോശമായ വിക്കിനിഘണ്ടുവും മറ്റും വരുംതലമുറയ്ക്ക് വിജ്ഞാനം പകരുന്ന പ്രധാന സ്രോതസ്സായി മാറാനിടയുള്ള പദ്ധതികളാണ്. നിലവിൽ കേരളത്തിനുപുറത്തുള്ള മലയാളികളാണ് പ്രധാനമായും വിക്കിപീഡിയ സംരംഭങ്ങളിലേക്ക് ഉള്ളടക്കം പ്രദാനം ചെയ്യുന്നത്. മൂന്നരകോടി മലയാളികളിൽ ഏകദേശം ഇരുനൂറോളം പേരൊഴിച്ച് ബാക്കിയെല്ലാവരും വിക്കിക്ക് പുറത്താണ്. ഇതിലേക്ക് കേരളീയരുടെ സജീവസാന്നിദ്ധ്യം ഉറപ്പാക്കുക എന്നതാണ് പ്രവർത്തനസംഗമത്തിന്റെ പ്രധാന ലക്ഷ്യം.

നമുക്കോരോത്തർക്കും ഇന്ന് ലഭിച്ചിരിക്കുന്ന അല്ലെങ്കിൽ ലഭിച്ചുകൊണ്ടിരിക്കുന്ന അറിവുകൾ, പലരിൽ നിന്ന്. പല സ്ഥലങ്ങളിൽ നിന്ന്, പലപ്പോഴായി പകർന്ന് കിട്ടിയിട്ടുള്ളതാണ്. അത് മറ്റുള്ളവർക്ക് കൂടി പകർന്നുനൽകാൻ, സൂക്ഷിച്ചു വയ്ക്കാൻ ഒരു സാമൂഹിക വ്യവസ്ഥിതിയിൽ നമുക്കോരോത്തർക്കും കടമയുണ്ട്. രേഖപ്പെടുത്താത്തതു മൂലം നഷ്ടമായിപ്പോയ നിരവധി അറിവുകളുണ്ട്. നമുക്ക് ലഭിച്ച അറിവുകൾ വിക്കിപീഡിയയിൽ കൂടിയും മറ്റ് വിക്കിസംരംഭങ്ങളിൽ കൂടിയും പങ്ക് വയ്ക്കുന്നതിലൂടെ നാം ഭാവി തലമുറയ്ക്കായി ഒരു സേവനമാണ് ചെയ്യുന്നത്. സൗജന്യമായി വിജ്ഞാനം പകർന്ന് നൽകുന്നതിലൂടെ ലഭിക്കുന്ന ആത്മസംതൃപ്തിയാണ് വിക്കിപീഡിയർക്ക് ഈ പൊതുസേവനത്തിലൂടെ ലഭിക്കുന്നത്. അതോടൊപ്പം അറിവ് പങ്ക് വയ്ക്കുന്നതിലൂടെ അത് വർദ്ധിക്കുന്നു എന്ന പഴഞ്ചൊല്ല് നിത്യജീവിതത്തിൽ പ്രാവർത്തികമാകുന്നതും കാണാനാകും ഓർക്കുക ഇതുപോലെ പല സുമനസ്സുകൾ വിചാരിച്ചതിന്റെ  ഫലമാണ് നാമിന്ന് ആർജ്ജിച്ചിരിക്കുന്ന അറിവൊക്കെയും…

അപ്പോൾ ഇപ്പോ തന്നെ കണ്ണൂരേക്കുള്ള വണ്ടി പിടിക്കുവല്ലേ???….

2011 ജൂൺ എട്ടിന് ഇവിടെ പോസ്റ്റിയത്