വെബ്ബിനെ വികേന്ദ്രീകരിക്കാൻ ഡയാസ്പോറ

(ഇൻഫോകൈരളി മാസികയ്ക്കായി എഴുതിയ ലേഖനം)

അടിപിടി കൂടുന്ന രണ്ട് സിംഹങ്ങള്‍ക്കിടയില്‍ വച്ച് അവയുടെ ചോര കുടിച്ച് രസിക്കുന്ന കള്ളക്കുറുക്കന്റെ കഥ കുട്ടിക്കാലങ്ങളില്‍ കേട്ട് പരിചയമുണ്ടാകും. എന്നാലിവിടെ പറയാന്‍ പോകുന്നത് രണ്ട് സ്വന്തം നിലനില്പിനായി പൊരുതുന്ന രണ്ട് സിംഹങ്ങള്‍ക്കിടയില്‍ പെട്ട ലാഭേച്ഛയില്ലാത്ത ഒരു പാവം കുറുക്കനെക്കുറിച്ചാണ്‌. കുറുക്കന്റെ പേരാണ്‌ ഡയസ്പോറ.

ഫേസ്ബുക്കടക്കം മിക്ക സാമൂഹ്യക്കൂട്ടായ്മാ വെബ്സൈറ്റുകളും കേന്ദ്രീകൃതസേവനമാണ്‌ നല്‍കുന്നത്. അതായത് അവര്‍ തങ്ങളുടെ അധികാരതയിലുള്ള സെര്‍‌വ്വറുകളുടെയടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നു. നാളെയൊരു ദിവസം പൊടുന്നതേ തങ്ങളുടെ സെര്‍‌വ്വറില്‍ സൂക്ഷിച്ചിരിക്കുന്ന സ്വകാര്യവിവരങ്ങള്‍ ഡിലീറ്റ് ചെയ്യണമെന്നോ, പണത്തിനായി മറ്റുള്ളവര്‍ക്ക് നല്‍കണമെന്നോ മറ്റോ തീരുമാനിച്ചാല്‍ ഉപയോക്താക്കള്‍ക്ക് മുറവിളി കൂട്ടാന്‍ മാത്രമേ സാധിക്കുകയുള്ളൂ. ഫേസ്ബുക്കിനെ സംബന്ധിച്ചിടത്തോളം ഉപയോക്താവിനെ പറ്റിയുള്ള ഉള്ളടക്കങ്ങളും അവയുടെ താത്പര്യങ്ങളും കോര്‍പ്പറേറ്റുകള്‍ക്ക് വിറ്റു കാശുണ്ടാക്കുന്നുവെന്ന ആക്ഷേപം പണ്ടേയുണ്ട്. ഇതിനെല്ലാമുള്ള ശക്തമായ ഒരു മറുപടിയാണ്‌ ഡയസ്പോറ.

ന്യൂയോര്‍ക്ക് സര്‍‌വ്വകലാശാലയുടെ കൗറന്റ് ഇന്‍സ്റ്റിറ്റൂട്ടിലെ നാല്‌ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികളുടെ തലയിലുദിച്ചതാണ്‌ ഈ ഭ്രാന്തന്‍ ചിന്ത. ന്യൂയോര്‍ക്ക് ഇന്റര്‍നെറ്റ് സോസൈറ്റിയില്‍ നിലവിലെ കേന്ദ്രീകൃത

സാമൂഹ്യകൂട്ടായ്മയില്‍ നിന്നും ‘ക്ലൗഡ് വഴി സ്വാതന്ത്രം‘ എന്ന വിഷയത്തില്‍ കൊളമ്പിയന്‍ നിയമവിദ്യാലയത്തിലെ പ്രഫസറായ ഈബന്‍ മോഗ്ലന്‍ നടത്തിയ പ്രഭാഷണമാണ്‌ ഡാന്‍ ഗ്രിപ്പി, മാക്സ്‌വെല്‍ സാല്‍‌സ്ബെര്‍ഗ്, റാഫേല്‍ സോഫര്‍, ഷിതോമിര്‍സ്കി എന്നിവരെ ഡയാസ്പോറയിലെത്തിച്ചത്. കിക്സ്റ്റാര്‍ട്ടറിലൂടെ ഇവര്‍ പ്രോജക്ടിനു വേണ്ട പണം സ്വരൂപിച്ചു. തുടര്‍ന്ന് 2010 സെപ്റ്റം‌ബറില്‍ ഡവലപ്പേഴ്സ് പ്രിവ്യൂവും നവം‌ബറില്‍ ആല്‍ഫാ പതിപ്പും പുറത്തിറങ്ങി. ഗൂഗില്‍ കൊട്ടിഘോഷിച്ച് പുറത്തിറക്കിയ ഗൂഗിള്‍ പ്ലസ് ഡയാസ്പോറയുടെ ആശയം അതേപടി പകര്‍ത്തിയതാണെന്ന സം‌വാദം ഡയാസ്പോറയ്ക്ക് വളരെയധികം ജനപ്രീതി നേടി നല്‍കിയിരുന്നു.

ഫേസ്‌ബുക്കിനെ തോല്‍‌പിക്കാന്‍ അതിലും മികച്ചത് എന്ന അവകാശവാദവുമായി ഗൂഗിള്‍ പ്ലസ് എത്തിയിരിക്കുന്നു. ട്വിറ്ററും മറ്റുമായി ഒട്ടനവധി സാമൂഹ്യക്കൂട്ടായ്മാ വെബ്‌സൈറ്റുകള്‍ രംഗത്തുണ്ട്. ഇവയ്ക്കൊന്നുമില്ലാത്ത എന്താണ്‌ ഡയാസ്പോറയില്‍ കാണുന്നത് എന്നാവും ഇപ്പോഴത്തെ ചിന്ത. ഡയസ്പോറ വെബിന്റെ വികേന്ദ്രീകരണത്തെ പിന്തുണയ്ക്കുന്നു. സാധാ വെബ്സൈറ്റുകളില്‍ നിന്നും വ്യത്യസ്തമായി ഡയസ്പോറ, വിവിധ വിലാസങ്ങളില്‍ വിവിധ വ്യക്തികള്‍ നയിക്കുന്ന സെര്‍‌വ്വറുകളുടെ (പോഡുകള്‍ എന്നറിയപ്പെടുന്നു) സഞ്ചയമാണ്‌. എന്നാലിവയെല്ലാം ഒരേ സോഫ്റ്റ്‌വെയറിനാല്‍ നിയന്ത്രിക്കപ്പെട്ടിരിക്കുന്നു.. റൂബി ഭാഷയിലെഴുതിയിരിക്കുന്ന ഈ സോഫ്റ്റ്‌വെയര്‍ അഫേറോ ഗ്നൂ സാര്‍‌വ്വജനിക അനുമതിപത്രത്താലാണ്‌(AGPL) വിതരണം ചെയ്തിരിക്കുന്നത്. അതിനാല്‍ ആര്‍ക്കും ഡൗണ്‍ലോഡ് ചെയ്ത് സ്വന്തമായി സെര്‍‌വ്വറില്‍ ഹോസ്റ്റ് ചെയ്ത് ഒരു പോഡ് നിര്‍മ്മിക്കാവുന്നതാണ്‌. ഇതിലെ ഉള്ളടക്കമെല്ലാം 128 ബിറ്റിനു മുകളിലുള്ള തീവ്ര എന്‍‌ക്രിപ്ഷനായതിനാല്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ക്ക് അതീവ സുരക്ഷ ഉറപ്പാക്കുന്നു. മാത്രമല്ല അവശ്യമെങ്കില്‍ ഉപയോക്താക്കള്‍ക്ക് വേണ്ട കൂട്ടിച്ചേര്‍ക്കലുകളും നടത്താവുന്നതുമാണ്‌. ഇവയിലേത് പോഡും നിങ്ങള്‍ക്ക് ഹോം പോഡായി തിരഞ്ഞെടുക്കാവുന്നതാണ്‌. ഇവയെല്ലാം പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നതിനാല്‍ ഏത് പോഡ് തിരഞ്ഞെടുത്ത നിങ്ങളുടെ സുഹൃത്തുക്കളുമായും നിങ്ങള്‍ക്ക് സ്വതന്ത്രമായി സം‌വദിക്കാം. ഡയാസ്പോറ നിര്‍മ്മാതാക്കള്‍ നയിക്കുന്ന http://joindiaspora.com, ഡയാസ്പോര്‍ഗ് (http://diasp.org) എന്നിവയാണ്‌ നിലവില്‍ ഏറ്റവും പ്രസിദ്ധിയാര്‍ജ്ജിച്ചിരിക്കുന്ന പോഡുകള്‍. എല്ലാ പോഡുകളും http://podupti.me/ എന്ന വിലാസത്തില്‍ ലഭ്യമാണ്‌

ഏതെങ്കിലും ഒരു പോഡില്‍ ‘സീഡ്’ എന്ന പേരിലുള്ള ഒരു അംഗത്വം നേടുകയാണ്‌ ഉപയോക്താവ് ആദ്യം ചെയ്യേണ്ടത്. ഇതുമൂലം ഉപയോക്താവിന്‌ ഒരു ഡയാസ്പോറ വിലാസം (ഉദാ:Akhilan@diasp.org) ലഭിക്കുന്നു. ശേഷം അദ്ദേഹം അവശ്യമായ സുഹൃത്തുക്കളെ ചേര്‍ത്ത് ‘ആസ്പെക്റ്റ്സ്‘ എന്ന പേരിലുള്ള ഒരു സര്‍ക്കിള്‍ നിര്‍മ്മിക്കണം. ആസ്പെക്റ്റിലൂടെ ഉപയോക്താവിന്‌ തങ്ങള്‍ പബ്ലിഷ് ചെയ്യുന്ന പോഡ്‌കാസ്റ്റുകളെ നിയന്ത്രിക്കാന്‍ സാധിക്കുന്നു. ഏതൊക്കെ ആസ്പെക്റ്റിനായി തങ്ങളുടെ ഷെയറുകള്‍ പോകണെമെന്ന കാര്യം ഉപയോക്താവിനിപ്പോള്‍ ലാഘവത്തോടെ കൈകാര്യം ചെയ്യാം. ഉദാഹരണത്തിന്‌ കുടുംബപരമായ ഒരു വിവരം സുഹൃത്തുക്കള്‍ക്കിടയില്‍ ചെല്ലെണ്ട എന്നുണ്ടെങ്കില്‍ ഇരുവരേയും രണ്ട് ആസ്പെക്റ്റിലാക്കിയ ശേഷം ‘ഫാമിലി‘ എന്നതിനു മാത്രമായി ഉള്ളടക്കം വെളിപ്പെടുത്തിയാല്‍ മതിയാകും. മാത്രമല്ല യാതൊരു ബാഹ്യ ആപ്ലിക്കേഷന്റേയും സഹായമില്ലാതെ ഡയാസ്പോറയെ ഉപയോക്താവിന്റെ ഫേസ്‌ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകളുമായി ബന്ധിപ്പിക്കാന്‍ കഴിയുന്നു. ഇതിനായി സെറ്റിങ്സിലെ സെർവ്വീസസ് എന്നതിൽ ട്വിറ്ററിന്റേയും ഫേസ്ബുക്കിന്റേയും ഉപയോക്തൃനാമവും രഹസ്യവാക്കും നൽകിയാൽ മതിയാകും. ശേഷം പോസ്റ്റുകളിടുമ്പോള്‍ കാണുന്ന ഫേസ്‌ബുക്ക്, ട്വിറ്റര്‍ ചിഹ്നങ്ങള്‍ ഓണാക്കിയാല്‍ ഉള്ളടക്കം ട്വീറ്റുകളും

സ്റ്റാറ്റസുകളുമായി ട്വിറ്ററിലും ഫേസ്‌ബുക്കിലുമെത്തുന്നു. ട്വിറ്ററിനെപ്പോലെ ഡയാസ്പോറയും ഹാഷ് ടാഗുകള്‍ (ഉദാ: #Lokpal) പിന്തുണയ്ക്കുന്നു. എന്നാല്‍ ട്വിറ്ററില്‍ നിന്നും വ്യത്യസ്തമായി യുണീക്കോഡ് ഹാഷ്‌‌ടാഗുകള്‍ നിര്‍മ്മിക്കാനും, ഉപയോക്താക്കള്‍ക്ക് ഒരു പ്രത്യേക ഹാഷ്‌ടാഗിനെ പിന്തുടരാനും ഡയാസ്പോറയില്‍ വേദിയുണ്ട്. ഇതിനെല്ലാം പുറമേ ടോക്കനുകള്‍ എന്ന പേരിലെ ഡയാസ്പോറ ആപ്ലിക്കേഷനുകൾ നിർമ്മിച്ചുകൊണ്ടിരിക്കുകയാണ്. ക്യുബ്ബീസ് (Cubbi.es) എന്ന ഫോട്ടോ ഷെയറിങ്ങ് ആപ്പ് ആണ് ഈവിധത്തിൽ ആദ്യം പുറത്തെത്തിയത്.

ഫേസ്ബുക്ക് കില്ലർ എന്ന പേരിൽ സോഫ്റ്റ്വെയർ സ്വാതന്ത്ര്യപ്രേമികൾക്കിടയിൽ ചുവടുറപ്പിച്ച് വരുന്നഡയാസ്പോറ ഫേസ്ബുക്കിനു വിനയാകുമോ, ഇതിനെ തടുക്കാൻ ഫേസ്ബുക്ക് എന്തെല്ലാം കുതന്ത്രങ്ങൾ പയറ്റും എന്ന ശേഷം വിശേഷങ്ങൾ അണിയറയിൽ.

2011 നവംബർ 12ന് അകാലത്തിൽ അന്തരിച്ച ഡയാസ്പോറയുടെ നിർമ്മാതാക്കളിൽ ഒരാളായ ഷിതോമിർസ്കിയുടെ ഓർമ്മയ്ക്കു മുൻപിൽ സമർപ്പിക്കുന്നു..

(ഇൻഫോകൈരളി 2011 ഡിസംബർ ലക്കത്തിൽ പ്രസിദ്ധീകരിച്ച ലേഖനം..)

കൊണ്ടു നടന്നതും നീയേ ചാപ്പാ, കൊണ്ടോയ് കൊല്ലിച്ചതും…

"RIP Google Buzz"അങ്ങനെ പാവപ്പെട്ട ബസ്സ് മുതലാളികളെയെല്ലാം സങ്കടത്തിലാക്കി ഗൂഗിൾ ബസ്സിന്റെ (http://.google.com/buzz) ദിനരാത്രങ്ങൾ‌ എണ്ണപ്പെട്ടു കഴിഞ്ഞു. ഗൂഗിളിന്റെ ഉത്പന്നമേഖലയിലെ വൈസ് പ്രസിഡന്റ് ‘ബ്രാഡ്ലി ഹോറോവിച്ച്’ ഗൂഗിൾ ഔദ്യോഗിക ബ്ലോഗിൽ ഒക്ടോബർ 14 എന്ന ദുഃഖവെള്ളിയാഴ്ചയിറക്കിയ കുറിപ്പിലാണ് ഈ വിഷമവൃത്താന്തം പ്രഖ്യാപിച്ചത്. പരസ്യപ്രഭവരേഖയിലുള്ള കോഡെഴുത്തുക്കൾ തിരയുന്നതിനുള്ള ‘ഗൂഗിൾ കോഡ് സേർച്ച്‘, ഗൂഗിളിന്റെ പേഴ്സണലൈസ്ഡ് ഹോംപേജായ ‘ഐ-ഗൂഗിളിന്റെ സോഷ്യൽ ഫീച്ചേഴ്സ്‘, 2007ൽ ഗൂഗിൾ സ്വന്തമാക്കിയ ട്വിറ്റരിന് സമാനമായ സോഷ്യൽ മീഡിയ സൈറ്റായ ‘ജൈക്ക‘, ഗൂഗിൾ സേർച്ചിന്റെ ‘യൂണിവേഴ്സിറ്റ് റിസേർച്ച് പ്രോഗ്രാം‘ എന്നിവയാണ് ബസ്സിനൊപ്പം 2012 ജനുവരി 15ന് കാലയവനികക്കുള്ളിൽ മറയാൻ തയ്യാറെടുക്കുന്നത്. ഗൂഗിൾ ലാബ്സിന്റെ അന്തവും ഉടനെയുണ്ടാകും.

സെപ്റ്റംബർ തുടക്കത്തിൽ ഗൂഗിളമ്മച്ചി പ്രഖ്യാപിച്ച ‘അടിച്ചുവാരി ചാണകവെള്ളം തളിക്കൽ’ പദ്ധതിയുടെ ഏറ്റവും പുതിയ നീക്കമാണിതെന്നാണ് വിലയിരുത്തൽ. ഇതിൻ പ്രകാരം ഉപയോക്താക്കളില്ലാത്ത സേവനങ്ങളിൽ മിക്കവയ്ക്കും കൊലക്കയറൊരുക്കുകയും, മറ്റുള്ളവ ലാഭത്തിലുള്ള സേവനങ്ങളുമായി ലയിപ്പിക്കുകയോ ചെയ്യും. കൂടുതൽ ജനപ്രിയ സേവനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണിതെന്നാണ് ഔദ്യോഗിക വിശദീകരണം. നിലവിൽ ഗൂഗിൾ പ്ലസ്സിരുന്ന ഗാഡ്ജറ്റ് ഇടത്തിൽ ഗൂഗിൾ പ്ലസ്സിലേക്കുള്ള കണ്ണിയാകും മേലിൽ ദൃശ്യമാകുക.

ഗൂഗിൾ ബസ്സും വെബ്‌താളുകളുമായി കണ്ണി വിളക്കാൻഉപയോഗിച്ചിരുന്ന ആപ്ലിക്കേഷൻ പ്രോഗ്രാമിങ്ങ് ഇന്റർഫേസ് (ഏ. പി. ഐ) ഉടൻ തന്നെ അടച്ചു പൂട്ടി മുദ്രവയ്ക്കപ്പെടും. ഉപയോക്താക്കൾക്ക് ഇതിനു ശേഷം പുതിയ പോസ്റ്റുകൾ ഇടാൻ പറ്റില്ലെങ്കിലും ഇതു വരെയിട്ടവ ഗൂഗിൾ പ്രൊഫൈലിൽ ദൃശ്യമാകും.  ഇവ ഗൂഗിൾ ടേക്ഓഫ് മുഖാന്തരം ഉടനടി ഇറക്കുമതി ചെയ്ത് ചില്ലിട്ടു വച്ചോളാനും അഭയവരമുദ്രനീട്ടി ഗൂഗിൾ ഉപദേശിച്ചിട്ടുണ്ട്.


ചിറകു മുളച്ച ചിന്തകൾക്ക് സാമൂഹ്യക്കൂട്ടായ്മാ പരിവേഷം നൽകിക്കൊണ്ടാണ് 2010   ഫെബ്രുവരിയിൽ ജീമെയിലിലൂടെ ബസ്സ് അവതരിപ്പിക്കപ്പെട്ടത്. വെറുമൊരു ഈമെയിൽ സങ്കല്പത്തിൽ നിന്നും ജീമെയിലിന് പുതിയോരനുഭവം  നൽകാനുള്ള ഗൂഗിളിന്റെ പരീക്ഷണഫലമായിരുന്നു ഇത്.  ജീമെയിലിനുള്ളിൽ തന്നെ രൂപം കൊണ്ടിരിക്കുന്ന സൗഹൃദക്കൂട്ടായ്മയെ പുറത്ത് കൊണ്ടു വന്നു വിപുലീകരിക്കുകയാണ് ബസ്സ് ചെയ്തത്. ഉപയോക്താവിന്റെ മറ്റ് മണ്ഡലങ്ങളിലുള്ള സൈറ്റുകൾ(ബ്ലോഗർ, ട്വിറ്റർ, പിക്കാസ, ഫ്ലിക്കർ, ഗൂഗിൾ റീഡർ) എന്നിവ ബസ്സുമായി ബന്ധിപ്പിച്ച് വിവരങ്ങൾ ഇമ്പോർട്ട് ചെയ്യാനും അവസരമൊരുക്കിയിരുന്നു. (ൻഹാ ചത്ത കുഞ്ഞിന്റെ ജാതകം നോക്കിയിട്ട് എന്ത് പ്രയോജനം!!) എന്നാൽ തുടക്കത്തിൽ സ്വകാര്യത ലംഘിക്കുന്നുവെന്ന പേരിൽ ബസ്സ് പഴി കുറേ വാരിക്കൂട്ടി.

സോഷ്യൽ നെറ്റ്‌വർക്കിങ്ങിൽ രാശിയില്ലാത്ത ഗൂഗിളിന്റെ (ഓർക്കുട്ട്, വേവ്, ജൈക്കു എന്നിവ ബസ്സിനു മുൻപും, പ്ലസ്സ് ശേഷവും) ഈ പരീക്ഷണം ലോകത്തെല്ലായിടത്തും പരാജയപ്പെട്ടപ്പോഴും മലയാളികൾക്കിടയിൽ കൈയ്യടി നേടി. ബസ്സ് നന്നായി മലയാളം പറഞ്ഞു.. അല്ല സ്വരസ്ഥാനമൊക്കെയുറപ്പിച്ച് നന്നായി പാടിത്തന്നെ നടന്നു. മല്ലൂസിനിടയിൽ ബസ്സിന്റെ ദ്യോതകശേഷി അത്രയധികമായിരുന്നു. ഓർക്കൂട്ടിൽ നിന്നും രക്ഷപെട്ട ഉപയോക്താക്കൾ തമ്പടിച്ചത് നേരെ ബസ്സിലേയ്ക്കായിരുന്നു. ബ്ലോഗിൽ ആസ്വാദകരുടെ പ്രതികരണത്തിനായി കാത്തിരിക്കാൻ ക്ഷമയില്ലെന്നും പറഞ്ഞ് പല കേൾവി കേട്ട പല ബ്ലോഗറുമാരും സ്വന്തമായി ബസ്സ് വാങ്ങി. ബസ്സ് പലരേയും പ്രസിദ്ധരാക്കി. പലർക്കും മേൽവിലാസം നൽകി.  ഒരു കൊല്ലത്തിലധികം ഇത് ഒരു പാണനാരെപ്പോലെ മലയാളിയുടെ മനസ്സ് പാടി നടന്നു. ഇണക്കവും പിണക്കവും സംശയങ്ങളും ഉത്തരങ്ങളും വിഷമവും ആഘോഷവുമെല്ലാം ബസ്സിലൂടെ ഒഴുകി. കേരളത്തിലെ കൊതുക് ശല്യം മുതൽ ബുഷിന്റെ പൊടിമീശ വരെ ഇതിൽ വിഷയമായി. ഓരോരോ സംഭവവികാസങ്ങളും ബസ്സിൽ പടക്കം പൊട്ടിച്ചാഘോഷിക്കപ്പെട്ടു. തിരഞ്ഞെടുപ്പിന് ബസ്സിനെ ശക്തമായ ഒരു പ്രചാരണ മാധ്യമമാക്കിയ വിദ്വാന്മാർ പോലുമുണ്ട്. ശരാശരി മലയാളി ദിനംപ്രതി അഭിമുഖീകരിക്കുന്ന പ്രശ്നനിവാരണവും സംശയദൂരീകരണവും ബസ്സിലൂടെ നടന്നു. ചുരുക്കത്തിൽ ബസ്സ് ഒരു ഓൺലൈൻമലയാളി  ബസ്സുടമയുടെ ജീവനാഡിയായി മാറി.

തിളങ്ങി നിന്ന ബസ്സിന്റെ കടയ്ക്കലേക്ക് ആദ്യ കത്തിവച്ചത് പെറ്റമ്മ തന്നെയാണ്. അതും പേരിലും മട്ടിലും സാമ്യമുള്ള ‘പ്ലസ്സെന്ന(https://plus.google.com/) ഇരട്ട സഹോദരന്റെ പേരിൽ.  പുതിയ എന്തോ ജീവിയെ കണ്ടമട്ടിൽ ഉടുതുണി പോലും മാറാതെ ആളുകൾ പ്ലസ്സിലേക്കോടി. (ജൂണിൽ തുടക്കമിട്ട ഈ നവജാതശിശു 40 ദശലക്ഷം ഉപയോക്താക്കളിലേക്കിറങ്ങി ചെന്നെന്ന് വ്യാഴാഴ്ച ഗൂഗിളിന്റെ എക്സിക്കൂട്ടീവ് ഓഫീസർ ‘ലാറി പേജ്’ വ്യക്തമാക്കിയിരുന്നു.)


ഗൂഗിൾ പ്ലസ്സിൽ മലയാളികളുടെ ഇടി ആദ്യ രണ്ടാഴ്ച കൊണ്ട് നിന്നു. ഇപ്പോൾ ഫേസ്‌ബുക്കിനെപ്പോലെ അനാവശ്യ പോഡുകളുമായി മൂപ്പർ ‘എനിച്ച് മലയാലം കൊരച്ച് കൊരച്ച് അരിയാം‘ എന്ന് ഇരമ്പിക്കൊണ്ട് ഇഴഞ്ഞു നീങ്ങുകയാണ്. (ഇംഗ്ലീഷിൽ മൂപ്പർ പുലിയാണെന്നാണ് കേൾക്കുന്നത്!! ആവോ.. ആർക്കറിയാം ..?) അങ്ങനെ പ്ലസ്സിന്റെ പ്രഭാവലയത്തിൽ കണ്ണുമ്മിഴിച്ച് നിന്ന ബസ്സ് ഒരു വിധം സ്ഥലകാലബോധം വീണ്ടെടുത്ത് ഓടിത്തുടങ്ങിയപ്പോഴാണ് പെറ്റമ്മയുടെ വക ഈ ‘കാലപാശം’. പെറ്റമ്മ തന്നെ മക്കളെ വേർതിരിച്ച് കാണുന്നു. പിന്നാണോ നമ്മളീ കാഴ്ചക്കാർ..