ഗൂഗിളേ.. ഇങ്ങളേ ഞമ്മള് നമിച്ചിരിക്ക്‌ണ്..

ഇന്റർനെറ്റ് സേർച്ച് എന്നതിന്റെ പര്യായമാണ് ഗൂഗിൾ. സേർച്ച് എഞ്ചിൻ ലോകത്ത് രാജാവും രാജ്ഞിയും രാജകുമാരനും സേവകനും അങ്കക്കാരനും തോഴിയുമെല്ലാം ഗൂഗിളാണ്. നെറ്റിൽ തിരയൂ എന്നതിനു പകരം ഗൂഗിൾ ചെയ്യൂ എന്ന് ജനം പറഞ്ഞുതുടങ്ങിയിട്ട് നാളു കുറേയായി. സ്വയം കുത്തകയായി മാറുന്നുവെന്ന അപവാദത്തെത്തുടർന്ന് വലിയൊരു തുക നൽകി യാഹുവിനെ സഹായിച്ച് ഈ രംഗത്ത് ഒരു മത്സരം നിലനിർത്തേണ്ട അവസ്ഥപോലും ഗൂഗിളിനുണ്ടായി. (ഭാഗ്യമോ അതോ ഗതികേടോ?) വെബ്ബിൽ ഏറ്റവുമധികം സന്ദർശകരുള്ള ഗൂഗിളിന്റെ പൂമുഖത്തെപ്പറ്റി വിവരിക്കേണ്ട ആവശ്യമില്ലല്ലോ. അധികം കോലാഹലങ്ങളൊന്നുമില്ലാത്ത ഇവിടെ ഗൂഗിളിന്റെ ഒരു ലോഗോയും ചില്ലറ അവശ്യ കണ്ണികളും മാത്രം. 2009 അവസാനം നടന്ന ഒരു സർവ്വേയിൽ ലോകത്തിലേറ്റവും കമ്പനികൾ പരസ്യമിടാനായി കൊതിക്കുന്നിടം ഗൂഗിളിന്റെ ഹോംപേജാണെന്നു വെളിവായി. അമേരിക്കൻ പ്രസിഡന്റ് സാക്ഷാൽ ഒബാമ മാമന്റെ നെറ്റിത്തടം പോലും ഈ പട്ടികയിൽ രണ്ടാമതായിപ്പോയി എന്നറിയുമ്പോഴാണ് ഗൂഗിളമ്മച്ചിയുടെ മേന്മയോർത്ത് അത്ഭുതപ്പെടുന്നത്.

ചില വിശേഷ ദിവസങ്ങൾ ആഘോഷിക്കാനായി ഗൂഗിളിന്റെ ലോഗായിൽ (ഗൂഗിൾ ഡൂഡിലുകൾ എന്നറിയപ്പെടുന്നു) ചില്ലറവ്യതിയാനം വരുത്താറുള്ളത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടാകുമല്ലോ? പുതുമയുള്ള ഡൂഡിലുകൾക്കായി ഗൂഗിൾ ഡൂഡിൽ മത്സരങ്ങൾ (ഡൂഡിൽ ഫോർ ഗൂഗിൾ – doodle 4 google) ലോകത്തിന്റെ പലഭാഗത്തും നടത്താറുണ്ട്. ഇങ്ങനെ നടന്ന മത്സരത്തിൽ ജയിക്കുന്ന ഡൂഡിലായിരിക്കും ഗൂഗിൾ പൂമുഖത്ത് പ്രദർശിപ്പിക്കുക. 2010ലും 2011ലും ശിശുദിനാഘോഷത്തെത്തുടർന്ന് ഇന്ത്യയിൽ ഇതേപോലുള്ള മത്സരങ്ങൾ നടത്തുകയുണ്ടായി. ഇതേപോലെതന്നെ വർഷാവർഷം ഗൂഗിൾ ഹോക്സസ് എന്ന പേരിൽ ഒരു പിത്തലാട്ടം നടത്തിൽ ഈസ്റ്റർ മുട്ടകളും പൊട്ടിച്ച് നാട്ടുകാരെയാകമാനം പറ്റിക്കുന്ന പരിപാടിയും ഗൂഗിളിനുണ്ട്.

ഇങ്ങനെ അനന്തമജ്ഞാനം അവർണ്ണനീയം അചിന്ത്യം അനുപമംഎന്നുമാത്രം വിശേഷിപ്പിക്കാൻ കഴിയുന്ന ഗൂഗിളമ്മച്ചിയുടെ വിശേഷങ്ങൾ പറഞ്ഞാലും പറഞ്ഞാലും തീരില്ല. എങ്കിലും പലരുടേയും ശ്രദ്ധയിൽ പെട്ടിട്ടില്ലാത്ത ഗൂഗിളിന്റെ പൂമുഖത്ത് കളിക്കാവുന്ന ചില്ലറ രസകരമായ കബടിനിയമങ്ങളാണ് ഇനി പറയുന്നത്.

ശ്രദ്ധയ്ക്ക് :

 • ഓരോന്നോരോന്നായി ചെയ്ത് നോക്കുക.
 • ഗൂഗിളിന്റെ ഹോം പേജുവഴിമാത്രമേ ഇത് ചെയ്ത് നോക്കാവുള്ളു. ബ്രൗസറിന്റെ സേർച്ച് ടാബോ, മറ്റ് സൈറ്റുകളിൽ നിന്നുള്ള സേർച്ച് ബോക്സ് വഴിയോ ചെയ്യുമ്പോൾ ഉദ്ദേശിച്ച ഫലം ലഭിക്കണമെന്നില്ല.
 • കഴിവതും അക്കൗണ്ട് ലോഗൗട്ട് ചെയ്യുന്നതാണ് നല്ലത്. (ചിലർക്ക് ഗൂഗിൾ ഇൻസ്റ്റന്റ് സേർച്ച് സെറ്റിങ്ങ്സിൽ മാറ്റം വരുത്തിയെങ്കിൽ മാത്രമേ I’m Feeling Lucky’ എന്ന ബട്ടൺ ലഭ്യമാകൂ എന്നതിനാൽ)
 • സേർച്ച് ചെയ്യുമ്പോൾ അപ്പോസ്ടഫി നൽകേണ്ട ആവശ്യമില്ല.

അപ്പോൾ തുടങ്ങാം

 1. മഞ്ഞുകാലം ഇഷ്ടമാണോ? .ഗൂഗിൾ പൂമുഖത്തിലെത്തിയ ശേഷം Let it snowഎന്ന് സേർച്ച് ചെയ്യുക
 2. ഗൂഗിളിനു വേണ്ടി നമ്മൾ തന്നെ തിരഞ്ഞുകൊടുത്താലോ? കടുവയെ പിടിക്കുന്ന കിടുവയോ? “let me Google that for youടൈപ്പ് ചെയ്ത ശേഷം ‘I’m Feeling Luckyഎന്ന ബട്ടണമർത്തുക
 3. Do a barrel rollഅല്ലെങ്കിൽ z or r twiceഎന്ന് തിരയുക
 4. ലോകത്തിലേറ്റവും സൗമ്യനായ വ്യക്തി ആരെന്നറിയേണ്ടേ? “who is the cutest person in the worldഎന്ന് ടൈപ്പ് ചെയ്ത ശേഷം ‘I’m Feeling Lucky’ എന്ന ബട്ടണമർത്തുക
 5. എണ്ണൽ സംഖ്യകളിൽ ഒറ്റക്കിരുന്ന് വിഷമിക്കുന്നതാരാണെന്നറിയേണ്ടേ? “what is the loneliest Numberഎന്ന ചോദ്യം ഗൂഗിളിനോട് ചോദിച്ചു നോക്കൂ
 6. സേർച്ച് ബോക്സിൽ Google gravityഎന്ന് ടൈപ്പ് ചെയ്ത ശേഷം ‘I’m Feeling Lucky’ എന്ന ബട്ടണമർത്തുക
 7. നമ്മെയെല്ലാവരേയും ഒരൊറ്റ ഗോളത്തിലാക്കി ഒതുക്കാൻ ഗൂഗിൾ എന്തമാത്രം പാടുപെടുന്നെന്നറിയേണ്ടേ? “Google sphereഎന്ന് ടൈപ്പ് ചെയ്ത ശേഷം ‘I’m Feeling Lucky’ എന്ന ബട്ടണമർത്തുക
 8. ooglegay igpay at in layഎന്ന് ഗൂഗിളിനോട് ചോദിക്കൂ ഗൂഗിൾ ലാറ്റിൻ പറയുന്നത് കാണാം.
 9. പുതുമഴ വരുന്നുണ്ടല്ലേ ഗൂഗിളിൽ മഴവില്ല് തെളിഞ്ഞേക്കും Google rainbowഎന്ന് ടൈപ്പ് ചെയ്ത ശേഷം ‘I’m Feeling Lucky
 10. Anagramഎന്ന് തിരഞ്ഞശേഷം “Did you mean” സെക്ഷൻ കാണുക.
 11. ഒരു എത്തിക്കൽ ഹാക്കറാകാനുള്ള ആഗ്രഹം മനസ്സിന്റെ അടിത്തട്ടിലെവിടെയോ ഉണ്ട്. അല്ലേ? സാരമില്ല Google hackerഎന്ന് നൽകിയ ശേഷം ‘I’m Feeling Lucky’ അമർത്തുക.
 12. ഒരു യാത്രയായാലോ? “Google Locoഎന്ന് നൽകിയ ശേഷം ‘I’m Feeling Luckyഅമർത്തുക.
 13. ജീവിതം എന്ന ചോദ്യത്തിനിതുവരെ ഒരുത്തരം കിട്ടിയില്ലേ? ഗൂഗിൾ തരുമായിരിക്കും, എന്തായാലും answer to life the universe and everythingഎന്ന് ഗൂഗിളമ്മച്ചിയോട് ചോദിക്കൂ.
 14. എന്തിരനു ശേഷം രജനികാന്തിനെ കണ്ടവരുണ്ടോ? അദ്ദേഹമെവിടെപ്പോയി? നമുക്ക് ഗൂഗിളിനോട് തന്നെ ചോദിച്ചുനോക്കാം. “Find Rajnikanthഎന്ന് സേർച്ച് ബോക്സിൽ നൽകിയശേഷം ‘I’m Feeling Lucky’ ബട്ടണിലമർത്തുക.
 15. ലോകത്തിലാദ്യത്തെ കമ്പ്യൂട്ടർ ഗയിമായ പാക്മാൻ കളിക്കണമെന്നുണ്ടോ. “Google Pacmanഎന്ന് നൽകിയശേഷം “I’m Feeling Lucky button” അമർത്തുക. ഇപ്പോൾ കാണാം രസം.
 16. hanukkahഎന്ന് തിരഞ്ഞുനോക്കൂ
 17. ഗിത്താർ വായിക്കാനറിയുമോ? ഇല്ലെങ്കിൽ നമുക്കൊരുമിച്ച് പഠിക്കാം. “Google Guitarഎന്ന് നൽകിയശേഷം ‘I’m Feeling Lucky’ അമർത്തുക. വിഖ്യാത ഗിത്താറിസ്റ്റായ ലെസ് പോളിന്റെ പിറന്നാളനുബധിച്ച് ഗൂഗിൾ തയ്യാറാക്കിയ ഡൂഡിലിൽ നമുക്കൊരുമിച്ച് ഗിത്താർ വായിക്കാം.
 18. chiristmasഅല്ലെങ്കിൽ christmas lightsഅല്ലെങ്കിൽ santaclausഎന്ന് തിരയുക
 19. അല്ലെങ്കിലും ഈ ഗൂഗിൾ പണ്ടേ തമാശക്കാരനാ.. ചിരിച്ച് ചിരിച്ച് ചാവും. “Funny Googleഎന്ന് ടൈപ്പ് ചെയ്തതിനു ശേഷം ‘I’m Feeling Lucky’ അമർത്തി നോക്കൂ.
 20. ഗ്രീക്ക് പുരാണത്തിലെ ഒറ്റക്കൊമ്പൻ കുതിരയായ യുണീക്കോണിന് എത്ര കൊമ്പുണ്ടെന്ന് ഇനിയും സംശയമുണ്ടോ? ഗൂഗിളിനോട് ചോദിക്കൂ. “number of horns on a unicornഎന്ന്.
 21. കള്ളന്മാരെ പേടിയുണ്ടോ? ഉണ്ടെങ്കിലും ഇല്ലെങ്കിലും Google Pirateഎന്ന് നൽകിയ ശേഷം I’m Feeling Luckyചെയ്യുക.
 22. ലോകത്ത് അപൂർവ്വമായി നടക്കുന്ന എന്തെല്ലാം കാര്യങ്ങളുണ്ട്. “once in a blue moonഎന്ന് തിരഞ്ഞ് നോക്കൂ..
 23. weenie Googleഎന്ന് നൽകിയ ശേഷം I’m Feeling Lucky’ അമർത്തുക.
 24. തടക്കം മുതലേ ഞാൻ പറയുകയാണല്ലോ ഗൂഗിൾ ഒരു ഇതിഹാസമാണെന്ന്!. സംശയമുണ്ടോ? ഉണ്ടെങ്കിൽ epic Googleഎന്ന് നൽകിയ ശേഷം I’m Feeling Lucky’ അമർത്തി നോക്കൂ.
 25. യുണീക്കോഡ് വരുന്നതിന് മുൻപുണ്ടായിരുന്ന ആസ്കി അക്ഷരശൈലിയെപ്പറ്റി കേട്ടിട്ടുണ്ടോ? “Ascii artഎന്ന് തിരഞ്ഞുനോക്കൂ.
 26. Recursionഎന്ന് തിരഞ്ഞശേഷം Did you meanസെക്ഷൻ കാണുക.
 27. Gothic Googleഎന്ന് നൽകിയ ശേഷം I’m Feeling Luckyഅമർത്തുക.
 28. അല്ലെങ്കിലും ഈ ഗൂഗിൾ പണ്ടേ തലതിരിഞ്ഞതാ.. തല തല എന്ന് പറയുമ്പോൾ വാല് വാലെന്ന് തിരയും. എന്താണ് കാരണമെന്ന് ഗൂഗിൾ തന്നെ പറയുംGoogle reverseഎന്നോ elgoogഎന്നോ തിരഞ്ഞുനോക്കൂ.
 29. google future” എന്ന് ഗൂഗിളിനോട് ചോദിച്ച് നോക്കൂ..
 30. google gangster” എന്ന് ഗൂഗിളിനോട് ചോദിച്ച് നോക്കൂ..
 31. ഒന്ന് മുങ്ങിക്കുളിച്ചാലോ അതിനു കുളം വേണ്ടേ സാരമില്ല നമുക്കുതന്നെ കുളം കുഴിക്കാം (അല്ലെങ്കിൽ കുളമാക്കാം) “Google pondഎന്ന് നൽകിയ ശേഷം I’m Feeling Luckyഅമർത്തി നോക്കൂ.
 32. ഗൂഗിൾ ലോഗോയുടെ പ്രത്യേകതകൾ അറിയുമോ? “goglogoഎന്നതിനു ശേഷം I’m Feeling Luckyഅമർത്തി നോക്കൂ.
 33. ewmewfudd” എന്ന് നൽകിയ ശേഷം ‘I’m Feeling Lucky‘ അമർത്തുക.
 34. ജീവിതം തന്നെ തലതിരിഞ്ഞാലോ? “tiltഎന്ന് ഗൂഗിളിനോട് ചോദിച്ച് നോക്കൂ..
 35. Askewഎന്ന് ഗൂഗിളിനോട് ചോദിച്ചാലോ???
 36. ഗൂഗിളിനേക്കാൾ വലിയ ദൈവമോ? അതൊന്ന് കണ്ടറിയണമല്ലോ? “Google is godഎന്നതിനു ശേഷം I’m Feeling Luckyഅമർത്തി നോക്കൂ.
 37. kwanzaaഎന്ന് തിരയുക
 38. a bakers dozenഎന്ന് ഗൂഗിളിനോട് ചോദിച്ചാലോ???
 39. find chuk norris ” എന്ന് ടൈപ്പ് ചെയ്ത ശേഷം ‘I’m Feeling Lucky’ എന്ന ബട്ടണമർത്തുക
 40. “google blue’ അല്ലെങ്കിൽ “google green” അല്ലെങ്കിൽ “google red” എന്ന് ടൈപ്പ് ചെയ്ത ശേഷം ‘I’m Feeling Lucky’ എന്ന ബട്ടണമർത്തുക (ബാക്കി നിറങ്ങളും പരീക്ഷിച്ചു നോക്കൂ)
 41. ഗൂഗിൾ ആള് തനി തങ്കമാ.. “google is gold” എന്നതിനു ശേഷം ‘I’m Feeling Lucky‘ അമർത്തി നോക്കൂ.
 42. xx-kling on” എന്ന് ഗൂഗിളിനോട് ചോദിച്ച് നോക്കൂ..
 43. google pig latin” എന്ന് നൽകിയ ശേഷം ‘I’m Feeling Lucky‘ അമർത്തുക.
 44.  ലോകം മുഴുവൻ ഒരുമിച്ച് വസിക്കുന്ന ഒരു ദിവസത്തെക്കുറിച്ച് ആലോചിച്ച് നോക്കൂ “the gloobal village” എന്ന് ഗൂഗിളിനോട് ചോദിച്ച് നോക്കൂ..
 45. “google 133t” എന്ന് നൽകിയ ശേഷം ‘I’m Feeling Lucky‘ അമർത്തുക.
 46. google bork” എന്ന് തിരഞ്ഞ് നോക്കൂ..
 47. phychic google” എന്ന് ഗൂഗിളിനോട് ചോദിച്ച് നോക്കൂ..
 48.  ഗൂഗിളിന്റെ ഇരുണ്ട മുഖത്തെപ്പറ്റി അറിയേണ്ടേ?”te dark side” എന്ന് നൽകിയ ശേഷം ‘I’m Feeling Lucky‘ അമർത്തുക.
 49. the trends” എന്ന് ഗൂഗിളിനോട് ചോദിച്ച് നോക്കൂ..
 50. ശുഭലക്ഷണങ്ങൾ കാണുന്നുണ്ടോ? “beautiful signs” എന്ന് തിരഞ്ഞാലോ??
 51. ഗൂഗിൾ എന്താ കുഞ്ഞ് കളിക്കാനുള്ളതാണോ? “googles by kids” എന്ന് തിരയൂ
 52. ബാക്കിയുള്ളവർ എന്താ തിരയുന്നതെന്നറിയേണ്ടേ? “googles by others” എന്ന് ചോദിക്കൂ
 53. ഗൂഗിളും പക്ഷികളും തമ്മിലുള്ള ബന്ധമറിയേണ്ടേ? “all the birds try to avoid google” എന്ന് നൽകിയ ശേഷം ‘I’m Feeling Lucky‘ അമർത്തുക.
 54. the non googlesഎന്ന് ടൈപ്പ് ചെയ്ത ശേഷം ‘I’m Feeling Lucky’ എന്ന ബട്ടണമർത്തുക
 55.  ഗൂഗിളിനുള്ളിൽ ഒന്നാന്തരം ഒരു കലാകാരനുണ്ട് !! കാണണോ? “google painter” എന്ന് തിരയൂ
 56. google gangster” എന്ന് ഗൂഗിളിനോട് ചോദിച്ച് നോക്കൂ..

വെബ്ബിനെ വികേന്ദ്രീകരിക്കാൻ ഡയാസ്പോറ

(ഇൻഫോകൈരളി മാസികയ്ക്കായി എഴുതിയ ലേഖനം)

അടിപിടി കൂടുന്ന രണ്ട് സിംഹങ്ങള്‍ക്കിടയില്‍ വച്ച് അവയുടെ ചോര കുടിച്ച് രസിക്കുന്ന കള്ളക്കുറുക്കന്റെ കഥ കുട്ടിക്കാലങ്ങളില്‍ കേട്ട് പരിചയമുണ്ടാകും. എന്നാലിവിടെ പറയാന്‍ പോകുന്നത് രണ്ട് സ്വന്തം നിലനില്പിനായി പൊരുതുന്ന രണ്ട് സിംഹങ്ങള്‍ക്കിടയില്‍ പെട്ട ലാഭേച്ഛയില്ലാത്ത ഒരു പാവം കുറുക്കനെക്കുറിച്ചാണ്‌. കുറുക്കന്റെ പേരാണ്‌ ഡയസ്പോറ.

ഫേസ്ബുക്കടക്കം മിക്ക സാമൂഹ്യക്കൂട്ടായ്മാ വെബ്സൈറ്റുകളും കേന്ദ്രീകൃതസേവനമാണ്‌ നല്‍കുന്നത്. അതായത് അവര്‍ തങ്ങളുടെ അധികാരതയിലുള്ള സെര്‍‌വ്വറുകളുടെയടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നു. നാളെയൊരു ദിവസം പൊടുന്നതേ തങ്ങളുടെ സെര്‍‌വ്വറില്‍ സൂക്ഷിച്ചിരിക്കുന്ന സ്വകാര്യവിവരങ്ങള്‍ ഡിലീറ്റ് ചെയ്യണമെന്നോ, പണത്തിനായി മറ്റുള്ളവര്‍ക്ക് നല്‍കണമെന്നോ മറ്റോ തീരുമാനിച്ചാല്‍ ഉപയോക്താക്കള്‍ക്ക് മുറവിളി കൂട്ടാന്‍ മാത്രമേ സാധിക്കുകയുള്ളൂ. ഫേസ്ബുക്കിനെ സംബന്ധിച്ചിടത്തോളം ഉപയോക്താവിനെ പറ്റിയുള്ള ഉള്ളടക്കങ്ങളും അവയുടെ താത്പര്യങ്ങളും കോര്‍പ്പറേറ്റുകള്‍ക്ക് വിറ്റു കാശുണ്ടാക്കുന്നുവെന്ന ആക്ഷേപം പണ്ടേയുണ്ട്. ഇതിനെല്ലാമുള്ള ശക്തമായ ഒരു മറുപടിയാണ്‌ ഡയസ്പോറ.

ന്യൂയോര്‍ക്ക് സര്‍‌വ്വകലാശാലയുടെ കൗറന്റ് ഇന്‍സ്റ്റിറ്റൂട്ടിലെ നാല്‌ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികളുടെ തലയിലുദിച്ചതാണ്‌ ഈ ഭ്രാന്തന്‍ ചിന്ത. ന്യൂയോര്‍ക്ക് ഇന്റര്‍നെറ്റ് സോസൈറ്റിയില്‍ നിലവിലെ കേന്ദ്രീകൃത

സാമൂഹ്യകൂട്ടായ്മയില്‍ നിന്നും ‘ക്ലൗഡ് വഴി സ്വാതന്ത്രം‘ എന്ന വിഷയത്തില്‍ കൊളമ്പിയന്‍ നിയമവിദ്യാലയത്തിലെ പ്രഫസറായ ഈബന്‍ മോഗ്ലന്‍ നടത്തിയ പ്രഭാഷണമാണ്‌ ഡാന്‍ ഗ്രിപ്പി, മാക്സ്‌വെല്‍ സാല്‍‌സ്ബെര്‍ഗ്, റാഫേല്‍ സോഫര്‍, ഷിതോമിര്‍സ്കി എന്നിവരെ ഡയാസ്പോറയിലെത്തിച്ചത്. കിക്സ്റ്റാര്‍ട്ടറിലൂടെ ഇവര്‍ പ്രോജക്ടിനു വേണ്ട പണം സ്വരൂപിച്ചു. തുടര്‍ന്ന് 2010 സെപ്റ്റം‌ബറില്‍ ഡവലപ്പേഴ്സ് പ്രിവ്യൂവും നവം‌ബറില്‍ ആല്‍ഫാ പതിപ്പും പുറത്തിറങ്ങി. ഗൂഗില്‍ കൊട്ടിഘോഷിച്ച് പുറത്തിറക്കിയ ഗൂഗിള്‍ പ്ലസ് ഡയാസ്പോറയുടെ ആശയം അതേപടി പകര്‍ത്തിയതാണെന്ന സം‌വാദം ഡയാസ്പോറയ്ക്ക് വളരെയധികം ജനപ്രീതി നേടി നല്‍കിയിരുന്നു.

ഫേസ്‌ബുക്കിനെ തോല്‍‌പിക്കാന്‍ അതിലും മികച്ചത് എന്ന അവകാശവാദവുമായി ഗൂഗിള്‍ പ്ലസ് എത്തിയിരിക്കുന്നു. ട്വിറ്ററും മറ്റുമായി ഒട്ടനവധി സാമൂഹ്യക്കൂട്ടായ്മാ വെബ്‌സൈറ്റുകള്‍ രംഗത്തുണ്ട്. ഇവയ്ക്കൊന്നുമില്ലാത്ത എന്താണ്‌ ഡയാസ്പോറയില്‍ കാണുന്നത് എന്നാവും ഇപ്പോഴത്തെ ചിന്ത. ഡയസ്പോറ വെബിന്റെ വികേന്ദ്രീകരണത്തെ പിന്തുണയ്ക്കുന്നു. സാധാ വെബ്സൈറ്റുകളില്‍ നിന്നും വ്യത്യസ്തമായി ഡയസ്പോറ, വിവിധ വിലാസങ്ങളില്‍ വിവിധ വ്യക്തികള്‍ നയിക്കുന്ന സെര്‍‌വ്വറുകളുടെ (പോഡുകള്‍ എന്നറിയപ്പെടുന്നു) സഞ്ചയമാണ്‌. എന്നാലിവയെല്ലാം ഒരേ സോഫ്റ്റ്‌വെയറിനാല്‍ നിയന്ത്രിക്കപ്പെട്ടിരിക്കുന്നു.. റൂബി ഭാഷയിലെഴുതിയിരിക്കുന്ന ഈ സോഫ്റ്റ്‌വെയര്‍ അഫേറോ ഗ്നൂ സാര്‍‌വ്വജനിക അനുമതിപത്രത്താലാണ്‌(AGPL) വിതരണം ചെയ്തിരിക്കുന്നത്. അതിനാല്‍ ആര്‍ക്കും ഡൗണ്‍ലോഡ് ചെയ്ത് സ്വന്തമായി സെര്‍‌വ്വറില്‍ ഹോസ്റ്റ് ചെയ്ത് ഒരു പോഡ് നിര്‍മ്മിക്കാവുന്നതാണ്‌. ഇതിലെ ഉള്ളടക്കമെല്ലാം 128 ബിറ്റിനു മുകളിലുള്ള തീവ്ര എന്‍‌ക്രിപ്ഷനായതിനാല്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ക്ക് അതീവ സുരക്ഷ ഉറപ്പാക്കുന്നു. മാത്രമല്ല അവശ്യമെങ്കില്‍ ഉപയോക്താക്കള്‍ക്ക് വേണ്ട കൂട്ടിച്ചേര്‍ക്കലുകളും നടത്താവുന്നതുമാണ്‌. ഇവയിലേത് പോഡും നിങ്ങള്‍ക്ക് ഹോം പോഡായി തിരഞ്ഞെടുക്കാവുന്നതാണ്‌. ഇവയെല്ലാം പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നതിനാല്‍ ഏത് പോഡ് തിരഞ്ഞെടുത്ത നിങ്ങളുടെ സുഹൃത്തുക്കളുമായും നിങ്ങള്‍ക്ക് സ്വതന്ത്രമായി സം‌വദിക്കാം. ഡയാസ്പോറ നിര്‍മ്മാതാക്കള്‍ നയിക്കുന്ന http://joindiaspora.com, ഡയാസ്പോര്‍ഗ് (http://diasp.org) എന്നിവയാണ്‌ നിലവില്‍ ഏറ്റവും പ്രസിദ്ധിയാര്‍ജ്ജിച്ചിരിക്കുന്ന പോഡുകള്‍. എല്ലാ പോഡുകളും http://podupti.me/ എന്ന വിലാസത്തില്‍ ലഭ്യമാണ്‌

ഏതെങ്കിലും ഒരു പോഡില്‍ ‘സീഡ്’ എന്ന പേരിലുള്ള ഒരു അംഗത്വം നേടുകയാണ്‌ ഉപയോക്താവ് ആദ്യം ചെയ്യേണ്ടത്. ഇതുമൂലം ഉപയോക്താവിന്‌ ഒരു ഡയാസ്പോറ വിലാസം (ഉദാ:Akhilan@diasp.org) ലഭിക്കുന്നു. ശേഷം അദ്ദേഹം അവശ്യമായ സുഹൃത്തുക്കളെ ചേര്‍ത്ത് ‘ആസ്പെക്റ്റ്സ്‘ എന്ന പേരിലുള്ള ഒരു സര്‍ക്കിള്‍ നിര്‍മ്മിക്കണം. ആസ്പെക്റ്റിലൂടെ ഉപയോക്താവിന്‌ തങ്ങള്‍ പബ്ലിഷ് ചെയ്യുന്ന പോഡ്‌കാസ്റ്റുകളെ നിയന്ത്രിക്കാന്‍ സാധിക്കുന്നു. ഏതൊക്കെ ആസ്പെക്റ്റിനായി തങ്ങളുടെ ഷെയറുകള്‍ പോകണെമെന്ന കാര്യം ഉപയോക്താവിനിപ്പോള്‍ ലാഘവത്തോടെ കൈകാര്യം ചെയ്യാം. ഉദാഹരണത്തിന്‌ കുടുംബപരമായ ഒരു വിവരം സുഹൃത്തുക്കള്‍ക്കിടയില്‍ ചെല്ലെണ്ട എന്നുണ്ടെങ്കില്‍ ഇരുവരേയും രണ്ട് ആസ്പെക്റ്റിലാക്കിയ ശേഷം ‘ഫാമിലി‘ എന്നതിനു മാത്രമായി ഉള്ളടക്കം വെളിപ്പെടുത്തിയാല്‍ മതിയാകും. മാത്രമല്ല യാതൊരു ബാഹ്യ ആപ്ലിക്കേഷന്റേയും സഹായമില്ലാതെ ഡയാസ്പോറയെ ഉപയോക്താവിന്റെ ഫേസ്‌ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകളുമായി ബന്ധിപ്പിക്കാന്‍ കഴിയുന്നു. ഇതിനായി സെറ്റിങ്സിലെ സെർവ്വീസസ് എന്നതിൽ ട്വിറ്ററിന്റേയും ഫേസ്ബുക്കിന്റേയും ഉപയോക്തൃനാമവും രഹസ്യവാക്കും നൽകിയാൽ മതിയാകും. ശേഷം പോസ്റ്റുകളിടുമ്പോള്‍ കാണുന്ന ഫേസ്‌ബുക്ക്, ട്വിറ്റര്‍ ചിഹ്നങ്ങള്‍ ഓണാക്കിയാല്‍ ഉള്ളടക്കം ട്വീറ്റുകളും

സ്റ്റാറ്റസുകളുമായി ട്വിറ്ററിലും ഫേസ്‌ബുക്കിലുമെത്തുന്നു. ട്വിറ്ററിനെപ്പോലെ ഡയാസ്പോറയും ഹാഷ് ടാഗുകള്‍ (ഉദാ: #Lokpal) പിന്തുണയ്ക്കുന്നു. എന്നാല്‍ ട്വിറ്ററില്‍ നിന്നും വ്യത്യസ്തമായി യുണീക്കോഡ് ഹാഷ്‌‌ടാഗുകള്‍ നിര്‍മ്മിക്കാനും, ഉപയോക്താക്കള്‍ക്ക് ഒരു പ്രത്യേക ഹാഷ്‌ടാഗിനെ പിന്തുടരാനും ഡയാസ്പോറയില്‍ വേദിയുണ്ട്. ഇതിനെല്ലാം പുറമേ ടോക്കനുകള്‍ എന്ന പേരിലെ ഡയാസ്പോറ ആപ്ലിക്കേഷനുകൾ നിർമ്മിച്ചുകൊണ്ടിരിക്കുകയാണ്. ക്യുബ്ബീസ് (Cubbi.es) എന്ന ഫോട്ടോ ഷെയറിങ്ങ് ആപ്പ് ആണ് ഈവിധത്തിൽ ആദ്യം പുറത്തെത്തിയത്.

ഫേസ്ബുക്ക് കില്ലർ എന്ന പേരിൽ സോഫ്റ്റ്വെയർ സ്വാതന്ത്ര്യപ്രേമികൾക്കിടയിൽ ചുവടുറപ്പിച്ച് വരുന്നഡയാസ്പോറ ഫേസ്ബുക്കിനു വിനയാകുമോ, ഇതിനെ തടുക്കാൻ ഫേസ്ബുക്ക് എന്തെല്ലാം കുതന്ത്രങ്ങൾ പയറ്റും എന്ന ശേഷം വിശേഷങ്ങൾ അണിയറയിൽ.

2011 നവംബർ 12ന് അകാലത്തിൽ അന്തരിച്ച ഡയാസ്പോറയുടെ നിർമ്മാതാക്കളിൽ ഒരാളായ ഷിതോമിർസ്കിയുടെ ഓർമ്മയ്ക്കു മുൻപിൽ സമർപ്പിക്കുന്നു..

(ഇൻഫോകൈരളി 2011 ഡിസംബർ ലക്കത്തിൽ പ്രസിദ്ധീകരിച്ച ലേഖനം..)

ഐറിസ്, സിറിയുടെ ആൻഡ്രോയിഡ് ഭാഷ്യം

മനുഷ്യനൊപ്പം ഫോണുകളും സ്മാർട്ടായിക്കൊണ്ടിരിക്കുന്ന കാലമാണിത്. സ്വകാര്യ കമ്പ്യൂട്ടറുകൾ തുടങ്ങിവച്ച വിവരസാങ്കേതിക വിപ്ലവം ലാപ്‌ടോപ്പുകളും നെറ്റ്‌ബുക്കുകളും കടന്ന് ഇന്ന് ടാബ്‌ലറ്റുകളിലും, സ്മാർട്ട്‌ഫോണുകളിലുമെത്തി ഇനിയെങ്ങോട്ടെന്ന് ചിന്തിച്ച് മുകളിലേക്കും നോക്കി മിഴിച്ചിരിക്കുകയാണ്. സേർച്ച് എഞ്ചിൻ യുദ്ധങ്ങൾ മുതൽ ബ്രൗസർ യുദ്ധങ്ങൾ വരെ കണ്ട് മനസ്സ് മടുത്തിരിക്കുന്ന നമ്മളുടെ മുൻപിൽ അരങ്ങേറുന്ന ഏറ്റവും പുതിയ കുമ്മാട്ടികളിയാണ് സ്മാർട്ട്‌ഫോൺ/ടാബ്‌ലെറ്റ് ഓപറേറ്റിംഗ് സിസ്റ്റം യുദ്ധങ്ങൾ. ആപ്പിളിന്റെ ഐ – ഓ.എസും, ഓപ്പൺ ഹാൻഡ്സെറ്റ് അലയൻസ് – ഗൂഗിൾ സംയുക്ത സംരംഭമായ ആൻഡ്രോയിഡ് എന്നിവരാണ് ഈ രംഗത്തെ സേനാനായകർ. ഒരു സ്മാർട്ട് ഫോണിനെ(ടാബ്‌ലെറ്റിനെ) സ്മാർട്ടാക്കുന്നത് അതിനുതകുന്ന ആപ്ലിക്കേഷനാണെന്നുള്ള തിരിച്ചറിവ് ഇരുകൂട്ടർക്കുമുണ്ട്. ആപ്പിളിന്റെ ആപ്പ്‌പീടികയും (Appstore) ഗൂഗിളിന്റെ ആൻഡ്രോയിഡ് ചന്തയും (Android Market) തമ്മിൽ ശക്തമായ തൃകോണമത്സരമാണ് കാഴ്ച്ചവയ്ക്കുന്നത്. (മൂന്നാമത്തെ കോണായി നമ്മളീ പാവം ഉപയോക്താക്കൾ)

ആദ്യം സിറിയെക്കുറിച്ച് രണ്ടു വാക്ക്:

സിറിയെ (Siri) ഒരു സഹായിയെന്നോ പരികർമ്മിയെന്നോ തോഴനെന്നോ അങ്ങനെയെന്തും വിളിക്കാം. അഥവാ സിറി ഇതെല്ലാമാണ്. കൃതൃമബുദ്ധിയെ (Artificial Intelligence) ആസ്പദമാക്കി മനുഷ്യഭാഷയിൽ ചോദിക്കുന്ന ചോദ്യങ്ങൾക്ക് സിറി ഉത്തരം നൽകുന്നു. വെബ്ബിനെ പ്രയോജനപ്പെടുത്തി ഉപയോക്താക്കൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകാനും,  മറ്റ് സഹായങ്ങൾ നല്കാനും സിറിക്കാകും. ഉദാഹരണത്തിന് അടുത്ത ഞായറാഴ്ച രാവിലെ 5 മണിക്ക് നമ്മെ വിളിച്ചുണർത്തണമെങ്കിൽ സിറിയോട് അത് പറഞ്ഞാൽ മതി. സിറി സ്വയം  അലാറം ക്രമീകരിച്ചോളും. അടുത്ത മാറ്റിനിക്ക് നിശ്ചിത പ്രദർശനശാലയിൽ സീറ്റ് ബുക്ക് ചെയ്യണമെങ്കിലോ, ഒരു ചലച്ചിത്രത്തെപ്പറ്റിയുള്ള അഭിപ്രായമോ അറിയണമെങ്കിൽ സിറിക്കുട്ടനോട് ഒന്ന് പറയേണ്ട താമസം. നെറ്റായ നെറ്റിൽ മുഴുവൻ തപ്പി ഉത്തരം മുൻപിലെത്തും. ഐൻസ്റ്റീന്റെ കാര്യം മുതൽ മൊസാർട്ടിന്റെ കാര്യം വരെ സിറിയോട് സംസാരിക്കാം. ശാസ്ത്രം, ഗണിതം, തത്വചിന്ത, സംസ്കാരം, ചരിത്രം അങ്ങനെ എന്തിനെക്കുറിച്ചുള്ള സംശയവും സിറിയോടു ഉന്നയിക്കാം. ഉത്തരം റെഡി. ചുരുക്കത്തിൽ എന്തിരനിൽ കണ്ട ചിട്ടിയെ ‘കുമാരമംഗലത്ത് നമ്പൂരി’ പിടിച്ച് നെറ്റിയിലൊരു ആണിയുമടിച്ച് ഐ.ഫോണിൽ  തളച്ചപോലെ. ഹിലരി ക്ലിന്റന്റെ മുടിയുടെ എണ്ണം വരെ കൃത്യമായി പറയുന്ന സിറി പക്ഷേ അമേരിക്കക്കു പുറത്തേക്ക് പോകും തോറും തനിനിറം കാട്ടിത്തുടങ്ങും. പുറംരാജ്യങ്ങളിൽ സിറിയുടെ സാധുത വളരെ കുറവാണ്. ഇന്ത്യയെന്ന് കേട്ടിട്ടുപോലുമുണ്ടാവുമോ ആവോ?

ഒരല്പം ചരിത്രം:

എസ്. ആർ. ഐ. ഇന്റർനാഷണൽ വെഞ്ച്വറിലെ ചില ഉദ്യോഗസ്ഥർ ചേർന്ന് 2007ലാണ് സിറി പുറത്തിറക്കിയത്. ആദ്യം ആപ്പ്സ്റ്റോറിൽ ലഭ്യമായ ഒരു ഐ – ഓസ് ആപ്ലിക്കേഷനായായിരുന്നു രംഗപ്രവേശം. എന്നാൽ ചുരുങ്ങിയ കാലം കൊണ്ട് സിറി നേടിയ ജനസമ്മിതി കണ്ട ആപ്പിൾ സിറിയെ പൊന്നും വിലയ്ക്ക് സ്വന്തമാക്കി. ഇതിനു മുൻപായി സിറിയുടെ ആൻഡ്രോയിഡ്, ബ്ലാക്ക്ബെറി പതിപ്പുകൾ പുറത്തിറക്കുമെന്ന് സിറിയുടെ നിർമ്മാതാക്കൾ പ്രഖ്യാപിച്ചിരുന്നു. ആപ്പ്സ്റ്റോറിലെ ചൂടൻ ഡൗൺലോഡുകളിലൊന്നായ സിറിയുടെ സാങ്കേതികവിദ്യ തങ്ങൾക്ക് മാത്രമായി തുടരണം എന്ന ആപ്പിളിന്റെ കുടില ചിന്തയാണ് സ്വന്തമാക്കലിന് പിന്നിൽ.  എന്തായാലും ഈ കച്ചവടത്തോടെ സിറിയുടേ ആൻഡ്രോയിഡ് പ്രവേശനം വെള്ളത്തിലായി.

സാങ്കേതികവിദ്യ:
എസ്. ആർ. ഐ ഇന്റർനാഷണലിന്റെ മേൽനോട്ടത്തിലുള്ള കൃതൃമബുദ്ധി ഗവേഷണകേന്ദ്രത്തിൽ 40 കൊല്ലത്തോളമായി നടന്ന് വരുന്ന ഗവേഷണഫലങ്ങളുടെ ആകെത്തുകയാണ് സിറി.  ഇതിൽ അമേരിക്കയിലെ പത്തോളം സർവ്വകലാശാലകൾ പങ്കാളികളായിട്ടുണ്ട്. ഈ ഗവേഷണങ്ങൾ മുഖാന്തരം മനുഷ്യഭാഷയെ യന്ത്രങ്ങൾക്ക് മനസ്സിലാക്കുകയും, അവ കാര്യകാരണ വിധേയമായി അപഗ്രഥിക്കാനും,  വേണ്ട വിധത്തിൽ ക്രമീകരിച്ച് അവശ്യമായ സേവനനിർവ്വഹണം നടത്താനും കഴിയും. ഉത്തരത്തിനായി ഗൂഗിൾ, യാഹൂ, ബിംഗ് ആൻസേഴ്സ് തുടങ്ങി, മനസ്സിലുദ്ദേശിക്കുന്ന ഉത്തരം നൽകാൻ കഴിവുള്ള ഇന്റലിജന്റ് സേർച്ച് എഞ്ചിനായ ‘വുൾഫ്രം ആൽഫയുടെ‘ വരെ തിരച്ചിൽഫലങ്ങൾ ഉപയോഗിക്കുന്നുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്യാനും വാർത്തകൾക്കും അഭിപ്രായങ്ങൾക്കുമായി പ്രമുഖരെയാണ് സിറി ആശ്രയിക്കുന്നത്. ഇതിനെല്ലാം പുറമേ ഇന്നുള്ളതിൽ വച്ചേറ്റവും മികച്ച ശബ്ദസ്വാശീകരണ സാങ്കേതികവിദ്യയാണ് (നുവാൻസ് കമ്യൂണിക്കേഷൻസ് ലഭ്യമാക്കിയത്) സിറി ഉപയോഗിക്കുന്നത്.

ഇപ്പോൾ:
കഴിഞ്ഞ മാസം ആപ്പിൾ പ്രഖ്യാപിച്ചതനുസരിച്ച് സിറി ഐ – ഫോൺ 4S ന്റെ ഭാഗമാക്കപ്പെട്ടു. ഇതേത്തുടർന്ന് എല്ലാ ഐഫോണുകൾക്കും ലഭ്യമായിരുന്ന പഴയ സിറി ആപ്പ്‌സ്റ്റോറിൽ നിന്ന് നീക്കം ചെയ്യപ്പെട്ടു. (കാശുള്ളവൻ പുതിയ 4S വാങ്ങി ഉപയോഗിക്കട്ടെ എന്നും ഭാഷ്യം)

ഇനി ഐറിസിനെപ്പറ്റി:

സിറിയെ ആപ്പിൾ ഏറ്റെടുത്തതോടെ പെരുവഴിയിലുടഞ്ഞ ആൻഡ്രോയിഡ് ഉപയോക്താക്കളുടെ സിറി മോഹം പൂവണിഞ്ഞ് തുടങ്ങിയത് സിറിക്ക് ഒരു  ആൻഡ്രോയിഡ് എതിരാളിയെത്തിയെന്നറിഞ്ഞാണ്.  ആപ്പിളിനിട്ട് ഈ ഗമണ്ടൻ തട്ട് കൊടുത്തത് ഇന്ത്യക്കാരനായ നാരായൺ ബാബു നയിക്കുന്ന ഡെക്സെട്ര.കോം (dexetra.com) ആണ്. ഐറിസ് (Iris – Siri എന്നത് തല തിരിച്ചെഴുതിയത്) എന്ന പേരിൽ പുറത്തിറക്കിയ ഈ ആപ്ലിക്കേഷൻ അൻഡ്രോയിഡ് ചന്തയിലെത്തിയപ്പോൾ തന്നെ ഒരു വിപ്ലവമുണ്ടായിത്തുടങ്ങിയിട്ടുണ്ട്.(ഇതിനകം 5 ലക്ഷത്തിലധികം  ഡൗൺലോഡുകൾ) സിറി 40 കൊല്ലത്തെ ഗവേഷണഫലവുമായാണ് പുറത്തിറങ്ങിയതെങ്കിൽ, ഐറിസ് 8 മണിക്കൂർ മാത്രം നീണ്ട ഹാക്ക്ത്തണിന്റെ സന്താനമാണ്. ആൽഫാ പതിപ്പ് മാത്രമേ ഇപ്പോൾ ലഭ്യമായിത്തൂടങ്ങിയിട്ടുള്ളൂ. (2.1 എക്ലയേഴ്സിൽ കണ്ട പിഴവുകൾ പരിഹരിച്ചത്) പ്രമുഖ ആൻഡ്രോയിഡ് വാർത്താ വെബ്സൈറ്റായ ടോക്ക്‌ ആൻഡ്രോയിഡ് ഐറിസിനെ നിർവ്വചിച്ചത് ‘Intelligent Rivial Imitator of Simi‘ എന്നാണ്.

സിറിയുടെ അത്രയും വരില്ലെങ്കിലും ഐറിസും സമാനമായ ഒട്ടു മിക്കസേവനങ്ങളും നൽകുന്നുണ്ട്. (നിർമ്മിതിക്കായി 8 മണിക്കൂറേ എടുത്തുള്ളു എന്നതും, ആൽഫാ പതിപ്പ് മാത്രമേ ഇപ്പോൾ പുറത്തെത്തിയിട്ടുള്ളൂ എന്നതും അനുഭാവപൂർവ്വം പരിഗണിക്കുക) ചില്ലറ അപവാദങ്ങളൊഴിച്ചാൽ ചോദിക്കുന്ന ചോദ്യത്തിനെല്ലാം വിക്കിപീഡിയ, ഗൂഗിൾ എന്നിവയുടെയൊക്കെ സഹായത്തോടെ ഐറിസ് ഉത്തരം നൽകുന്നുണ്ട്.  ഇതിനായി ഗൂഗിൾ വോയിസ് സേർച്ചും, ടി. ടി. എൽ ലൈബ്രറിയും വേണമെന്ന് മാത്രം. സിറി ഐ – ഫോണിൽ പ്രീബിൽറ്റായി വരുമ്പോൾ ഐറിസ് പുറത്തു നിന്നു ഡൗൺലോഡ് ചെയ്യാമെന്നതും, സംഗതി ഓപ്പൺസോഴ്സിലായതിനാൽ ഭാവിയിൽ കൂടുതൽ അത്ഭുതങ്ങൾ പ്രതീക്ഷിക്കാമെന്നതും പുതിയൊരു പ്രതീക്ഷയ്ക്ക് വക നൽകുന്നു.

പിൻകുറിപ്പ് : ഞാനും സംഗതി ഇറക്കുമതി ചെയ്ത്  ഫോണിൽ സന്നിവേശിപ്പിച്ചിട്ടുണ്ട്. എന്താവുമോ ആവോ?

കൊണ്ടു നടന്നതും നീയേ ചാപ്പാ, കൊണ്ടോയ് കൊല്ലിച്ചതും…

"RIP Google Buzz"അങ്ങനെ പാവപ്പെട്ട ബസ്സ് മുതലാളികളെയെല്ലാം സങ്കടത്തിലാക്കി ഗൂഗിൾ ബസ്സിന്റെ (http://.google.com/buzz) ദിനരാത്രങ്ങൾ‌ എണ്ണപ്പെട്ടു കഴിഞ്ഞു. ഗൂഗിളിന്റെ ഉത്പന്നമേഖലയിലെ വൈസ് പ്രസിഡന്റ് ‘ബ്രാഡ്ലി ഹോറോവിച്ച്’ ഗൂഗിൾ ഔദ്യോഗിക ബ്ലോഗിൽ ഒക്ടോബർ 14 എന്ന ദുഃഖവെള്ളിയാഴ്ചയിറക്കിയ കുറിപ്പിലാണ് ഈ വിഷമവൃത്താന്തം പ്രഖ്യാപിച്ചത്. പരസ്യപ്രഭവരേഖയിലുള്ള കോഡെഴുത്തുക്കൾ തിരയുന്നതിനുള്ള ‘ഗൂഗിൾ കോഡ് സേർച്ച്‘, ഗൂഗിളിന്റെ പേഴ്സണലൈസ്ഡ് ഹോംപേജായ ‘ഐ-ഗൂഗിളിന്റെ സോഷ്യൽ ഫീച്ചേഴ്സ്‘, 2007ൽ ഗൂഗിൾ സ്വന്തമാക്കിയ ട്വിറ്റരിന് സമാനമായ സോഷ്യൽ മീഡിയ സൈറ്റായ ‘ജൈക്ക‘, ഗൂഗിൾ സേർച്ചിന്റെ ‘യൂണിവേഴ്സിറ്റ് റിസേർച്ച് പ്രോഗ്രാം‘ എന്നിവയാണ് ബസ്സിനൊപ്പം 2012 ജനുവരി 15ന് കാലയവനികക്കുള്ളിൽ മറയാൻ തയ്യാറെടുക്കുന്നത്. ഗൂഗിൾ ലാബ്സിന്റെ അന്തവും ഉടനെയുണ്ടാകും.

സെപ്റ്റംബർ തുടക്കത്തിൽ ഗൂഗിളമ്മച്ചി പ്രഖ്യാപിച്ച ‘അടിച്ചുവാരി ചാണകവെള്ളം തളിക്കൽ’ പദ്ധതിയുടെ ഏറ്റവും പുതിയ നീക്കമാണിതെന്നാണ് വിലയിരുത്തൽ. ഇതിൻ പ്രകാരം ഉപയോക്താക്കളില്ലാത്ത സേവനങ്ങളിൽ മിക്കവയ്ക്കും കൊലക്കയറൊരുക്കുകയും, മറ്റുള്ളവ ലാഭത്തിലുള്ള സേവനങ്ങളുമായി ലയിപ്പിക്കുകയോ ചെയ്യും. കൂടുതൽ ജനപ്രിയ സേവനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണിതെന്നാണ് ഔദ്യോഗിക വിശദീകരണം. നിലവിൽ ഗൂഗിൾ പ്ലസ്സിരുന്ന ഗാഡ്ജറ്റ് ഇടത്തിൽ ഗൂഗിൾ പ്ലസ്സിലേക്കുള്ള കണ്ണിയാകും മേലിൽ ദൃശ്യമാകുക.

ഗൂഗിൾ ബസ്സും വെബ്‌താളുകളുമായി കണ്ണി വിളക്കാൻഉപയോഗിച്ചിരുന്ന ആപ്ലിക്കേഷൻ പ്രോഗ്രാമിങ്ങ് ഇന്റർഫേസ് (ഏ. പി. ഐ) ഉടൻ തന്നെ അടച്ചു പൂട്ടി മുദ്രവയ്ക്കപ്പെടും. ഉപയോക്താക്കൾക്ക് ഇതിനു ശേഷം പുതിയ പോസ്റ്റുകൾ ഇടാൻ പറ്റില്ലെങ്കിലും ഇതു വരെയിട്ടവ ഗൂഗിൾ പ്രൊഫൈലിൽ ദൃശ്യമാകും.  ഇവ ഗൂഗിൾ ടേക്ഓഫ് മുഖാന്തരം ഉടനടി ഇറക്കുമതി ചെയ്ത് ചില്ലിട്ടു വച്ചോളാനും അഭയവരമുദ്രനീട്ടി ഗൂഗിൾ ഉപദേശിച്ചിട്ടുണ്ട്.


ചിറകു മുളച്ച ചിന്തകൾക്ക് സാമൂഹ്യക്കൂട്ടായ്മാ പരിവേഷം നൽകിക്കൊണ്ടാണ് 2010   ഫെബ്രുവരിയിൽ ജീമെയിലിലൂടെ ബസ്സ് അവതരിപ്പിക്കപ്പെട്ടത്. വെറുമൊരു ഈമെയിൽ സങ്കല്പത്തിൽ നിന്നും ജീമെയിലിന് പുതിയോരനുഭവം  നൽകാനുള്ള ഗൂഗിളിന്റെ പരീക്ഷണഫലമായിരുന്നു ഇത്.  ജീമെയിലിനുള്ളിൽ തന്നെ രൂപം കൊണ്ടിരിക്കുന്ന സൗഹൃദക്കൂട്ടായ്മയെ പുറത്ത് കൊണ്ടു വന്നു വിപുലീകരിക്കുകയാണ് ബസ്സ് ചെയ്തത്. ഉപയോക്താവിന്റെ മറ്റ് മണ്ഡലങ്ങളിലുള്ള സൈറ്റുകൾ(ബ്ലോഗർ, ട്വിറ്റർ, പിക്കാസ, ഫ്ലിക്കർ, ഗൂഗിൾ റീഡർ) എന്നിവ ബസ്സുമായി ബന്ധിപ്പിച്ച് വിവരങ്ങൾ ഇമ്പോർട്ട് ചെയ്യാനും അവസരമൊരുക്കിയിരുന്നു. (ൻഹാ ചത്ത കുഞ്ഞിന്റെ ജാതകം നോക്കിയിട്ട് എന്ത് പ്രയോജനം!!) എന്നാൽ തുടക്കത്തിൽ സ്വകാര്യത ലംഘിക്കുന്നുവെന്ന പേരിൽ ബസ്സ് പഴി കുറേ വാരിക്കൂട്ടി.

സോഷ്യൽ നെറ്റ്‌വർക്കിങ്ങിൽ രാശിയില്ലാത്ത ഗൂഗിളിന്റെ (ഓർക്കുട്ട്, വേവ്, ജൈക്കു എന്നിവ ബസ്സിനു മുൻപും, പ്ലസ്സ് ശേഷവും) ഈ പരീക്ഷണം ലോകത്തെല്ലായിടത്തും പരാജയപ്പെട്ടപ്പോഴും മലയാളികൾക്കിടയിൽ കൈയ്യടി നേടി. ബസ്സ് നന്നായി മലയാളം പറഞ്ഞു.. അല്ല സ്വരസ്ഥാനമൊക്കെയുറപ്പിച്ച് നന്നായി പാടിത്തന്നെ നടന്നു. മല്ലൂസിനിടയിൽ ബസ്സിന്റെ ദ്യോതകശേഷി അത്രയധികമായിരുന്നു. ഓർക്കൂട്ടിൽ നിന്നും രക്ഷപെട്ട ഉപയോക്താക്കൾ തമ്പടിച്ചത് നേരെ ബസ്സിലേയ്ക്കായിരുന്നു. ബ്ലോഗിൽ ആസ്വാദകരുടെ പ്രതികരണത്തിനായി കാത്തിരിക്കാൻ ക്ഷമയില്ലെന്നും പറഞ്ഞ് പല കേൾവി കേട്ട പല ബ്ലോഗറുമാരും സ്വന്തമായി ബസ്സ് വാങ്ങി. ബസ്സ് പലരേയും പ്രസിദ്ധരാക്കി. പലർക്കും മേൽവിലാസം നൽകി.  ഒരു കൊല്ലത്തിലധികം ഇത് ഒരു പാണനാരെപ്പോലെ മലയാളിയുടെ മനസ്സ് പാടി നടന്നു. ഇണക്കവും പിണക്കവും സംശയങ്ങളും ഉത്തരങ്ങളും വിഷമവും ആഘോഷവുമെല്ലാം ബസ്സിലൂടെ ഒഴുകി. കേരളത്തിലെ കൊതുക് ശല്യം മുതൽ ബുഷിന്റെ പൊടിമീശ വരെ ഇതിൽ വിഷയമായി. ഓരോരോ സംഭവവികാസങ്ങളും ബസ്സിൽ പടക്കം പൊട്ടിച്ചാഘോഷിക്കപ്പെട്ടു. തിരഞ്ഞെടുപ്പിന് ബസ്സിനെ ശക്തമായ ഒരു പ്രചാരണ മാധ്യമമാക്കിയ വിദ്വാന്മാർ പോലുമുണ്ട്. ശരാശരി മലയാളി ദിനംപ്രതി അഭിമുഖീകരിക്കുന്ന പ്രശ്നനിവാരണവും സംശയദൂരീകരണവും ബസ്സിലൂടെ നടന്നു. ചുരുക്കത്തിൽ ബസ്സ് ഒരു ഓൺലൈൻമലയാളി  ബസ്സുടമയുടെ ജീവനാഡിയായി മാറി.

തിളങ്ങി നിന്ന ബസ്സിന്റെ കടയ്ക്കലേക്ക് ആദ്യ കത്തിവച്ചത് പെറ്റമ്മ തന്നെയാണ്. അതും പേരിലും മട്ടിലും സാമ്യമുള്ള ‘പ്ലസ്സെന്ന(https://plus.google.com/) ഇരട്ട സഹോദരന്റെ പേരിൽ.  പുതിയ എന്തോ ജീവിയെ കണ്ടമട്ടിൽ ഉടുതുണി പോലും മാറാതെ ആളുകൾ പ്ലസ്സിലേക്കോടി. (ജൂണിൽ തുടക്കമിട്ട ഈ നവജാതശിശു 40 ദശലക്ഷം ഉപയോക്താക്കളിലേക്കിറങ്ങി ചെന്നെന്ന് വ്യാഴാഴ്ച ഗൂഗിളിന്റെ എക്സിക്കൂട്ടീവ് ഓഫീസർ ‘ലാറി പേജ്’ വ്യക്തമാക്കിയിരുന്നു.)


ഗൂഗിൾ പ്ലസ്സിൽ മലയാളികളുടെ ഇടി ആദ്യ രണ്ടാഴ്ച കൊണ്ട് നിന്നു. ഇപ്പോൾ ഫേസ്‌ബുക്കിനെപ്പോലെ അനാവശ്യ പോഡുകളുമായി മൂപ്പർ ‘എനിച്ച് മലയാലം കൊരച്ച് കൊരച്ച് അരിയാം‘ എന്ന് ഇരമ്പിക്കൊണ്ട് ഇഴഞ്ഞു നീങ്ങുകയാണ്. (ഇംഗ്ലീഷിൽ മൂപ്പർ പുലിയാണെന്നാണ് കേൾക്കുന്നത്!! ആവോ.. ആർക്കറിയാം ..?) അങ്ങനെ പ്ലസ്സിന്റെ പ്രഭാവലയത്തിൽ കണ്ണുമ്മിഴിച്ച് നിന്ന ബസ്സ് ഒരു വിധം സ്ഥലകാലബോധം വീണ്ടെടുത്ത് ഓടിത്തുടങ്ങിയപ്പോഴാണ് പെറ്റമ്മയുടെ വക ഈ ‘കാലപാശം’. പെറ്റമ്മ തന്നെ മക്കളെ വേർതിരിച്ച് കാണുന്നു. പിന്നാണോ നമ്മളീ കാഴ്ചക്കാർ..