(ഇൻഫോകൈരളി മാസികയ്ക്കായി എഴുതിയ ലേഖനം)
അടിപിടി കൂടുന്ന രണ്ട് സിംഹങ്ങള്‍ക്കിടയില്‍ വച്ച് അവയുടെ ചോര കുടിച്ച് രസിക്കുന്ന കള്ളക്കുറുക്കന്റെ കഥ കുട്ടിക്കാലങ്ങളില്‍ കേട്ട് പരിചയമുണ്ടാകും. എന്നാലിവിടെ പറയാന്‍ പോകുന്നത് രണ്ട് സ്വന്തം നിലനില്പിനായി പൊരുതുന്ന രണ്ട് സിംഹങ്ങള്‍ക്കിടയില്‍ പെട്ട ലാഭേച്ഛയില്ലാത്ത ഒരു പാവം കുറുക്കനെക്കുറിച്ചാണ്. കുറുക്കന്റെ പേരാണ് ഡയസ്പോറ.
ഫേസ്ബുക്കടക്കം മിക്ക സാമൂഹ്യക്കൂട്ടായ്മാ വെബ്സൈറ്റുകളും കേന്ദ്രീകൃതസേവനമാണ് നല്‍കുന്നത്. അതായത് അവര്‍ തങ്ങളുടെ അധികാരതയിലുള്ള സെര്‍വ്വറുകളുടെയടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നു. നാളെയൊരു ദിവസം പൊടുന്നതേ തങ്ങളുടെ സെര്‍വ്വറില്‍ സൂക്ഷിച്ചിരിക്കുന്ന സ്വകാര്യവിവരങ്ങള്‍ ഡിലീറ്റ് ചെയ്യണമെന്നോ, പണത്തിനായി മറ്റുള്ളവര്‍ക്ക് നല്‍കണമെന്നോ മറ്റോ തീരുമാനിച്ചാല്‍ ഉപയോക്താക്കള്‍ക്ക് മുറവിളി കൂട്ടാന്‍ മാത്രമേ സാധിക്കുകയുള്ളൂ. ഫേസ്ബുക്കിനെ സംബന്ധിച്ചിടത്തോളം ഉപയോക്താവിനെ പറ്റിയുള്ള ഉള്ളടക്കങ്ങളും അവയുടെ താത്പര്യങ്ങളും കോര്‍പ്പറേറ്റുകള്‍ക്ക് വിറ്റു കാശുണ്ടാക്കുന്നുവെന്ന ആക്ഷേപം പണ്ടേയുണ്ട്. ഇതിനെല്ലാമുള്ള ശക്തമായ ഒരു മറുപടിയാണ് ഡയസ്പോറ.
ന്യൂയോര്‍ക്ക് സര്‍വ്വകലാശാലയുടെ കൗറന്റ് ഇന്‍സ്റ്റിറ്റൂട്ടിലെ നാല് കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികളുടെ തലയിലുദിച്ചതാണ് ഈ ഭ്രാന്തന് ചിന്ത. ന്യൂയോര്‍ക്ക് ഇന്റര്‍നെറ്റ് സോസൈറ്റിയില്‍ നിലവിലെ കേന്ദ്രീകൃത
സാമൂഹ്യകൂട്ടായ്മയില്‍ നിന്നും ‘ക്ലൗഡ് വഴി സ്വാതന്ത്രം‘ എന്ന വിഷയത്തില്‍ കൊളമ്പിയന്‍ നിയമവിദ്യാലയത്തിലെ പ്രഫസറായ ഈബന് മോഗ്ലന്‍ നടത്തിയ പ്രഭാഷണമാണ് ഡാന്‍ ഗ്രിപ്പി, മാക്സ്വെല് സാല്‍സ്ബെര്‍ഗ്, റാഫേല്‍ സോഫര്‍, ഷിതോമിര്‍സ്കി എന്നിവരെ ഡയാസ്പോറയിലെത്തിച്ചത്. കിക്സ്റ്റാര്ട്ടറിലൂടെ ഇവര്‍ പ്രോജക്ടിനു വേണ്ട പണം സ്വരൂപിച്ചു. തുടര്‍ന്ന് 2010 സെപ്റ്റംബറില്‍ ഡവലപ്പേഴ്സ് പ്രിവ്യൂവും നവംബറില്‍ ആല്‍ഫാ പതിപ്പും പുറത്തിറങ്ങി. ഗൂഗില്‍ കൊട്ടിഘോഷിച്ച് പുറത്തിറക്കിയ ഗൂഗിള്‍ പ്ലസ് ഡയാസ്പോറയുടെ ആശയം അതേപടി പകര്‍ത്തിയതാണെന്ന സംവാദം ഡയാസ്പോറയ്ക്ക് വളരെയധികം ജനപ്രീതി നേടി നല്‍കിയിരുന്നു.
ഫേസ്ബുക്കിനെ തോല്പിക്കാന് അതിലും മികച്ചത് എന്ന അവകാശവാദവുമായി ഗൂഗിള്‍ പ്ലസ് എത്തിയിരിക്കുന്നു. ട്വിറ്ററും മറ്റുമായി ഒട്ടനവധി സാമൂഹ്യക്കൂട്ടായ്മാ വെബ്സൈറ്റുകള്‍ രംഗത്തുണ്ട്. ഇവയ്ക്കൊന്നുമില്ലാത്ത എന്താണ് ഡയാസ്പോറയില്‍ കാണുന്നത് എന്നാവും ഇപ്പോഴത്തെ ചിന്ത. ഡയസ്പോറ വെബിന്റെ വികേന്ദ്രീകരണത്തെ പിന്തുണയ്ക്കുന്നു. സാധാ വെബ്സൈറ്റുകളില്‍ നിന്നും വ്യത്യസ്തമായി ഡയസ്പോറ, വിവിധ വിലാസങ്ങളില്‍ വിവിധ വ്യക്തികള്‍ നയിക്കുന്ന സെര്‍വ്വറുകളുടെ (പോഡുകള്‍ എന്നറിയപ്പെടുന്നു) സഞ്ചയമാണ്. എന്നാലിവയെല്ലാം ഒരേ സോഫ്റ്റ്വെയറിനാല്‍ നിയന്ത്രിക്കപ്പെട്ടിരിക്കുന്നു.. റൂബി ഭാഷയിലെഴുതിയിരിക്കുന്ന ഈ സോഫ്റ്റ്വെയര് അഫേറോ ഗ്നൂ സാര്‍വ്വജനിക അനുമതിപത്രത്താലാണ്(AGPL) വിതരണം ചെയ്തിരിക്കുന്നത്. അതിനാല്‍ ആര്‍ക്കും ഡൗണ്‍ലോഡ് ചെയ്ത് സ്വന്തമായി സെര്‍വ്വറില്‍ ഹോസ്റ്റ് ചെയ്ത് ഒരു പോഡ് നിര്‍മ്മിക്കാവുന്നതാണ്. ഇതിലെ ഉള്ളടക്കമെല്ലാം 128 ബിറ്റിനു മുകളിലുള്ള തീവ്ര എന്‍ക്രിപ്ഷനായതിനാല്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ക്ക് അതീവ സുരക്ഷ ഉറപ്പാക്കുന്നു. മാത്രമല്ല അവശ്യമെങ്കില്‍ ഉപയോക്താക്കള്‍ക്ക് വേണ്ട കൂട്ടിച്ചേര്‍ക്കലുകളും നടത്താവുന്നതുമാണ്. ഇവയിലേത് പോഡും നിങ്ങള്‍ക്ക് ഹോം പോഡായി തിരഞ്ഞെടുക്കാവുന്നതാണ്. ഇവയെല്ലാം പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നതിനാല്‍ ഏത് പോഡ് തിരഞ്ഞെടുത്ത നിങ്ങളുടെ സുഹൃത്തുക്കളുമായും നിങ്ങള്‍ക്ക് സ്വതന്ത്രമായി സംവദിക്കാം. ഡയാസ്പോറ നിര്‍മ്മാതാക്കള്‍ നയിക്കുന്ന http://joindiaspora.com, ഡയാസ്പോര്‍ഗ് (http://diasp.org) എന്നിവയാണ് നിലവില്‍ ഏറ്റവും പ്രസിദ്ധിയാര്‍ജ്ജിച്ചിരിക്കുന്ന പോഡുകള്‍. എല്ലാ പോഡുകളും http://podupti.me/ എന്ന വിലാസത്തില്‍ ലഭ്യമാണ്
ഏതെങ്കിലും ഒരു പോഡില്‍ ‘സീഡ്’ എന്ന പേരിലുള്ള ഒരു അംഗത്വം നേടുകയാണ് ഉപയോക്താവ് ആദ്യം ചെയ്യേണ്ടത്. ഇതുമൂലം ഉപയോക്താവിന് ഒരു ഡയാസ്പോറ വിലാസം (ഉദാ:Akhilan@diasp.org) ലഭിക്കുന്നു. ശേഷം അദ്ദേഹം അവശ്യമായ സുഹൃത്തുക്കളെ ചേര്‍ത്ത് ‘ആസ്പെക്റ്റ്സ്‘ എന്ന പേരിലുള്ള ഒരു സര്‍ക്കിള്‍ നിര്‍മ്മിക്കണം. ആസ്പെക്റ്റിലൂടെ ഉപയോക്താവിന് തങ്ങള്‍ പബ്ലിഷ് ചെയ്യുന്ന പോഡ്കാസ്റ്റുകളെ നിയന്ത്രിക്കാന്‍ സാധിക്കുന്നു. ഏതൊക്കെ ആസ്പെക്റ്റിനായി തങ്ങളുടെ ഷെയറുകള്‍ പോകണെമെന്ന കാര്യം ഉപയോക്താവിനിപ്പോള്‍ ലാഘവത്തോടെ കൈകാര്യം ചെയ്യാം. ഉദാഹരണത്തിന് കുടുംബപരമായ ഒരു വിവരം സുഹൃത്തുക്കള്‍ക്കിടയില്‍ ചെല്ലെണ്ട എന്നുണ്ടെങ്കില്‍ ഇരുവരേയും രണ്ട് ആസ്പെക്റ്റിലാക്കിയ ശേഷം ‘ഫാമിലി‘ എന്നതിനു മാത്രമായി ഉള്ളടക്കം വെളിപ്പെടുത്തിയാല്‍ മതിയാകും. മാത്രമല്ല യാതൊരു ബാഹ്യ ആപ്ലിക്കേഷന്റേയും സഹായമില്ലാതെ ഡയാസ്പോറയെ ഉപയോക്താവിന്റെ ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകളുമായി ബന്ധിപ്പിക്കാന്‍ കഴിയുന്നു. ഇതിനായി സെറ്റിങ്സിലെ സെർവ്വീസസ് എന്നതിൽ ട്വിറ്ററിന്റേയും ഫേസ്ബുക്കിന്റേയും ഉപയോക്തൃനാമവും രഹസ്യവാക്കും നൽകിയാൽ മതിയാകും. ശേഷം പോസ്റ്റുകളിടുമ്പോള്‍ കാണുന്ന ഫേസ്ബുക്ക്, ട്വിറ്റര്‍ ചിഹ്നങ്ങള്‍ ഓണാക്കിയാല്‍ ഉള്ളടക്കം ട്വീറ്റുകളും
സ്റ്റാറ്റസുകളുമായി ട്വിറ്ററിലും ഫേസ്ബുക്കിലുമെത്തുന്നു. ട്വിറ്ററിനെപ്പോലെ ഡയാസ്പോറയും ഹാഷ് ടാഗുകള്‍ (ഉദാ: #Lokpal) പിന്തുണയ്ക്കുന്നു. എന്നാല്‍ ട്വിറ്ററില്‍ നിന്നും വ്യത്യസ്തമായി യുണീക്കോഡ് ഹാഷ്ടാഗുകള്‍ നിര്‍മ്മിക്കാനും, ഉപയോക്താക്കള്‍ക്ക് ഒരു പ്രത്യേക ഹാഷ്ടാഗിനെ പിന്തുടരാനും ഡയാസ്പോറയില്‍ വേദിയുണ്ട്. ഇതിനെല്ലാം പുറമേ ടോക്കനുകള്‍ എന്ന പേരിലെ ഡയാസ്പോറ ആപ്ലിക്കേഷനുകൾ നിർമ്മിച്ചുകൊണ്ടിരിക്കുകയാണ്. ക്യുബ്ബീസ് (Cubbi.es) എന്ന ഫോട്ടോ ഷെയറിങ്ങ് ആപ്പ് ആണ് ഈവിധത്തിൽ ആദ്യം പുറത്തെത്തിയത്.
ഫേസ്ബുക്ക് കില്ലർ എന്ന പേരിൽ സോഫ്റ്റ്വെയർ സ്വാതന്ത്ര്യപ്രേമികൾക്കിടയിൽ ചുവടുറപ്പിച്ച് വരുന്നഡയാസ്പോറ ഫേസ്ബുക്കിനു വിനയാകുമോ, ഇതിനെ തടുക്കാൻ ഫേസ്ബുക്ക് എന്തെല്ലാം കുതന്ത്രങ്ങൾ പയറ്റും എന്ന ശേഷം വിശേഷങ്ങൾ അണിയറയിൽ.
2011 നവംബർ 12ന് അകാലത്തിൽ അന്തരിച്ച ഡയാസ്പോറയുടെ നിർമ്മാതാക്കളിൽ ഒരാളായ ഷിതോമിർസ്കിയുടെ ഓർമ്മയ്ക്കു മുൻപിൽ സമർപ്പിക്കുന്നു..
(ഇൻഫോകൈരളി 2011 ഡിസംബർ ലക്കത്തിൽ പ്രസിദ്ധീകരിച്ച ലേഖനം..)